- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അടൂര്‍ മണ്ണടിയില്‍ ചെയ്യാത്ത റോഡ് നിര്‍മാണത്തിന്റെ പേരില്‍ തട്ടിയെടുത്തത് മൊബിലൈസേഷന്‍ ഫണ്ട് ഒരു ലക്ഷം; തിരിച്ചു പിടിക്കാന്‍ റവന്യൂ റിക്കവറിക്ക് ഉത്തരവ് വന്നിട്ട് 15 വര്‍ഷം; സിപിഎം ഇടപെടലില്‍ നടപടി ക്രമങ്ങള്‍ ഒഴിവാക്കി: വിവരാവകാശത്തിന് മറുപടി നല്കാന് കഴിയാതെ ജില്ലാ പഞ്ചായത്ത് ജീവനക്കാരുടെ നെട്ടോട്ടം
അടൂര്‍: 15 വര്‍ഷം മുന്‍പ് റോഡു പണിയുടെ പേരില്‍ സിപിഎം നേതാക്കള്‍ നടത്തിയ തട്ടിപ്പിന് ഇപ്പോള്‍ നെട്ടോട്ടമോടുന്നത് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാര്‍. റോഡ് പണി നടത്താതെ മൊബിലൈസേഷന്‍ ഫണ്ടായ ഒരു ലക്ഷം രൂപ 2010 ല്‍ തട്ടിയെടുത്തത് തിരിച്ചു പിടിക്കാനുള്ള ഓഡിറ്റ് വിഭാഗത്തിന്റെ ശിപാര്‍ശ പ്രകാരമുള്ള റെവന്യൂ റിക്കവറി 15 വര്‍ഷമായിട്ടും നടന്നിട്ടില്ല. എന്നു മാത്രമല്ല, ഇതു സംബന്ധിച്ച രേഖകള്‍ ജില്ലാ പഞ്ചായത്തില്‍ നിന്ന് അപ്രത്യക്ഷമായി. കഴിഞ്ഞ മാസം ഇതേക്കുറിച്ച് പത്തനംതിട്ടയിലെ മാധ്യമപ്രവര്‍ത്തകന്‍ ഒരു വിവരാവകാശ അപേക്ഷ ജില്ലാ പഞ്ചായത്തില്‍ നല്‍കിയതോടെയാണ് രേഖകള്‍ കാണാനില്ലെന്നുള്ള വിവരം പുറത്തായിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തുക റവന്യൂ റിക്കവറി നടത്തി തിരികെ പിടിക്കാന്‍ വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തി 15 വര്‍ഷം കഴിഞ്ഞിട്ടും നടപടിയില്ല. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേര്‍ന്നാണ് തട്ടിപ്പു നടത്തിയതെന്നാണ് വിവരം. ജില്ലാ പഞ്ചായത്ത് ഏനാത്ത് ഡിവിഷനില്‍ കടമ്പനാട് പഞ്ചായത്ത് മണ്ണടി ദേശക്കല്ലുംമൂട് വാര്‍ഡില്‍ കാലായ്മുക്ക് ഒഴുകുപാറപ്പടി റോഡ് പുനരുദ്ധാരണത്തിന്റെ പേരിലാണ് പണി ചെയ്യാതെ ഒരു ലക്ഷം രൂപ തട്ടിയെടുത്തത്. 2013 ല്‍ പ്രദേശവാസിക്ക് ലഭിച്ച വിവരാവകാശ രേഖയാണ് തട്ടിപ്പ് വെളിച്ചത്തു കൊണ്ടു വന്നത്. ഇതേ രേഖകള്‍ ആവശ്യപ്പെട്ട് കഴിഞ്ഞ മാസം ജില്ലാ പഞ്ചായത്തില്‍ വിവരാവകാശ നല്‍കിയെങ്കിലും മറുപടി കിട്ടിയില്ല. രേഖകള്‍ അപ്രത്യക്ഷമായെന്നാണ് അപേക്ഷകനെ ജില്ലാ പഞ്ചായത്തില്‍ നിന്ന് വിളിച്ച് അറിയിച്ചത്. രേഖകള്‍ക്കായി ജീവനക്കാര്‍ ആഴ്ചകളായി നെട്ടോട്ടം തുടരുകയാണ്.
