- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്വേഷണം നടക്കുമ്പോള്‍ തന്നെ പി പി ദിവ്യയെ പുതിയ സ്ഥാനത്ത് നിയമിച്ചു; നവീന്‍ ബാബു ചെറിയ കയറില്‍ തൂങ്ങി മരിച്ചെന്ന് വിശ്വസിക്കാനാകില്ല; പോസ്റ്റ്മോര്‍ട്ടത്തില്‍ അപാകതയെന്നും മഞ്ജുഷ; ഊഹാപോഹമെന്ന് പ്രോസിക്യൂഷന്‍; സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി വിധി പറയാന്‍ മാറ്റി
നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിധി പറയാന്‍ മാറ്റി
കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യ മഞ്ജുഷയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. കുടുംബത്തിന്റെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി.
തന്റെ ഭര്‍ത്താവിന്റെ മരണത്തിന് കണ്ണൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയാണ് ഉത്തരവാദിയെന്ന് മഞ്ജുഷയുടെ അഭിഭാഷകന്‍ വാദിച്ചു. പ്രതിയെ സംരക്ഷിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നുവെന്നും ജയിലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പി.പി. ദിവ്യയെ സ്വീകരിക്കാന്‍ സെക്രട്ടറിയുടെ ഭാര്യ പോയെന്നും മഞ്ജുഷയുടെ അഭിഭാഷകന്‍ വി ജോണ്‍ സെബാസ്റ്റിയന്‍ റാള്‍ഫ് ഹര്‍ജിയില്‍ പറഞ്ഞു. സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടാണ് നേരത്തേ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.
വിവരാവകാശ അപേക്ഷകള്‍ക്ക് ഇതുവരെ സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല. നിലവിലെ അന്വേഷണ സംഘം നല്ലതാണ്. എന്നാല്‍ മറ്റൊരു എജന്‍സി നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. പൊലീസ് അന്വേഷിച്ചാല്‍ രാഷ്ട്രീയ പക്ഷപാതപരമായ അന്വേഷണമാകും നടക്കുക. അന്വേഷണം നടക്കുമ്പോള്‍ തന്നെ പുതിയ സ്ഥാനത്തേക്ക് പ്രതിയായ പിപി ദിവ്യയെ നിയമിച്ചു. ഇതിന്റെ അര്‍ത്ഥം പ്രതിയെ സര്‍ക്കാര്‍ സംരക്ഷിക്കും എന്ന് തന്നെയാണെന്നും കുടുംബം വാദിച്ചു.
നവീന്‍ ബാബു തൂങ്ങിമരിച്ചു എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കൊല നടത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് സംശയിക്കേണ്ടിവരുമെന്നും, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മഞ്ജുഷ ആരോപിച്ചു.
'55 കിലോഗ്രാം ഭാരമുള്ള നവീന്‍ ബാബു ചെറിയ കനമുള്ള കയറില്‍ തൂങ്ങിമരിച്ചുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകില്ല. പോസ്റ്റ് മോര്‍ട്ടം ശരിയായ വിധത്തില്‍ നടന്നിട്ടില്ല.ഇന്‍ക്വസ്റ്റില്‍ കഴുത്തില്‍ കണ്ടെത്തിയ പാട് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇല്ല. പോസ്റ്റുമോര്‍ട്ടത്തില്‍ പല പ്രധാന വിവരങ്ങളും വിട്ടു കളഞ്ഞു''. അടിവസ്ത്രത്തിലെ രക്തക്കറയിലും ഉമിനീര്‍ ഒലിച്ച് ഇറങ്ങിയതിലും അന്വേഷണമുണ്ടായില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
തനിക്ക് തെറ്റുപറ്റി പോയി എന്ന് നവീന്‍ ബാബു പറഞ്ഞതായുളള കളക്ടറുടെ മൊഴി പിന്നീട് സൃഷ്ടിച്ചതാണെന്നും ഹര്‍ജിക്കാരി ആരോപിച്ചു. കളക്ടറുടെ ചേംബറിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടില്ലെന്ന് ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി. ഇതു പരിശോധിച്ചാല്‍ തന്നെ നവീന്‍ ബാബു കളക്ടറെ ഈ യോഗത്തിനുശേഷം കളക്ടറെ പോയി കണ്ടോ എന്ന് വ്യക്തമാകുമായിരുന്നു.
'ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന എടിഎമ്മിന്റെ മരണത്തിലാണ് കുടുംബം സംശയം പ്രകടിപ്പിക്കുന്നത്. ഇപ്പോഴും തെളിവുകള്‍ കെട്ടിച്ചമയ്ക്കുന്നു. അതുകൊണ്ടുതന്നെ കുടുംബത്തിന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ കേസ് സിബിഐക്ക് വിടണം. പ്രതിയുടെ രാഷ്ട്രീയ സ്വാധീനവും നവീന്‍ ബാബുവിനെ കുടുംബത്തിന്റെ ആശങ്കയും കോടതി പരിഗണിക്കണം. കേരളാ പോലീസിനെ വില കുറച്ച് കാണുന്നില്ല. പക്ഷേ രാഷ്ട്രീയ സമ്മര്‍ദമൊഴിച്ചാല്‍ കേരള പൊലീസിനെ കുറിച്ച് മോശം അഭിപ്രായമില്ല. സിബിഐ യ്ക്ക് മികച്ച രീതിയില്‍ അന്വേഷിക്കാന്‍ സംവിധാനമുണ്ടെന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി.
നിലവിലെ അന്വേഷണം പ്രതിയെ സഹായിക്കുകയാണ് എന്നതിന് എന്ത് തെളിവാണ് ഹര്‍ജിക്കാരിക്ക് ഹാജരാക്കാനുള്ളതെന്ന് കോടതി ചോദിച്ചു. കുടുംബം ഉന്നയിച്ച കൊലപാതക സാധ്യത അടക്കം പരിശോധിക്കുന്നുണ്ടെന്നും സിബിഐ അന്വേഷണം വേണ്ടെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. കേസിന്റെ എല്ലാ വശങ്ങളും പ്രത്യേകാന്വേഷണ സംഘം പരിശോധിച്ചുവരികയാണെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി എ ഷാജി വാദിച്ചു. പൊലീസിന്റെ ഭാഗത്ത് നിന്നും പക്ഷപാതപരമായ സമീപനം ഉണ്ടായതായി ആരോപണമില്ല. മതിയായ തെളിവില്ലാതെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും രാജി വച്ച പി പി ദിവ്യയ്ക്ക് പൊലീസില്‍ ഏതെങ്കിലും തരത്തില്‍ സമ്മര്‍ദ്ദം ചെലുത്താനാവില്ല. അന്വേഷണത്തില്‍ ഒരുപിഴവ് പോലും ഉണ്ടായിട്ടില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
കോടതി പറഞ്ഞാല്‍ കേസ് എറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐയും അറിയിച്ചിരുന്നു. സിബിഐ ഏറ്റെടുക്കുന്നോ ഇല്ലയോ എന്നതല്ല സിബിഐയക്ക് കൈമാറേണ്ട കാര്യമുണ്ടോ എന്നാണ് പരിശോധിക്കുന്നതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ജസറ്റീസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്