തിരുവനന്തപുരം: സിനിമാതാരങ്ങള്‍ എന്ന മേല്‍വിലാസത്തിന് പുറമെ ഒട്ടനവധി സന്നദ്ധ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന നിരവധി താരങ്ങള്‍ നമുക്കുണ്ട്.ചിലര്‍ കൃത്യമായ പി ആര്‍ വര്‍ക്കിലൂടെ ചെയ്യുന്ന പ്രവൃത്തികളെ മറ്റുള്ളവരെ അറിയിക്കുമ്പോള്‍ ഒരു കൈ കൊടക്കുന്നത് മറു കൈ അറിയരുത് എന്ന് വിശ്വസിക്കുന്ന താരങ്ങളും ഇതിനിടയിലുണ്ട്.അത്തരത്തില്‍ ഏവരാലും ആദരിക്കപ്പെടുന്ന മാതൃകയാക്കേണ്ടുന്ന താരമാണ് തമിഴ്നടന്‍ സൂര്യ.സുര്യയുടെ നേതൃത്വത്തിലുള്ള അഗരം ഫൗണ്ടേഷന്റെ സഹായത്തോടെ നിരവധി വിദ്യാര്‍ത്ഥികളാണ് വര്‍ഷാവര്‍ഷം പഠനം പൂര്‍ത്തിയാക്കി മികച്ച ജീവിതസാഹചര്യത്തിലേക്ക് കാലെടുത്തുവെക്കുന്നത്.അഗരം ഫൗണ്ടേഷന്റെ 15 ാം വാര്‍ഷിക ദിനത്തിലാണ് സൂര്യയുടെ ഈ സുമനസ്സിന്റെ കഥ കുടുതലായി പുറംലോകമറിയുന്നത്.

അഗരത്തിന്റെ പതിനഞ്ച് വര്‍ഷങ്ങള്‍..51 ഡോക്ടമാര്‍, 1800ഓളം എഞ്ചിനീയര്‍മാര്‍

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിനായി സൂര്യയുടെ നേതൃത്വത്തില്‍ 2006 സെപ്റ്റംബര്‍ 25-നാണ് അഗരം ഫൗണ്ടേഷന് രൂപം കൊണ്ടത്.തന്റെ 35ാം വയസ്സിലാണ് സൂര്യ അഗരത്തിനു തുടക്കം കുറിക്കുന്നത്.160 സീറ്റില്‍ ആരംഭിച്ച കുട്ടികളുടെ പഠനം വര്‍ഷങ്ങള്‍ക്കിപ്പുറം ആറായിരത്തില്‍ എത്തിനില്‍ക്കുകയാണ്.'അഗര'ത്തിലെ കുട്ടികള്‍ക്കായി വിവിധ കോളജുകളിലായി എഴുന്നൂറോളം സീറ്റുകളും ഇന്നു മാറ്റി വയ്ക്കുന്നുണ്ട്.

അഗരത്തിന്റെ കീഴില്‍ പഠിച്ച് ഇതിനകം 51 ഡോക്ടര്‍ന്മാരാണ് രാജ്യത്തിന് ലഭിച്ചിരിക്കുന്നത്.ഒപ്പം 1800ഓളം എഞ്ചിനീയര്‍മാരെ വാര്‍ത്തെടുക്കാനും സൂര്യയ്ക്ക് സാധിച്ചു.അഗരത്തില്‍ 60 ശതമാനത്തോളം പേരും പെണ്‍കുട്ടികളാണ് എന്നത് ഏറെ ശ്രദ്ധേയമാണ്.അഗരം ഫൗണ്ടേഷന്റെ 15-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഇവരെല്ലാം ഒരുവേദിയില്‍ ഒത്തു കൂടിയത്.തങ്ങളുടെ കഷ്ടതകളില്‍ തുണയായി നിന്ന് വിദ്യാഭ്യാസത്തിനുള്ള സഹായം നല്‍കി, ഇന്നവര്‍ക്ക് മികച്ചൊരു ജീവിതം നല്‍കിയ സൂര്യയെ പ്രശംസിച്ച് ഓരോരുത്തരും സംസാരിച്ചപ്പോള്‍ നടന്റെ കണ്ണും മനസും നിറഞ്ഞു.ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.




