ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വ അയോഗ്യതയ്ക്ക് കാരണം ഒരു മലയാളിയാണ്. ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീം കോടതി വിധിയാണ് രാഹുലിന് തിരിച്ചടിയായത്. ചങ്ങനാശേരി കുത്തുകല്ലുങ്കൽ കുടുംബാംഗമായ ലില്ലി ഇസബെൽ തോമസ്, ജനപ്രാതിനിധ്യ നിയമത്തിലെ 8(4) വകുപ്പ് ചോദ്യം ചെയ്തു നൽകിയ ഹർജിയാണ് 2013ലെ വിധിയിലെത്തിയത്. നിയമനിർമ്മാണ സഭകളിലിരുന്നു നിയമം നിർമ്മിക്കേണ്ടതു ക്രിമിനലുകളല്ലെന്നതായിരുന്നു വാദം. ഇതാണ് അംഗീകരിക്കപ്പെട്ടതും.

ഇതിന് സമാനമായി നിരവധി വിധികൾ ലില്ലി തോമസിന്റെ പോരാട്ടത്തിലുടെ ഉണ്ടായി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ സർക്കാരിന്റെ നോട്ടപ്പുള്ളികൾക്കുവേണ്ടി ഹാജരാകാനും ലില്ലിയെന്ന തന്റേടക്കാരി മടിച്ചില്ല. ഹിന്ദു നിയമം ബാധകമാകുന്ന പുരുഷൻ ആദ്യ വിവാഹത്തിൽ നിന്നു മോചനം നേടാതെ മതം മാറി രണ്ടാമതു വിവാഹം ചെയ്യുന്നത് നിയമവിരുദ്ധമെന്ന സുപ്രീം കോടതി വിധിയും ലില്ലിയുടെ ഹർജിയിലാണ്. 2019 ഡിസംബറിൽ 91ാം വയസ്സിൽ ഡൽഹിയിൽ അന്തരിച്ചു. ജനപ്രാതിനിധ്യ നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് അധികാരത്തിൽ കടിച്ചുതൂങ്ങിയിരുന്ന ജനപ്രതിനിധികളെ കുടുക്കിയതിന് പിന്നിൽ നിന്ന ലില്ലി തോമസിന്റെ നിയമ ബോധമാണ് രാഹുലിന് കടുക്കായത്.

ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പിലെ നാലാം ഉപവകുപ്പുപയോഗിച്ച് കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടാലും അധികാരസ്ഥാനത്ത് തുടർന്നിരുന്നവരെ കസേരയിൽനിന്നിറക്കി അഴികൾക്കുള്ളിലാക്കിയതിന് പിന്നിൽ ലില്ലി തോമസിന്റെ നിതാന്ത ജാഗ്രതയുണ്ട്. അഭിഭാഷക വൃത്തിയിലെ പെൺ സിംഹമായിരുന്നു ലില്ലി തോമസ്. 92-ാം വയസ്സിലും വീല് ചെയറിൽ സുപ്രീംകോടതിയിൽ എത്തി മരടിലെ ഫ്ളാറ്റ് വിഷയത്തിൽ വീറും വീര്യവും നിറഞ്ഞ് അവർ വാദങ്ങളുന്നയിച്ചു. അത് കോടതി അംഗീകരിച്ചില്ലെങ്കിലും ലില്ലി തോമസ് എന്ന അഭിഭാഷകരുടെ പാണ്ഡിത്യവും മനക്കരുത്തും സുപ്രീംകോടതിയിൽ ഏറെ ചർച്ച ചെയ്തു. തന്റെ വാദങ്ങൾ കോടതിയെ പറഞ്ഞ് മനസ്സിലാക്കിക്കാൻ ഏതറ്റം വരേയും പോകുന്ന ലില്ലി തോമസ് അഭിഭാഷകർക്കിയിലെ ജനകീയ മുഖമായിരുന്നു.

