- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചെയ്ത ക്രൂരതയെക്കുറിച്ച് കൂസല്‍ ഇല്ലാത്തവര്‍'! കേഡലും അഫാനും തമ്മിലുള്ള സാമ്യം തിരിച്ചറിഞ്ഞ് അന്വേഷകര്‍; കടത്തിന്റെ പേരില്‍ ബന്ധുക്കള്‍ വിമര്‍ശിച്ചതും പ്രണയത്തെ എതിര്‍ത്തതും അഫാന്റെ വൈരാഗ്യത്തിന് കാരണമായി; അനുജന്റെ മൃതദേഹത്തിന് ചുറ്റം 500 രൂപ വിതറിയത് എന്തിന്? ഗാര്‍ഹിക കൊലകളില്‍ 'സൈക്കോ' ഇഫക്ട് വ്യക്തം
തിരുവനന്തപുരം: കേരളത്തെ നടുക്കിയ കൂട്ടക്കൊലയായിരുന്നു നന്തന്‍കോട്ടേത്. ആസ്ട്രല്‍ പ്രൊജക്ഷന്‍ ദുര്‍മന്ത്രവാദത്തിന്റെ സ്വാധീനത്തില്‍ 2017 ഏപ്രില്‍ എട്ടിന് ആണ് കേഡല്‍ ജീന്‍സണ്‍ രാജ എന്ന യുവാവ് അച്ഛന്‍ പ്രൊഫ. രാജതങ്കം, അമ്മ ഡോ. ജീന്‍ പത്മ, സഹോദരി കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊലപ്പെടുത്തിയത്. നന്തന്‍കോട്ടെ ക്ലിഫ് ഹൗസിന് സമീപം ബെയ്ന്‍സ് കോമ്പൗണ്ടിലെ 117-ാം നമ്പര്‍ വീട്ടിലായിരുന്നു നാടിനെ നടുക്കിയ ക്രൂരത. ഇതിന് സമാനമായി വെഞ്ഞാറമൂട്ടിലെ അഫാന്റെ ക്രൂരതയും വിലയിരുത്തുന്നു. മൂന്ന് വീട്ടിലായി അഞ്ചു പേരെ കൊന്നു തള്ളി അഫാന്‍. 'ചെയ്ത ക്രൂരതയെക്കുറിച്ച് കൂസല്‍ ഇല്ലാത്തവര്‍' എന്നതാണ് കേഡലും അഫാനും തമ്മിലുള്ള സാമ്യത്തെ കുറിച്ച് കേരളാ പോലീസ് പ്രതികരിക്കുന്നത്.
ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ലാത്ത ഇരുപത്തിമൂന്നുകാരന്‍ ഇത്രയും ആസൂത്രിതമായി കൂട്ടക്കൊല നടത്തിയ ഞെട്ടലിലാണ് നന്തന്‍കോട്. അഞ്ചുപേര്‍ക്കും ഒന്ന് ഒച്ച വയ്ക്കാന്‍ പോലും സമയം നല്‍കാതെയുള്ള കൊല കേരളാ പോലീസിനേയും ഞെട്ടിക്കുന്നുണ്ട്. അഫാന്‍ വളരെ കൃത്യമായാണ് കൊല നടത്തിയത്. എല്ലാവരുടെയും നെറ്റിക്ക് മുകളിലായാണ് ഓരോ അടിയും. അഫാന്‍ ക്രൂരകൃത്യം നടത്തിയത് ഒറ്റയ്ക്കാണെന്ന് സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തം. സമാനമായി ഒറ്റയ്ക്കായിരുന്നു കേഡല്‍ ജിന്‍സര്‍ രാജയുടേയും കൂട്ടക്കൊല. ഗാര്‍ഹിക കൊലപാതകങ്ങളില്‍ ഈ സംഭവം അതിക്രൂരമായി തന്നെ വിലയിരുത്തി. അതിനും അപ്പുറത്തേക്കാണ് ചുറ്റികയ്ക്ക് അടിച്ചുള്ള അഫാന്റെ കൊലകള്‍. കൊലയ്ക്കുശേഷം കേഡല്‍ ചെന്നൈയിലേക്ക് പോയി. അവിടെനിന്ന് തിരിച്ചെത്തിയപ്പോള്‍ പൊലീസ് പിടികൂടിയ കേഡല്‍ ചിരിച്ച മുഖവുമായി കൈവിലങ്ങ് അണിഞ്ഞ് പൊലീസിനൊപ്പം നീങ്ങി. ദുര്‍മന്ത്രവാദമാണ് നന്തന്‍കോട്ടെ കൊലപാതകത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.
