ദമ്മാം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുറഹീം ഒടുവില്‍ നാട്ടിലേക്ക്. വ്യാഴാഴ്ച രാത്രി ദമ്മാമില്‍നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ പുറപ്പെടുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെ 7.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. റഹിമിന്റെ ഭാര്യ ഷെമി വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. അഫാന്റെ ക്രൂരതയും ഇളയമകന്റെ മരണവുമൊന്നും അമ്മ ഷെമി അറിഞ്ഞിട്ടില്ല. റഹിം എത്തിയ ശേഷം എല്ലാം സാവധാനം അവരെ അറിയിക്കും. അതിന് ശേഷം പോലീസ് ഷെമിയുടെ മൊഴിയും എടുക്കും. അപ്പോള്‍ മാത്രമേ ദുരന്തത്തിന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാകൂ.

ഇഖാമ പുതുക്കാതെ നിയമപ്രശ്‌നത്തിലും കച്ചവടം തകരാറിലായി സാമ്പത്തിക പ്രതിസന്ധിയിലുമായി ഏഴുവര്‍ഷമായി നാട്ടില്‍ പോകാനാകാതെ കഴിഞ്ഞ അബ്ദുല്‍ റഹിമിന് തുണയായത് പ്രവാസ ലോകത്തിന്റെ പിന്തുണ. അങ്ങനെ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവ് റഹീം ഒടുവില്‍ നാട്ടിലേക്ക് എത്തുകയാണ്. ഇളയ മകന്റെ മരണവും ഉമ്മയുടേയും സഹോദരന്റേയും സഹോദര ഭാര്യയുടേയും വേര്‍പാടിനൊപ്പം മുത്ത് മകന്‍ അഫാന്‍ കൊലക്കേസില്‍ പ്രതിയുമായി. ആ നടുക്കുന്ന കൂട്ടക്കൊലയോടെയാണ് റഹീമിന്റെ സൗദിയിലെ പ്രതിസന്ധി ജീവിതം പുറത്തേക്ക് വന്നത്. ഇതോടെ ഇടപടെലുകളുണ്ടായി. ഇതായിരുന്നു നാട്ടിലേക്ക് മടങ്ങിയെത്താന്‍ റഹിമിന് വഴിയൊരുക്കിയതും.

ദമ്മാമിലെ ജീവകാരുണ്യ പ്രവര്‍ത്തകനും ലോകകേരള സഭ അംഗവുമായ നാസ് വക്കമാണ് റഹിമിന് നാട്ടിലേക്കുള്ള യാത്ര സാധ്യമാക്കിയ ഇടപെടലിന് പിന്നില്‍. നാസ് വക്കത്തിന്റെ ഇടപെടലിലൂടെയാണ് യാത്രാരേഖകള്‍ ശരിയാക്കിയത്. വിവരമറിഞ്ഞെത്തിയ നാസ് വക്കം ആശ്വസിപ്പിക്കുകയും നേരെ അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും ചെയ്തു. ജവാസത് (സൗദി പാസ്‌പോര്‍ട്ട് വകുപ്പ്) സിസ്റ്റം പരിശോധിച്ചപ്പോള്‍ ഒരു തരത്തിലുള്ള കേസും ഇദ്ദേഹത്തിന്റെ പേരിലില്ലെന്ന് മനസിലായി. തന്റെ കീഴില്‍നിന്ന് ഒളിച്ചോടിയെന്ന് സ്‌പോണ്‍സര്‍ പരാതിപ്പെട്ട് 'ഹുറുബ്' കേസില്‍പ്പെടുത്തിയിട്ടുണ്ടോ എന്ന സംശയം ഉണ്ടായിരുന്നു. എന്നാല്‍ അത്തരമൊരു പരാതി സ്‌പോണ്‍സറും നല്‍കിയിരുന്നില്ല. എന്നാല്‍ ഇഖാമയുടെ കാലാവധി കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായിരുന്നു. മൂന്ന് വര്‍ഷത്തെ ഇഖാമ ഫീസും ലെവിയും പുതുക്കാന്‍ വൈകിയതിലുള്ള പിഴയും സഹിതം ഏതാണ്ട് അരലക്ഷത്തോളം റിയാല്‍ അടക്കണമായിരുന്നു.

