തിരുവനന്തപുരം: അഞ്ച് പേരെ നിഷ്‌ക്കരുണം കൊലപ്പെടുത്തിയ കണ്ണില്‍ ചോരയില്ലാത്ത കൊടും ക്രിമിനല്‍ ആണെങ്കിലും മകന്‍ അഫാനെ കൈവിടാതെ മാതാവ് ഷെമീന. വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ പ്രതി അഫാനെ സംരക്ഷിച്ച് വീണ്ടും ഉമ്മ ഷെമീന മൊഴി നല്‍കി. മകന്‍ ചെയ്ത കൂട്ടക്കൊല തിരിച്ചറിഞ്ഞിട്ടും കട്ടിലില്‍ നിന്നും വീണുണ്ടായ അപകടമെന്ന മുന്‍മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് അവര്‍ ഇപ്പോഴും. ഇവരുടെ നിസ്സഹകരണം പോലീസിനെയും കുഴപ്പത്തിലാക്കുന്നുണ്ട്. വെഞ്ഞാറമൂട് എസ്എച്ച്ഒ: ആര്‍.പി.അനൂപ് കൃഷ്ണയുടെ നേതൃത്വത്തില്‍ ഇന്നലെ ഷെമിയുടെ മൊഴിയെടുത്തത്.

ആശുപത്രിയില്‍ നിന്നും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ ഷെമിയുടെ മൊഴി പൊലീസ് ഇന്നലെ വീണ്ടും രേഖപ്പെടുത്തിയിരുന്നു. മകന്‍ അഫാനല്ല ആക്രമിച്ചതെന്നും കട്ടിലില്‍ നിന്നും നിലത്ത് വീണ് തലയ്ക്ക് പരിക്കേറ്റെന്നുമാണ് ഷെമീന ഇന്നലെയും മൊഴി നല്‍കിയത്. മകന് മറ്റാരെയും ആക്രമിക്കാന്‍ കഴിയില്ലെന്നും ഷെമീന പൊലീസിനോട് പറഞ്ഞു. കട്ടിലില്‍ നിന്നു വീണാല്‍ ഇത്രയും വലിയ പരുക്കേല്‍ക്കില്ലല്ലോ എന്ന ചോദ്യത്തിന്, ആദ്യം വീണതിനു ശേഷം എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും വീണു പരുക്കേറ്റുവെന്ന് ഷെമി മറുപടി നല്‍കിയതായാണു വിവരം.

സംഭവദിവസം രാവിലെ നടന്ന കാര്യങ്ങള്‍ ഓര്‍ക്കുന്നുണ്ടോ എന്നു ചോദിച്ചപ്പോള്‍ വിഷയം മാറ്റി കൊണ്ടു പോകുകയാണ് ആ അമ്മ ചെയ്തത്. വിശക്കുന്നു, ശരീരം തളരുന്നു എന്നെല്ലാം പറഞ്ഞു. കടബാധ്യതയുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഷെമിയുടെ ഡയറിയിലെ വിവരങ്ങള്‍ സംബന്ധിച്ചും ചോദിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. ഒരു മണിക്കൂര്‍ ഷെമിയുമായി സംസാരിച്ചെങ്കിലും മൊഴി രേഖപ്പെടുത്തല്‍ പൂര്‍ത്തിയാക്കാതെയാണു പൊലീസ് മടങ്ങിയത്.

കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഷെമിയുടെ ആരോഗ്യനില ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നാണു പൊലീസിന്റെ വിലയിരുത്തല്‍. കേസിലെ മൂന്നാംഘട്ട തെളിവെടുപ്പിനായി പ്രതി അഫാനെ ഇന്നു വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. രാവിലെ 11ന് നെടുമങ്ങാട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും.

അച്ഛന്റെ സഹോദരനെയും ഭാര്യയും കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡില്‍ വാങ്ങിയ പ്രതിയെ പൊലീസ് കഴിഞ്ഞ ദിവസം വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കടം വാങ്ങിയ പണം തിരികെ കിട്ടാന്‍ നിരന്തരം അധിക്ഷേപിച്ചത് കൊണ്ടാണ് പിതൃസഹോദരനായ ലത്തീഫിനെയും ഭാര്യയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതെന്നാണ് അഫാന്റെ മൊഴി.

തെളിവെടുപ്പിനിടെ യാതൊരു കൂസലുമില്ലാതെയാണ് അഫാന്‍ താന്‍ ചെയ്ത ക്രൂരതകളഅ പൊലീസിനോട് വിവരിച്ചത്. 80,000 രൂപ ലത്തീഫില്‍ നിന്നും കടം വാങ്ങിയിരുന്നു. പണം തിരികെ ചോദിച്ച് ബുദ്ധിമുട്ടിച്ചു. അച്ഛന്റെ അമ്മയുടെ സ്വര്‍ണം വാങ്ങുന്നതിനും തടസ്സം നിന്നത് ലത്തീഫായിരുന്നു. ഇതാണ് ലത്തീഫിനെ വകവരുത്താന്‍ കാരണം. അമ്മയെ കഴുത്ത് ഞെരിച്ച് നിലത്തിട്ട ശേഷം ആദ്യം അച്ഛന്റെ അമ്മയെ കൊന്നു. അതിനുശേഷമാണ് ലത്തീഫിന്റെ വീട്ടിലെത്തുന്നത്. അഫാനെ കണ്ട് സാജിത അടുക്കളയിലേക്ക് പോയി.

ബാഗിലിരുന്ന ചുറ്റികയെടുത്ത് ഹാളിലെ സെറ്റിയിലിരുന്ന ലതീഫീന്റെ തലയില്‍ പലവട്ടം അടിച്ചു. ശബ്ദം കേട്ട് ഓടിവന്ന സാജിതയെയും അടിച്ചു. അടുക്കളയിലേക്ക് ഓടിയ സാജിതയെ പിന്നില്‍ ചെന്ന് ആക്രമിച്ചുകൊന്നു. ലത്തീഫിന്റെ മൊബൈലും കാറിന്റെ താക്കോലും 50 മീറ്റര്‍ അപ്പുറം കാട്ടിലേക്കറിഞ്ഞ ശേഷം വീട്ടിലേക്ക് പോയി. ഈ മൊബൈല്‍ ഫോണ്‍ അഫാന്റെ സാനിധ്യത്തില്‍ പൊലീസ് ഇന്നലെ കണ്ടെത്തി.

ആക്രമണം തടസ്സപ്പെടുത്തുന്നവരുടെ കണ്ണിലേക്കെറിയാന്‍ മുളക്‌പൊടിയും അഫാന്‍ വാങ്ങിവെച്ചിരുന്നു. വീട്ടിലെത്തിച്ചുള്ള പരിശോധനയിലാണ് മുളകുപൊടി പൊതിഞ്ഞത് കണ്ടെത്തിയത്. ആയുധം സൂക്ഷിച്ചിരുന്ന ബാഗിലാണ് മുളക്‌പൊടിയുമുണ്ടായിരുന്നത്.