തൃശൂർ: വിദേശജോലി വാഗ്ദാനം ചെയ്ത് നഴ്സുമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ അടൂർ പെരിങ്ങനാട് പാറക്കൂട്ടം അമ്പനാട്ട് ഡോ. സൈമൺ അലക്സാണ്ടർ മുതലാളി കോൺഗ്രസിന്റെ അടൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി. പദവിയുണ്ടെങ്കിലും പാർട്ടി പരിപാടികൾക്കൊന്നും ഇയാൾ പങ്കെടുത്തിരുന്നില്ലെന്നും ചെറിയ പരിപാടികൾക്ക് പോലും വൻതുക സംഭാവന ഇനത്തിൽ നൽകിയിരുന്നുവെന്നും അടൂരിലെ കോൺഗ്രസുകാർ തന്നെ സമ്മതിക്കുന്നു. വൻതുക പിരിവ് നൽകിയിരുന്നതിനാൽ തന്നെ സൈമണിന്റെ അസാന്നിധ്യവും പദവിയുമൊന്നും ആരും വിവാദമാക്കിയതുമില്ല. കോൺഗ്രസിന്റെ ലേബലിൽ പ്രവർത്തിക്കുമ്പോഴും സിപിഎം-ഡിവൈഎഫ്ഐ ജില്ലാ സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധം സൈമൺ പുലർത്തിപ്പോന്നിരുന്നു.

എല്ലാ പാർട്ടിക്കാർക്കും സൈമൺ പണം വാരിക്കോരി നൽകിയിരുന്നു. അതു കൊണ്ട് തന്നെ സൈമണിന്റെ അറസ്റ്റ് രാഷ്ട്രീയ ആയുധമാക്കി സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യാൻ ഒരു പാർട്ടിക്കാരും മുന്നോട്ട് വന്നിട്ടില്ല. തട്ടിപ്പ് പണം ഈ രീതിയിൽ പലയിടത്തും ഇയാൾ സംഭവനയായും സ്പോൺസർ ഷിപ്പായും നൽകി. ക്ഷേത്രങ്ങളിൽ അരലക്ഷം മുതൽ ഒരു ലക്ഷം വരെ ഉത്സവങ്ങൾക്ക് നൽകിയിരുന്നു. നിലവിലുള്ള പേരിന് ഒരു ഗമയില്ലെന്ന് കരുതിയാകണം ഇയാൾ ഒരു ഡോക്ടറേറ്റും സംഘടിപ്പിച്ചു. ഒന്നരലക്ഷം രൂപ മുടക്കി വാങ്ങിയ ഡോക്ടറേറ്റ് എവിടെ നിന്നാണെന്ന് ആർക്കും അത്ര പിടിയില്ല. എന്തായാലും വ്യാജഡോക്ടറേറ്റ് പേരിന് മുന്നിൽ ചേർത്തായിരുന്നു സൈമൺ ഇരകളെ വീഴ്‌ത്തിയിരുന്നത്.

നിലവിൽ അഞ്ചു പേരിൽ നിന്ന് 15.50 ലക്ഷം രൂപയാണ് സൈമൺ തട്ടിയെടുത്തത് എന്നാണ് പരാതിയുള്ളത്. എന്നാൽ, ഗവ. നഴ്സസ് എന്ന ഫേസ് ബുക്ക് പേജിൽ പറയുന്നത് ശരിയാണെങ്കിൽ നൂറുകണക്കിന് നഴ്സുമാർക്ക് പണം പോയിട്ടുണ്ട്. ഇത് കോടികൾ വരും. കെപി പ്രവീൺ എന്ന തട്ടിപ്പുകാരൻ പ്രവീൺ റാണ ആയതു പോലെയാകും സൈമൺ അലക്സാണ്ടർ മുതലാളി എന്ന പേരും എന്നാണ് പരാതിക്കാർ കരുതിയിരുന്നത്. എന്നാൽ, ഇത് ഇയാളുടെ കുടുംബപ്പേരാണ്. അടൂരിൽ മുതലാളി എന്ന പേരിൽ ഒരു കുടുംബം ഉണ്ട്. അറിയപ്പെടുന്ന ഈ കുടുംബത്തിൽപ്പെട്ടയാളാണ് സൈമൺ. പ്രവീൺ റാണയുമായി ഒരു പാട് കാര്യങ്ങളിൽ സൈമണിന് സാമ്യമുണ്ട്. വേഷവിധാനങ്ങളും പെരുമാറ്റവും സംസാര രീതിയുമാണ് അതിലൊന്ന്.

ആരെയും ആകർഷിക്കുന്ന വസ്ത്രം ധരിച്ച് ഇംഗ്ലീഷും മലയാളവും കൂട്ടിക്കലർത്തി വിശ്വാസ്യത ജനിപ്പിക്കുന്ന വിധത്തിലാകും ഇയാൾ പെരുമാറുക. അതോടെ പണം കൊടുക്കുന്നവർ വിശ്വസിക്കും. ഇയാൾ അവധികൾ പറയും, വിശ്വാസ്യത ഉറപ്പിക്കാൻ ചെക്കും കൊടുക്കും. അങ്ങനെ കൊടുത്ത ചെക്ക് മടങ്ങിയപ്പോഴാണ് വരന്തരപ്പള്ളി പൊലീസിൽ പരാതി എത്തിയത്.