- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാർ വരുന്നത് ഡബ്യൂസിസിയിലുള്ളവരെ പോലെ നന്നായി ഉടുത്തൊരുങ്ങി; പഠിക്കാൻ വന്നവർ ചെയ്യേണ്ടത് അതാണ്; ആരോടാണ് സമരം ചെയ്യുന്നത്, ആരെയാണ് തോൽപ്പിക്കാൻ നോക്കുന്നത്; വിവാദങ്ങൾക്കിടെ ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരെയും വിദ്യാർത്ഥികളെയും അധിക്ഷേപിച്ച് അടൂർ ഗോപാലകൃഷ്ണൻ
കോട്ടയം: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരേയും വിദ്യാർത്ഥികളേയും അധിക്ഷേപിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനും സംവിധായകനുമായ അടൂർ ഗോപാലകൃഷ്ണൻ. സ്ഥാപനത്തിലെ വനിത ജീവനക്കാർ പറഞ്ഞതെല്ലാം കളവ് ആണ്. നേരത്തെ അഭിമുഖങ്ങളൊന്നും നൽകാൻ കഴിയാത്തവരെ ട്രെയ്‌നിങ് നൽകി സംസാരിപ്പിച്ചത് ആണ്.
ഇപ്പോൾ ശുചീകരണത്തൊഴിലാളികൾ വിമൻ ഇൻ സിനിമ കളക്ടീവിലെ അംഗങ്ങളെ പോലെ നന്നായി ഉടുത്തൊരുങ്ങിയാണ് വരുന്നതെന്നും അടൂർ ഗോപാലകൃഷ്ണൻ അധിക്ഷേപിച്ചു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശുചീകരണത്തൊഴിലാളികളെ കുറിച്ചുള്ള അടൂരിന്റെ അധിക്ഷേപ പ്രതികരണം.
ഇൻസ്റ്റിറ്റ്യൂട്ടിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികളേയും അടൂർ ഗോപാലകൃഷ്ണൻ വിമർശിച്ചു. പഠിക്കാൻ വരുന്നവർ സമരം ചെയ്യില്ല. വിദ്യാർത്ഥികൾ ആരെയാണ് തോൽപ്പിക്കാൻ ശ്രമിക്കുന്നത്. ഫ്രീഡത്തെ കുറിച്ചുള്ളത് തെറ്റിദ്ധാരണയാണ്. ഉള്ള സമയം ഏറ്റവും കൂടുതൽ സിനിമയെ കുറിച്ച് പഠിച്ച്, സിനിമ കണ്ട്, സ്വപ്നം കണ്ട് ജീവിക്കണം. എന്റെ അദ്ധ്യാപകരിൽ നിന്നും ഞാൻ പഠിക്കാൻ വന്നതാണ് എന്ന ധാരണയുണ്ടെങ്കിലേ ശരിയാവുകയുള്ളൂ. ഇവരോടൊക്കെ പുച്ഛമുള്ളൊരുത്തൻ ഇവിടെ പഠിക്കാൻ വരരുത്. അവർ എത്രയും വേഗം പിരിഞ്ഞുപോവണമെന്നും അടൂർ പറഞ്ഞു.
'ഒരുമാസവും രണ്ടുമാസവും മൂന്നുമാസവും സമരം ചെയ്യാൻ എവിടെയാണ് സമയം. പഠിക്കണമെന്ന് നിർബന്ധമുള്ളവർ അത് ചെയ്യില്ല. ആരോടാണ് സമരം ചെയ്യുന്നത്, ആരെയാണ് തോൽപ്പിക്കാൻ നോക്കുന്നത്. ഫ്രീഡത്തെ കുറിച്ചുള്ളത് തെറ്റിദ്ധാരണയാണ്. ഉള്ള സമയം ഏറ്റവും കൂടുതൽ സിനിമയെ കുറിച്ച് പഠിച്ച്, സിനിമ കണ്ട്, സ്വപ്നം കണ്ട്,ജീവിക്കണം. പഠിക്കാൻ വന്നവർ ചെയ്യേണ്ടത് അതാണ്. അവർക്ക് അതിനപ്പുറത്തേക്ക് വേറെ ലോകമില്ല. ഇൻഡസ്ട്രിയിൽ ഒരാൾക്ക് സിനിമയെടുക്കാൻ അവസരം കിട്ടണമെങ്കിൽ ആരുടെയെങ്കിലുമൊക്കെ അസിസ്റ്റന്റായിട്ട് നിന്നിട്ട് നാൽപ്പതോ അൻപതോ വയസ്സാവണം.
രണ്ട് കൊല്ലം കൊണ്ട് സിനിമയെ കുറിച്ച് എല്ലാം പഠിച്ച്, ലോകത്തെ മാസ്റ്റർ പീസുകളെല്ലാം കണ്ട്, ഇതിനെ കുറിച്ച് ഒരു ടേസ്റ്റുണ്ടായി, പഠിതാക്കളെ മാറ്റിയെടുക്കാൻ കഴിയും. ഇതിന് നമ്മൾ വിധേയരാകണം. ഒരു വിദ്യാർത്ഥിയെന്ന നിലയിൽ ഇതൊന്നും ശരിയല്ലെന്ന് പറയുന്നവനെ എന്ത് പഠിപ്പിക്കാൻ പറ്റും. ആയുർവേദത്തിൽ പറയും, അവിധേയനെ ചികിത്സിക്കരുതെന്ന്. ഈ ചികിത്സ കൊണ്ട് എനിക്ക് ഭേദമാകുമെന്ന് ഉറപ്പുള്ളവനേ ചികിത്സിക്കാൻ പറ്റൂ.
