തിരുവനന്തപുരം: വെഞ്ഞാറമ്മൂടിലെ ഇരട്ടക്കൊലപാതക കേസിൽ സാക്ഷികളായ ഏഴുപേരെ പ്രതികളാക്കി കോടതിയുടെ സമൻസ് വന്നതിന് പിന്നാലെ താൻ ഉന്നയിച്ച കാര്യങ്ങൾ കോടതി കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് തുറന്നുപറഞ്ഞ് അടൂർ പ്രകാശ് എംപി. ഇരട്ടക്കൊലക്കേസിൽ വാദി വിഭാഗത്തിനും പ്രോസിക്യൂഷനും അനുകൂലമായി സാക്ഷികളായ ഏഴ് പേരെ, പ്രതികളാക്കി നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സമൻസ് അയച്ചത്. ഇതിന് പിന്നാലെയായിരുന്നു ഫേസ്‌ബുക്കിൽ കൂടിയുള്ള അദ്ദേഹത്തിന്റെ പ്രതികരണം. കേസിലെ ഒന്നാം പ്രതി സജീബിന്റെ മാതാവ് കോടതിയിൽ നൽകിയ പരാതിയിലാണ് സമൻസ്.

എന്തിന് കൊന്നു റഹീമേ എന്ന ചോദ്യത്തോടെയായിരുന്നു അടൂർ പ്രകാശിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. രണ്ട് യുവാക്കളെ തമ്മിലടിപ്പിച്ചു അതിക്രൂരമായി വെട്ടി കൊന്നതിന് ശേഷം അത് ഞാൻ ആസൂത്രണം ചെയ്തതെന്ന് ആരോപണം നടത്തി കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുകയും കേരളത്തിലെ നൂറ് കണക്കിന് കോൺഗ്രസ് ഓഫിസുകൾ അടിച്ചു തകർക്കാൻ ആഹ്വാനം നടത്തുകയും ചെയ്ത ഡിവൈഎഫ്ഐ. നേതാവ് ഇതിന് സമാധാനം പറയേണ്ടിവരുമെന്ന് അടൂർ പ്രകാശ് ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

എന്തിന് കൊന്നു റഹീമേ? വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടതിനെ സർക്കാർ തടസ്സപ്പെടുത്തിയത് യഥാർഥ കൊലപാതകം നടത്തിയവരും ആസൂത്രണം ചെയ്തവരും കുടുങ്ങും എന്നതിനാലാണ്. എന്നാൽ ഞാൻ ഉന്നയിച്ച കാര്യങ്ങൾ ഇപ്പോൾ ബഹു. കോടതി കണ്ടെത്തിയതിൽ സന്തോഷമുണ്ട്.

വെഞ്ഞാറമ്മൂടിൽ തിരുവോണ തലേന്ന് നാടിനെ നടുക്കിയ ഇരട്ട കൊലപാതകത്തിലെ യഥാർഥ പ്രതികളെയും അതിന് നേതൃത്വം നൽകിയവരെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് തക്കതായ ശിക്ഷ വാങ്ങി നൽകുന്നതിനാണ് ഞാൻ സിബിഐ. അന്വേഷണം ആവശ്യപ്പെട്ടത്. ഈ കേസ് ക്രിമിനൽ പശ്ചാത്തലം കാരണം സർവ്വീസിൽ പിരിച്ചു വിടാൻ ശുപാർശ ചെയ്യപ്പെട്ട സിപിഎം. നേതാക്കളുടെ വിശ്വസ്തനായ തിരുവനന്തപുരം റൂറൽ എസ്‌പിയുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്ന് ഞാൻ അന്നേ ഉന്നയിച്ച കാര്യമാണ്. അതേ കാര്യമാണ് ഇപ്പോൾ ബഹു. കോടതിയും കണ്ടെത്തിയിരിക്കുന്നത്.

ഡിവൈഎഫ്ഐ.- സിപിഎം. നേതാക്കൾ തമ്മിലുള്ള വ്യക്തി വൈരാഗ്യവും പാർട്ടിയിലെ വിഭാഗീയതയുമാണ് വിവിധ പാർട്ടികളിൽ ഉൾപ്പെട്ട സംഘങ്ങൾ നടത്തിയ സംഘട്ടനവും അത് ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചതും. ഇരട്ട കൊലപാതകം നടന്ന ഉടനെ അന്നത്തെ ഡിവൈഎഫ്ഐ. സംസ്ഥാന സെക്രട്ടറി വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനിൽ എത്തി പ്രതികളെയും സാക്ഷികളെയും തീരുമാനിച്ചത് ഇതിന് തെളിവാണ്. രണ്ട് യുവാക്കളെ തമ്മിലടിപ്പിച്ചു അതിക്രൂരമായി വെട്ടി കൊന്നതിന് ശേഷം അത് ഞാൻ ആസൂത്രണം ചെയ്തതെന്ന് ആരോപണം നടത്തി കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുകയും കേരളത്തിലെ നൂറ് കണക്കിന് കോൺഗ്രസ് ഓഫിസുകൾ അടിച്ചു തകർക്കാൻ ആഹ്വാനം നടത്തുകയും ചെയ്ത ഡിവൈഎഫ്ഐ. നേതാവ് ഇതിന് സമാധാനം പറയേണ്ടിവരും..

കോളിളക്കം സൃഷ്ടിച്ച വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലാണ് സാക്ഷികളെ പ്രതിയാക്കിയാണ് കോടതി സമൻസ് അയച്ചത്. കൊലക്കേസിലെ ഒന്നാംപ്രതി നജീബിന്റെ മാതാവ് റംലാബീവി കോടതിയിൽ നൽകിയ പരാതിയിലാണ് നടപടി. ഡിവൈഎഫ്ഐ നേതാക്കളായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരാണ് 2020 ഓഗസ്റ്റ് 30ന് കൊല്ലപ്പെട്ടത്.

എന്നാൽ തന്റെ മകൻ നജീബിനെ കൊലപ്പെടുത്താൻ കാത്തുനിന്ന സംഘം പല തവണ വെട്ടിയെന്നും പ്രതിരോധിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നെന്നുമാണ് റംലാബീവിയുടെ പരാതി. പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിൽ ഇക്കാര്യം വ്യക്തമാണെന്നും പരാതിയിൽ പറയുന്നു. പരാതിയിൽ വിശദീകരണം തേടിയ കോടതിയോട് കേസ് ചാർജ് ചെയ്യേണ്ടതില്ലെന്ന റിപ്പോർട്ടാണ് പൊലീസ് നൽകിയത്. എന്നാൽ റിപ്പോർട്ട് തള്ളിയ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി കേസ് ഫയലിൽ സ്വീകരിക്കുകയായിരുന്നു. കൊലക്കേസിൽ പ്രതികളായ ആറുപേർ നിലവിൽ വിചാരണ തടവിലാണ്.