2010 ല്‍ നിലവിലെ സി.പി.എം അടൂര്‍ ഏരിയ സെക്രട്ടറി എസ്. മനോജ് പഞ്ചായത്ത് പ്രസിഡന്റും ഏരിയ കമ്മിറ്റി അംഗം കെ. സാജന്‍ എട്ടാം വാര്‍ഡ് മെമ്പറും ആയിരുന്ന കാലത്താണ് തട്ടിപ്പ് നടന്നത്. ജില്ലാ പഞ്ചായത്ത് ഫണ്ട് അഞ്ചു ലക്ഷം രൂപ അനുവദിച്ച റോഡിന്റെ ഗുണഭോക്തൃ സമിതി കണ്‍വീനര്‍ മണ്ണടി പാപ്പന്‍കോട്ട് പുത്തന്‍ വീട്ടില്‍ ദിലീഷ്‌കുമാര്‍ ആയിരുന്നു. ഇയാളുടെ പേരില്‍ കരാര്‍ വച്ചാണ് മൊബിലൈസേഷന്‍ ഫണ്ട് വാങ്ങിയെടുത്തത്. ജില്ലാ പഞ്ചായത്ത് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ തട്ടിപ്പ് കണ്ടെത്തി. നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ തുക റവന്യൂ റിക്കവറി നടത്തി തിരികെ പിടിക്കാന്‍ കടമ്പനാട് വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തിയതായി ജില്ലാ പഞ്ചായത്തിലെ മുന്‍ ഫൈനാന്‍സ് ഓഫീസര്‍ സൈനബബീവി എം. സാക്ഷ്യപ്പെടുത്തിയ രേഖ പരാതിക്കാരന് വിവരാവകാശ നിയമപ്രകാരം ലഭിച്ചിട്ടുണ്ട്. സി.പി.എം അടൂര്‍ നേതൃത്വം ഇടപെട്ട് റവന്യൂ റിക്കവറി നടപടികള്‍ മരവിപ്പിച്ചതായി മുന്‍ വില്ലേജ് ഓഫീസര്‍ പറഞ്ഞു. കഴിഞ്ഞ മാസം 17 ന് പത്തനംതിട്ട സ്വദേശി നല്‍കിയ വിവരാവകാശ അപേക്ഷയില്‍ ജില്ലാ പഞ്ചായത്ത് എല്‍.ഐ.ഡിഇ.ഡബ്ല്യൂ ഡിവിഷന്‍ അസി. എന്‍ജിനീയര്‍ ദേശക്കല്ലുംമൂട് വാര്‍ഡില്‍ ഇങ്ങനെയൊരു പ്രവൃത്തി നടന്നിട്ടില്ലെന്ന തെറ്റായ വിവരമാണ് നല്‍കിയത്. മുന്‍പ് ഇതേ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ മറുപടിയാണ് നല്‍കിയത്. ഇതിനെതിരേ അപേക്ഷകന്‍ അപ്പീല്‍ നല്‍കിയപ്പോള്‍ തെളിവുകളുമായി നേരില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടത്. ഇതിനെതിരേ വിവരാവകാശ നിയമത്തിലെ ചട്ടങ്ങളും വകുപ്പുകളും ചൂണ്ടിക്കാട്ടി അപേക്ഷകന്‍ പരാതി അയച്ചു. തങ്ങള്‍ക്കെതിരേ നടപടി വരുമെന്ന് മനസിലാക്കിയ ജില്ലാ പഞ്ചായത്ത് ജീവനക്കാര്‍ തുടര്‍ന്ന് അപേക്ഷകനെ നേരില്‍ ബന്ധപ്പെട്ടു. ജില്ലാ പഞ്ചായത്തില്‍ ഈ ഫയലുകളൊന്നും കാണുന്നില്ലെന്നാണ് ജീവനക്കാര്‍ അപേക്ഷകനോട് പറഞ്ഞത്. 12 വര്‍ഷം മുന്‍പ് ലഭിച്ച വിവരാവകാശ മറുപടി കാണിക്കാമോയെന്നും ചോദിച്ചുവെന്ന് അപേക്ഷകന്‍ പറയുന്നു.
റവന്യൂ റിക്കവറിക്ക് ശിപാര്‍ശ ചെയ്താല്‍ പിന്നെ അത് നടപ്പിലാക്കേണ്ടത് വില്ലേജ് ഓഫീസര്‍ ആണെന്നാണ് ഇവര്‍ പറയുന്നത്. അപ്പോഴും പഴയ രേഖകള്‍ എവിടെ എന്ന ചോദ്യത്തിന് മറുപടിയില്ല. അങ്ങനെ ഒരു രേഖ ഉണ്ടായിരിക്കുകയും ഇതു സംബന്ധിച്ച് മുന്‍പ് കൃത്യമായ മറുപടി നല്‍കുകയും ചെയ്ത ഓഫീസില്‍ നിന്നാണ് ദേശക്കല്ലുംമൂ് വാര്‍ഡില്‍ ഇങ്ങനെയൊരു ഫണ്ട് അനുവദിച്ചിട്ടില്ലെന്ന തെറ്റായ വിവരം നിലവില്‍ നല്‍കിയിരിക്കുന്നത്. സി.പി.എം നേതാക്കളുടെ ഭീഷണിക്ക് വഴങ്ങിയാണ് തെറ്റായ വിവരം നല്‍കിയതെന്നും ജില്ലാ പഞ്ചായത്തിലുണ്ടായിരുന്ന രേഖ നശിപ്പിച്ചത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങുകയാണെന്ന് കേരളാ ആര്‍.ടി.ഐ ഫെഡറേഷന്‍ അറിയിച്ചു.