- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അവന്‍ ചെയ്തതിന്റെ ഫലം അവന്‍ തന്നെ അനുഭവിക്കട്ടെ; അതില്‍ കൂടുതല്‍ മറ്റൊന്നും പറയാനില്ല; എന്താണ് ചെയ്തതെന്ന് അഫാന് കൃത്യമായി അറിയാമല്ലോ; അപ്പോള്‍ അനുഭവിക്കുക തന്നെ വേണം; ഉറച്ച നിലപാടില്‍ അച്ഛന്; അഫാന് അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു; ജയിലിലെ ആത്മഹത്യ സുരക്ഷാ വീഴ്ചയോ?
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി അഫാന്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. സെന്‍ട്രല്‍ ജയിലില്‍ ഞായറാഴ്ചയാണ് അഫാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അതിഗുരുതരാവസ്ഥയിലായ അഫാനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മെച്ചപ്പെട്ടിട്ടില്ല. അതിസുരക്ഷയില്‍ പാര്‍പ്പിച്ചിരിക്കുന്ന പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചത് കടുത്ത സുരക്ഷാവീഴ്ചയായി. സഹോദരനെയും പെണ്‍സുഹൃത്തിനെയുമടക്കം അഞ്ചുപേരെ കൊലചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് അഫാന്‍. സംഭവത്തെക്കുറിച്ച് ജയില്‍മേധാവി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. അതേസമയം, ഉദ്യോഗസ്ഥരുടെഭാഗത്ത് സുരക്ഷാവീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്നും അഫാന് പ്രാഥമികചികിത്സയടക്കം നല്‍കിയതായുമാണ് ജയില്‍ സൂപ്രണ്ട് ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയത്.
'ജയിലിനുള്ളിലെ ജയില്‍' എന്നറിയപ്പെടുന്ന യുടി ബ്ലോക്കില്‍ അഫാനെക്കൂടാതെ പ്രത്യേക സുരക്ഷ ആവശ്യമുള്ള ഏതാനും കുറ്റവാളികളാണുള്ളത്. സെന്‍ട്രല്‍ ജയിലിനുള്ളില്‍ത്തന്നെ പ്രത്യേക മതില്‍ കെട്ടി വേര്‍തിരിച്ച ഇവിടെ 24 മണിക്കൂറും ജയില്‍വാര്‍ഡന്‍മാരുണ്ടാകും. അഫാന് ആത്മഹത്യാപ്രവണതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കനത്തകാവലാണ് ഏര്‍പ്പെടുത്തിയിരുന്നത്. അഫാനെ നിരീക്ഷിക്കാന്‍ ഒരു തടവുകാരനെയും ഇവിടെ സ്ഥിരമായി നിയോഗിച്ചിരുന്നു. ഫോണ്‍വിളിക്കാനായി ഇയാള്‍ ഓഫീസിലേക്കുപോയ തക്കത്തിനായിരുന്നു അഫാന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. അതിനിടെ അഫാന്റെ ആത്മഹത്യ ശ്രമവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പിതാവ് രംഗത്തു വന്നു. അഫാന്‍ ചെയ്തതിന്റെ ഫലം അഫാന്‍ തന്നെ അനുഭവിക്കട്ടെയെന്ന് പിതാവ് അബ്ദുല്‍ റഹിം പറഞ്ഞു. അവന്‍ ചെയ്തതിന്റെ ഫലം അവന്‍ തന്നെ അനുഭവിക്കട്ടെ. അതില്‍ കൂടുതല്‍ മറ്റൊന്നും പറയാനില്ല. എന്താണ് ചെയ്തതെന്ന് അഫാന് കൃത്യമായി അറിയാമല്ലോ. അപ്പോള്‍ അനുഭവിക്കുക തന്നെ വേണം പിതാവ് പറഞ്ഞു.
ഞായറാഴ്ച രാവിലെ പതിനൊന്നോടെയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ശൗചാലയത്തിന്റെ മേല്‍ക്കൂരയില്‍ മുണ്ടുപയോഗിച്ച് അഫാന്‍ തൂങ്ങിയത്. അതിസുരക്ഷയുള്ള യുടി ബ്ലോക്കിലായിരുന്നു ഇയാളെ പാര്‍പ്പിച്ചിരുന്നത്. ഞായറാഴ്ച ടിവി കാണാനായി പുറത്തിറക്കിയപ്പോള്‍ ശൗചാലയത്തില്‍ പോകണമെന്ന് ജയിലധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. സമീപത്ത് അലക്കിയിട്ടിരുന്ന മുണ്ട് മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് കൈക്കലാക്കിയ ഇയാള്‍ നിമിഷനേരംകൊണ്ട് ശൗചാലയത്തില്‍ കയറി തൂങ്ങുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. ശബ്ദംകേട്ടെത്തിയ വാര്‍ഡന്‍ ഉടന്‍തന്നെ ജയിലധികൃതരെ അറിയിച്ചു. അഫാനെ 11.20-ഓടെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. കഴുത്തില്‍ കുരുക്ക് മുറുകിയതിനാല്‍ ബോധം നശിച്ചിരുന്നു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ഇയാള്‍ക്ക് അടിയന്തരചികിത്സ നല്‍കി. അപസ്മാരലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. മസ്തിഷ്‌കത്തിലേക്കെത്തുന്ന ഓക്‌സിജന്റെ അളവ് കുറയുന്നുണ്ട്.
പിതൃമാതാവ് സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസില്‍ അഫാനെതിരേ അന്വേഷണസംഘം വെള്ളിയാഴ്ചയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മറ്റുരണ്ട് കേസുകളില്‍ അടുത്തദിവസം കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുകയായിരുന്നു. ഫെബ്രുവരി 24-നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, അനുജന്‍ അഫ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. അഞ്ച് കൊലപാതകങ്ങള്‍ക്കുശേഷം പോലീസില്‍ കീഴടങ്ങുമ്പോള്‍ അഫാന്‍ എലിവിഷം കഴിച്ചിരുന്നു.