അടൂർ: ജനറൽ ആശുപത്രിയിൽ സ്റ്റാഫ് കൗൺസിൽ നടത്തിയ ഓണാഘോഷം പുലിവാലായി. ആഘോഷത്തിന് മാറ്റുകൂട്ടാൻ ചെണ്ടമേളം നടത്തിയതാണ് വിവാദമായത്. ആഘോഷക്കാർക്ക് ചെണ്ടമേളം ചുവട് വയ്്ക്കാനുള്ള അവസരമായപ്പോൾ രോഗികൾക്കും നവജാത ശിശുക്കൾക്കും അത് കർണകഠോരമായി. സംഗതി വിവാദമായതോടെ നടപടി ഒഴിവാക്കാൻ ആശുപത്രി അധികൃതർ നെട്ടോട്ടം തുടങ്ങി.

മുന്നൂറോളം രോഗികളെ കിടത്തി ചികിത്സിക്കുന്നിടത്താണ് അവരെ
ഞെട്ടിച്ച് ചെണ്ടമേളം അരങ്ങു തകർത്തത്. രോഗികളുമായി വരുന്ന വാഹനങ്ങൾക്ക് ഇവിടെ ഹോൺ മുഴക്കുന്നതിന് അനുവാദമില്ലാത്തപ്പോഴാണ് ആശുപത്രി ജീവനക്കാരുടെ ഓണാഘോഷം അതിരുകടന്നത്. ഹൃദ്രോഗം ഉൾപ്പടെയുള്ളവയ്ക്ക് ചികിത്സയ്ക്കെത്തിയവരുടെ പോലും കാര്യം ഓർക്കാതെയാണ് ആശുപത്രി കോമ്പൗണ്ടിൽ ചെണ്ടമേളം
നടത്താൻ അധികൃതർ തയ്യാറായത്.

ജില്ലയിൽ ഏറ്റവും കൂടുതൽ പ്രസവവും ശസ്ത്രക്രീയകളും നടക്കുന്ന ആശുപത്രി കൂടിയാണിത്. ഇത്തരത്തിലുള്ള ശബ്ദം നവജാത ശിശുക്കളുടെ കേഴ്‌വിയേയും ബാധിക്കാനിടയുണ്ടെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ശസ്ത്രക്രിയ കഴിഞ്ഞ് പാതി ബോധത്തിലും അബോധത്തിലും നിരവധി പേരാണ് ഇവിടെ കിടക്കുന്നത്. പുതിയ ബഹുനില മന്ദിരത്തിന്റെ പോർച്ചിൽ നിന്നുമാണ് ഇന്നലെ ഉച്ചയ്ക്ക് 1.15 ന് ആഘോഷം തുടങ്ങിയത്.

ഈ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ വാർഡുകളിലാണ് ശസ്ത്രക്രിയ കഴിഞ്ഞവർ കിടക്കുന്നത്. ചെണ്ടയും ചേങ്ങിലയും മുഴങ്ങിയതോട ആശുപത്രിപരിസരത്ത് നിന്ന് സംസാരിച്ചാൽ പോലും കേൾക്കാത്ത സ്ഥിതിയായി. പ്രധാന കെട്ടിടത്തിന്റെ കവാടത്തിൽ നിന്നും മേളക്കാർ മുന്നോട്ട് നീങ്ങി. അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്കുള്ള ആംബുലൻസ് പാത കൈയടക്കി ഏറെ നേരം മേള പ്രദർശനം നടത്തി.

മേളപ്പെരുക്കം കാണാൻ പുറത്തു നിന്നും ആൾക്കാർ എത്തിയതോടെ ഇവിടം ജനനിബിഢമായി മാറി. ഒരാൾക്ക് നടന്ന് ആശുപത്രിക്കുള്ളിൽ കയറാൻ കഴിയാത്ത വിധം തിരക്കായി. തുടർന്ന് ആശുപത്രിയുടെ പ്രധാനകവാടം നിറഞ്ഞ് ഘോഷയാത്രയും മേളക്കാരും പുറത്ത് കടന്നു. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനായി ആശുപത്രിക്ക് പുറത്തുള്ള കെട്ടിടത്തിലേക്ക് അവർ നീങ്ങി.

കാതടപ്പിക്കുന്ന ചെണ്ടമേളം ആശുപത്രിക്കുള്ളിൽ നടത്തിയതിനെതിരെ സമീപ പ്രദേശങ്ങളിൽ ഉണ്ടായിരുന്നവർ കടുത്ത അമർഷം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ആശുപത്രി സ്റ്റാഫ് കൗൺസിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. വർഷങ്ങൾക്ക് മുൻപ് മണക്കാല എൻജിനിയറിങ് കോളജിൽ ചെകുത്താൻ ലോറിയും ഫയർ എൻജിനുമൊക്കെയായി നടത്തിയ ഓണാഘോഷം വിവാദമാകുകയും ഇതിനെ തുടർന്ന് ഫയർ എഞ്ചിൻ ഉപയോഗം സംബന്ധിച്ച് വകുപ്പ് കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

ഓണാഘോഷം വിവാദമായതോടെ സംഘാടകർ നെട്ടോട്ടമോടുകയാണ്. രോഗികളുടെ സ്വകാര്യതയെ മാനിക്കാത്ത വിധം നടത്തിയ പരിപാടി മെഡിക്കൽ എത്തിക്സിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.