1955-ൽ മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകയായി തുടങ്ങിയ ഔദ്യോഗിക ജീവിതത്തിനിടെ, നിയമത്തിലെ ന്യൂനതകൾക്കെതിരെയാണ് അവർ കൂടുതലും പോരാടിയത്. മദ്രാസ് സർവകലാശാലയിൽനിന്ന് എൽ.എൽ.എം പാസ്സായ ആദ്യ വനിതയെന്ന ഖ്യാതിയോടെയാണ് 1960-ൽ അവർ സുപ്രീം കോടതിയിലെത്തുന്നത്. മുഖ്യമന്ത്രി പദത്തിലേറാനുള്ള മോഹങ്ങൾക്കു തടയിട്ട് അനധികൃത സ്വത്തുസമ്പാദനക്കേസിൽ എഐഎഡിഎംകെ ജനറൽ സെക്രട്ടറി ശശികല നടരാജനടക്കം മൂന്നു പ്രതികൾക്ക് തടവുശിക്ഷയിലേക്ക് കാര്യങ്ങളെത്തിച്ചതും ഈ നിയമപണ്ഡിതയുടെ ഇടപെടലായിരുന്നു. ഇതിന് സമാനമായി പല ഇടപെടലും ലില്ലി തോമസ് നടത്തി.

സുപ്രീം കോടതി തനിക്കെതിരായ വിചാരണക്കോടതി വിധി ശരിവച്ചപ്പോൾ, അതിൽ മനംനൊന്ത് എ.ഐ.എ.ഡി.എം.കെ നേതാവ് ശശികല പൊട്ടിക്കരഞ്ഞത് തനിക്കുമുന്നിൽ ഇനി വഴികളില്ലെന്ന തിരിച്ചറിവിൽ നിന്നാണ്. അത് ശരിയുമായിരുന്നു. ഇപ്പോഴും അവർ അഴിക്കുള്ളിലാണ്. അഴിമതി കേസുകളിൽ മേൽക്കോടതികളിൽനിന്ന് തീർപ്പുവരുന്നതുവരൈ അധികാരത്തിൽ തുടരാമെന്ന പഴുത് ഇല്ലാതായാതാണ് ശശികലയുടെ പൊട്ടിക്കരച്ചിലിന് പിന്നിൽ. ഇത് തന്നെയാണ് രാഹുലിനും പ്രതിസന്ധിയാകുന്നത്. 2013-ൽ ക്രിമിനൽ കേസുകളിൽ കുറ്റക്കാരായി വിധിക്കപ്പെടുന്ന ജനപ്രതിനിധികളെ ആ പദവികളിൽ തുടരുന്നതിൽനിന്ന് അയോഗ്യരാക്കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ പഴുതുകളാണ് ലില്ലി തോമസും മറ്റും ചേർന്ന് ഇല്ലാതാക്കിയത്. വിധി എതിരാകുന്ന അവസരങ്ങളിൽ മേൽക്കോടതികളെ സമീപിക്കുന്നവർക്ക് അവിടെ നിന്നും തീരുമാനം വരുന്നത് വരെ സ്വന്തം പദവികളിൽ തുടരാമെന്നതായിരുന്നു ഈ പഴുത്.

