ന്യൂയോര്‍ക്ക്: അഡോബിന്റെ സി.ഇ.ഒ സ്ഥാനത്തുനിന്ന് ശാന്തനു നാരായണ്‍ പടിയിറങ്ങുന്നു. ഇക്കാര്യം കമ്പനി ഔദ്യോഗികമായി അറിയിച്ചു. 2007 ഡിസംബര്‍ മുതല്‍ കമ്പനിയെ നയിച്ചുവന്ന നാരായണ്‍, പുതിയ സി.ഇ.ഒയെ കണ്ടെത്തുന്നതുവരെ തല്‍സ്ഥാനത്ത് തുടരും. തുടര്‍ന്നും ബോര്‍ഡ് ചെയര്‍മാനായി അദ്ദേഹം കമ്പനിയില്‍ ഉണ്ടാകും. എ.ഐ മേഖലയിലുണ്ടാകുന്ന അതിവേഗ മാറ്റങ്ങള്‍ക്കിടയില്‍ അഡോബിന്റെ ഭാവി തന്ത്രങ്ങളെക്കുറിച്ച് നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുമ്പോഴാണ് ഈ മാറ്റം എന്നത് ശ്രദ്ധേയമാണ്.

ശാന്തനു നാരായണിന്റെ സേവനങ്ങളെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ല എക്‌സിലൂടെ ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചു. 'അഡോബിന്റെ നിങ്ങളുടെ ഈ ചരിത്രപരമായ യാത്രക്ക് അഭിനന്ദനങ്ങള്‍ ശാന്തനു! ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സോഫ്റ്റ്വെയര്‍ കമ്പനികളിലൊന്ന് നിങ്ങള്‍ കെട്ടിപ്പടുത്തു. സ്രഷ്ടാക്കള്‍ക്കും സംരംഭകര്‍ക്കും ബ്രാന്‍ഡുകള്‍ക്കും പുതിയ സാധ്യതകള്‍ നിങ്ങള്‍ തുറന്നുനല്‍കി' നദെല്ല കുറിച്ചു. നിങ്ങളുടെ സൗഹൃദത്തിനും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും, അഡോബിനും നമ്മുടെ വ്യവസായത്തിനും വേണ്ടി നിങ്ങള്‍ ചെയ്ത എല്ലാ കാര്യങ്ങള്‍ക്കും ഞാന്‍ നന്ദിയുള്ളവനാണ്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൈദരാബാദിലെ ഉസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും, പിന്നീട് അമേരിക്കയിലെ ബോളിങ് ഗ്രീന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബെര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദങ്ങളും ശാന്തനു നാരായണ്‍ നേടി.1998ല്‍ ആണ് അദ്ദേഹം അഡോബില്‍ ചേര്‍ന്നത്. 2007ല്‍ കമ്പനിയുടെ സി.ഇ.ഒ ആയി ചുമതലയേറ്റു.

ഫോട്ടോഷോപ്പ്, ഇല്ലസ്ട്രേറ്റര്‍, പ്രീമിയര്‍ പ്രോ തുടങ്ങിയ സോഫ്റ്റ്വെയറുകള്‍ ഇന്ന് ക്രിയേറ്റീവ് രംഗത്തെ അവിഭാജ്യ ഘടകമാണ്. ഡിജിറ്റല്‍ ഡിസൈന്‍, ഫോട്ടോ എഡിറ്റിങ്, വിഡിയോ എഡിറ്റിങ് എന്നീ മേഖലകളില്‍ അഡോബ് ഉല്‍പ്പന്നങ്ങള്‍ക്ക് പകരം വെക്കാന്‍ മറ്റൊന്നില്ല എന്ന നിലയിലേക്ക് കമ്പനി വളര്‍ന്നു.

2011ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, ശന്തനു നാരായണിനെ അദ്ദേഹത്തിന്റെ 'മാനേജ്മെന്റ് അഡൈ്വസറി ബോര്‍ഡില്‍' അംഗമായി നിയമിച്ചിരുന്നു. അഡോബിനെ ഒരു സോഫ്റ്റ്വെയര്‍ ഉല്‍പ്പന്ന കമ്പനിയില്‍ നിന്ന് ക്ലൗഡ് അധിഷ്ഠിത സേവനങ്ങളിലേക്ക് വിജയകരമായി മാറ്റിയതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കമ്പനി വലിയ സാമ്പത്തിക വളര്‍ച്ച കൈവരിക്കുകയും ആഗോളതലത്തില്‍ ശ്രദ്ധേയമായ പല ഏറ്റെടുക്കലുകളും നടത്തുകയും ചെയ്തു.