- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷുക്കൂർ വധക്കേസ് അന്വേഷണം അട്ടിമറിച്ചത് സിബിഐ അന്വേഷിക്കണം; സിബിഐ അന്വേഷണം വന്നാൽ അത് ഒരു പക്ഷേ കുഞ്ഞാലിക്കുട്ടിക്ക് തന്നെ നല്ലതായിരിക്കും; ഇടപെടൽ നടത്തിയില്ലെങ്കിൽ അത് തെളിയിക്കാൻ കുഞ്ഞാലിക്കുട്ടിക്ക് ഒരു അവസരമാകും; ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി അഡ്വ. ടി പി ഹരീന്ദ്രൻ
കണ്ണൂർ: എംഎസ്എഫ് നേതാവ് അരിയിൽ ഷുക്കൂറിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സിപിഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ രക്ഷിക്കാൻ വേണ്ടി ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്ന വാർത്ത ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അഡ്വ. ടി പി ഹരീന്ദ്രനാണ് കേസ് അട്ടിമറിക്കാൻ കുഞ്ഞാലികുട്ടിയുടെ ഭാഗത്തു നിന്നും ഇടപെടൽ ഉണ്ടായെന്ന വിവരം പുറത്തുവിട്ടത്. ഇതേ തുടർന്ന് വിവാദം സജീവമാകുകയും ചെയ്തതോടെ കുഞ്ഞാലിക്കുട്ടി ആരോപണം നിഷേധിച്ചിരുന്നു.
അതേസമയം ഷുക്കൂർ വധക്കേസ് അന്വേഷണം അട്ടിമറിച്ചത് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് അഡ്വ.ടിപി ഹരീന്ദ്രൻ വ്യക്തമാക്കി. അട്ടിമറി നടത്തിയതിൽ ആർക്കൊക്കെ പങ്കുണ്ട് എന്ന് അന്വേഷിക്കണം ..കേസ് അട്ടിമറിച്ചെങ്കിൽ അവർ കൂടി പ്രതി പട്ടികയിൽ ഉൾപ്പെടണം. എം വി ജയരാജന് എന്തും പറയാം. കൊന്നത് സി പി എം ആണന്ന് ഭക്ഷണം കഴിക്കുന്നവർക്ക് അറിയാം.
സിബിഐ അന്വേഷണം ആണ് ആവശ്യപ്പെടുന്നത്. സി ബി ഐ അന്വേഷണം വന്നാൽ അത് ഒരു പക്ഷേ കുഞ്ഞാലിക്കുട്ടിക്ക് തന്നെ നല്ലതായിരിക്കും. .ഇടപെടൽ നടത്തിയില്ലെങ്കിൽ അത് തെളിയിക്കാൻ കുഞ്ഞാലിക്കുട്ടിക്ക് ഒരു അവസരമാകും. പൊലീസ് അന്വേഷണം ആര് അട്ടിമറിച്ചു എന്നത് പ്രശ്നമാണ്.ആരും അട്ടിമറിച്ചില്ലെങ്കിൽ സിബിഐയുടെ അടുത്ത് പോകേണ്ടതില്ല.അന്വേഷണം കാര്യക്ഷമമല്ലെന്ന് കണ്ടപ്പോഴാണ് ഷുക്കൂറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കുഞ്ഞാലികുട്ടിക്ക് എതിരെ ആരോപണം ഉന്നയിച്ച അഡ്വ. ടി പി ഹരീന്ദ്രന് എതിരെ കേസെടുത്തിരുന്നു. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഐ പി സി 153 വകുപ്പ് പ്രകാരമാണ് തലശ്ശേരി പൊലീസ് കേസ് എടുത്തത്. ഷുക്കൂർ കേസിൽ ജയരാജനെതിരെ കൊലപാതകക്കുറ്റം ചുമത്താതിരുന്നതിന് കുഞ്ഞാലിക്കുട്ടിയാണ് കാരണമെന്നായിരുന്നു അഭിഭാഷകൻ ടി പി ഹരീന്ദ്രന്റെ വെളിപ്പെടുത്തൽ.
2012 ഫെബ്രുവരിയിൽ പട്ടുവം അരിയിൽ ലീഗ് സിപിഎം സംഘർഷമുണ്ടായപ്പോൾ പി ജയരാജൻ പ്രദേശത്ത് എത്തി. അന്ന് ജയരാജന്റെ വാഹനം ആക്രമിച്ചതിന് പ്രതികാരമായാണ് എംഎസ്എഫ് നേതാവായ അരിയിൽ ഷുക്കൂറിനെ സിപിഎം പ്രവർത്തകർ തടങ്കലിൽ വച്ച് ആക്രമിച്ച് കൊലപ്പെടുത്തിയത്. അന്ന് പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്താൻ പൊലീസ് തീരുമാനിച്ചപ്പോൾ കുഞ്ഞാലിക്കുട്ടി ജയരാജനെ രക്ഷിക്കാനെത്തിയെന്നാണ് യുഡിഎഫിന്റെ കേസുകൾ കൈകാര്യം ചെയ്തിരുന്ന മുതിർന്ന അഭിഭാഷകൻ ടി പി ഹരീന്ദ്രൻ ഫേസ്‌ബുക്കിലുടെ വെളിപ്പെടുത്തിയത്.
അന്നത്തെ എസ്‌പിയെ കുഞ്ഞാലിക്കുട്ടി സ്വാധീനിച്ച് ദുർബല വകുപ്പ് മാത്രം ചുമത്തി ജയരാജനെ രക്ഷിച്ചെന്നാണ് ഹരീന്ദ്രന്റെ ആരോപണം. ടി.പി ഹരീന്ദ്രന്റെ ആരോപണം തെറ്റാണെന്ന് ഷുക്കൂർ വധക്കേസ് അന്വേഷിച്ച ഡി.വൈ.എസ്‌പി സുകുമാരൻ തന്നെ പറഞ്ഞിരുന്നു. ഒരുഘട്ടത്തിലും ഹരീന്ദ്രനുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ ആരോപണത്തിൽ കഴമ്പില്ലെന്ന് വ്യക്തമാക്കിയതോടെ അതിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അവർക്കെതിരെ ശക്തമായി തന്നെ മുന്നോട്ടുപോകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