- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യഥാര്‍ഥ പേര് ബിജു ആന്റണി, വിവാദ കേസുകളുടെ പിന്നാലെ പോയി അഡ്വ. ബി.എ ആളൂരായി! ഗോവിന്ദച്ചാമിയുടെ വക്കാലത്തുമായി സുപ്രീംകോടതി വരെ എത്തിയ കുപ്രസിദ്ധി; പൂണയില് വാദിച്ചതെല്ലാം അധോലോക ക്രിമിനലുകള്‍ക്ക് വേണ്ടി; കേരളത്തിലെ കൊടും ക്രിമിനലുകളുടെ ആശാകേന്ദ്രം; ആളൂര് വക്കീല്‍ ഇനി ഓര്‍മ്മകളില്‍
കൊച്ചി: കേരളം ഞെട്ടിത്തരിച്ചുപോയ 2011ലെ സൗമ്യയെന്ന പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകത്തില്‍ പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി ആളൂര്‍ വക്കീല്‍ ആദ്യമായി ഹാജരാകുമ്പോള്‍ കേരളത്തിന് ഞെട്ടലായിരുന്നു. ക്രൂരനായ കൊലപാതകിയെ രക്ഷിക്കാനെത്തിയ ആളാണോ ഈ ആളൂരെന്ന്. വിചാരണക്കോടതിയില്‍ ആളൂര്‍ വക്കീല്‍ തിരിച്ചുംമറിച്ചും വാദിച്ചെങ്കിലും ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിക്കപ്പെട്ടതോടെ ആളൂര്‍ ഒരു കോമഡിയാണെന്ന് തെളിവായി. സുപ്രീംകോടതിയില്‍ സൗമ്യക്കും കേരളത്തിനും വേണ്ടി വാദിച്ച പബല്‍ക് പ്രൊസിക്യൂട്ടര്‍, സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയത് ഊഹം മാത്രമാണെന്ന വാദം സമ്മതിച്ചുകൊടുത്തതോടെ ആളൂര്‍ വീണ്ടും ആളായി. പിന്നീട് പല കുപ്രസിദ്ധ കേസുകളിലും വക്കീലായി. അടുത്ത കാലത്ത് ആത്മഹത്യ ചെയ്ത അഭിഭാഷകന്‍ പിജി മനുവും ആളൂരിന്റെ ഓഫീസിലായിരുന്നു പ്രവര്‍ത്തിച്ചത്. പിജി മനുവിന്റെ ആത്മഹത്യയ്ക്ക് പിന്നിലെ ഗൂഡാലോചന പുറംലോകത്ത് എത്തിച്ചതും ആളൂരായിരുന്നു. ആ കേസില്‍ വീഡിയോ വിവാദമുണ്ടാക്കിയ ആളിനെ പോലീസ് അറസ്റ്റു ചെയ്തു. അഡ്വ. ബി എ ആളൂര്‍ എന്നറിയപ്പെടുന്ന ബിജു ആന്റണി ആളൂര്‍ എന്ന തൃശൂര്‍ മുള്ളൂര്‍ക്കരക്കാരന്‍ അഭിഭാഷകന്‍ ഓര്‍മ്മ. അഡ്വക്കേറ്റ് പിജി മനു അടക്കമുള്ളവര്‍ ആശാനായാണ് ആളൂരിനെ കണ്ടിരുന്നത്. വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു ആളൂര്‍. എറണാകുളം ലിസി ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
ജീവിക്കാന്‍പോലും കാശില്ലാതെ തെണ്ടിനടക്കുന്ന ഒരു ഒറ്റക്കയ്യനായ ഗോവിന്ദച്ചാമിക്ക് വേണ്ടി കേസ് വാദിക്കാന്‍ ആരെയും കിട്ടില്ലെന്നാണ് ആദ്യഘട്ടത്തില്‍ എല്ലാവരും കരുതിയത്. കേരളത്തിലെ അഭിഭാഷകരാരും ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരാകില്ലെന്ന് ഏതാണ്ടുറപ്പാകുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് അഡ്വ. ആളൂര്‍ ഈ കൊടുംകുറ്റവാളിക്കുവേണ്ടി ഹാജരാകുമെന്ന വാര്‍ത്തകള്‍ വരുന്നത്. അതോടെ ആരാണീ ആളൂരെന്നും ഇയാള്‍ എന്തിനാണ് ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരാകുന്നതെന്നും കേരളം അന്വേഷിച്ചുതുടങ്ങി. അതിന് ശേഷം കൂടത്തായി കേസിലും പ്രതിയുടെ വക്കീലായി. ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ പ്രതികളെ ജാമ്യത്തില്‍ ഇറക്കിയും ചര്‍ച്ചകളിലെ താരമായി.
