- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് നിർമ്മിച്ചു തനിക്കും കുടുംബത്തിനുമെതിരെ അധിക്ഷേപം; ആകാശ് തില്ലങ്കേരിക്കെതിരെ പരാതി നൽകിയതിന് പിന്നാലെ സൈബർ ആക്രമണമെന്ന് യുവതി; വ്യാജപ്രൊഫൈലിനെതിരെ പരാതി നൽകുമെന്നും ശ്രീലക്ഷ്മി; അക്കൗണ്ട് ഹാക്ക് ആയിപ്പോയതാകുമെന്ന് ആകാശിന്റെ പരിഹാസവും
കണ്ണൂർ: ഷുഹൈബ് വധക്കേസിൽ സി,പി.എമ്മിനെ സമ്മർദ്ദത്തിലാക്കിയ വെളിപ്പെടുത്തൽ നടത്തിയ ആകാശ് തില്ലങ്കേരിക്കെതിര സ്ത്രീത്തത്വത്തെ അപമാനിച്ചതിന് പരാതി നൽകിയ യുവതിക്കെതിരെ സൈബർ ആക്രമണം.വ്യാജ പ്രൊഫൈൽ ഉണ്ടാക്കി തന്നെയും തന്റെ കുടുംബത്തെയും അപമാനിക്കുന്നുവെന്ന് ശ്രീലക്ഷ്മി അനുപ് പറയുന്നു.ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്.
പരാതി കൊടുത്തതിന്റെ ഭാഗമായി പിന്നെയും എന്നെ വ്യക്തിപരമായി ആക്രമിക്കുന്നതിന്റെ തുടർച്ച എന്നോണമാണ് എന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്തുകൊണ്ടുള്ള വ്യാജ പ്രൊഫൈലിൽ നിന്നുമുള്ള ഇത്തരം വ്യാജ നിർമ്മിതികൾ...ശക്തമായ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ശ്രീലക്ഷ്മി കുറിപ്പിൽ പറയുന്നു.
കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..
എന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് വ്യാജ സ്‌ക്രീന്‌ഷോട്ട് ഉണ്ടാക്കിയിട്ട് പ്രചരണം നടത്തുന്നതായി ശ്രദ്ധയിൽ പെട്ടു...എന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് നിർമ്മിച്ചു എനിക്കും എന്റെ കുടുംബത്തിനെതിരും അധിക്ഷേപ കമെന്റുമായി എന്റെ പോസ്റ്റിൽ വന്ന ഐഡിക്ക് എതിരെയും പരാതി കൊടുത്തിട്ടുണ്ട്...
പരാതി കൊടുത്തതിന്റെ ഭാഗമായി പിന്നെയും എന്നെ വ്യക്തിപരമായി ആക്രമിക്കുന്നതിന്റെ തുടർച്ച എന്നോണമാണ് എന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്തുകൊണ്ടുള്ള വ്യാജ പ്രൊഫൈലിൽ നിന്നുമുള്ള ഇത്തരം വ്യാജ നിർമ്മിതികൾ...ശക്തമായ നിയമ നടപടിയുമായി മുന്നോട്ട് പോകും.....
ഈ പോസ്റ്റിന് താഴെ പരിഹാസവുമായി ആകാശ് തില്ലങ്കേരിയുമെത്തി.അക്കൗണ്ട് ഹാക്ക് ചെയ്താവും എന്നാണ് പരിഹാസവുമായി ആകാശ് എത്തിയത്.ഒപ്പം എനിക്കെതിരെ കേസ് കൊടുത്തെന്ന് പറയപെടുന്ന കമന്റുകളൊക്കെ ഡിലീറ്റ് ചെയ്തിട്ട് അതൊക്കെ ഫോട്ടോഷോപ്പാണെന്ന് ഞാനും പറയട്ടെ എന്നും ആകാശ് തില്ലങ്കേരി ചോദിക്കുന്നു.
കഴിഞ്ഞ ദിവസം സിപിഎമ്മിനെ വെട്ടിലാക്കിയ വെളിപ്പെടുത്തൽ ആകാശ് തില്ലങ്കേരി നടത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ആകാശ് തില്ലങ്കേരിക്കെതിര പൊലീസ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മന്ത്രി എം.ബി. രാജേഷിന്റെ പേഴ്‌സണൽ സ്റ്റാഫിന്റെ ഭാര്യയുടെ പരാതിയിലാണ് കേസ്. തനിക്കെതിരെ ആകാശ് തില്ലങ്കേരി ഫേസ്‌ബുക്കിലൂടെ അപവാദ പ്രചരണം നടത്തിയെന്നാണ് പരാതിക്കാരിയായ ശ്രീലക്ഷ്മി അനുപ് പറയുന്നത്.
