- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഷ്യയും ജപ്പാനും അവകാശ തർക്കം ഉന്നയിക്കുന്ന കുറിൽ ദ്വീപ് അടൂർ പൊലീസ് പിടിച്ചെടുത്തു! അതു വഴി ഹെൽമറ്റ് ഇല്ലാതെ വന്ന സ്കൂട്ടർ യാത്രികന് 500 രൂപ പെറ്റിയുമടിച്ചു; ഗതാഗത നിയമ ലംഘനത്തിന് പകർത്തിയ ചിത്രത്തിൽ ജിപിഎസ് ചതിച്ചപ്പോൾ പൊലീസ് എയറിൽ; കുറിൽ ദ്വീപിൽ നടന്ന നിയമലംഘനത്തിന് താൻ പെറ്റിയടയ്ക്കില്ലെന്ന് വാഹനം ഉടമയും
അടൂർ: ജപ്പാനും റഷ്യയും തമ്മിൽ അവകാശത്തർക്കം ഉന്നയിക്കുന്ന കുറിൽ ദ്വീപസമൂഹം അടൂർ പൊലീസ് പിടിച്ചെടുത്തു! അതു വഴി ഹെൽമറ്റില്ലാതെ വന്ന സ്‌കൂട്ടറിൽ വന്ന യാത്രികന് 500 രൂപ പെറ്റിയുമടിച്ചു. ജിപിഎസിൽ വന്ന തെറ്റ് കാരണം തെറ്റായ ചെല്ലാൻ വാഹനം ഉടമയ്ക്ക് ലഭിച്ചതാണ് പ്രശ്നം. എന്തായാലും പൊലീസ് എയറിലാണ്.
ഇന്നലെ വൈകിട്ട് തന്റെ മൊബൈലിൽ മെസേജായി പെറ്റി വിവരം പരിവാഹൻ സൈറ്റിലൂടെ ലഭിച്ച ഉടമ ഞെട്ടിപ്പോയി. ഭാര്യയും മകനുമായി സ്‌കൂട്ടറിൽ ഹെൽമറ്റില്ലാതെ പോകുന്ന തന്റെ ചിത്രം. ഒപ്പം ഗതാഗത നിയമലംഘനത്തിന് 500 രൂപ പിഴ അടയ്ക്കാനുള്ള ഇ-ചെല്ലാനുമുണ്ട്. എന്താണ് സംഭവമെന്ന് വിശദമായി വായിച്ചു നോക്കിയ ഉടമയുടെ കിളി പോയി. താൻ ഹെൽമറ്റില്ലാതെ പോയിരിക്കുന്നത് കുറിൽ ഐലൻഡ് വഴിയാണ്. ഡേറ്റ് ഓഫ് ഇൻസിഡന്റ് (സംഭവം നടന്ന തീയതി) ഏപ്രിൽ 11 ന് വൈകിട്ട് 4.31 ആണ്. പ്ലേസ് ഓഫ് ഇൻസിഡന്റ് (സംഭവം നടന്ന സ്ഥലം) കുറിൽ ഐലൻഡും.
ഈ പറയുന്ന സമയത്ത് അടൂരിന് താൻ ഭാര്യയും കുട്ടിയുമായി പോയിരുന്നു. ഹെൽമറ്റ് ധരിച്ചിരുന്നുമില്ല. പക്ഷേ, ഈ കുറിൽ ഐലൻഡ് എവിടാണ്? എന്താണ്?. ആദ്യം വിചാരിച്ചത് ടൗണിലെ ഏതോ ട്രാഫിക് ഐലൻഡിന്റെ പേര് തെറ്റായി അടിച്ചിരിക്കുന്നുവെന്നാണ്. ഗൂഗിളിനെ ശരണം പ്രാപിച്ചപ്പോളാണ് കുറിൽ ഐലൻഡ് എന്നൊരു സ്ഥലമുണ്ടെന്നും അതേച്ചൊല്ലി ജപ്പാനും റഷ്യയുമായി അവകാശ തർക്കം നിലവിലുണ്ടെന്നും മനസിലാകുന്നത്. പസഫിക് സമുദ്രത്തിലുള്ള ദ്വീപ സമൂഹമാണിത്. കുറിൽ ഐലൻഡിൽ നടന്ന കുറ്റകൃത്യത്തിന് കേരളാ പൊലീസിന് എങ്ങനെ പെറ്റിയടിക്കാനാകും.
എന്താണ് സംഭവിച്ചതെന്ന് അറിയാൻ മറുനാടൻ അടൂർ ട്രാഫിക് എസ്ഐ അജിയുമായി ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞത് ഇങ്ങനെ: അടൂർ ടൗണിൽ വച്ച് അടൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐ പകർത്തിയ ചിത്രമാണിത്. തുടർന്ന് ഗതാഗത നിയമലംഘനത്തിന് പരിവാഹൻ സൈറ്റിലേക്ക് അപ്ഡേറ്റ് ചെയ്യുകയായിരുന്നു. അടൂർ ടൗണിൽ നടന്നതാണെന്നും പ്ലേസ് ഓഫ് ഇൻസിഡന്റ് മാറിയതെങ്ങനെ എന്ന് അറിയില്ലെന്നും പറയുന്നു. താൻ ഏതായാലും ഈ ചെല്ലാൻ മുഖാന്തിരം പിഴ അടയ്ക്കില്ല എന്നാണ് വാഹന ഉടമ പറയുന്നത്. നിയമ ലംഘനത്തിന് പിഴ അടയ്ക്കുന്നതിന് കുഴപ്പമില്ല. തെറ്റായ ചെല്ലാൻ ഉപയോഗിച്ച് അടയ്ക്കാൻ തയാറല്ല. പുതുക്കിയ ചെല്ലാൻ തരിക. അല്ലാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറയുന്നു.
