തിരുവനന്തപുരം: സംസ്ഥാനത്തെ കാല്‍പന്തുകളി ആരാധകരെ ആവേശത്തിലാഴ്ത്തി മെസിയും ടീമും അടുത്ത വര്‍ഷം ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വരികയാണ്. ഒക്ടോബറില്‍ അര്‍ജന്റീന ടീം എത്തുമ്പോള്‍, വേണ്ട തയ്യാറെടുപ്പുകള്‍ സര്‍ക്കാര്‍ തലത്തില്‍ തുടങ്ങി. മത്സര നടത്തിപ്പിനായി ഭീമമായ തുകയാകും ആവശ്യം വരിക. നൂറ് കോടിയിലധികം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇത് സ്പോണ്‍സര്‍ വഴിയാകും കണ്ടെത്തുക. സ്പോണ്‍സര്‍മാരുടെ കാര്യത്തിലും ധാരണയായി. പരിശീലന ക്യാമ്പിനും സൗഹൃദ മത്സരത്തിനും പ്രധാന സ്‌പോണ്‍സര്‍മാരെ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

കേരളത്തില്‍ രണ്ട് മത്സരങ്ങളാകും ടീം കളിക്കുക. ഏഷ്യയിലെ പ്രമുഖ രണ്ട് ടീമുകളാകും അര്‍ജന്റീനയുമായി കളിക്കുക. നേരത്തേ സെപ്റ്റംബറില്‍ സ്പെയിനിലെത്തി മന്ത്രിയും സംഘവും അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വലിയ തുകയാണ് മത്സരങ്ങള്‍ക്കായി വേണ്ടി വരികയെങ്കിലും സര്‍ക്കാരിന് കയ്യില്‍ നിന്ന് തുകയൊന്നും മുടക്കേണ്ടി വരില്ലെന്നാണ് സൂചന. എല്ലാം സ്‌പോണ്‍സര്‍മാര്‍ ചെലവഴിക്കും.

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് സൗഹൃദ മത്സരത്തിന്റെ പ്രധാന സ്‌പോണ്‍സര്‍. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ കമ്പനിയായി സൗഹൃദ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ സ്‌പോര്‍ട്‌സ് ആന്റ് യൂത്ത് അഫയേഴ്‌സ് ഡയറക്ടര്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.

മത്സരത്തിന്റെ സാമ്പത്തിക സ്‌പോണ്‍സര്‍ഷിപ്പിന് നേതൃത്വം നല്‍കുന്നത് റിപ്പോര്‍ട്ടര്‍ ടിവി ചാനലിന്റെ ഉടമകളും സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നത് സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനുമായിരിക്കും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലായിരിക്കും സൗഹൃദ മത്സരം സംഘടിപ്പിക്കുന്നത്. ഖത്തര്‍, ജപ്പാന്‍ തുടങ്ങിയ ഏഷ്യന്‍ ടീമുകളെയാണ് എതിരാളികളായി പരിഗണിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പിന്നീടുണ്ടാകും.

അതേസമയം, റിപ്പോര്‍ട്ടര്‍ ചാനലിനെ സൗഹൃദ മത്സരത്തിന്റെ പ്രധാന സ്‌പോണ്‍സറാക്കിയതിനെ വിമര്‍ശിച്ച് മഹിള കോണ്‍ഗ്രസ് സംസ്ഥാന നേതാവ് അഡ്വ.വീണ എസ് നായര്‍ ഫേസ്്ബുക്കില്‍ കുറിപ്പിട്ടു.

വീണയുടെ കുറിപ്പ് ഇങ്ങനെ:

മെസ്സിയുടെ അര്‍ജന്റിനന്‍ ടീമിന്റെ പരിശീലന ക്യാമ്പിനും സൗഹൃദ മത്സരത്തിനും പ്രധാന സ്പോണ്‍സര്‍മാരെ നിശ്ചയിച്ചു..

'ടീ പോര്‍ട്ടര്‍ ചാനല്‍'.. കോണ്‍ഗ്രസിനെ താറടിച്ചു കാണിക്കുന്നതിനുള്ള പിണറായി സര്‍ക്കാരിന്റെ പ്രതിഫലം ആയിരിക്കും..വൈകാതെ മരം മുറി ആവിയാകും..


കേരളത്തില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ ടീം ഇ-മെയില്‍ സന്ദേശമയച്ചതായി മന്ത്രി വി. അബ്ദുറഹിമാന്‍ 2024 ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു. 2025 ഒക്ടോബറില്‍ കേരളത്തിലെത്താനാണ് അര്‍ജന്റീന ഫുട്‌ബോള്‍ ടീം സന്നദ്ധത അറിയിച്ചതെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്.

ടീമിനെ കേരളത്തിലേക്കു ക്ഷണിച്ച് നേരത്തേ സംസ്ഥാന കായിക മന്ത്രാലയം അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനു കത്തയച്ചിരുന്നു. അതിനു മറുപടിയായാണ് ക്ഷണം സ്വീകരിച്ചുകൊണ്ടുള്ള ഇ മെയില്‍ സന്ദേശം ലഭിച്ചത്.

2011-ല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ടീം കൊല്‍ക്കത്തയില്‍ കളിച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയ്ക്കെതിരെയായിരുന്നു മത്സരം. മെസ്സിയുടെ അര്‍ജന്റീന ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരം കൂടിയായിരുന്നു അത്.