ജയലളിതയ്ക്കും ശശികലയ്ക്കുമെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസ്സു തന്നെ രണ്ടു പതിറ്റാണ്ടോളം നീണ്ടതിന് പിന്നിൽ ഈ പഴുതുതന്നെയാണ് സുപ്രധാനമായി നിന്നത്. അപ്പീലുകൾ നൽകി അധികാരത്തിൽ കടിച്ചുതൂങ്ങിയിരുന്നവർക്കൊക്കെ വിലക്കായി പുതിയ നിയമം വരുന്നത് 2013-ലാണ്. അഡ്വ.ലില്ലി തോമസിന്റെ നേതൃത്വത്തിൽ, സുപ്രീം കോടതിയിലെ ഒരു സംഘം അഭിഭാഷകരാണു ആ വകുപ്പിലെ ന്യൂനതക്കെതിരെ കേസ് നടത്തിയത്. എട്ടാം വകുപ്പിലെ നാലാം ഉപവകുപ്പ് നിയമവിരുദ്ധമാണെന്ന് 2013-ലാണ് സുപ്രീം കോടതി വിധിച്ചത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കിയ നിയമപരിഷ്‌കരണമായിരുന്നു അത്. ഈ പഴുത് ഇല്ലാതാക്കിയ സുപ്രീം കോടതി വിധി അറിയപ്പെടുന്നത് ലില്ലി തോമസ് ജഡ്ജ്‌മെന്റ് എന്ന പേരിലാണ്. കോട്ടയത്ത് ജനിച്ച് തിരുവനന്തപുരത്ത് വളർന്ന് ഡൽഹി തട്ടകമാക്കിയ മലയാളി നിയമജ്ഞയ്ക്ക് കിട്ടിയ അംഗീകാരമായിരുന്നു ഈ വിശേഷണം. രണ്ടോ അതിലധികമോ വർഷം ശിക്ഷിക്കപ്പെട്ടാൽ, ജനപ്രതിനിധിക്ക് സ്വാഭാവികമായി അയോഗ്യത വരുന്നുവെന്നതാണ് ലില്ലി തോമസ് ജഡ്ജ്‌മെന്റിന്റെ പ്രത്യേകത.

ഒട്ടേറെ ശ്രദ്ധേയമായ വിധിന്യായങ്ങൾ സമ്പാദിച്ചിട്ടുള്ള ലില്ലി തോമസ്, ഇന്ത്യൻ നിയമപരിഷ്‌കരണത്തിലെ ശ്രദ്ധേയ ഇടപെടലുകളിലൊന്നാണ്. 1960 സുപ്രീംകോടതിയിൽ പ്രാക്ടീസിനെത്തുമ്പോൾ അന്ന് മൂന്ന് വനിതകൾ മാത്രമേ അവിടെ അഡ്വക്കേറ്റായി എത്തിയിരുന്നുള്ളൂ. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് എൽഎൽഎം പാസാകുന്ന ആദ്യ വനിതയായിരുന്നു അവർ. പിഎച്ച്ഡി ചെയ്യുകയെന്ന മോഹവുമായി ഡൽഹിയിലെത്തിയ അവർ തന്റെ വഴി അഭിഭാഷകയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഇതോടെ ഗവേഷണം ഉപേക്ഷിച്ച് സഹോദരൻ ജോൺ തോമസിനൊപ്പം പ്രാക്ടീസ് തുടങ്ങി. അതിന് ശേഷം ദിവസവും പത്ത് മണിക്കൂർ വരെ നിയമകാര്യങ്ങൾ മാത്രമാണ് കൈകാര്യം ചെയ്തത്. ഇതിനിടെയിൽ വിവാഹം കഴിക്കാനും മറന്നു. അങ്ങനെ നിമയത്തിന് വേണ്ടി മാത്രമായി 92-ാം വയസ്സുവരെയുള്ള ജീവിതം. അച്ഛന്റെ വഴിയേയാണ് ലില്ലി തോമസ് അഭിഭാഷകയാകുന്നത്. റെയിൽവേയിലെ തൊഴിൽ പ്ര്ശനങ്ങളിലും മറ്റും അവർ സജീവ ഇടപെടൽ നടത്തി 60കളിൽ ദേശീയ തലത്തിൽ ചർച്ചയായി.

