അടൂർ: ഭീമ ജൂവലറിയിൽ നിന്നും രാജി വച്ച മാനേജരെ സാമ്പത്തിക തട്ടിപ്പുകാരനാക്കി ചിത്രീകരിച്ച് നൽകിയ പത്രപ്പരസ്യം തിരിച്ചടിച്ചു. സഹപ്രവർത്തകരും നാട്ടുകാരും തൊഴിലാളി യൂണിയനുകളും ഒന്നടങ്കം ജീവനക്കാരന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നു. ജൂവലറിയിൽ നിന്ന് സ്വർണമെടുക്കുന്നത് നിർത്താനുള്ള ആഹ്വാനം സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തതോടെ അടൂർ ഭീമ ജൂവലറി മാനേജ്മെന്റ് വെട്ടിലായി. ഉടമകൾ തമ്മിലുള്ള ചേരിപ്പോരിൽ ഉടലെടുത്ത അവഹേളനം കോടതി കയറാൻ പോവുകയാണ്.

തുടക്കം മുതൽ ഭീമ അടൂരിന്റെ മാനേജർ ആയിരുന്ന പറക്കോട് സ്വദേശി സി. ശ്രീരാജിനെതിരേയാണ് ബുധനാഴ്ച പത്രമാധ്യമങ്ങളിൽ തട്ടിപ്പുകാരനെന്ന് തോന്നുന്ന തരത്തിൽ പരസ്യം നൽകിയത്. ചിത്രം സഹിതമായിരുന്നു പരസ്യം. അടൂർ ഭീമയുടെ മാനേജ്മെന്റ് മാറിയതിനെ തുടർന്നാണ് ഫെബ്രുവരി 10 ന് ശ്രീരാജ് രാജി വച്ചു കൊണ്ട് നിയമപ്രകാരം ഒരു മാസം മുൻപ് നോട്ടീസ് നൽകിയത്. സാധാരണ ഒരു ജീവനക്കാരൻ രാജി വച്ചാൽ ഒരു മാസത്തിന് ശേഷമാണ് എക്സിറ്റ് ഇന്റർവ്യൂ നടത്തി സേവനം അവസാനിപ്പിക്കുന്നത്. രാജിക്കത്ത് കിട്ടിയ ദിവസം തന്നെ ശ്രീരാജിനെ എക്സിറ്റ് ഇന്റർവ്യൂ നടത്തി. നിയമപ്രകാരം ശേഷിക്കുന്ന ഒരു മാസത്തേക്ക് അവധിയെടുത്തു കൊള്ളാനും നിർദ്ദേശിച്ചു. ഇതിൻ പ്രകാരം ശ്രീരാജ് അവധിയിൽ പ്രവേശിച്ചു.

ഇതിനിടെ അടൂർ ഭീമയിൽ സ്വർണം എടുക്കാൻ എത്തിയ ശ്രീരാജുമായി അടുത്ത ബന്ധമുള്ള കസ്റ്റമേഴ്സ് അദ്ദേഹത്തെ വിളിച്ചു. സ്ഥാപനത്തിൽ നിന്ന് രാജി വച്ചത് എന്തു കൊണ്ടു പറഞ്ഞില്ല എന്നായിരുന്നു അവരുടെ ചോദ്യം. പരിചയക്കാരായ മിക്കവരും ഇപ്രകാരം ചോദിക്കാൻ തുടങ്ങിയപ്പോൾ 11 ദിവസത്തിന് ശേഷം ശ്രീരാജ് ഫേസ് ബുക്കിൽ ഒരു പോസ്റ്റ് ഇട്ടു. അതിങ്ങനെയായിരുന്നു.

കഴിഞ്ഞ 12 വർഷക്കാലത്തെ അടൂർ ഭീമയിലെ എന്റെ ഔദ്യോഗിക ജീവിതം ഭീമയുടെ മാനേജ്മെന്റിൽ നിന്നുണ്ടായ ചില മാറ്റങ്ങൾ കാരണം ഈ മാസം 10-ാം തീയതി മുതൽ അവസാനിപ്പിക്കേണ്ടി വന്നിരിക്കുന്നു. ഇതുവരെ ഭീമയും എന്റെ നാട്ടുകാരും സുഹൃത്തുക്കളും എനിക്ക് തന്ന എല്ലാ വിധ സഹകരണത്തിനും നന്ദി അറിയിച്ചു കൊള്ളുന്നു. തുടർന്നും എന്നോടുള്ള സ്നേഹവും സഹകരണവും തുടരണം എന്ന അഭ്യർത്ഥനയോടെ സ്വന്തം ശ്രീരാജ്.