ഓരോരുത്തരും തങ്ങളുടെ അനുഭവം പറയുമ്പോള്‍ കരഞ്ഞും, സക്സസില്‍ നിറഞ്ഞ കയ്യടിയും നല്‍കി വരവേറ്റ സൂര്യയുടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.'തോള്‍കൊടുത്ത് തൂക്കിവിട്ട അണ്ണന്‍', എന്നാണ് സൂര്യയെ പലരും വിശേഷിപ്പിച്ചത്.പിന്നാലെ അഗരത്തിന്റെ കഥയും നാള്‍വഴികളും പറഞ്ഞ സൂര്യയുടെ പ്രസംഗവും ശ്രദ്ധേയമാണ്.തന്റെ 35ാം വയസ്സിലാണ് അഗരത്തിനു തുടക്കം കുറിച്ചതെന്ന് സൂര്യ പറഞ്ഞു. എന്നാല്‍, ഇന്ന് അഗരത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്, ഇവിടെ നിന്നു പഠിച്ചിറങ്ങിയ കുട്ടികളാണ്. ഇങ്ങനെയൊരു ചെയിന്‍ വരണമെന്നാണ് ആഗ്രഹിച്ചത്. അത് മനോഹരമായി ഇപ്പോള്‍ മുന്നോട്ടുപോകുന്നുവെന്നും സൂര്യ പറഞ്ഞു.

പഠിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും അധ്യാപകരോ ആപ്ലിക്കേഷന്‍ ഫോം വാങ്ങാന്‍ പൈസയോ ഇല്ലാത്തവരായ വിദ്യാര്‍ത്ഥികളുണ്ടെന്ന് മനസിലാക്കി. അഗരം ഫൗണ്ടേഷന്‍ ആരംഭിക്കുമ്പോള്‍ 100 പേരെ പഠിപ്പിക്കണമെന്നാണ് കരുതിയതെങ്കിലും 160 പേരാണ് പഠിക്കാനുള്ള ആഗ്രഹവുമായെത്തിയത്. എന്നാല്‍ ഒരുപാടുപേര്‍ സഹായവുമായി വന്നു. ആ യാത്രയാണ് ഇപ്പോഴും തടസമില്ലാതെ പോകുന്നത്. ഈ മനോഹരമായ യാത്രയില്‍ എന്നെയും കൂടെക്കൂട്ടിയതിന് നന്ദി. വിദ്യാര്‍ത്ഥികളായ നിങ്ങളുടെ അശ്രാന്ത പരിശ്രമമാണ് ഇതിനെല്ലാം കാരണം. നിങ്ങള്‍ പാതിവഴിയില്‍ പഠനം നിര്‍ത്തിയിരുന്നെങ്കില്‍, സ്വപ്നം കണ്ടിരുന്നില്ലെങ്കില്‍ ഈ 15 വര്‍ഷത്തെ യാത്ര നടക്കില്ലായിരുന്നു. സൂര്യ പറഞ്ഞു.

ആട്ടിയിറക്കപ്പെട്ട വീടിനുപകരം 2 വീട്! 10 ലക്ഷം ശമ്പളമുള്ള ജോലി.. സൂര്യയെ കരയിച്ച ആ കഥ

