അടൂർ: ജനറൽ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ചു. ഡോക്ടറുടെ അനാസ്ഥയാണ് കാരണമെന്ന് ബന്ധുക്കൾ. പുത്തനമ്പലം ഐവർകാല വെസ്റ്റ് നോർത്ത് വിഷ്ണു ഭവനിൽ വിനീത് രേഷ്മ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. വിനീത് നൽകിയ പരാതിയിൽ അടൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി. ഇന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസ് സർജന്റെ സാന്നിധ്യത്തിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും.

ബുധനാഴ്ച വൈകിട്ടാണ് പ്രസവത്തിനായി രേഷ്മ യെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ത്തപ്പോൾ കുഞ്ഞ് മരിച്ച നിലയിലായിരുന്നു.  രാത്രിയിൽ രേഷ്മയ്ക്ക് അസഹനീയമായ വേദന അനുഭവപ്പെട്ടപ്പോൾ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാൻ ആവശ്യപ്പെട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇന്നലെ രാവിലെ 11ന് കുഞ്ഞിന് അനക്കകുറവുണ്ടെന്ന് രേഷ്മ നേഴ്സുമാരെ അറിയിച്ചിരുന്നു.

സ്ഥലത്തെത്തി പരിശോധന നടത്തിയ ഡോക്ടർ സുചേത പുറത്തു പോയ ശേഷം ഒരു മണിക്കൂർ കഴിഞ്ഞാണ് തിരികെ എത്തിയതെന്നും രേഷ്മയുടെ ഭർത്താവ് വിനീത് ആരോപിച്ചു. ഒടുവിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തപ്പോൾ കുഞ്ഞ് മരിച്ച നിലയിലായിരുന്നു. കുഞ്ഞു മരിക്കാനിടയായ സംഭവത്തിൽ ആരോഗ്യമന്ത്രിക്കും വകുപ്പ് മന്ത്രിമാർക്കും പരാതി നൽകുമെന്നും വിനീത് പറഞ്ഞു. പ്രസവത്തിന് മുമ്പ് കുഞ്ഞ് മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് അടൂർ പൊലീസ് കേസെടുത്തു.

രാജ്യത്തെ തന്നെ ഏറ്റവും മികച്ച പ്രസവ ആശുപത്രി ആയിട്ടാണ് അടൂർ ജനറൽ ആശുപത്രി അറിയപ്പെടുന്നത്. ഇവിടെ ശിശുമരണ നിരക്ക് അനുപാതം പൂജ്യമാണ്. തങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ചയില്ലെന്നാണ് ആശുപത്രി അധികൃത ർ പറയുന്നത്. പരമാവധി സുഖപ്രസവം പ്രോത്സാഹിപ്പിക്കണമെന്നതാണ് സർക്കാർ നയം. അതു കൊണ്ടാണ് വേദന വന്നപ്പോൾ പ്രസവത്തിനായി കാത്തത്. തനിയെ പ്രസവിക്കില്ലെന്ന് കണ്ടപ്പോഴാണ് ഓപ്പറേഷൻ നടത്തിയത്. പോസ്റ്റുമോർട്ടം നടത്തണമെന്ന് ആവശ്യപ്പെട്ടതും ആശുപത്രി അധികൃതരാണ്.

കുഞ്ഞ് മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി

പത്തനംതിട്ട അടൂർ ജനറൽ ആശുപത്രിയിൽ പ്രസവത്തിന് മുമ്പ് കുഞ്ഞ് മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയത്. വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കാനും മന്ത്രി നിർദ്ദേശം നൽകി.