ചിത്രമെടുത്ത എസ്ഐ അപ്ലോഡ് ചെയ്യുന്ന വഴി ജിപിഎസിനുണ്ടായ സാങ്കേതിക പ്രശ്നമാണ് പ്ലേസ് ഓഫ് ഇൻസിഡന്റ് മാറാൻ കാരണമായത്. ജിപിഎസ് ഓൺ ചെയ്യാതെയാകണം ചിത്രമെടുത്തത്. ഇതിന് ഉപയോഗിച്ച ഉപകരണം നിർമ്മിച്ച സ്ഥലം തന്നെയാകും അപ്പോൾ പ്ലേസ് ആയി കാണിക്കുക. ഏതു രീതിയിലും പെറ്റി ഈടാക്കാനുള്ള നിർദ്ദേശം സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ഗതാഗത നിയമ ലംഘനം സിവിലിയന്മാർക്കും ചൂണ്ടിക്കാണിക്കാം. ചിത്രങ്ങൾ എടുത്ത് അപ്ലോഡ് ചെയ്യുന്നതിന് പൊലീസും മോട്ടോർ വാഹന വകുപ്പും സൗകര്യം ഒരുക്കിയിട്ടുണ്ട്. നിയമലംഘനത്തിന്റെ ചിത്രം കിട്ടിയാൽ അപ്പോൾ തന്നെ വാഹനത്തിന്റെ നമ്പർ നോക്കി ഉടമയ്ക്ക് പിഴ അടയ്ക്കാനുള്ള നോട്ടീസ് അയക്കുന്ന സംവിധാനമാണിത്. ഇതിന് പുറമേയാണ് ചിത്രമെടുക്കാനുള്ള കാമറ പൊലീസിനും ട്രാഫിക് പൊലീസ് യൂണിറ്റുകൾക്കും കൈമാറിയിട്ടുള്ളത്.
കുറിൽ ദ്വീപ് തർക്കം
ജപ്പാനിലെ നോർത്തേൺ ടെറിട്ടറി തർക്കം എന്നറിയപ്പെടുന്നതാണ് കുറിൽ ദ്വീപുകളുടെ തർക്കം. തെക്കേ അറ്റത്തുള്ള നാല് കുറിൽ ദ്വീപുകളുടെ ഉടമസ്ഥതയെച്ചൊല്ലി ജപ്പാനും റഷ്യയും തമ്മിലുള്ള ഒരു പ്രാദേശിക തർക്കമാണിത്. ജപ്പാന്റെ തെക്കേ അറ്റത്തുള്ള ഹോക്കൈഡോ ദ്വീപിനും വടക്കേ അറ്റത്തുള്ള റഷ്യൻ കംചത്ക ഉപദ്വീപിനും ഇടയിൽ വ്യാപിച്ചുകിടക്കുന്ന ദ്വീപുകളുടെ ഒരു ശൃംഖലയാണ് കുറിൽ. പസഫിക് സമുദ്രത്തിൽ നിന്ന് ഒഖോത്സ്‌ക് കടലിനെ വേർതിരിക്കുന്നു. തർക്കമില്ലാത്ത കുറിൽ ശൃംഖലയിലെ മറ്റ് ദ്വീപുകളെപ്പോലെ തർക്കമുള്ള നാല് ദ്വീപുകളും രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിൽ കുറിൽ ദ്വീപുകളുടെ ലാൻഡിങ് പ്രവർത്തനത്തെത്തുടർന്ന് സോവിയറ്റ് യൂണിയൻ ഏകപക്ഷീയമായി കൂട്ടിച്ചേർക്കപ്പെട്ടു. തർക്കമുള്ള ദ്വീപുകൾ റഷ്യയുടെ ഭരണത്തിൻ കീഴിലുള്ള സൗത്ത് കുറിൽ ജില്ലയും സഖാലിൻ ഒബ്ലാസ്റ്റിലെ കുറിൽ ജില്ലയുടെ ഭാഗവുമാണ് (സഖാലിൻസ്‌കായ ഒബ്ലാസ്റ്റ്, സഖാലിൻസ്‌കായ ഒബ്ലാസ്റ്റ്). ജപ്പാനാണ് അവയ്ക്ക് അവകാശവാദം ഉന്നയിക്കുന്നത്, അത് അവയെ അതിന്റെ വടക്കൻ പ്രദേശങ്ങൾ അല്ലെങ്കിൽ തെക്കൻ ചിഷിമ എന്ന് വിശേഷിപ്പിക്കുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്