അടൂർ: താലൂക്കിലെ ഏഴംകുളം, പറക്കോട് എന്നിവിടങ്ങളിലായി ഏഴു മണിക്കൂറിനിടെ തെരുവു നായ കടിച്ചത് 14 പേരെ. കടിയേറ്റവർക്ക് പ്രതിരോധ കുത്തിവയ്പിന് മരുന്നില്ലാതെ അടൂർ ജനറൽ ആശുപത്രി അധികൃതർ കൈമലർത്തി. തിരുവല്ല താലൂക്ക് ആശുപത്രി, കോട്ടയം മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്ക് കടിയേറ്റവരുടെ നെട്ടോട്ടം.

ഏഴംകുളം പ്ലാന്റേഷൻ മുക്കിന് സമീപവും പറക്കോട് കോളൂർപ്പടിയിലും കോട്ടമുകൾ പാലവിള ഭാഗത്തുമായി തിങ്കളാഴ്ച രാവിലെ ആറര മുതൽ വൈകിട്ട് മൂന്നര വരെയാണ് തെരുവുനായ ആക്രമണം നടന്നത്. കൂടുതൽ പേരെ ആക്രമിക്കാൻ തുനിഞ്ഞ നായയെ കോട്ടമുകൾ പാലവിള ഭാഗത്തിട്ട് നാട്ടുകാർ എറിഞ്ഞും അടിച്ചും കൊന്നു. കടിയേറ്റവർ അടൂർ ജനറൽ ആശുപത്രിയിൽ ചെന്നപ്പോഴാണ് പേ വിഷബാധയ്ക്കുള്ള ഇമ്യൂണോ ഗ്ലോബുലിൻ വാക്സിൻ ഇല്ലെന്ന് അറിയുന്നത്. കാശുള്ളവർ ആശുപത്രിക്ക് പുറത്തുള്ള മെഡിക്കൽ സ്റ്റോറിൽ നിന്ന് വൻവില കൊടുത്ത് വാക്സിൻ വാങ്ങി കുത്തിവയ്പെടുത്തു. ശേഷിച്ചവർ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്കും പോയി കുത്തിവയ്പെടുത്തു.

ഏഴംകുളം പ്ലാന്റേഷൻ മുക്ക് പുഷ്പനിലയം കോശി (58), അറുകാലിക്കൽ പടിഞ്ഞാറ് കൊച്ചുതുണ്ടിൽ വീട്ടിൽ ബേബി (74), അതിഥിത്തൊഴിലാളി ബിജോയ് (23), അറുകാലിക്കൽ പടിഞ്ഞാറ് കൊച്ചയ്യത്ത് വീട്ടിൽ സജി (42), തൈവിളയിൽ ആസാദ് മൻസിലിൽ ആസാദ് (39), പനയംകുന്നിൽ ബിജു (35), മാങ്കൂട്ടം നെല്ലിക്കുന്നം മനോജ് കുമാർ (42), സജീവം വീട്ടിൽ സദാനന്ദൻ (61),അറുകാലിക്കൽ പടിഞ്ഞാറ് സ്വദേശി ജോർജ് (65), നെടുമൺ അമ്പാടിയിൽ മുരളി (53), പറക്കോട് സ്വദേശികളായ അരുൺ (38), സുദർശനൻ (62), സദാനന്ദൻ, കോട്ടമുകൾ 17-ാം വാർഡിൽ പാലവിളയിൽ നാണി (85), മരുമകൾ ഉഷാ സുരേന്ദ്രൻ എന്നിവരെയാണ് നായ കടിച്ചത്.

ഇവരെല്ലാം ആദ്യം അടൂർ ജനറൽ ആശുപത്രിയിൽ ചികിൽസ തേടിയെങ്കിലും പ്രാഥമിക കുത്തിവയ്പായ ഐ.ഡി.ആർ.വി മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. അടൂർ ജനറൽ ആശുപത്രിയിൽ ഇമ്യൂണോ ഗ്ലോബുലിൻ കുറച്ചു മാത്രമാണ് സ്റ്റോക്കുള്ളതെന്നും ദൂരെ സ്ഥലങ്ങളിൽ നിന്നു വരെ ഇവിടെയെത്തി കുത്തിവയ്പ് എടുക്കാൻ വരുന്നതാണ് മരുന്ന് പെട്ടെന്ന് തീരാൻ കാരണമെന്നും അധികൃതർ പറയുന്നു.