കാരണം ഇവിടുത്തെ പഠനം കൊണ്ട് എനിക്ക് ഗുണമുണ്ടാകണം. എന്റെ അദ്ധ്യാപകരിൽ നിന്നും ഞാൻ പഠിക്കാൻ വന്നതാണ് എന്ന ധാരണയുണ്ടെങ്കിലേ ശരിയാവുകയുള്ളൂ. ഇവരോടൊക്കെ പുച്ഛമുള്ളൊരുത്തൻ ഇവിടെ പഠിക്കാൻ വരരുത്. അവർ എത്രയും വേഗം പിരിഞ്ഞുപോവണം,' അടൂർ പറഞ്ഞു.
'ഇൻസ്റ്റിറ്റ്യൂട്ടിലെ വനിതാ ജീവനക്കാർ ക്യാമറക്ക് മുന്നിൽ വന്ന് പറയുന്നത്, ഞങ്ങളെല്ലാം വിധവകളാണെന്നാണ്. രണ്ട് പേരുടെ ഭർത്താക്കന്മാരെ മരിച്ചിട്ടുള്ളൂ. നാല് പേർക്കും ഭർത്താക്കന്മാരുണ്ട്. അവരെന്ത് ചെയ്യും. പച്ചക്കള്ളം പഠിപ്പിച്ചുവിട്ടിരിക്കുകയാണ്. ടിവിക്ക് മുന്നിൽ അവർ സ്റ്റാർസ് ആണ് ഈ മുന്ന് നാലഞ്ച് പെണ്ണുങ്ങൾ. നന്നായി ഉടുത്തൊരുങ്ങിയാണ് ഇവരൊക്കെ പോവുന്നത്. ഡബ്ല്യൂസിസി പോലെ അവരിലൊരാളായിട്ടാണ് ഇവരൊക്കെ ഉടുത്തൊരുങ്ങി നിൽക്കുന്നത്. ദിവസവും അഭിമുഖം ചോദിക്കാൻ ആളുകളെത്തുന്നു. നേരത്തെ അവരൊന്നും ഇത് പറയാൻ കഴിവുള്ളവരായിരുന്നില്ല, അവരെയെല്ലാം ട്രെയിൻ ചെയ്തു കഴിഞ്ഞു. സ്റ്റാർസായി. അവർക്ക് ട്രെയിൻ ചെയ്യിക്കാൻ ആളുണ്ട്', അടൂർ തുടർന്നു.
'ശങ്കർ മോഹനെ സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ക്ഷണിച്ച് കൊണ്ടുവന്നതാണ്. സർക്കാർ അദ്ദേഹത്തിന് താമസിക്കാനുള്ള വീടും മറ്റ് സൗകര്യങ്ങളും കൊടുക്കും എന്ന ഉറപ്പിലാണ് അദ്ദേഹത്തെ കൊണ്ടുവന്നത്. അവിടെ കെട്ടിടം കിട്ടാൻ വിഷമമാണ്. റബ്ബർ തോട്ടത്തിന് ഉള്ളിലോട്ടൊരു കെട്ടിടത്തിലാണ് കഴിയുന്നത്. ആ വീട് ദിവസവും പോയി ക്ലീൻ ചെയ്യേണ്ടതാണ് അവരുടെ ജോലി. തൂപ്പുകാർ സർക്കാർ ശമ്പളം വാങ്ങിക്കുന്നവരാണ്. പക്ഷേ അങ്ങനെ ചെയ്യിക്കുന്നില്ല. ആഴ്ചയിൽ ഒരു ദിവസം ഒരാൾ മുറ്റവും തിണ്ണയും തൂത്തുകൊടുക്കണം. അര മുക്കാൽ മണിക്കൂർ എടുക്കില്ല.
ഇതിനെ കുറിച്ചൊക്കെ കുറേ ആരോപണങ്ങൾ ഞാൻ കേട്ടു. കക്കൂസിൽ കയ്യിട്ട് വാരണമെന്നൊക്കെ. ഇതിനേക്കാൾ ആഭാസകരമായിട്ട് ഒന്നും പറയാനില്ല. ഞാൻ ഇതിനെ കുറിച്ച് അന്വേഷിച്ചിരുന്നു. ജീവനക്കാരെ കൊണ്ട് അവർ ഒരിക്കൽ പോലും ബാത്ത്‌റൂം കഴുകിച്ചിട്ടില്ല. റബ്ബർ ഇല വീഴുന്നത് അടിച്ച് വാരുക മാത്രമാണ് വേണ്ടത്. എന്നിട്ട് അവർ പറയുന്നത് രാത്രിയിലൊക്കെ ജോലിയാണെന്നാണ്. എന്ത് ജോലിയാണ് അവർ ചെയ്യുന്നത്', അടൂർ ചോദിച്ചു.
മറുനാടന് മലയാളി ബ്യൂറോ