ഡോ. സിദ്ധീഖ് അഹമ്മദിനെ പോലുള്ള പ്രവാസി വ്യവസായികള്‍ സഹായം വാഗ്ദാനം ചെയ്ത് നാസ് വക്കത്തെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ സൗദി നാടുകടത്തല്‍ (തര്‍ഹീല്‍) കേന്ദ്രം, പാസ്‌പോര്‍ട്ട് വിഭാഗം എന്നിവയുടെ മേധാവികളെ നേരില്‍ കണ്ട് ദയനീയസ്ഥിതി ബോധ്യപ്പെടുത്തിയതോടെ മനസലിഞ്ഞ അവര്‍ സഹായിക്കാന്‍ സന്നദ്ധമാവുകയായിരുന്നു. പിന്നീട് അബ്ദുറഹീമിനെ നാസ് ദമ്മാം നാടുകടത്തല്‍ കേന്ദ്രത്തില്‍ നേരിട്ട് ഹാജരാക്കി. സാധാരണ ഒരാള്‍ നാടുകടത്തല്‍ കേന്ദ്രത്തിലെത്തിയാല്‍ മൂന്ന് ദിവസം കഴിഞ്ഞ് മാത്രമേ നടപടിക്രമങ്ങള്‍ ആരംഭിക്കുകയുള്ളു. കുറഞ്ഞത് ഏഴ് ദിവസമെങ്കിലും കഴിയാതെ നടപടികള്‍ പൂര്‍ത്തിയാക്കലും സാധ്യമല്ല. എന്നാല്‍ അധികൃതര്‍ ഒറ്റ ദിവസം കൊണ്ട് എല്ലാ നിയമകുരുക്കും അഴിച്ച് ഫൈനല്‍ എക്‌സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ചു. മറ്റ് തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പരമാവധി രഹസ്യമായാണ് എല്ലാം ചെയ്തത്.

റഹീം ദീര്‍ഘകാലം റിയാദില്‍ കാര്‍ ആക്‌സറീസ് ബിസിനസില്‍ ഏര്‍പ്പെട്ടിരുന്നു. അതൊക്കെ നഷ്ടമായതിനെ തുടര്‍ന്ന് ഒന്നര മാസം മുമ്പാണ് ദമ്മാമിലേക്ക് വന്നത്. കുറെക്കാലമായി സ്‌പോണ്‍സറെ കണ്ടിട്ടുമില്ല. എന്നാല്‍ തനിക്കെതിരെ ഒരു കേസും സ്‌പോണ്‍സര്‍ നല്‍കിയിട്ടില്ലെന്ന് രേഖകള്‍ പരിശോധിച്ചപ്പോള്‍ ബോധ്യമായി. ഇതാണ് നാട്ടിലേക്ക് മടങ്ങാനുള്ള നടപടി ക്രമങ്ങളിലേക്ക് കടക്കാന്‍ സഹായകമായത്. സ്‌പോണ്‍സറുടെ പരാതി ഉണ്ടായിരുന്നുവെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായേനെ. നാട്ടിലെത്തിയതിന് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാമെന്ന ഉറപ്പിലാണ് യാത്ര. ഇത്ര വേഗത്തില്‍ നാട്ടിലെത്താമെന്ന പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ലെന്ന് റഹീം പറയുന്നു.

റിയാദില്‍ ഒരു കടനടത്തുകയായിരുന്നു റഹീം. പലതരം പ്രശ്നങ്ങള്‍ ഒന്നിച്ചെത്തിയപ്പോള്‍ എല്ലാം നഷ്ടമായി. വലിയ കടക്കാരനുമായി. കടക്കാരില്‍ നിന്ന് തല്‍ക്കാലത്തേക്ക് മാറി നില്‍ക്കാനാണ് റഹീം ദമ്മാമിലേക്ക് വണ്ടി കയറിയത്. അല്‍ മുന സ്‌കുളിന് സമീപത്തുള്ള ഒരു പെട്രോല്‍ പമ്പിനോട് ചേര്‍ന്നുള്ള വാഹനങ്ങളുടെ ആക്സസറീസ് വില്‍ക്കുന്ന ചെറിയ കടയില്‍ ജോലിചെയ്ത് ജീവിതം മുന്നോട്ട് നീക്കുകയായിരുന്നു. ഇതിനിടെയാണ് ദാരുണമായ സംഭവമുണ്ടായത്. വീടു വില്‍ക്കണം, കടങ്ങള്‍ തീര്‍ക്കണം സമാധാനമുള്ള ഒരു ജീവിതം വേണം ഇതായിരുന്നു ആഗ്രഹം. റഹീം വിശദീകരിച്ചു.

അഫാന്‍ ആദ്യ കുട്ടിയായത് കൊണ്ട് കൂടുതല്‍ വാത്സല്ല്യം നല്‍കിയിരുന്നു. അവനെ ഉള്‍പ്പെടെയാണ് സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടു വന്നത്. പത്ത് മാസത്തോളം റിയാദില്‍ ഒപ്പമുണ്ടായിരുന്നു. കാറ്ററിംഗിനും മറ്റും പോയി അവന്‍ സ്വന്തമായി പണം സമ്പാദിച്ചിരുന്നു. അടുത്ത ദിവസങ്ങളിലൊന്നും അവനെ ഫോണില്‍ കിട്ടിയിരുന്നില്ല. ഇടക്കൊക്കെ കാശിന് വേണ്ടി ഭാര്യയുടെ അടുത്ത് വഴക്കിടാറുണ്ടെന്നും റഹീം പറയുന്നു. ഇളയ മകന്റെ മരണമാണ് ഏറെ സങ്കടകരം. അവന് ഇഷ്ടമുള്ള മന്തി വാങ്ങികൊടുത്തിട്ടാണ് കൊന്നത്. അവനെ വെറുതേ വിടാമായിരുന്നില്ലേയെന്നും റഹീം പറയുന്നു.