ലക്ഷങ്ങള്‍ വാങ്ങി മുംബൈയില്‍ നിന്ന് അഭിഭാഷകപ്പട
ഗോവിന്ദച്ചാമിക്കുവേണ്ടി വാദിക്കാന്‍ ലക്ഷങ്ങള്‍ പ്രതിഫലംവാങ്ങി മുംബൈയില്‍ നിന്ന് അഭിഭാഷകപ്പട കോടതിയിലെത്തുമെന്നായിരുന്നു പ്രചരണം. ഇതിനു പിന്നാലെ അഡ്വ. ബി എ ആളൂര്‍ എന്ന ഉത്തരേന്ത്യന്‍ വക്കീലാണ് എത്തുന്നതെന്ന പ്രചരണം എത്തി. പിന്നീടുള്ള അന്വേഷണങ്ങളില്‍ വടക്കാഞ്ചേരിക്കടുത്ത് മുള്ളൂര്‍ക്കരയിലെ ആളൂര്‍ വീട്ടില്‍ ബിജു ആന്റണിയെന്ന അഡ്വ. ബിഎ ആളൂര്‍ ആണ് ഈ 'ഉത്തരേന്ത്യക്കാരന്‍ വക്കീല്‍' എന്ന് മലയാളി തിരിച്ചറിയുന്നത്. അന്ന് മുതല്‍ ഇന്നു വരെ മലയാളിയുടെ പല ചര്‍ച്ചകളിലും ആളൂര്‍ സജീവമായി. ഗോവിന്ദചാമിയുടെ അഭിഭാഷകന്‍ ആകും മുമ്പ് വര്‍ഷങ്ങളായി പുനെ കോടതിയില്‍ പ്രവര്‍ത്തിച്ച ആളൂര്‍ ഈ കേസിനു മാത്രമായി നാട്ടിലെത്തുകയും പൂര്‍ണ സമയം ഇതിനായി ചെലവഴിക്കുകയും ചെയ്തതോടെ വിചാരണയ്ക്കായി ഇടയ്ക്കിടെ വിമാനത്തില്‍ വന്നുപോകുന്നതിനെപ്പറ്റിയും അന്വേഷണങ്ങള്‍ ഉയര്‍ന്നു. വടക്കാഞ്ചേരി കോടതിയില്‍ മൂന്നര വര്‍ഷം പ്രാക്ടിസ് ചെയ്ത ശേഷം മുംബൈക്ക് വണ്ടി കയറിയ ബി.എ.ആളൂര് പുണെയില്‍ പ്രമാദമായ നിരവധി കേസുകളില്‍ ഗൗണണിഞ്ഞു. കൊലപാതക ലൈംഗിക കൃത്യകേസുകളിലെ പ്രതികള്‍ക്കുവേണ്ടിയായിരുന്നു ഇവയിലേറെയും സംഘംചേര്‍ന്നുള്ള കുറ്റകൃത്യങ്ങളില്‍ ഒന്നോ രണ്ടോ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത് നടത്തി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രമാദമായ നീരജ ഗുപ്ത കൊലക്കേസിലും ഇത്തരത്തില്‍ ഒരുപ്രതിക്കുവേണ്ടി ഹാജരായിരുന്നു. മുംബൈ പനവേലില്‍ പൊലീസ് സ്്‌റ്റേഷന്‍ ആക്രമിച്ച ഗുണ്ടാസംഘത്തിന്റെ കേസ് ആളൂര്‍ വാദിച്ചിരുന്നതായി വാര്‍ത്തകള്‍ വന്നതോടെ ഗോവിന്ദച്ചാമിയും ഇത്തരത്തില്‍ ട്രെയിനുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘത്തിലെ കണ്ണിയാണെന്നും ആ ബന്ധമാണ് ആളൂരിനെ സൗമ്യ കേസില്‍ പ്രതിക്കുവേണ്ടി