ഈ ഫേസ് ബുക്ക് പോസ്റ്റ് വന്നതിന് പിന്നാലെയാണ് ദിനപത്രങ്ങളിൽ ശ്രീരാജിന്റെ ചിത്രം സഹിതം ജുവലറി അധികൃതർ പരസ്യം നൽകിയത്. ശ്രീരാജിന് 10.02.2023 ന് മുതൽ തങ്ങളുടെ സ്ഥാപനവുമായി ബന്ധമില്ലെന്നും അതിന് ശേഷം ടിയാളുമായി മറ്റുള്ളവർ നടത്തുന്ന സാമ്പത്തികമോ അല്ലാതെയോ ഉള്ള യാതൊരു ഇടപാടുകൾക്കും ഭീമ ജൂവലറി ഉത്തരവാദിയായിരിക്കുന്നതല്ലായെന്നുമായിരുന്നു പരസ്യം.

പുറത്തിറങ്ങാൻ വയ്യാത്ത സ്ഥിതിയായി, കുടുംബം ആത്മഹത്യയുടെ വക്കിൽ...

ഭീമ ജൂവലറി അടൂരിൽ തുടങ്ങി ആറു മാസത്തിന് ശേഷമാണ് താനിവിടെ ജോലിക്ക് വന്നതെന്ന് ശ്രീരാജ് പറഞ്ഞു. മണപ്പുറം റിതി ജൂവലറിയുടെ ചാലക്കുടി ഷോറൂം മാനേജരായിരുന്ന തന്നെ അന്നത്തെ ഭീമ അടൂർ ഉടമകളാണ് കൊണ്ടുവന്നത്. 11 വർഷവും ആറു മാസവും ജോലി ചെയ്തു. 2021 നവംബറിൽ ഭീമ ഗോവിന്ദൻ ജൂവലറികൾ മക്കൾക്ക് വീതം വച്ചു നൽകുന്നതു വരെ മികച്ച രീതിയിൽ അടൂർ ഭീമ പ്രവർത്തിച്ചു വന്നു. ഏറ്റവും ഇളയ മകളായ ആതിരയ്ക്കാണ് അടൂർ, പത്തനംതിട്ട, നാഗർകോവിൽ ഷോറൂമുകൾ കൊടുത്തത്. ഇവർ പുതിയ ഒരു ജുവലറി സംസ്‌കാരം കൊണ്ടുവരാൻ ശ്രമിച്ചു. പുതുതായി നിയമിച്ച ഓഫീസ് ജീവനക്കാരുടെ നിർദ്ദേശമനുസരിച്ചായി പ്രവർത്തനം.

ഇതോടെ ബിസിനസ് തകരാൻ തുടങ്ങി. ഇവർ കൊണ്ടു വന്ന പരിഷ്‌കാരങ്ങൾ കച്ചവടം കുറയാൻ ഇടയാക്കി. താൻ നേരിട്ട് ഇടപാടുകാരെ കണ്ടെത്തിയാണ് ബിസിനസ് നടത്തിയിരുന്നത്. ഗോൾഡ് ലോൺ സ്‌കീമൊക്കെ നല്ല രീതിയിൽ നടന്നു പോയിരുന്നു. പുതിയ ആൾക്കാർ തലപ്പത്ത് വന്നപ്പോൾ താൻ നേരിട്ട് ഫീൽഡിൽ പോയി ഇടപാടുകാരെ കാണുന്നത് വിലക്കി. ഇവരുടെ മാർക്കറ്റിങ് തന്ത്രം ഫലിച്ചില്ല. വിൽപ്പന കുത്തനേ ഇടിഞ്ഞു. അതിന്റെ ഉത്തരവാദിത്തം തന്റെ തലയിൽ കൊണ്ടു വയ്ക്കാൻ നോക്കി. ഇതോടെ മാനേജ്മെന്റും പീഡനം തുടങ്ങി. കഴിഞ്ഞ വർഷം മാർച്ചിൽ താനൊരു രാജിക്കത്തുകൊടുത്തിരുന്നുവെന്ന് ശ്രീരാജ് പറഞ്ഞു. പുതിയ മാനേജ്മെന്റ് വന്നതിന് ശേഷം അവരുടെ ആൾക്കാരെ ഷോറൂമിൽ എത്തിച്ചു.

