തൃശൂർ: ഇന്ത്യയിലെ ആദ്യത്തെ കോവിഡ് 2020 ജനുവരി 30ന് തൃശൂരിൽ സ്ഥിരീകരിക്കുമ്പോൾ കമ്മിഷണറായി ആർ ആദിത്യ ഐ പി എസ് ചുമതലയേറ്റിട്ട് വെറും 22 ദിവസം. ലോക്ഡൗണിൽ ജനത്തെ നിയന്ത്രിക്കേണ്ടി വന്ന ദിനങ്ങളിൽ പൊലീസിന്റെ തലപ്പത്ത് ആർ.ആദിത്യ ആയിരുന്നു. നഗരത്തിന്റെ വാതിലുകൾ അടയ്ക്കപ്പെട്ട ദിവസങ്ങളിൽ നിരത്തുകളിൽ പെട്ടുപോയ അതിഥി തൊഴിലാളികൾക്കും പാവപ്പെട്ടവർക്കു കരുതലിന്റെ അന്നവുമായി സിറ്റി പൊലീസെത്തി. ഇതിനെല്ലാം രാത്രിയെന്നോ പകലെന്നോ നോക്കാതെ ആദിത്യ ഒപ്പമുണ്ട്ായിരുന്നു.

വീടുകളിൽ ഒറ്റപ്പെട്ടവർക്കു മരുന്നിന്റെ രൂപത്തിൽ. പൊലീസ ്സേന സാന്ത്വനമായി മാറിയതും ആദിത്യയുടെ മിടുക്കായിരുന്നു. അന്നു സേനയ്ക്കു മനുഷ്യത്വത്തിന്റെ ജനകീയ പൊലീസ് മുഖം നൽകുന്നതിൽ പ്രത്യേകം ശ്രദ്ധചെലുത്തിയ കമ്മിഷണറാണ് തൃശൂരിനോടു വിട പറയുന്നത്. ഡൽഹിയിൽ കേന്ദ്ര സർവീസിലേക്കാണു മാറ്റം. പതിവിനു വിപരീതമായി സിറ്റി പൊലീസ് കമ്മിഷണറുടെ ഫേസ്‌ബുക്ക് പേജിൽ വ്യക്തിപരമായ കുറിപ്പെഴുതിയാണു കമ്മിഷണർ തൃശൂരിനോടു 'ഗുഡ് ബൈ' പറയുന്നത്.

തൃശൂരിനു വിട, സ്നേഹത്തോടെ എന്ന കുറിപ്പിൽ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും മനോഹരങ്ങളായ ദിവസങ്ങൾ സമ്മാനിച്ചത് തൃശൂരാണെന്ന്് പറയുന്നു. കോവിഡ് കാലത്ത് തൃശൂരിലെ വ്യക്തികളും സംഘടനകളും തോളോടു തോൾ ചേർന്നു സഹായവുമായെത്തിയതിനു നന്ദിയും പറയുന്നു. 2020ലെ തൃശൂർ പൂരം ചടങ്ങു പോലുമില്ലാതെ കടന്നുപോയി. 2021ലെ പൂരമാകട്ടെ, കാണികളെ പ്രവേശിപ്പിക്കാതെ നടത്തിപ്പുകാരെയും വാദ്യക്കാരെയും മാത്രം പ്രവേശിപ്പിച്ചു നടത്തി. 2022-ൽ തൃശൂർ പൂരം ഇതുവരെ കണ്ടതിൽ ഏറ്റവും വലിയ ജനസാഗരത്തെ നിയന്ത്രിച്ചു നടത്താനായി. ക്രമസമാധാന പ്രശ്നങ്ങളില്ലാതെ ഒരു കേസു പോലും രജിസ്റ്റർ ചെയ്യാതെ ഇത്രയും വലിയൊരു ജനസംഗമം നടന്നത് സർവീസ് കാലത്തെ അപൂർവ അനുഭവമായി വിവരിച്ചാണ് ആദിത്യ മടങ്ങുന്നത്.

