- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ്! പൃഥ്വിരാജിന്റെ ഗെറ്റപ്പ് കണ്ട് ഞെട്ടി പ്രേക്ഷകർ; ഈ ബ്ലസി ചിത്രം തകർക്കുമെന്ന് വിലയിരുത്തി ആരാധകർ; കാനിൽ ആദ്യ പ്രീമിയർ; പൂജയ്ക്ക് തിയേറ്ററിൽ; ഇത് ട്രെയിലറല്ലെന്നും ഒരു മുതൽ മോഷ്ടിക്കപ്പെട്ട അവസ്ഥയെന്നും ഞെട്ടലോടെ വിശദീകരിച്ച് ബ്ലെസി; 'ആടുജീവിതം' അമ്പരപ്പിക്കുമ്പോൾ
കൊച്ചി: 'ആടുജീവിതം' സിനിമയുടെ ദൃശ്യങ്ങൾ ചോർന്നതിൽ അണിയറ പ്രവർത്തകർ അമ്പരപ്പിൽ. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി സോഷ്യൽ മീഡിയയിലെ ചില ഗ്രൂപ്പുകളിലൂടെ ട്രെയിലർ പ്രചരിക്കുകയായിരുന്നു. പിന്നീട് അണിയറ പ്രവർത്തകർ തന്നെ ദൃശ്യങ്ങൾ ഔദ്യോഗികമായി പുറത്തുവിടുകയായിരുന്നു. ദുഃഖവെള്ളിദിനത്തിൽ പുറത്തുവന്ന ട്രെയിലറിന് ഗംഭീരസ്വീകരണമാണ് ലഭിച്ചത്. ഗംഭീര സിനിമയാകും ആടുജീവിതം എന്ന പ്രതീക്ഷയാണ് സജീവമാകുന്നത്. ഇതിനിടെ വിശദീകരണവുമായി സംവിധായകൻ ബ്ലസിയും രംഗത്തു വന്നു.
ഓൺലൈനിൽ ചോർന്നത് ട്രെയിലർ അല്ലെന്ന് ബ്ലസി വ്യക്തമാക്കി. ചിത്രത്തിലെ ചില ദൃശ്യങ്ങൾ വേൾഡ് റിലീസിന് മുന്നോടിയായി വിദേശ ഏജൻസികൾക്ക് അയച്ചു നൽകിയിരുന്നു. അതിൽ നിന്നുമാണ് വിഡിയോ ചോർന്നത്. ഗ്രേഡിങ് അടക്കമുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കാനുള്ള ചില ദൃശ്യങ്ങളാണ് ചോർന്നതെന്നും ഇതിൽ അതിയായ വിഷമമുണ്ടെന്നും ബ്ലസ്സി വ്യക്തമാക്കുന്നു.
''ആടുജീവിതത്തിന്റെ ഔദ്യോഗികമല്ലാത്ത ട്രെയിലർ ഇന്നലെ വൈകിട്ട് മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അമേരിക്കയിലുള്ള ഡെഡ്ലൈൻ എന്ന വെബ്‌സൈറ്റിലാണ് ദൃശ്യങ്ങൾ ആദ്യം വന്നത്. ഇത് മൂന്ന് മിനിറ്റുള്ള കണ്ടന്റ് മാത്രമാണ്. ട്രെയിലർ എന്ന തരത്തിൽ അതിനെ വിവരിക്കാൻ കഴിയില്ല. കാരണം അതിൽ ഉപയോഗിച്ചിരുന്ന മ്യൂസിക് കീ ബോർഡിൽ ചെയ്തിട്ടുള്ളതാണ്. കൃത്യമായ കളർ ഗ്രേഡിങ് നടത്തിയിട്ടില്ല. ചില മേളകളിൽ പ്രദർശിപ്പിക്കുന്നതിനും വേൾഡ് റിലീസിനുമൊക്കെയായി ബിസിനസ്സ് ലക്ഷ്യങ്ങൾക്കുമായി ഏജന്റ്‌സിനയച്ച വിഡിയോ ക്ലിപ്പ് ആണിത്.
ട്രെയിലർ എന്നാൽ ഒന്നര മിനിറ്റിലോ രണ്ട് മിനിറ്റിലോ ഒതുങ്ങുന്നതാണ്. ഈ വിഡിയോ മൂന്ന് മിനിറ്റോളം ഉണ്ട്. ഇതിങ്ങനെ പ്രചരിക്കുന്നതിൽ അതിയായ വിഷമമുണ്ട്. ഇത് ഔദ്യോഗിക ട്രെയിലർ അല്ല. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. ആ ഘട്ടത്തിൽ ഇത്തരം ഒരു പ്രതിസന്ധിയിലേക്ക് പോയതിൽ മാനസികമായ വിഷമമുണ്ട്. അത് പ്രേക്ഷകരുടെ കൂടി അറിയിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു വിഡിയോയുമായി നിങ്ങൾക്കു മുന്നിലെത്തിയത്.''ബ്ലെസി വിശദീകരിച്ചു.
ഡെഡ്ലൈൻ എന്ന വിദേശ മാധ്യമമാണ് ട്രെയിലർ പുറത്തുവിട്ടത്. 'ഫോർ പ്രിവ്യു' എന്ന് രേഖപ്പെടുത്തിയ പതിപ്പായിരുന്നു പ്രചരിച്ചത്. ട്രെയിലർ വ്യാപകമായി പ്രചരിച്ചതോടെ ഇതിന്റെ യഥാർഥ പതിപ്പ് പൃഥ്വിരാജ് ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടു. അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുന്നതിന് മുന്നോടിയായി തയ്യാറാക്കിയ ട്രെയിലറാണ് പുറത്തുവന്നതെന്ന് പൃഥ്വി വീഡിയോക്കൊപ്പം കുറിച്ചു. ആടുജീവിതത്തിന്റെ ജോലികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പൃഥ്വിരാജ് പ്രൊഡക്ഷന്റെ യൂട്യൂബിലും ട്രെയിലർ വന്നിട്ടുണ്ട്. കാൻ പോലുള്ള ചലച്ചിത്രമേളയിൽ പ്രീമിയർ നടത്തിയശേഷമാകും ചിത്രം തീയേറ്ററുകളിലെത്തുക എന്ന മുമ്പ് ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞിരുന്നു. പൂജ റിലീസായി ഒക്ടോബർ 20ന് ചിത്രം തീയറ്ററുകളിലെത്തും. മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. സിനിമാപ്രേമികളെല്ലാം കാത്തിരിക്കുന്ന ചിത്രമാണ് ബെന്യാമിന്റെ ഇതേപേരിലുള്ള പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള ആടുജീവിതം.
സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പൃഥ്വിയുടെ ഗെറ്റപ്പ് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. പാൻ ഇന്ത്യൻ ചിത്രമായാകും ആടുജീവിതം എത്തുക. പൃഥ്വിരാജിനെ കൂടാതെ അമലാപോളും ശോഭാ മോഹനുമാണ് മലയാളത്തിൽ നിന്നുള്ള മറ്റു താരങ്ങൾ. എ.ആർ. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകൻ. പ്രശാന്ത് മാധവ് കലാസംവിധാനവും രഞ്ജിത്ത് അമ്പാടി മേക്കപ്പും നിർവഹിച്ചിരിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