എന്നിട്ടും മറ്റൊരു 11 മാസം കൂടി താൻ അവിടെ തുടർന്നു. രാജി വയ്ക്കുന്നതിന് 18 ദിവസം മുൻപ് മുതൽ താൻ അവധിയിലായിരുന്നു. ഒരു കാരണവശാലും യോജിച്ച് പോകാൻ കഴിയാതെ വന്നപ്പോഴാണ് രാജി വച്ചത്. തന്റെ പരിചയക്കാർ അറിയുന്നതിന് വേണ്ടി മാത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ ഈ വിവരം പങ്കുവച്ചത്. സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്ന ഒരു പരാമർശവും തന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ഒരു രൂപയുടെ സാമ്പത്തിക പ്രശ്നം പോലും ഉണ്ടാക്കിയിട്ടില്ല. വസ്തുത ഇതായിരിക്കേയാണ് താൻ തട്ടിപ്പുകാരനാണെന്ന തരത്തിൽ പത്രപ്പരസ്യം നൽകിയത്. മറ്റൊരു സ്ഥാപനത്തിൽ ജോലി ഉറപ്പിച്ചിരുന്നു. ഇപ്പോൾ അവർ അത് പെൻഡിങ്ങിൽ വച്ചു. മുന്നോട്ട് ജീവിക്കാൻ യാതൊരു വഴിയുമില്ല. നിയമ നടപടികളുമായി മുന്നോട്ടു പോവുകയാണ് എന്നും ശ്രീരാജ് പറഞ്ഞു.

നാട്ടുകാർ ഒറ്റക്കെട്ടായി ഭീമയ്ക്കെതിരേ, സോഷ്യൽ മീഡിയ പരാമർശം ശക്തം

പറക്കോട് ആണ് ശ്രീരാജിന്റെ കുടുംബവീട്. ഇപ്പോൾ താമസിക്കുന്നത് മണക്കാലായിലും. സഹപ്രവർത്തകർക്കും നാട്ടുകാർക്കും പരിചയപ്പെടുന്നവർക്കുമെല്ലാം ശ്രീരാജ് സുസമ്മതനാണ്. യാതൊരു പേരുദോഷവും കേൾപ്പിക്കാത്ത ചെറുപ്പക്കാരൻ. അതു കൊണ്ടു തന്നെയാണ് ഭീമ മാനേജ്മെന്റ് വളരെ മോശമായ രീതിയിൽ പത്രപ്പരസ്യം നൽകിയതോടെ എതിർപ്പുമായി നാട്ടുകാർ രംഗത്ത് വന്നത്.

ഭീമയിലെ ജീവനക്കാർ മുഴുവൻ ശ്രീരാജിന് പിന്തുണ നൽകുന്നു. മാനേജ്മെന്റിനെ ഭയന്ന് ആരും പരസ്യ പ്രതികരണത്തിന് തയാറല്ലെന്ന് മാത്രം. അടൂരിലെ രാഷ്ട്രീയപ്പാർട്ടികൾ മുഴുവൻ ശ്രീരാജിനൊപ്പമുണ്ട്. തൊഴിലാളി യൂണിയനുകളും പിന്തുണ അറിയിച്ചു. നാടു നീളെ ഭീമയ്ക്കെതിരേ പോസ്റ്ററുകൾ നിരന്നു.

സോഷ്യൽ മീഡിയയിൽ ഭീമ ജുവലറിക്കെതിരേ ബഹിഷ്‌കരണാഹ്വാനം വന്നു കഴിഞ്ഞു. ഏറ്റവും കൂടുതൽ വരുമാനമുണ്ടായിരുന്ന അടൂർ ഷോറൂമിൽ കച്ചവടം നന്നേ കുറഞ്ഞു. മാനേജ്മെന്റ് മാപ്പ് പറഞ്ഞ് പത്രപ്പരസ്യം ഇറക്കാത്ത പക്ഷം ജൂവലറിക്ക് മുന്നിൽ സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.