എത്തിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായി. സൗമ്യ കേസിന്റെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരികയെന്ന സാമൂഹ്യ താല്‍പര്യമാണ് തനിക്കെന്ന് പറഞ്ഞെങ്കിലും ഗോവിന്ദച്ചാമിയുടെ കുടുംബാംഗങ്ങളാണ് കേസ് ഏല്‍പിച്ചതെന്നായിരുന്നു വടക്കാഞ്ചേരി കോടതിയില്‍ പറഞ്ഞത്. കേസ് ജില്ലാ സെഷന്‍സ് കോടതിയില്‍ എത്തിയപ്പോള്‍ ഗോവിന്ദച്ചാമിയുടെ സുഹൃത്തുക്കളാണ് കേസ് ഏല്‍പിച്ചതെന്നായി. ചെന്നൈ കേന്ദ്രീകരിച്ചുള്ള പിടിച്ചുപറിക്കാരാണ് കേസ് തന്നെ ഏല്‍പിച്ചതെന്നും ഒരുതവണ വിവരിച്ചു. പക്ഷേ, മറ്റൊരു കഥയാണ് തൃശൂരിലെ ചില അഭിഭാഷകര്‍ക്ക് പറഞ്ഞത്. പൂനയില്‍ സഹപാഠിയായ തൃശൂരിലെ അഡ്വക്കേറ്റ് എന്‍ ജെ നെറ്റോയെയാണ് ആളൂര്‍ ഗോവിന്ദച്ചാമി വിഷയത്തില്‍ ആദ്യം സമീപിച്ചതെന്ന് അവര്‍ പറയുന്നു. പക്ഷേ, നെറ്റോ അതിന് വഴങ്ങാതെ വന്നതോടെ ആളൂര്‍ നേരിട്ടെത്തി. പ്രതിക്കായി ജാമ്യാപേക്ഷ നല്‍കി. നാട്ടുകാരുടെ പ്രതിഷേധം രൂക്ഷമാണെന്ന് മനസ്സിലാക്കിയതോടെ മുംബൈയില്‍ നിന്ന് അംഗരക്ഷകരെന്ന പേരില്‍ ഒരു സംഘത്തെയും കൂടെ കൊണ്ടുനടന്നിരുന്നു. മുംബൈ കോടതിയില്‍ പ്രാക്ടീസ് നടത്തുന്ന അഭിഭാഷകനാണ് എന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.
ഗോവിന്ദച്ചാമി ആരുടെ ആളാണെന്നതിനും സ്ഥിരീകരണമില്ല
ഗോവിന്ദച്ചാമിയെ കേസില്‍ നിന്ന് രക്ഷിക്കാന്‍ പണംമുടക്കുന്നത് ആരാണെന്ന കാര്യത്തില്‍ ഒരു സ്ഥിരീകരണവുമില്ല. തനിക്ക് പണം കിട്ടുന്നത് എവിടെനിന്നാണെന്ന് വെളിപ്പെടുത്തേണ്ടതില്ലെന്ന നിലപാടാണ് ആളൂര്‍ സ്വീകരിച്ചിട്ടുള്ളത്. റെയില്‍വെയിലും പൊതുനിരത്തുകളിലും വിലസുന്ന നിരവധി ക്രിമിനലുകളെ മതംമാറ്റുകയും അതിന്റെ പേരില്‍ സംരക്ഷണം നല്‍കുകയും ചെയ്യുന്നതായി ആക്ഷേപം ഉയര്‍ന്നതോടെ ആളൂരിനെതിരെ പ്രതിഷേധം ശക്തമാകുകയും ചെയ്തു. ഇതെല്ലാം ആളൂര്‍ അതിജീവിച്ചു. ഏതായാലും സ്വന്തമായി കേസ് നടത്താന്‍ കുടുംബപരമായി കഴിവില്ലാത്തവനാണ് ഗോവിന്ദച്ചാമിയെന്ന് കേരള പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തൃശൂരുള്ള പൊലീസ് സംഘത്തിന്റെ അന്വേഷണത്തില്‍ തമിഴ്നാട് കടലൂര്‍ ജില്ലയിലെ വിരുതാചലത്തെ വിമുക്ത ഭടനായിരുന്ന അറുമുഖന്റെ മകനാണ് ഗോവിന്ദച്ചാമിയെന്ന് വ്യക്തമായി. അമ്മയും അച്ഛനും നേരത്തേ മരിച്ചെന്നും ജ്യേഷ്ഠന്‍ സുബ്രഹ്‌മണി കൊലപാതകക്കേസില്‍ പ്രതിയായി സേലം ജയിലിലാണെന്നും മനസ്സിലായി. വിരുതാചലം സമത്വപുരത്ത് ഐവത്തുകുടിയില്‍ സര്‍ക്കാര്‍ ഭവനിര്‍മ്മാണ പദ്ധതി പ്രകാരം വച്ചുനല്‍കിയ വീട്ടിലായിരുന്നു താമസം. സൈനികസേവനകാലത്ത് കിട്ടിയ ശമ്പളവും പിന്നീട് ലഭിച്ച പെന്‍ഷനുമെല്ലാം ചേര്‍ത്ത് അറുമുഖന്‍ പത്തുലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. ഈ തുക മക്കള്‍ക്ക് അവകാശപ്പെട്ടതായിരുന്നു. പക്ഷേ, രണ്ടുപേരും ജയിലിലായതോടെ പണം അക്കൗണ്ടില്‍ത്തന്നെ കിടന്നു. പക്ഷേ, സൗമ്യ കേസുമായി ബന്ധപ്പെട്ട് പ്രതിഭാഗം സാക്ഷിയായി സുബ്രഹ്‌മണിയെ കൊണ്ടുവരാന്‍ ആളൂര്‍ ശ്രമിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. കേസുമായി അയാള്‍ക്കെന്താണ് ബന്ധമെന്നും ജയിലിലുള്ള ആളെ എന്തിന് വിസ്തരിക്കണമെന്നും കോടതി ആരാഞ്ഞപ്പോള്‍ ഗോവിന്ദച്ചാമി അറസ്റ്റുചെയ്യപ്പെട്ട വിവരം വീട്ടില്‍ അറിഞ്ഞില്ലെന്നും അതിനാണെന്നും ആളൂര്‍ വാദിച്ചു. പക്ഷെ, കോടതി അത് അനുവദിച്ചില്ല. സുബ്രഹ്‌മണിയെ പുറത്തിറക്കി ബാങ്ക് അക്കൗണ്ടിലുള്ള പണം ചേട്ടനും അനുജനും വീതിച്ചെടുക്കാനായിരുന്നു ഈ നീക്കമെന്ന സംശയമാണ് അക്കാലത്ത് ഉയര്‍ന്നത്. ഏതായാലും ഇത്തരത്തില്‍ ആളൂര്‍ ഉന്നയിച്ച വാദങ്ങളില്‍ പലതും കോടതി തള്ളുകയും ചില വിചിത്രമായ വാദങ്ങളില്‍ കോടതി ആളൂരിനെ ശാസിക്കുകയും ചെയ്തിരുന്നു. അനാവശ്യ ചോദ്യങ്ങളാല്‍ കോടതിയുടെ സമയം മെനക്കെടുത്തരുതെന്ന താക്കീതും പലപ്പോഴുമുണ്ടായി. പക്ഷേ, ഇതെല്ലാം താണ്ടി ആളൂര്‍ ഇപ്പോഴും ഗോവിന്ദച്ചാമിക്കുവേണ്ടി വാദം തുടര്‍ന്നു.