സംസ്ഥാനത്ത് ആദ്യമായി വനിതാ പൊലീസ് ബുള്ളറ്റ് പട്രോളിങ് ടീം, മികച്ച സിസിടിവി നിരീക്ഷണ സംവിധാനം, ഗുരുവായൂർ ടെംപിൾ പൊലീസ് സ്റ്റേഷൻ ഇവയൊക്കെ നേട്ടമായി ആദിത്യ ചൂണ്ടിക്കാട്ടുന്നു. തൃശൂർ പൂരവും പുലിക്കളിയും കുമ്മാട്ടിയും കാവടിയും ബോൺ നത്താലെ തുടങ്ങി ഉത്സവങ്ങളും ആൾക്കൂട്ടവുമില്ലാത്ത തൃശൂരിനെ സങ്കൽപ്പിക്കാനാവില്ല. കഴിയുമെങ്കിൽ അടുത്ത തൃശൂർ പൂരത്തിന് തെക്കേഗോപുര നടയിലെ ആൾക്കൂട്ടത്തിലൊരാളായി ഞാനുമുണ്ടാകും- ആദിത്യയുടെ കുറിപ്പിൽ പറയുന്നു. 2014 ഐ പി എസ്്് ബാച്ച്് കാരനായ ആർ ആദിത്യയുടെ ആദ്യ നിയമനം ആറ്റിങ്ങൽ എ എസ് പി ആയിട്ടായിരുന്നു. കമ്പ്യൂട്ടർ സയൻസിൽ ബിരുദ ധാരിയായ ആദിത്യ തിരുവനന്തപുരത്തും നിർണായക ചുമതലകൾ വഹിച്ചിട്ടുണ്ട്.

തൃശൂർ കമ്മീഷണർ ആദിത്യയുടെ ഫെയ്സ് ബുക്ക് കുറിപ്പിന്റെ പൂർണ രൂപം.


തൃശൂരിന് വിട, സ്നേഹത്തോടെ........

എന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും മനോഹരങ്ങളായ ദിവസങ്ങൾ സമ്മാനിച്ച തൃശൂരിനോട് ഞാൻ വിടപറയുകയാണ്. സ്ഥലം മാറ്റങ്ങളും, ഔദ്യോഗിക തിരക്കുകളും പൊലീസുദ്യോഗസ്ഥർക്ക് പതിവാണ്. അങ്ങിനെ, അനിവാര്യമായ ഒരു മാറ്റം വന്നിരിക്കുന്ന വിവരമാണ് ഞാൻ നിങ്ങളെ അറിയിക്കുന്നത്.

2020 ജനുവരി 8 നാണ് ഞാൻ തൃശൂർ സിറ്റി പൊലീസ് കമ്മീഷണറായി ചുമതലയേറ്റത്. അവിടന്നങ്ങോട്ട് സംഭവബഹുലമായ നാളുകൾ! 2020 ജനുവരി 30 ന് ഇന്ത്യയിലെ ആദ്യത്തെ കോവിഡ്-19 രോഗം തൃശൂരിൽ റിപ്പോർട്ട് ചെയ്തു. പിന്നെ അടച്ചിടലിന്റെ ദിവസങ്ങൾ, അതിഥി തൊഴിലാളികൾക്കും, പാവപ്പെട്ടവർക്കും ഭക്ഷണവും മരുന്നുമെല്ലാം എത്തിക്കുന്നതിനും, രോഗം പടരാതിരിക്കുന്നതിനും വളരെയേറെ പണിപ്പെടേണ്ടി വന്നു. എത്രയേറെ വ്യക്തികളും, സംഘടനകളുമാണ് പൊലീസിനോട് തോളോടു തോൾ ചേർന്ന് ജനങ്ങൾക്ക് സഹായവുമായി എത്തിയത് ! അവരെയെല്ലാം ഞാൻ അഭിവാദ്യം ചെയ്യുന്നു.

