പന്തളം: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ പാൽ ആര്യങ്കാവിൽ പിടികൂടി. ടാങ്കറിൽ കൊണ്ടുവന്ന 15,300 ലിറ്റർ പാലാണ് ആര്യങ്കാവ് ചെക്പോസ്റ്റിന് സമീപം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. പ്രാഥമിക പരിശോധനയിൽ പാലിൽ മായം കണ്ടെത്തി. ഹൈഡ്രജൻ പെറോക്സൈഡ് ആണ പാലിൽ കലർത്തിയിരുന്നത്. ക്ഷീരമന്ത്രി ജെ ചിഞ്ചുറാണിയുടെ നിർദ്ദേശത്തിലായിരുന്നു അതിർത്തിയിൽ പരിശോധന നടത്തിയത്.

പാൽ പന്തളം ഇടപ്പോൺ ഐരാണിക്കുടിയിലുള്ള അഗ്രിസോഫ്ട് ഡയറി ആൻഡ് അഗ്രോ പ്രൊഡ്യൂസിങ് കമ്പനിയിലേക്ക് കൊണ്ടു വന്നതാണെന്ന് ലോറിയിലുണ്ടായിരുന്ന ജീവനക്കാർ മൊഴി നൽകി. ശബരി എന്ന പേരിൽ പാലും പാലുൽപ്പന്നങ്ങളും വിതരണം ചെയ്യുന്ന കമ്പനി പ്രവർത്തിക്കുന്ന ഇടപ്പോൺ നൂറനാട് റോഡിൽ ഐരാണിക്കുടിയിലാണ്. കടകളിലൂടെയുള്ള വിപണനത്തിന് പുറമേ നേരിട്ടും വീടുകളിൽ ഇവരുടെ ഏജന്റുമാർ പാൽ എത്തിച്ചിരുന്നു.

ആകർഷകമായ കമ്മിഷനാണ് ഇവരുടെ പ്രത്യേകത. മിൽമ പാക്കറ്റ് പാലിന് ചെറുകിട വ്യാപാരികൾക്ക് കമ്മിഷൻ നൽകുന്നത് ഒരു രൂപയിൽ താഴെയാണ്. എന്നാൽ ശബരിക്ക് അത് മൂന്നു രൂപ വരെ ലഭിക്കും. അതിനാൽ തന്നെ വ്യാപാരികൾ ഈ പാൽ വിൽക്കാൻ താൽപര്യം കാണിക്കും. മുൻപ് മിൽമയ്ക്ക് ബദലായി മേന്മ എന്ന പേരിലാണ് കമ്പനി പാൽ ഇറക്കിയിരുന്നത്. നിയമ പ്രശ്നങ്ങളായതോടെയാണ് ശബരി എന്ന പേരിലേക്ക് മാറ്റിയത്.

വീടുകളിൽ പാൽ നേരിട്ട് വിതരണം ചെയ്യുന്ന രീതിയും ഇവർക്കുണ്ട്. ഇതിനായി ഏജന്റുമാരുണ്ട്. ജീപ്പിലും പിക്കപ്പ് വാനിലുമായി പാൽ വീട്ടുമുറ്റത്ത് എത്തിച്ച് അളന്ന് വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. വീട്ടുപടിക്കൽ പാൽ എത്തുമെന്നതിനാൽ പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഇത് വ്യാപകമായി വിതരണം ചെയ്തിരുന്നു. പന്തളം ഫാമിലെ പശുവിൻ പാൽ എന്ന ലേബലിലായിരുന്നു വിൽപ്പന. പരിശുദ്ധിയുടെ പാൽരുചി എന്ന പരസ്യവാചകം കൂടിയായതോടെ വൻ തോതിലാണ് വിഷപ്പാൽ വിറ്റത്.