വക്കീലിന് പേരുണ്ടാക്കാന്‍ മാത്രമായി പ്രചാരണങ്ങള്‍
ആളൂരിന് വേണ്ടി അന്ന് സോഷ്യല്‍ മീഡിയയില്‍ വലിയൊരു ചര്‍ച്ചതന്നെയാണ് ഇക്കാര്യത്തില്‍ നടന്നത്. ഒന്നുമല്ലാത്ത വക്കീലിനെ പൊക്കിക്കാണിക്കുന്നതിനു വേണ്ടി നടന്ന പ്രചരണമാണ് ആളൂര്‍ വലിയ വക്കീലാണെന്ന മട്ടിലുണ്ടായതെന്നാണ് സോഷ്യല്‍ മീഡയിയിലൂടെ മിക്കവരും അഭിപ്രായപ്പെട്ടത്. ഇത്തരം കേസുകള്‍ ഏറ്റെടുക്കുന്നതിനുവേണ്ടി ആളൂര്‍ ആദ്യം പത്രക്കാരെ കയ്യിലെടുക്കുകയും അതിലൂടെ പ്രസിദ്ധി നേതാന്‍ ശ്രമിക്കുകയും ചെയ്യുന്നതായി അവര്‍ ചര്‍ച്ചചെയ്തു. ഈ വാദങ്ങളില്‍ കഴമ്പുണ്ടെന്ന സംഭവങ്ങള്‍ ഉണ്ടാകുകയും ചെയ്തു. 2011 സെപ്റ്റംബറില്‍ മണിചെയിന്‍ തട്ടിപ്പുകേസിലെ പ്രതി മദിനീനിയെ തൃശൂരിലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ രാവിലെ മദനീനിയുടെ വക്കീല്‍ എന്നു പരിചയപ്പെടുത്തി ആളൂരിന്റെ അഭിഭാഷക സംഘത്തിലെ ഒരാള്‍ കോടതിയിലെത്തി. ഹൈദരാബാദിലെ ഉന്നതബന്ധം വഴി നാനോ എക്സല്‍ കേസുകളില്‍ ഇനി ആളൂരിന്റെ അഭിഭാഷക സംഘം ഹാജരാകുമെന്നായിരുന്നു പ്രചരണം. ഉച്ചയോടെ ആളൂര്‍ തന്നെ ഹാജരായി. പക്ഷേ അപ്പോള്‍ മദനീനി പറഞ്ഞത് എനിക്ക് നിങ്ങളെ അറിയില്ലെന്നും എനിക്ക് വേറെ വക്കീല്‍ ഉണ്ടെന്നും ആയിരുന്നു. ഇതോടെ ആളൂര്‍ മിണ്ടാതെ സ്ഥലംവിടുകയായിരുന്നു. ഇത്തരത്തിലുള്ള തട്ടിപ്പുകേസുകളില്‍ ഹാജരായി പേരെടുക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ മാത്രമാണ് ആളൂര്‍ എന്നും ഇയാള്‍ വലിയ സംഘത്തിന്റെ പ്രതിനിധിയാണെന്ന മട്ടില്‍ നടക്കുന്ന പ്രചരണങ്ങളില്‍ ഒരു കഴമ്പുമില്ലെന്നുമുള്ള വാദവും ഉയരുന്നുണ്ട്.
സമാനമായ രീതിയില്‍ അടുത്തിടെ ജിഷ കൊലക്കേസ് പ്രതി അമീറുള്‍ ഇസല്‍മിന്റെ വക്കാലത്ത് ഏറ്റെടുക്കാനും ആളൂര്‍ ശ്രമിച്ചിരുന്നു. ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു. സാധാരണഗതിയില്‍ മനസ്സാക്ഷിയുള്ള ഒരു വക്കീലും ഏറ്റെടുക്കാത്ത കേസുകള്‍ അങ്ങോട്ടുചെന്ന് ഏറ്റെടുക്കുന്നതിലൂടെ നേടിയ കുപ്രസിദ്ധി മാത്രമാണ് ആളൂരിന്റെ കൈമുതലെന്നും ജാമ്യമെടുക്കുന്നതിനുപോലും സാധാരണഗതിയില്‍ അറിയാവുന്നവരാരും ഇയാളെ സമീപിക്കാറില്ലെന്നുംവരെ സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെട്ടു. അംബാനി സഹോദരന്മാര്‍ തമ്മിലുള്ള തര്‍ക്കം അവസാനിപ്പിക്കാന്‍ കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയതും പബല്‍സിറ്റി സ്റ്റണ്ട് ആയി എല്ലാവരും ചൂണ്ടിക്കാട്ടുകയും ചെയ്തു.