2020 ലെ തൃശൂർ പൂരം - ചരിത്രത്തിലാദ്യമായി - ഒരു ചടങ്ങുപോലുമില്ലാതെ കടന്നുപോയി. 2021 ലെ തൃശൂർ പൂരമാകട്ടെ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എല്ലാ ചടങ്ങുകളും എഴുന്നെള്ളിപ്പുകളും പതിവുപോലെ നടന്നു. പക്ഷേ, ഒരൊറ്റ കാണികളെപ്പോലും പ്രവേശിപ്പിക്കാതെ, കേവലം നടത്തിപ്പുകാരേയും, വാദ്യക്കാരേയും മാത്രം പ്രവേശിപ്പിച്ചുകൊണ്ട്, മാത്രമായിരുന്നു. എല്ലാവരേയും കോവിഡ് പരിശോധന നടത്തി, പാസ്സുകൾ വിതരണം ചെയ്ത്, കർശന നിയന്ത്രണങ്ങൾക്ക് വിധേയമായി പൂരത്തിന് സുരക്ഷയൊരുക്കേണ്ടി വന്നത് വലിയൊരു കടമ്പയായിരുന്നു. 2022 ലാകട്ടെ, തൃശൂർ പൂരം ഇതുവരെ കണ്ടതിൽ വെച്ച്, ഏറ്റവും വലിയ ജനസഞ്ചയമാണ് സാക്ഷ്യം വഹിച്ചത്. 3000 ഓളം പൊലീസുദ്യോഗസ്ഥരാണ് ഡ്യൂട്ടിക്ക് വിന്യസിക്കപ്പെട്ടത്. മഴ കാരണം മൂന്ന് തവണ പ്രധാന വെടിക്കെട്ട് മാറ്റി വെക്കേണ്ടി വന്നു. യാതൊരു ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടായില്ലെന്നു മാത്രമല്ല, പൊലീസിന് ഒരു കേസുപോലും രജിസ്റ്റർ ചെയ്യേണ്ടി വന്നില്ല. ജനങ്ങളുടെ സഹകരണം പ്രത്യേകം എടുത്തു പറയേണ്ടതാണ്.

തൃശൂർ സിറ്റി പൊലീസിന് സർവ്വവിധ പിന്തുണയും, ക്രിയാത്മക വിമർശനവും നൽകിയ എല്ലാ മാധ്യമങ്ങളേയും ഞാൻ അഭിനന്ദിക്കുന്നു. അതുപോലെത്തന്നെ, തൃശൂർ സിറ്റി പൊലീസിന്റെ സാമൂഹ്യ മാധ്യമങ്ങൾ പിന്തുടർന്ന് വിദൂരത്തിരുന്ന് സംവദിക്കുന്ന ആയിരക്കണക്കിന് പ്രേക്ഷകരോടും നന്ദിയുണ്ട്.

പൊലീസിന്റെ ഭാഗത്തുനിന്നു നോക്കിയാൽ സംസ്ഥാനത്ത് ആദ്യമായി വനിതാ പൊലീസ് ബുള്ളറ്റ് പട്രോളിങ്ങ് ടീം സജ്ജമാക്കിയത് തൃശൂർ സിറ്റി പൊലീസാണ്. തൃശൂർ കോർപ്പറേഷന്റേയും, ജില്ലാ പൊലീസിന്റേയും, കേബിൾ ടിവി ഓപ്പറേറ്റർമാരുടേയും, വ്യാപാരി വ്യവസായി സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, ബാങ്കുകൾ തുടങ്ങിയവയുടെയെല്ലാം സഹകരണത്തോടെ ആരംഭിച്ച സിസിടിവി നിരീക്ഷണ സംവിധാനം പരക്കെ പ്രശംസിക്കപ്പെട്ടതാണ്. ഏറ്റവും ആധുനിക രീതിയിൽ പണിതീർത്ത ഗുരുവായൂർ ടെമ്പിൾ, കുന്നംകുളം പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങൾ കേരള പൊലീസിനു തന്നെ അഭിമാനമാണ്. ഇക്കാലയളവിൽ നിരവധി സംസ്ഥാന - ദേശീയ പുരസ്‌കാരങ്ങളും തൃശൂർ സിറ്റി പൊലീസ് നേടുകയുണ്ടായി.