വിനയമായിരുന്നു ലില്ലി തോമസിന്റെ കോടതിക്ക് മുമ്പിലെ മുഖഭാവം. ലാലു പ്രസാദ് യാദവ് വിതച്ചതുകൊയ്‌തെടുത്തു എന്നാണ് അദ്ദേഹത്തിന്റെ ജയിൽശിക്ഷയെക്കുറിച്ചും ലോക്‌സഭാഗത്വം റദ്ദായതിനെക്കുറിച്ചും ലില്ലി തോമസ് പറഞ്ഞത്്. ക്രിമിനൽ കേസിൽ ശിക്ഷ ഏറ്റുവാങ്ങുന്ന ജനപ്രതിനിധികൾ അയോഗ്യരാകുമെന്ന സുപ്രീംകോടതി വിധി ആദ്യം ദോഷകരമായി ബാധിച്ചത് ലാലുവിനാണ്. തെറ്റ് ചെയ്തവർ ഓരോന്നായി പുറത്തേക്കിറങ്ങണം, എങ്കിൽ മാത്രമേ ഇന്ത്യൻ ജനാധിപത്യം ശുദ്ധീകരിക്കാനാകൂ. നിയമം മൂലം എല്ലാകാര്യങ്ങളും മാറ്റാൻ പറ്റിയില്ലെങ്കിലും കാതലായ മാറ്റങ്ങൾ വന്നത് നിയമം മൂലമാണ് എന്ന് ഓർക്കുക. അയിത്തം ഉൾപ്പെടെയുള്ള അനാചാരങ്ങൾ നിയമം മൂലം ഒഴിവാക്കാൻ കഴിഞ്ഞു. നിയമത്തെ എത്ര തള്ളിപ്പറഞ്ഞാലും ചില നിയമങ്ങൾ പാലിക്കാതെ നമുക്ക് മുന്നോട്ടു പോകാനാവില്ല. ക്രിസ്ത്യാനികളുടെ അടിസ്ഥാന പ്രമാണമായ പത്തു കൽപ്പനകളും അതേ പോലലെ പാലിക്കുന്ന എത്ര ക്രിസ്ത്യാനികളുണ്ട? പാലിക്കില്ലെങ്കിലും നമുക്ക് ചില നിയമങ്ങൾ വേണം. ഒരു പരിധിക്ക് അപ്പുറത്തേക്ക് സമൂഹം മാറുമ്പോൾ പിടിച്ചു നിർത്താനും നന്മയുടെ പ്രകാശ കിരണങ്ങൾ ചൊരിയാനും നിയമങ്ങൾ കൂടിയേ കഴിയൂവെന്നും ലില്ലി തോമസ് വിശദീകരിച്ചിരുന്നു.

മരടിലെ ഫ്ളാറ്റുകൾ ഒഴിയാൻ ഒരു ആഴ്ച കൂടി സമയം നീട്ടിനൽകണമെന്ന ഫ്ളാറ്റ് ഉടമകളുടെ ആവശ്യം സുപ്രീംകോടതി തള്ളിയപ്പോഴും ചർച്ചയായത് ലില്ലി തോമസിന്റെ വാദമായിരുന്നു. ഞങ്ങൾ എങ്ങോട്ടു പോകുമെന്ന് ഫ്ളാറ്റ് ഉടമകൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകയായ ലില്ലി തോമസ് സുപ്രീംകോടയിൽ ചോദിച്ചു. ഫ്ളാറ്റുകൾ ഒഴിയാൻ കുറച്ച് ദിവസം കൂടി സാവകാശം വേണമെന്ന് അഡ്വ. ലില്ലി തോമസാണ് ജസ്റ്റിസ് അരുൺമിശ്ര അധ്യക്ഷനായ ബഞ്ചിന് മുന്നിൽ അവതരിപ്പിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ഒരു മണിക്കൂർ പോലും സാവകാശം നൽകാനാകില്ലെന്നാണ് അരുൺ മിശ്ര അറിയിച്ചത്. ഇത് മനുഷ്യാവകാശ ലംഘനമാണെന്ന് അഭിഭാഷകർ പറഞ്ഞപ്പോൾ കോടതിയിൽ നിന്നും പുറത്തുപോകാനായിരുന്നു ജസ്റ്റിസിന്റെ നിർദ്ദേശം. കോടതിക്കകത്ത് ഒച്ച വയ്ക്കരുത്, ഒച്ചവച്ചാൽ കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും അഭിഭാഷകർക്ക് ജസ്റ്റിസ് നൽകി. ഈ കോടതി നടപടിക്ക് ശേഷം മാധ്യമങ്ങളോട് ലില്ലി തോമസ് പ്രതികരിക്കുകയും ചെയ്തു. വീൽ ചെയറിലായിരുന്നു അന്ന് കോടതിയിൽ എത്തിയത്.