- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാവോയിസ്റ്റുകളും പ്രശ്നക്കാരുമുള്ള യുടിബി ബ്ലോക്ക്; സഹ തടവുകാരന്‍ ഫോണ്‍ ചെയ്യാന്‍ പോയപ്പോള്‍ മുണ്ടെടുത്ത് ശുചിമുറിയില്‍ കയറി; സ്ഥിരമായ വാതില്‍ ഇല്ലാത്തതു കൊണ്ട് ഞരുക്കം കേട്ട് ഓടിയെത്തിയ ജയില്‍ ഉദ്യോഗസ്ഥന്‍ അതിവേഗം ഇടപെടാനായി; ആത്മഹത്യ ശ്രമത്തിലും നിറയുന്നത് അഫാന്റെ പ്ലാനിംഗ്; മറ്റൊരു കഥയുമായി ജയില്‍ ഉദ്യോഗസ്ഥരും
തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാന്‍ പൂജപ്പുര ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചത് വന്‍ സുരക്ഷാ വീഴ്ചയ്ക്ക് തെളിവ്. യുടിബി ബ്ലോക്കിലെ ശുചിമുറിയിലാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഉണക്കാന്‍ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് തൂങ്ങിയത്. ഡ്യൂട്ടി ഉദ്യോഗസ്ഥന്‍ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അഫാന്‍ ശുചിമുറിയില്‍ തൂങ്ങിയത് കണ്ടത്. ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന തടവുകാരന്‍ ഫോണ്‍ ചെയ്യാന്‍ പോയ സമയത്താണ് ആത്മഹത്യാ ശ്രമം. എല്ലാ സമയവും നിരീക്ഷണം ഉറപ്പാക്കേണ്ട പ്രതിയായിരുന്നു അഫാന്‍. എന്നാല്‍ സെല്ലിലെ മറ്റൊരു തടവുകാരനെ ജയില്‍ അധികൃതര്‍ നിരീക്ഷണത്തിന് നിയോഗിച്ചു. ഇയാള്‍ മാറുമ്പോള്‍ പകരം സംവിധാനം ഉണ്ടായില്ല. ഇത് ഉപയോഗപ്പെടുത്തിയാണ് അഫാന്റെ ആത്മഹത്യാ ശ്രമം. സിസിടിവി നിരീക്ഷണം പോലും ഉണ്ടായിരുന്നില്ല.
യുടിബി എന്നത് പ്രത്യേക ബ്ലോക്കാണ്. മാവോയിസ്റ്റ് തടവുകാരും പ്രശ്‌നക്കാരും ആയിരുന്നു ഇവിടെ ഉണ്ടായത്. അഫാനൊപ്പം തടവുകരാനേയും താമസിപ്പിച്ചിരുന്നു. ഞായറാഴ്ച തടവുകാര്‍ക്ക് ഫോണ്‍ ചെയ്യാനും ടിവി കാണാനും അവസരമുണ്ട്. രണ്ട് പ്രിസസണ്‍ ഓഫീസര്‍മാരും അവിടെ ഉണ്ടായിരുന്നു. കൂടെയുള്ള തടവുകാരന്‍ ഫോണ്‍ ചെയ്യാന്‍ പോയ തക്കത്തിന് ഉണക്കാന്‍ ഇട്ടിരുന്ന മുണ്ടെടുത്ത് അഫാന്‍ ശുചി മുറിയില്‍ കയറി. ആ ശുചിമുറിയ്ക്ക് സ്ഥിരമായ ഡോറുണ്ടായിരുന്നില്ല. ശുചിമുറിയിലെ ഇരുമ്പു കമ്പിയിലാണ് തൂങ്ങാന്‍ ശ്രമിച്ചത്. ഇതിനിടെ വലിയ ഞരുക്കവും മറ്റും അടുത്തുള്ള ജയില്‍ ജീവനക്കാര്‍ കേട്ടു. ഓടി എത്തിയപ്പോള്‍ തൂങ്ങി നില്‍ക്കുന്ന അഫാനെയാണ് കണ്ടത്. ഇതോടെ ഇയാള്‍ ബഹളം വച്ചു. ഉടന്‍ മറ്റ് തടവുകാര്‍ അടക്കം ഓടിയെത്തി. കെട്ടഴിച്ച് താഴെ ഇറക്കി അഫാനെ ആശുപത്രിയില്‍ ആംബുലന്‍സില്‍ എത്തിച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്നു അപ്പോള്‍ അഫാന്‍. ആശപുത്രിയില്‍ കൊണ്ടു വന്നപ്പോള്‍ തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ അളവില്‍ വലിയ കുറവുണ്ട്. ഇതാണ് ആശങ്കയാകുന്നത്. പക്ഷേ അഫാന്റെ പ്രായവും ആരോഗ്യവും ഈ അവസ്ഥയെ മറികടക്കാന്‍ സഹായിക്കുമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. കൃത്യമായ ആസൂത്രണം ആത്മഹത്യാ ശ്രമത്തില്‍ അഫാന്‍ നടത്തിയെന്ന് വ്യക്തമാണ്.
