ആലപ്പുഴ: സംഘപരിവാര്‍ അഭിഭാഷക സംഘടനയായ ഭാരതീയ അഭിഭാഷക പരിഷത്തിലെ അംഗത്വം പുതുക്കാതെ അഡ്വ. ലിഷാ രഞ്ജിതിന്റെ നീക്കം ചര്‍ച്ചകളില്‍. ബി.ജെ.പി.-ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരിക്കേ കൊല്ലപ്പെട്ട അഡ്വ. രഞ്ജിത് ശ്രീനിവാസന്റെ ഭാര്യയാണ് ലിഷ. ആലപ്പുഴയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പോലും ലിഷയെ പരിഗണിച്ചിട്ടുണ്ട്. സംഘപരിവാറിന്റെ ആലപ്പുഴയിലെ പ്രധാന മുഖങ്ങളിലൊന്നായിരുന്നു അവര്‍. എന്നിട്ടും അംഗത്വം പുതുക്കിയില്ല. പരിഷത്തിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചയാളാണ് രഞ്ജിത്. ലിഷ 19 വര്‍ഷമായി അംഗവും. 2021 ഡിസംബര്‍ 19-നാണ് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ക്കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നില്‍ വെട്ടിക്കൊന്നത്.

രഞ്ജിത് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകനെ പരിഷത്തിന്റെ പരിപാടിയില്‍ പ്രഭാഷകനായി വിളിച്ചതിലുള്ള വേദന കാരണമാണ് ലിഷ അംഗത്വം പുതുക്കാന്‍ തയ്യാറാകാത്തതെന്നാണ് സൂചന. അഭിഭാഷക പരിഷത്ത് ഹൈക്കോടതി യൂണിറ്റ് സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയുടെ ഭാഗമായി ജൂലായ് 22-ന് എം.കെ.ഡി. ഹാളില്‍ പ്രഭാഷണം നടത്തിയത് അഡ്വ. ജോണ്‍ എസ്. റാല്‍ഫ് ആണ്. രഞ്ജിത് ശ്രീനിവാസന്‍ വധക്കേസില്‍ പ്രതിഭാഗം അഭിഭാഷകനായിരുന്നു ഇദ്ദേഹം. പരിപാടിയില്‍നിന്ന് ഇദ്ദേഹത്തെ ഒഴിവാക്കാന്‍ സംഘടനാഭാരവാഹികളോട് ലിഷ ആവശ്യപ്പെട്ടിരുന്നു. പക്ഷേ അംഗീകരിച്ചില്ല. ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവയായിരുന്നു പ്രഭാഷണവിഷയം.

പ്രഭാഷകനെച്ചൊല്ലി ഭാരവാഹികള്‍ക്കിടയിലും അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കായി ആലപ്പുഴയിലെ അഭിഭാഷകര്‍ ആരും ഹാജരാകാന്‍ തയ്യാറായിരുന്നില്ല. ഹൈക്കോടതിയില്‍നിന്നുള്ള ജോണ്‍ എസ്. റാല്‍ഫ് വിചാരണ നടന്ന മാവേലിക്കര കോടതിയില്‍ ഹാജരായി. 15 പ്രതികള്‍ക്കും മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷയാണു വിധിച്ചു. പ്രതികളെല്ലാം പോപ്പുലര്‍ ഫ്രണ്ട്-എസ്.ഡി.പി.ഐ. പ്രവര്‍ത്തകരായിരുന്നു. രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികളായ 15 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് വധശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ ലിഷയുടെയും സുഹൃത്തുക്കളുടെയും ജാഗ്രതയോട് കൂടിയ ഇടപെടല്‍ കാരണമായിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ആലപ്പുഴ അമ്പനാകുളങ്ങര മാച്ചനാട് കോളനിയില്‍ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം വീട്ടില്‍ അജ്മല്‍, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടയ്ക്കല്‍ വീട്ടില്‍ അനൂപ്, ആര്യാട് തെക്ക് അവലൂക്കുന്ന് ഇരക്കാട്ട് വീട്ടില്‍ മുഹമ്മദ് അസ്ലം, മണ്ണഞ്ചേരി ഞാറവേലില്‍ അബ്ദുല്‍ കലാം, അടിവാരം ദാറുസബീന്‍ വീട്ടില്‍ അബ്ദുല്‍ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം വീട്ടില്‍ സറഫുദ്ദീന്‍, മണ്ണഞ്ചേരി ഉടുമ്പിത്തറ വീട്ടില്‍ മന്‍ഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്തുശ്ശേരി ചിറയില്‍ ജസീബ് രാജ, മുല്ലയ്ക്കല്‍ വട്ടക്കാട്ടുശ്ശേരി വീട്ടില്‍ നവാസ്, കോമളപുരം തയ്യില്‍ വീട്ടില്‍ സമീര്‍, നോര്‍ത്ത് ആര്യാട് കണ്ണറുകാട് വീട്ടില്‍ നസീര്‍, മണ്ണഞ്ചേരി ചാവടിയില്‍ സക്കീര്‍ ഹുസൈന്‍, മണ്ണഞ്ചേരി തെക്കേവെളിയില്‍ ഷാജി, മുല്ലയ്ക്കല്‍ നുറുദ്ദീന്‍ പുരയിടത്തില്‍ ഷെര്‍നാസ് അഷറഫ് എന്നിവരാണ് ഒന്നുമുതല്‍ 15 വരെ പ്രതികള്‍.

കേസില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ തന്റെ പെണ്‍മക്കള്‍ രണ്ട് പേരും കൊല്ലപ്പെടുമെന്ന് മൂന്ന് മുസ്ലിം യുവതികള്‍ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി വെളിപ്പെടുത്തി കൊല്ലപ്പെട്ട രഞ്ജിത് ശ്രീനിവാസന്റെ ഭാര്യ ലിഷ രംഗത്തു വന്നിരുന്നു.