ഞാനിതെല്ലാം പറയുമ്പോഴും, എന്നോടൊപ്പം നിന്ന് അഹോരാത്രം ജോലിചെയ്യുന്ന എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകരെ അനുമോദിക്കേണ്ടതുണ്ട്. എത്ര കഠിനമായ ജോലികളും മന്ദസ്മിതത്തോടെ പൂർത്തിയാക്കുന്ന തൃശൂരിലെ ഓരോ പൊലീസുദ്യോഗസ്ഥരേയും, അവർക്ക് പൂർണ പിന്തുണ നൽകുന്ന കുടുംബാംഗങ്ങളേയും ഞാൻ ആത്മാർത്ഥമായി സ്നേഹിക്കുന്നു.

തൃശൂരിനോട് വിടപറയുമ്പോൾ ഞാൻ ഏറ്റവും കൂടുതൽ ഓർമ്മിക്കുക തൃശൂരിലെ ജനങ്ങളെയാണ്. തൃശൂർ പൂരവും, പുലിക്കളിയും, കുമ്മാട്ടിയും, കാവടിയും, ബോൺ നത്താലെ തുടങ്ങി ഉത്സവങ്ങളും ആൾക്കൂട്ടവുമില്ലാത്ത തൃശൂരിനെ സങ്കൽപ്പിക്കാൻ പോലുമാകില്ല. അതിനോടെല്ലാം ഇഴുകിച്ചേർന്ന് ഓരോ തൃശൂർ നിവാസിയും സന്തോഷത്തോടെ മുന്നോട്ട് പോകട്ടെയെന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്. തൃശൂരിന്റെ ചരിത്രം പരിശോധിച്ചാൽ വലിയ ക്രമസമാധാന പ്രശ്നങ്ങളോ, രാഷ്ട്രീയ - മത-സാമുദായിക വിദ്വേഷങ്ങളോ ഉണ്ടായിട്ടേയില്ല. അത് എക്കാലവും അങ്ങിനെത്തന്നെ തുടരും.

ഔദ്യോഗിക ജോലിയുടെ ഭാഗമായി ഡൽഹിയാണ് എന്റെ അടുത്ത പ്രവൃത്തിമണ്ഡലം. അനിവാര്യമായ ഈ മാറ്റത്തെ അംഗീകരിച്ച്, ഈ ചവിട്ടുപടികളിലൂടെ ഞാനിറങ്ങുമ്പോൾ, മനസ്സിലൊരു വിങ്ങലുണ്ട്. നിങ്ങൾ തന്ന സ്നേഹവും, വിശ്വാസവും ഞാൻ അതേ ഊർജ്ജത്തോടെ എന്റെ അടുത്ത പിൻഗാമിക്ക് കൈമാറുന്നു. എന്റെ മനസ്സിൽനിന്നും തൃശൂർ ഒരിക്കലും മായുകയില്ല. കഴിയുമെങ്കിൽ അടുത്ത തൃശൂർ പൂരത്തിന് തെക്കേഗോപുരനടയിലെ ആൾക്കൂട്ടത്തിലൊരാളായി ഞാനുമുണ്ടാകും നിങ്ങളോടൊപ്പം. അത്രക്കിഷ്ടമാണ് എനിക്ക് തൃശൂരിനെ, തൃശൂരിലെ ജനങ്ങളെ.

വിശ്വസ്തതയോടെ,
ആദിത്യ ആർ ഐപിഎസ്,
സിറ്റി പൊലീസ് കമ്മീഷണർ, തൃശൂർ.