- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്തിന്റെ പിൻഭാഗം റൺവെയിൽ ഉരസിയെന്ന് സംശയം; അടിയന്തര ലാൻഡിങ്ങിനുള്ള സ്ഥലങ്ങൾ മാറിമറിഞ്ഞത് ആശയക്കുഴപ്പമായി; തിരുവനന്തപുരത്ത് നിശ്ചയിച്ച സമയത്ത് ലാൻഡിങ്ങ് നടക്കാഞ്ഞത് ആശങ്കയായി; അനിശ്ചിതത്വത്തിന്റെ രണ്ടര മണിക്കൂർ; ഒടുവിൽ കോഴിക്കോട്-ദമാം എയർ ഇന്ത്യ എക്സപ്രസ്സിന് സുരക്ഷിത ലാൻഡിങ്
തിരുവനന്തപുരം:കോഴിക്കോട് നിന്ന് ടേക്ക് ഓഫ് ചെയ്ത കോഴിക്കോട് - ദമാം എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി. പറന്നുയർന്നതിന് പിന്നാലെ തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ അടിയന്തിര ലാന്റിംഗിന് അനുമതി തേടുകയായിരുന്നു. 182 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് രണ്ടര മണിക്കൂറിന് ശേഷമാണ് ലാന്റിങ്. ലാന്റ് ചെയ്തത് സുരക്ഷിതമായാണ് എന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു.
വിമാനത്തിന് ഹൈഡ്രോളിങ് തകരാർ മാത്രമാണ് ഉള്ളത്. ഏറെ നേരം കോഴിക്കോട് വിമാനത്താവളത്തിന് ചുറ്റും പറന്നിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ തന്നെ ലാന്റ് ചെയ്യാൻ അനുമതിക്ക് ശ്രമിച്ചിരുന്നു. പിന്നീട് കൊച്ചിയിലോ തിരുവനന്തപുരത്തോ എന്ന് ആലോചിക്കുകയും സുരക്ഷ കൂടിയ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നു.
കരിപ്പൂരിൽനിന്ന് ഉയർന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്‌സ് 385 വിമാനം ടേക് ഓഫ് ചെയ്യുമ്പോൾ പിൻഭാഗം റൺവേയിൽ ഉരസിയെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. ഹൈഡ്രോളിക് സംവിധാനത്തിൽ തകരാർ ഉണ്ടെന്ന സംശയത്തിലാണ് എമർജെൻസി ലാൻഡിങ്ങ് നിശ്ചയിച്ചത്.കരിപ്പൂരിൽ അടിയന്തര ലാൻഡിങ് സാധിക്കാത്തതിനാൽ കൊച്ചിയും തിരുവനന്തപുരവും പരിഗണിക്കുകയും ഒടുവിൽ തിരുവനന്തപുരത്ത് ലാൻഡിങ് നിശ്ചയിക്കുകയായിരുന്നു.
11.03-ന് ആണ് ആദ്യം ലാൻഡിങ് നിശ്ചയിച്ചത്.എന്നാൽ, അതിന് സാധിച്ചില്ല.ഇതോടെ പിന്നെയും ആശങ്കയേറി. തിരുവനന്തപുരം വിമാനത്താവളത്തിന് മുകളിൽ വട്ടമിട്ട് പറന്ന്, കോവളം ഭാഗത്ത് കടലിലേക്ക് ഇന്ധനം ഒഴുക്കിക്കളഞ്ഞാണ് ലാൻഡിങ്ങിന് തയ്യാറെടുത്തത്.ഈ സമയം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.എല്ലാ വിമാനങ്ങളുടേയും ടേക് ഓഫും ലാൻഡിങ്ങും നിർത്തിവച്ചാണ് ലാൻഡിങ്ങിനായി തയ്യാറെടുത്തത്.
ലാൻഡിങ്ങിനുള്ള ഇന്ധനം മാത്രമായിരുന്നു വിമാനത്തിൽ ബാക്കിയുണ്ടായിരുന്നത്. ഇടിച്ചിറങ്ങിയാൽ അത്യാഹിതം ഒഴിവാക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഇന്ധനം ഒഴുക്കിക്കളഞ്ഞത്.ഒടുവിൽ ഉച്ചയ്ക്ക് 12.15-ന് നിശ്ചയിച്ച സമയത്ത് വിമാനം ഇറങ്ങി. വിമാനത്താവളത്തിൽ അപ്പോൾ ഏത് പ്രതിസന്ധിയും നേരിടാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായിരുന്നു. സുരക്ഷിത ലാൻഡിങ്ങിനായി ഏവരും കാത്തു. കൃത്യസമയത്ത് തന്നെ റൺവേയിലേക്ക് വിമാനം വന്നിറങ്ങി. അതോടെ മണിക്കൂറുകൾ നീണ്ട ആശങ്ക ആശ്വാസത്തിന് വഴിമാറി.
റൺവേയിൽനിന്ന് വിമാനം പാർക്കിങ് ബേയിലേക്ക് എത്തിയതോടെ ദൗത്യം അപകടമില്ലാതെ പൂർത്തിയാക്കാനായ ആശ്വാസത്തിൽ പൈലറ്റും ജീവനക്കാരും.നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കൊടുവിൽ 182 യാത്രക്കാർക്കും ആശ്വാസമാവുകയായിരുന്നു. യാത്രക്കാരെയെല്ലാം പുറത്തിറക്കിയ ശേഷം കൂടുതൽ പരിശോധനയ്ക്കായി ചാക്കയിലെ ഹാങ്ങർ യൂണിറ്റിലേക്ക് വിമാനം മാറ്റും.
മറുനാടന് മലയാളി ബ്യൂറോ