- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ട എആർ ക്യാമ്പിലെ മോട്ടോർ ട്രാഫിക് എസ്‌ഐ മദ്യലഹരിയിൽ കാർ കൊണ്ട് വാഹനങ്ങളിൽ ഇടിപ്പിച്ചത് ഉത്രാടം നാൾ സന്ധ്യയ്ക്ക്; നാട്ടുകാരുടെ മുന്നിൽ നിന്ന് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വന്നെങ്കിലും വൈദ്യപരിശോധന നടത്താതെയും കേസ് എടുക്കാതെയും വിട്ടയച്ചു: അടൂർ എസ് എച്ച് ഒ പ്രതിക്കൂട്ടിൽ: സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിൽ നടപടിയുണ്ടായേക്കും
അടൂർ: മദ്യലഹരിയിൽ കാറോടിച്ച് മറ്റ് നിരവധി വാഹനങ്ങളിൽ ഇടിപ്പിച്ച പത്തനംതിട്ട എആർ ക്യാമ്പിലെ മോട്ടോർ ട്രാൻസ്പോർട്ട് എസ്ഐയെ ജനങ്ങളുടെ മുന്നിൽ നിന്ന് കൂട്ടിക്കൊണ്ടു വന്നെങ്കിലും സ്റ്റേഷനിൽ നിന്ന് കേസെടുക്കാതെ വിട്ടയച്ച അടൂർ എസ്എച്ച്ഓ പ്രതിക്കൂട്ടിൽ. ഉത്രാടം നാൾ സന്ധ്യയ്ക്കാണ് അടൂർ സെൻട്രൽ ടോളിൽ എസ്ഐയുടെ കൂട്ടയിടി നടന്നത്.
അപകടത്തിൽപ്പെട്ട മറ്റു വാഹനങ്ങളിലെ യാത്രക്കാർ എസ്ഐയുടെ കാറിന്റെ താക്കോൽ ഊരി മാറ്റുകയും ബഹളം ഉണ്ടാവുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്ത് വന്ന അടൂർ സ്റ്റേഷനിലെ പൊലീസുകാർ ഇയാളെ തന്ത്രപൂർവം കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. അവിടെ ചെന്നപ്പോൾ വൈദ്യപരിശോധന നടത്താതെയും കേസ് എടുക്കാതെയും ബന്ധുക്കളെ വിളിച്ചു വരുത്തി അപകടമുണ്ടാക്കിയ വാഹനവും കൊടുത്ത് വിടുകയായിരുന്നു. സംഭവത്തിൽ അടൂർ പൊലീസിന്റെ വീഴ്ച സംബന്ധിച്ച് ജില്ലാ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി.
എ.ആർ. ക്യാമ്പിൽ മോട്ടോർ ട്രാഫിക് എസ്‌ഐ തസ്തിക ഒന്നു മാത്രമാണ് ഉള്ളത്. ജില്ലയിലെ സ്റ്റേഷനുകളിലെയും ക്യാമ്പിലെയുമൊക്കെ പൊലീസ് ഡ്രൈവർമാർക്ക് വാഹനം കൈകാര്യം ചെയ്യുന്നതും ഗതാഗത നിയമങ്ങൾ പാലിക്കുന്നതുമായ നേർവഴി കാണിച്ചു കൊടുക്കേണ്ടത് ഇദ്ദേഹമാണ്. അങ്ങനെയുള്ളയാളുടെ ഭാഗത്ത് നിന്നുമാണ് വീഴ്ചയുണ്ടായത്. ഇത് മറച്ചു വച്ചത് അടൂർ പൊലീസ് എസ്.എച്ച്.ഓയുടെ ഭാഗത്തു നിന്നുമുള്ള വൻ വീഴ്ചയായി മാറി.
എസ്‌ഐ മദ്യലഹരിയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. എന്നാൽ കസ്റ്റഡിയിൽ എടുത്ത പൊലീസ് വൈദ്യപരിശോധന നടത്താതിരുന്നത് കാരണം ഇതു സംബന്ധിച്ച് തെളിവുകൾ ലഭ്യമല്ല. തിരുവോണത്തിന്റെ തലേന്ന് അടൂർ നഗരത്തിലെ ഗതാഗത തിരക്കിനിടെയാണ് എസ്‌ഐ. അപകട പരമ്പര സൃഷ്ടിച്ചത്. സെൻട്രൽ ടോളിന സമീപമായിരുന്നു സംഭവം. ആദ്യം ഒരു ബൈക്കിലാണ് കാറിടിച്ചത്.
അവിടെ നിന്ന് പിന്നാക്കം എടുക്കുമ്പോൾ പിന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തിൽ തട്ടി. വാഹനത്തിലുണ്ടായിരുന്നവർ ഇറങ്ങി എസ്‌ഐയുടെ വണ്ടിയുടെ കീ ഊരി മാറ്റി. ഒന്നും മിണ്ടാതെ വാഹനത്തിൽ നിന്ന് ഇറങ്ങിപ്പോയ എസ്‌ഐ വിവരം അറിഞ്ഞ് പൊലീസ് വന്നപ്പോൾ തട്ടിക്കയറിയെന്നും പറയുന്നു. എസ്‌ഐ ആണെന്ന് അറിയാതെ നാട്ടുകാരും ഇയാൾക്കെതിരേ തിരിഞ്ഞു. വൈദ്യപരിശോധന വേണമെന്നും ആവശ്യപ്പെട്ടു. തന്ത്രപൂർവം സ്റ്റേഷനിൽ എത്തിച്ച ശേഷം കേസെടുക്കാതെ വിട്ടയയ്ക്കുകയായിരുന്നു.
ആരുമറിയാതെ പൂഴ്‌ത്തി വച്ചിരുന്ന സംഭവം ജില്ലാ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തതോടെ വിവാദമായി. എസ്‌ഐ മദ്യപിച്ചിരുന്നതായി സംശയമുണ്ടായിരുന്നിട്ടും പരിശോധന നടത്താതെ വിട്ടയച്ചതും ഗുരുതരമായ കൃത്യവിലോപമായി. പരാതിക്കാരില്ലെന്ന നിസാര കാരണം പറഞ്ഞാണ് ഇത്തരമൊരു രക്ഷപ്പെടുത്തൽ നടത്തിയത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്