- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പാര്‍ട്ടിക്കാര്‍ക്ക് പിരിവു നല്‍കിയില്ല; അടൂരില്‍ 30 വര്‍ഷമായുള്ള വഴിയോരക്കട ഒഴിപ്പിച്ചെന്ന ആരോപണവുമായി ഉടമ; ഹൈക്കോടതി വിധി മറികടന്ന് നഗരസഭയുടെ നീക്കമെന്നും നിയമപരമായി നേരിടുമെന്നും എം. നസീര്‍
പാര്‍ട്ടിക്കാര്‍ക്ക് പിരിവു നല്‍കിയില്ല; അടൂരില്‍ 30 വര്‍ഷമായുള്ള വഴിയോരക്കട ഒഴിപ്പിച്ചെന്ന ആരോപണവുമായി ഉടമ
പത്തനംതിട്ട: അടൂര്‍ കെ.എസ്.ആര്‍.ടി.സി സറ്റാന്‍ഡിന് സമീപം പ്രവര്‍ത്തിച്ചു വന്ന വഴിയോര കട നഗരസഭ ഒഴിപ്പിച്ചതായി പരാതി. വഴിയാത്രക്കാര്‍ക്കോ ഗതാഗതത്തിനോ യാതൊരു വിധ തടസങ്ങളും ഇല്ലാതെ 30 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വന്ന പഴകുളം ഷീജാഭവനത്തില്‍ എം. നസീറിന്റെ കടയാണ് ചൊവ്വാഴ്ച രാവിലെ നഗരസഭ അധികൃതരും പോലീസും ചേര്‍ന്ന് ഒഴിപ്പിച്ചത്.
നഗരസഭ ലൈസന്‍സോടും ഫുഡ് സേഫ്റ്റി അംഗീകാരത്തോടും കൂടിയാണ് കട പ്രവര്‍ത്തിച്ചു വന്നതെന്ന് കേരള സ്റ്റേറ്റ് ഷോപ്പ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയ്ഡ് ആന്‍ഡ്് വഴിയോര കച്ചവട യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. വഴിയോര കച്ചവടത്തിന് ദേശസാല്‍കൃത ബാങ്കില്‍ നിന്നുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതി പ്രകാരമുള്ള ലോണ്‍ എടുത്ത് കച്ചവടം നടത്തിയാണ് നസീര്‍ കുടുംബം പോറ്റുന്നത്.
പാര്‍ട്ടി പിരിവ് നല്‍കിയില്ല എന്ന കാരണത്താല്‍ തെരഞ്ഞു പിടിച്ച് കട ഒഴിപ്പിക്കുകയായിരുന്നുവെന്ന് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. യാതൊരു നോട്ടീസ് പോലും നല്‍കാതെയാണ് കട ഇളക്കി മാറ്റിയത്. സമീപത്തെ മറ്റാരേയും ഒഴിപ്പിക്കാതെ നസീറിന്റെ കടമാത്രം തല്ലി ഇളക്കി നഗരസഭയുടെ വാഹനത്തില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഒന്നരലക്ഷം രൂപയോളം വിലവരുന്ന പഴവര്‍ഗങ്ങളും എടുത്തിട്ടുണ്ട്.
ഹൈക്കാടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കട കൂടിയാണിതെന്ന് അവര്‍ പറഞ്ഞു. രാഷ്ട്രീയ പ്രതികാര ബുദ്ധിയിലാണ് കട നശിപ്പിച്ചത്. ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്കും അടൂര്‍ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. യൂണിയന്‍ നേതൃത്വത്തില്‍ അടൂരില്‍ സമര പരിപാടികള്‍ ഉടന്‍ ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ യൂണിയന്‍സംസ്ഥാന ജനറല്‍ സെക്രട്ടറി എ. നൈസാം, ഏരിയ സെക്രട്ടറി ഗോപിമോഹന്‍, ജില്ലാ കമ്മിറ്റി അംഗം വി. രാജന്‍, കട ഉടമ എം. നസീര്‍ എന്നിവര്‍ പങ്കെടുത്തു.
അതേ സമയം, ഗതാഗത തടസമുണ്ടാക്കിയതിനും റോഡ് കൈയേറിയതിനുമാണ് കട ഒഴിപ്പിച്ചത് എന്നാണ് നഗരസഭാധികൃതര്‍ പറയുന്നത്. അടൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപത്തെ മൂന്ന് കടകളാണ് ഒഴിപ്പിച്ചത്. രണ്ട് പഴക്കടകളും ഒരു തട്ടുകടയുമാണ് ഒഴിപ്പിച്ചത്. ട്രാഫിക് നിയന്ത്രണത്തിനും നഗര സൗന്ദര്യത്തിന്റേയും ഭാഗമായിട്ടാണ് ഒഴിപ്പിക്കല്‍ നടപടികള്‍ നടന്നതെന്ന് അടൂര്‍ നഗരസഭ ചെയര്‍മാന്‍ കെ.മഹേഷ് കുമാര്‍ പറഞ്ഞു.
വര്‍ഷങ്ങളായി ട്രാഫിക് ഉപദേശക സമിതിയും താലൂക്കു വികസ സമിതിയുമൊക്കെ അടൂരിലെ അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ചില ഭാഗത്തെ കടകള്‍ ഒഴിപ്പിച്ചുവെങ്കിലും അടൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപത്തെ പഴക്കടകള്‍ ഒഴിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. ഇത് നഗരസഭ ഭരണ സമിതിയിലും എല്‍ഡിഎഫിനുള്ളിലും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാക്കിയിരുന്നു. എന്നാല്‍ അടുത്തിടെ നഗരത്തില്‍ വരുത്തിയ ട്രാഫിക് നിയന്ത്രണങ്ങളുടെ ഭാഗമായി കെഎസ്ആര്‍ടിസി ഭാഗത്തെ ബസ് വേയില്‍ മാറ്റം വരുത്തിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഒപ്പിച്ച കടകള്‍ നില്‍കുന്ന ഭാഗം കൂടി ഒഴിപ്പിച്ചാല്‍ മാത്രമേ ട്രാഫിക് ക്രമീകരണം പൂര്‍ത്തിയാകുകയുള്ളായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ നടന്ന ഒഴിപ്പിക്കല്‍. അടൂര്‍ നഗത്തില്‍ ഗവ.യുപി സ്‌കൂളിനു മുന്നിലെ നടപ്പാതയില്‍ കാല്‍നട യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കുന്ന തരത്തില്‍ കച്ചവടം ഇപ്പോഴുമുണ്ട്. ഞായര്‍ ദിവസം നടപ്പാതയില്‍ നിരവധി വഴിയോര കച്ചവടക്കാര്‍ ഉണ്ട്. ഈ സമയം നടപ്പാതയില്‍ കൂടി നടക്കുന്നത് ആളുകള്‍ക്ക് പ്രയാസമാണ്.