പൂണയിലെ സൂപ്പര്‍ വക്കീല്‍
തൃശൂര്‍ സ്വദേശിയാണ് ബിജു ആന്റണി ആളൂര്‍ എന്ന ബിഎ ആളൂര്‍. പ്രീ ഡിഗ്രിവരെ കേരളത്തിലുണ്ടായിരുന്നു. തൃശൂര്‍ സെന്റ് തോമസ് കോളേജിലായിരുന്നു പഠനം. കേരളത്തില്‍ നിന്ന് പൂണെയിലേക്ക് പോയതാണ് ആളൂരിന്റെ ജീവിതം മാറ്റി മറിച്ചത് എന്ന് പറയാം. നിയമബിരുദം സ്വന്തമാക്കുന്നത് അവിടെ വച്ചാണ്. പിന്നീട് സഹോദരനൊപ്പം ഏതാണ്ട് ഒരു ദശാബ്ദത്തോളും പൂണെയില്‍ തന്നെ. 1999 ല്‍ ആണ് ആളൂര്‍ അഭിഭാഷകനായി എന്റോള്‍ ചെയ്യുന്നത്. നാല് വര്‍ഷത്തോളം കേരളത്തിലെ വിവിധ കോടതികളില്‍ പ്രാക്ടീസ് ചെയ്തു. ക്രിമിനല്‍ കേസുകള്‍ തന്നെയായിരുന്നു പ്രധാനം. കേരളത്തില്‍ നിന്ന് വീണ്ടും പൂണെയില്‍ എത്തി. എല്ലായിടത്തും ആളൂര്‍ ഹാജരായത് കൊടും ക്രിമിനലുകള്‍ക്ക് വേണ്ടിയായിരുന്നു. മിക്ക കേസുകളിലും വിജയം ആളൂരിനൊപ്പം തന്നെ നിന്നു. അധോലോക നായകന്‍ ഛോട്ടാ രാജന്റെ കേസുകളും നോക്കുന്നത് ബിഎ ആളൂര്‍ തന്നെയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇത്തരം കാര്യങ്ങള്‍ കൊണ്ട് തന്നെ പലരും ആളൂരിനെ സംശയത്തോടെയാണ് വീക്ഷിച്ചത്. അധോലോക ബന്ധമുണ്ട് എന്ന് പോലും പലരും ആക്ഷേപം ഉന്നയിച്ചവരുണ്ട്. നരേന്ദ്ര ധബോല്‍ക്കറെ വെടിവച്ച് കൊന്നപ്പോള്‍ ആ കേസിലും പ്രതികളെ രക്ഷിക്കാന്‍ രംഗത്തിറങ്ങിയത് ബിഎ ആളൂര്‍ ആയിരുന്നു. കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന്റെ അഭിഭാഷകനും ആളൂര്‍ തന്നെയാണെന്നാണ് പറയപ്പെടുന്നത്. അഞ്ഞൂറിലേറെ മോഷണങ്ങള്‍ നടത്തിയ ആളാണ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിങ്. സ്വര്‍ണം കൊണ്ടുള്ള ഷര്‍ട്ട് ധരിച്ച് ശ്രദ്ധ പിടിച്ചുപറ്റിയ വ്യവസായി ആയിരുന്നു ദത്തത്രേയ ഫൂഗ്. ഇയാള്‍ കൊലചെയ്യപ്പെട്ടു. ഈ കേസിലും പ്രതികള്‍ക്ക് വേണ്ടി ഹാജരായി എന്ന വാര്‍ത്ത എത്തി. ജിഷ വധക്കേസിലെ പ്രതി അമീര്‍ഉള്‍ ഇസ്ലാമിനായും ഹാജരായി.