ഗാര്‍ഹികമായ കൊലപാതകങ്ങള്‍ മുമ്പില്ലാത്ത വിധം വര്‍ധിക്കുന്നതായി കേരളാ പോലീസും വിലയിരുത്തുന്നുണ്ട്. ഇതില്‍ 80-90 ശതമാനം കൊലപാതകങ്ങളും മദ്യപാനത്തിന്റെയോ ലഹരി ഉപയോഗത്തിന്റെയോ പശ്ചാത്തലത്തിലാണ് നടക്കുന്നത്. പെട്ടെന്നുണ്ടാകുന്ന പ്രകോപനങ്ങളാണ് പലതിനും കാരണം. ഇത്തരം കൊലപാതക സാധ്യതകള്‍ മുന്‍കൂട്ടി മനസ്സിലാക്കി തടയാന്‍ കഴിയുന്നില്ല. കുടുംബ ബന്ധങ്ങളുടെ തകര്‍ച്ച ഒരു പ്രധാനകാരണമാണ്. സുഹൃത്തുക്കള്‍ക്കിടയിലുണ്ടാകുന്ന തര്‍ക്കങ്ങളും പെട്ടെന്നുള്ള കൊലപാതകത്തിലേക്ക് നയിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം നടന്ന പല കൊലപാതകങ്ങളും ഇത്തരത്തിലുള്ളതാണെന്നും കേരളാ പോലീസ് വിലയിരുത്തുന്നു. ഗാര്‍ഹിക കൊലപാതകങ്ങളില്‍ എല്ലാം 'സൈക്കോ' ഫാക്ടര്‍ വ്യക്തമാണ്.
വെഞ്ഞാറമൂടില്‍ സഹോദരന്‍ അഫ്സാനെ കൊലപ്പെടുത്തിയശേഷം പ്രതി അഫാന്‍ മൃതദേഹത്തിനു ചുറ്റും 500 രൂപയുടെ നോട്ടുകള്‍ വിതറി. എന്തിനാണ് ഇങ്ങനെ ചെയ്തതെന്നതുള്‍പ്പെടെ അന്വേഷിക്കുകയാണെന്ന് പൊലീസ്. സ്വീകരണമുറിയില്‍ നിലത്തുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അഫാനും അഫ്സാനും തമ്മില്‍ 10 വയസ്സ് വ്യത്യാസമുണ്ട്. പിതാവ് വിദേശത്തായതിനാല്‍ പിതാവിന്റെ കരുതലോടെയാണ് അഫാന്‍ അനുജനെ സ്‌നേഹിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. അഫ്‌സാന്റെ പഠനകാര്യത്തിലും ശ്രദ്ധിച്ചിരുന്നു. കൊലപാതകത്തിനു മുമ്പും അനുജന് കുഴിമന്തി വാങ്ങിക്കൊടുത്തിരുന്നു. കുഴിമന്തിയുടെ ബാക്കിയും ശീതളപാനീയവും വീടിന്റെ വരാന്തയിലെ കസേരയിലുണ്ടായിരുന്നു.
കടത്തിന്റെ പേരില്‍ ബന്ധുക്കള്‍ വിമര്‍ശിച്ചതും പ്രണയത്തെ എതിര്‍ത്തതും അഫാന്റെ വൈരാഗ്യത്തിന് കാരണമായി. 2000 രൂപ ചോദിച്ചപ്പോള്‍ അമ്മ തരാതിരുന്നതാണ് പെട്ടെന്നുള്ള പ്രകോപനം എന്നും വിലയിരുത്തല്‍ ഉണ്ട്. അഫാന്‍ ലഹരി ഉപയോഗിച്ചോ എന്ന് കണ്ടെത്താനുള്ള പരിശോധനയുടെ ഫലം ഉടന്‍ വന്നേക്കും. കൊലക്കുശേഷം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി അഫാന്‍ പറഞ്ഞ സാമ്പത്തിക ബുദ്ധിമുട്ട് എന്നത് ശരിയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. വിദേശത്തുള്ള പിതാവിന്റെ ബിസിനസ്സ് എട്ടുവര്‍ഷമായി തകര്‍ച്ചയിലാണ്. നാട്ടിലേക്ക് വരാന്‍ സാധിക്കുന്നില്ല. ബന്ധുക്കളടക്കം പലരോടും കടം വാങ്ങിയിട്ടുണ്ട്. പലരും പലതവണയായി തിരിച്ചു ചോദിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തത് വിഷമമായി.
ഇഷ്ടപ്രകാരമുള്ള അഫാന്റെ ജീവിതത്തിന് പലപ്പോഴും പണം ലഭിച്ചിരുന്നില്ല. ബൈക്കില്‍ പെട്രോള്‍ അടിക്കാന്‍ പോലും പണമില്ലാതെ വിഷമിച്ചു. സാമ്പത്തികവും ജോലിയും ഇല്ലാതെ ഫര്‍സാനയെ വിവാഹം കഴിക്കാന്‍ ആവില്ലെന്ന് ബന്ധുക്കള്‍ നിലപാടെടുത്തു. ഇതും ക്രൂര മനസ്സിലേക്ക് പോകാന്‍ കാരണമായി. പിതാവിന്റെയും മാതാവിന്റെയും ബന്ധുക്കള്‍ സഹായിക്കാത്തതാണ് സാമ്പത്തിക ബുദ്ധിമുട്ടില്‍ നിന്ന് കരകയറാന്‍ തടസമെന്ന ചിന്തയും അഫാനുണ്ടായിരുന്നു. അഫാന്റെ മാനസികനില വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ പരിശോധിക്കാന്‍ പൊലീസ് ആലോചിക്കുന്നുണ്ട്.