കണ്ണൂര്‍: യാത്രയയപ്പ് സമ്മേളനത്തിനിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പരസ്യമായി വിമര്‍ശിക്കുകയും അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്ത മനോവിഷമത്തില്‍ കണ്ണൂര്‍ എ.ഡി.എം കെ. നവീന്‍ ബാബു (55) ജീവനൊടുക്കിയ സംഭവത്തില്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സംഭവത്തില്‍ പൊലിസ് കേസെടുത്തു അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പത്തനംതിട്ട മലയാ ലപ്പുഴ സ്വദേശിയായ നവീന്‍ ബാബുവിനെ കണ്ണൂര്‍ നഗരത്തിലെ പള്ളിക്കുന്നിലെ താമസസ്ഥലത്താണ് ചൊവ്വാഴ്ച്ച രാവിലെ അദ്ദേഹത്തെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച്ചവൈകിട്ട് കണ്ണൂര്‍ കലക്ടറുടെ ചേംബറില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ചെങ്ങളായിയില്‍ പെട്രോള്‍ പമ്പിന് എന്‍.ഒ.സി കൊടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കാലതാമസം വരുത്തിയതിന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ എ.ഡി.എമ്മിനെ പരസ്യമായി വിമര്‍ശിച്ചിരുന്നു എ.ഡി.എം സ്ഥലം മാറി പോകുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പ് എന്‍ഒസി അനുവദിച്ചത് അഴിമതിയതാണെന്നും ഇതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ദിവ്യ പറഞ്ഞിരുന്നു. ഈ കാര്യം നാലു ദിവസത്തിനുള്ളില്‍ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയാണ് ദിവ്യ യാത്രയയപ്പ് യോഗത്തില്‍ തന്റെ പ്രസംഗം കഴിഞ്ഞതിന് ശേഷം ബഹിഷ്‌കരിച്ചു പുറത്ത് പോയത്.

എ.ഡി.എമ്മിന് ഉപഹാരം നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലന്നും പി.പി ദിവ്യ തുറന്നടിച്ചിരുന്നു. കണ്ണൂരില്‍ നിന്നും സ്വദേശമായ പത്തനംതിട്ടയിലേക്കാണ് എ.ഡി.എം.കെ. നവീന്‍ ബാബു സ്ഥലം മാറി പോകേണ്ടിയിരുന്നത്. ഇതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. യാത്രയയപ്പ് സമ്മേളനത്തില്‍ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയനായിരുന്നു ഉദ്ഘാടകന്‍ ഇതിനിടെ ക്ഷണിക്കപ്പെടാത്ത അതിഥിയായി കയറി വന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അകാരണമായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയായിരുന്നു.

അപമാന ഭാരത്തിലുള്ള മനോവിഷമത്തിലാണ് എ.ഡി.എം. കലക്ടറില്‍ നിന്നും ഉപഹാരം സ്വീകരിച്ച ശേഷം മടങ്ങിയത്. കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. എ.ഡി. എമ്മിന്റെ മരണം രാഷ്ട്രീയവിവാദമായി മാറിയതോടെ കോണ്‍ഗ്രസും ബി.ജെ.പിയും സി.പി.എം നേതാവ് കൂടിയായ പി.പി ദിവ്യ യ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. പത്തനംതിട്ടയില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനായി ചൊവ്വാഴ്ച്ചരാവിലെ നവീന്‍ബാബു ട്രെയിന്‍ കയറേണ്ടതായിരുന്നു.

എന്നാല്‍ വിളിച്ചിട്ട് ഫോണ്‍ എടുക്കാതെയായപ്പോള്‍ കുടുംബാംഗങ്ങള്‍ സഹപ്രവര്‍ത്തകരെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പള്ളിക്കുന്നിലെ

താമസ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചെങ്ങളായിയിലെ പെട്രോള്‍ പമ്പിന് എന്‍.ഒ.സി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് എ.ഡി.എം കൈക്കൂലി വാങ്ങിയെന്ന പരോക്ഷ ആരോപണമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ യാത്രയയപ്പ് സമ്മേളനത്തിനിടെ ഉന്നയിച്ചത്. നാലു ദിവസം കൊണ്ടു ഇതിന്റെ തെളിവുകള്‍ പുറത്തുവിടുമെന്നായിരുന്നു ദിവ്യ പറഞ്ഞിരുന്നത്. ഇതോടെയാണ് സംഭവം വിവാദമായത്.

കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്റെ സാന്നിദ്ധ്യത്തിലാണ് അതിരൂക്ഷമായ ആരോപണവുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രംഗത്തുവന്നത്. ഇതില്‍ ഇടപെടാനോ പ്രതികരിക്കാനോ തയ്യാറാകാതെ മൗനം പാലിക്കുകയായിരുന്നു കലക്ടര്‍. ഇതില്‍ യോഗത്തില്‍ പങ്കെടുത്ത മറ്റുള്ളവര്‍ക്ക് പ്രതിഷേധമുണ്ട്. സര്‍ക്കാര്‍ ജീവനക്കാരിയാണ് ജീവനൊടുക്കിയ നവീന്‍ ബാബുവിന്റെ ഭാര്യ: രണ്ട് പെണ്‍മക്കളുണ്ട്.