- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പാ കുടിശിക പിരിച്ചു മടങ്ങിയ യുവതിയുടെ സ്‌കൂട്ടർ തടഞ്ഞ് തലയിൽ പെട്രോൾ ഒഴിച്ചു; പറമ്പിലേക്ക് വലിച്ചിഴച്ച് മർദിച്ച് ഒന്നരലക്ഷത്തോളം രൂപ കവർന്നത് ഒരു മാസം മുൻപ്; പ്രതി പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റിന്റെ സഹോദരൻ: പണം തിരികെ നൽകിയതോടെ കേസ് അവസാനിപ്പിച്ച് പൊലീസ്; സിപിഎം നേതാക്കൾക്ക് മുന്നിൽ മുട്ടിടിച്ച് പൊലീസ്
അടൂർ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പാ കുടിശിക പിരിച്ചു മടങ്ങിയ യുവതിയുടെ സ്‌കൂട്ടർ തടഞ്ഞ് തലയിൽ പെട്രോൾ ഒഴിച്ചു. സമീപത്തെ പറമ്പിലേക്ക് വലിച്ചിഴച്ച് മർദിച്ച് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് ഒന്നരലക്ഷത്തോളം രൂപ കവർന്ന കേസിന്റെ അന്വേഷണം അടൂർ പൊലീസ് അട്ടിമറിച്ചു. സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം, ഏരിയാ സെക്രട്ടറി, പ്രതിയുടെ സഹോദരിയായ പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ സമ്മർദത്തെ തുടർന്നാണ് പൊലീസ് നിഷ്‌ക്രിയമായിരിക്കുന്നത് എന്ന് ആക്ഷേപം.
ഓഗസ്റ്റ് 25 ന് രാത്രി ഏഴുമണിയോടെയാണ് സംഭവം നടന്നത്. താമരക്കുളം ചാരുംമൂട് പേരൂർ കാരായ്മയിൽ അശ്വതി (27)യെ ആണ് ഭർത്താവ് തെങ്ങമം നടേശേരിൽ കൃഷ്ണകുമാർ(30), കൂട്ടാളികളായ രാജേഷ്, അഖിൽ എന്നിവർ ചേർന്ന് മർദിച്ചതും പണം കൊള്ളയടിച്ചതും. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ സുശീല കുഞ്ഞമ്മ കുറുപ്പിന്റെ ഇളയസഹോദരനാണ് കൃഷ്ണകുമാർ.
മൈക്രോ ഗ്രൂപ്പുകളിൽ നിന്നുള്ള വായ്പാ തിരിച്ചടവ് പിരിച്ചെടുത്തു മടങ്ങുമ്പോൾ മുണ്ടപ്പള്ളിൽ കാട്ടിൽമുക്ക് ഭാഗത്ത് വച്ച് കൃഷ്ണകുമാറും സംഘം അശ്വതിയുടെ സ്‌കൂട്ടർ തടയുകയായിരുന്നു. കുപ്പിയിൽ കരുതിയ പെട്രോൾ തലയിലൂടെ ഒഴിക്കുകയും ഓടാൻശ്രമിച്ചപ്പോൾ പണമടങ്ങിയ ബാഗ് കൈവശപ്പെടുത്തിയ ശേഷം തൊട്ടടുത്ത പറമ്പിൽ കൊണ്ടു പോയി മർദിക്കുകയായിരുന്നെന്നാണ് പരാതി.
ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ ഇവർ പണമടങ്ങിയ ബാഗും ടാബ്, ഫോൺ, ധനകാര്യ സ്ഥാപനത്തിലെ രസീത്എന്നിവയുമായി കടന്ന് കളയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അശ്വതിയും കൃഷ്ണകുമാറും തമ്മിൽ കുറച്ച് നാളായി പിണങ്ങി കഴിയുകയായിരുന്നു. ആറ് വർഷം മുൻപാണ് ഇവർ വിവാഹിതരായത്. കഴിഞ്ഞ ഏപ്രിലിൽ അശ്വതിയെ മർദ്ദിച്ചതിന് ഭർത്താവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
പ്രതിയെ ഉടൻ പിടികൂടുമെന്ന് വീരവാദം മുഴക്കിയ പൊലീസ് പിന്നെ വാലുചുരുട്ടുന്നതാണ് കണ്ടത്. പതിവു പോലെ ഏതു കേസും അട്ടിമറിക്കുന്ന അടൂരിലെ സിപിഎം നേതാക്കൾ ഇടപെട്ടതോടെ ഡിവൈഎസ്‌പിക്കും സിഐക്കും മുട്ടു വിറച്ചു. പിന്നെ സിപിഎമ്മിന്റെ പ്ലാനിങ് അനുസരിച്ചാണ് കാര്യങ്ങൾ നടന്നത്. യുവതിയുടെ കൈയിൽ നിന്ന് തട്ടിയെടുത്ത പണവും ബാഗും സാധനങ്ങളുമെല്ലാം പിന്നീട് കൃഷ്ണകുമാറിന്റെ വീടിന്റെ സിറ്റൗട്ടിൽ നിന്ന് പൊലീസ് എടുത്ത് അശ്വതിക്ക് കൈമാറി. പ്രതി ഒളിവിലാണെന്നും പാലക്കാടിന് കടന്നുവെന്നുമായിരുന്നു പൊലീസ് ഭാഷ്യം. പാലക്കാടിന് കടന്ന പ്രതി, തട്ടിയെടുത്ത ബാഗ് എങ്ങനെ വീടിന്റെ സിറ്റൗട്ടിൽ വന്നുവെന്ന ചോദ്യത്തിന് ഉത്തരമില്ല.
നിലവിൽ കൃഷ്ണകുമാർ സ്വന്തം വീട്ടിലുണ്ടെന്നാണ് വിവരം. മുകളിൽ നിന്ന് ഉത്തരവ് ഇല്ലാത്തു കൊണ്ടാണ് തങ്ങൾ പിടിക്കാത്തത് എന്ന് പൊലീസുകാരും പറയുന്നു. തട്ടിയെടുത്ത ബാഗും പണവുമൊക്കെ തിരിച്ചു കൊടുത്തതു കൊണ്ട് കേസിന്റെ ആവശ്യമില്ല എന്ന തരത്തിലാണ് പൊലീസിന്റെ സമീപനം. പിടിച്ചു പറിഞ്ഞ സാധനം തിരിച്ചു കൊടുത്തതു കൊണ്ട് റോബറിക്ക് പൊലീസ് എടുത്ത കേസ് ഇല്ലാതാകുന്നില്ല. മറ്റൊന്ന് സ്ത്രീത്വത്തെ അപമാനിച്ചതും വധശ്രമമവുമാണ്. ഈ വകുപ്പുകൾ ഒക്കെ നിലനിൽക്കുമ്പോഴും അടൂർ ഡിവൈഎസ്‌പിയോ ഇൻസ്പെക്ടറോ പ്രതിയെ പിടിക്കാൻ തയാറാകുന്നില്ല.
അതിസങ്കീർണമായ കേസുകൾ പോലും സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് ദിവസങ്ങൾക്കുള്ളിൽ തെളിയിച്ചവരാണ് അടൂർ പൊലീസ്. അടുത്ത കാലത്തായി നിരവധി കേസുകൾക്ക് തുമ്പും ഉണ്ടാക്കിയ പൊലീസിന് കൺമുന്നിലൂടെ വിലസുന്ന പ്രതിയെ പിടിക്കാൻ മാത്രം മിടുക്കില്ല. സിപിഎം ജില്ലാ നേതാക്കൾ ഏറെക്കുറെ അടൂരിൽ നിന്നാണ്. ഇവർ പറയാതെ ഒരു പ്രതിയെയും പിടികൂടാൻ പൊലീസ് തയാറാകുന്നില്ല എന്നുള്ളതാണ് വാസ്തവം. സിപിഎമ്മുകാരിയായ പഞ്ചായത്ത് പ്രസിഡന്റിന്റെ സഹോദരനെ അത്ര വേഗം പൊലീസ് അറസ്റ്റ് ചെയ്യേണ്ട എന്നാണ് പാർട്ടി തീരുമാനം. അതനുസരിച്ച് ഡിവൈഎസ്‌പിയും ഇൻസ്പെക്ടറും തുള്ളുന്നതോടെ കേസ് അട്ടിമറിക്കപ്പെടുകയാണ്.