അതിനിടെ ജയില്‍ അധികാരികളില്‍ നിന്നും വീഴ്ചയൊന്നും ഉണ്ടായില്ലെന്ന വിശദീകരണവും പുറത്തു വരുന്നുണ്ട്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ യുടി ബ്ലോക്കിലാണ് അഫാന്‍. രാവിലെ 11മണിയോടെ ശുചിമുറിയില്‍ പോകണമെന്ന് അഫാന്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ജയില്‍ വാര്‍ഡന്‍ അഫാനെ ശുചിമുറിയില്‍ എത്തിച്ചു. ഇതിനിടെയാണ് അഫാന്‍ ഉടുത്തിരുന്ന മുണ്ട് ഉപയോഗിച്ച് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. വാര്‍ഡന്‍ ഇത് കാണുകയും ഉടന്‍ തന്നെ ജയില്‍ അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. 11.25 ഓടെ അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് ഈ വിശദീകരണം. എന്നാല്‍ അഫാന്‍ ഉടുമുണ്ട് കൈക്കലാക്കി തൂങ്ങാന്‍ പോയെന്ന് തന്നെയാണ് പുറത്തു വരുന്ന വിശ്വസനീയമായ വിവരം. പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസില്‍ അഫാനെതിരെ അന്വേഷണ സംഘം കഴിഞ്ഞ ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
സഹോദരനും കാമുകിയും അടക്കം 5 പേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയായ അഫാന്‍ നിലവില്‍ പൂജപ്പുര ജയിലില്‍ വിചാരണത്തടവുകാരനാണ്. സഹോദരന്‍ അഹ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന, പിതൃ സഹോദരന്‍ ലത്തീഫ്, ഭാര്യ സാജിദ, പിതൃ മാതാവ് സല്‍മ ബീവി എന്നിവരെയാണ് അഫാന്‍ തലക്കടിച്ച് കൊലപ്പെടുത്തിയത്. 23 വയസ്സ് മാത്രം പ്രായമുള്ള അഫാന്റേത് അസാധാരണമായ പെരുമാറ്റമെന്നായിരുന്നു കൊലപാതകത്തിന് ശേഷം അഫാന്റേത്. താനും ജീവനൊടുക്കുമെന്ന് അഫാന്‍ നേരത്തെ ചോദ്യം ചെയ്യല്‍ വേളയില്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അഫാനെ ജയലിലില്‍ പ്രത്യേക നിരീക്ഷണമുള്ള യുടിബി ബ്ലോക്കില്‍ മറ്റൊരു തടവുകാരനൊപ്പം താമസിപ്പിച്ചത്. വലിയ കടബാധ്യത മൂലമുള്ള ബന്ധുക്കളുടെ അധിക്ഷേപമാണ് കൂട്ടക്കൊലക്ക് കാരണമെന്നായിരുന്നു അഫാന്‍ പറഞ്ഞിരുന്നത്. കൂട്ടക്കൊലയ്ക്ക് ശേഷവും വിഷം കഴിച്ചാണ് പോലീസിന് മുന്നില്‍ അഫാന്‍ കീഴടങ്ങാന്‍ എത്തിയത്. ഈ സാഹചര്യത്തില്‍ ജയിലില്‍ അഫാന് പ്രത്യേക നിരീക്ഷണം അനിവാര്യതയായിരുന്നു. പക്ഷേ അതുണ്ടായില്ല.
കൂട്ടക്കൊലപാതകത്തില്‍ ഇന്നലെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പിതൃ മാതാവ് സല്‍മ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് അഫാനെതിരെ പാങ്ങോട് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച 450 പേജുള്ള കുറ്റപത്രത്തില്‍ 120 സാക്ഷികളും 40 തൊണ്ടിമുതലുകളുമാണുള്ളത്. സല്‍മ ബീവിയോട് അഫാന് വൈരാഗ്യം ഉണ്ടായിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു. കടവും അഫാനോട് കടക്കാര്‍ പണം തിരികെ ചോദിച്ചതിലുള്ള ദേഷ്യവുമായിരുന്നു കൊലപാതകത്തിന് പിന്നിലെന്നാണ് കുറ്റപത്രത്തില്‍ പൊലീസ് പറയുന്നത്. കുടുംബം കടബാധ്യതയില്‍ മുങ്ങിനില്‍ക്കുമ്പോള്‍ പിതൃമാതാവിനോട് സാമ്പത്തിക സഹായം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല . ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രത്തിലുള്ളത്.