ഡി,വൈ,എഫ്.ഐ കമ്മിറ്റിയിൽ ആകാശിനെതിരെ സംസാരിച്ചതിനാണ് പ്രകോപനത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു. ആകാശും സുഹൃത്തുക്കളും കന്നെ ഫേസ്‌ബുക്കിലൂടെ അധിക്ഷേപിക്കുകയാണെന്നും പരാതിയിലുണ്ട്. ഷുഹൈബ് വധക്കേസിൽ പാർട്ടി നേതൃത്വത്തിന് തലവേദനയായി മുഖ്യപ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു ആകാശിനെതിരെയുള്ള കേസ്.
ആകാശിനെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും രംഗത്ത് വന്നിരുന്നു. ഷുഹൈബ് വധക്കേസിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് എം വി ജയരാജൻ പറഞ്ഞു. കേസിൽ ശരിയായ പ്രതികളാണ് പിടിക്കപ്പെട്ടിട്ടുള്ളത്. ഒരു വിധത്തിലുള്ള അന്വേഷണവും പാർട്ടി ഭയക്കുന്നില്ല, ആകാശ് തില്ലങ്കേരിയുടെ ആരോപണം തള്ളിയ ജയരാജൻ മാപ്പ് സാക്ഷിയാകാനുള്ള ഒന്നാം പ്രതിയുടെ ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചു.
ഡിവൈഎഫ്ഐ ബ്‌ളോക്ക് പ്രസിഡന്റ് സരീഷ്, ആകാശ് തില്ലങ്കേരിക്കെതിരായിട്ട ഫേസ്‌ബുക്ക് പോസ്റ്റിലെ മറുപടിയിലാണ് എടക്കാട് ഷുഹൈബ് വധക്കേസിൽ പാർട്ടി നേതൃത്വത്തെ പ്രതിസ്ഥാനത്താക്കുന്ന ആരോപണവുമായി ആകാശ് രംഗത്തെത്തിയത്. ക്വട്ടേഷന് ആഹ്വാനം ചെയ്തവർക്ക് നല്ല ജോലി ലഭിച്ചെന്നും അത് നടപ്പാക്കിയവർക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വയ്ക്കലുമാണ് പ്രതിഫലമെന്നാണ് ആകാശ് പറയുന്നത്.
പാർട്ടി തള്ളിയതോടെയാണ് തങ്ങൾ സ്വർണ്ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തെറ്റിലേക്ക് പോകാതിരിക്കാനോ തിരുത്തിക്കാനോ പാർട്ടി ശ്രമിച്ചില്ല. ക്ഷമ നശിച്ചതുകൊണ്ടാണ് ഇപ്പോൾ തുറന്നുപറയുന്നത്.' ആകാശ് പറയുന്നു.പാർട്ടി സംരക്ഷിക്കാതിരുന്നപ്പോഴാണ് തെറ്റായ വഴി തിരഞ്ഞെടുക്കേണ്ടി വന്നത്. ആത്മഹത്യ മാത്രം മുന്നിൽ അവശേഷിച്ചപ്പോഴാണ് പലവഴി സഞ്ചരിക്കേണ്ടി വന്നത്. പാർട്ടിയിലെ ഊതിവീർപ്പിച്ച ബലൂണുകളെ പച്ചയ്ക്ക് നേരിടുമെന്നാണ് ആകാശ് തില്ലങ്കേരി പറയുന്നത്.
പോസ്റ്റിൽ കമന്റ് ചെയ്തതിന് പിന്നാലെ ആകാശ് തില്ലങ്കേരിക്കെതിരെ മട്ടന്നൂരിലെ പാർട്ടി നേതാക്കളെ തേജോവധം ചെയ്യുന്നെന്ന പേരിൽ പരാതി സിപിഎമ്മിൽ ലഭിച്ചു. സംഭവം വിവാദമായതിനെ തുടർന്ന് ഫേസ്‌ബുക്ക് പോസ്റ്റ് നീക്കം ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