അഗരത്തിന്റെ പതിനഞ്ചാം വാര്‍ഷിക വേളയില്‍ ഒത്തുചേര്‍ന്ന പലരും തങ്ങളുടെ അനുഭവങ്ങള്‍ വിവരിച്ചപ്പോള്‍ സൂര്യ അക്ഷരാര്‍ത്ഥത്തില്‍ വികാരാധീനനാവുകയായിരുന്നു.ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്.സൂര്യയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തുവരുന്നത്.ഇതില്‍ ജനപ്രിയ എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് സുര്യയെ കരച്ചിലിലേക്ക് നയിച്ചത്.ജയപ്രിയ എന്ന പെണ്‍കുട്ടി തന്റെ വിജയകഥ പറഞ്ഞപ്പോള്‍ സൂര്യയുടെ കണ്ണുകള്‍ നിറയുകയും ചെയ്തു.മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന, വൈദ്യുതി പോലുമില്ലാത്ത കടലൂരിലെ ഒരു വീട്ടില്‍നിന്ന് വന്ന് അഗരത്തിന്റെ സഹായത്തോടെ പഠിച്ച് ഇന്‍ഫോസിസില്‍ പത്ത് ലക്ഷത്തോളം വാര്‍ഷിക ശമ്പളമുള്ള ടെക്‌നോളജി ലീഡ് ജോലി കിട്ടിയതിനെ കുറിച്ചാണ് ജയപ്രിയ സംസാരിച്ചത്.




അന്ന് തങ്ങളുടെ കൊച്ചുവീട് ചില ആളുകള്‍ തട്ടിയെടുത്തുവെന്നും ഇന്ന് തന്റെ അമ്മയുടെ പേരില്‍ രണ്ട് വീടുകളുണ്ടെന്നും ജയപ്രിയ പറയുന്നു.ജയപ്രിയയുടെ വാക്കുകള്‍ ഇങ്ങനെ..'കടലൂരില്‍ നിന്ന് വരുന്ന എന്റെ പേര് ജയപ്രിയ എന്നാണ്. 2014 ബാച്ചിലുള്ള വിദ്യാര്‍ഥിയാണ് ഞാന്‍. ഇപ്പോള്‍ വളരേയധികം സന്തോഷകരമായ ജീവിതമാണ് എനിക്കുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ എംഎന്‍സികളില്‍ ഒന്നായ ഇന്‍ഫോസിസില്‍ ടെക്‌നോളജി ലീഡായി ജോലി ചെയ്യുകയാണ് ഞാനിപ്പോള്‍.

ഇനി ഞാന്‍ എന്റെ കഥ പറയാം. എണ്‍പതുകളിലെ സിനിമകള്‍ പോലെയാണ് എന്റെ ജീവിതം തുടങ്ങുന്നത്. എന്റെ നാടും വീടുമെല്ലാം വളരെ ചെറുതാണ്. നഗരത്തില്‍ നിന്ന് അകന്ന് ഏറെ ദൂരെയായി മരങ്ങളുടേയും ചെടികളുടേയും നടുവിലാണ് എന്റെ വീട് സ്ഥിതി ചെയ്യുന്നത്. മണ്‍ചുമരുള്ള വീടായിരുന്നു. ഒരു ചെറിയ മഴ പെയ്താല്‍ ഉടന്‍ വെള്ളം കയറും. ഇടയ്ക്കിടെ അതിഥികളായി പാമ്പും പല്ലിയുമെല്ലാം വരും. വീട്ടില്‍ കറന്റ് ഉണ്ടായിരുന്നില്ല. വെള്ളം ഉണ്ടായിരുന്നില്ല. എന്നിട്ടും എനിക്ക് പഠിക്കാന്‍ ഒരുപാട് ഇഷ്ടമായിരുന്നു. ആളുകള്‍ എന്നെ തിരിച്ചറിഞ്ഞിരുന്നത് ഞാന്‍ പഠിക്കാന്‍ മിടുക്കിയാണ് എന്ന ഒറ്റക്കാരണം കൊണ്ടാണ്. ഞാന്‍ നന്നായി പഠിച്ചു. എന്തൊക്കെ സംഭവിച്ചാലും രാത്രി എന്റെ കയ്യില്‍ എപ്പോഴും പാഠപുസ്തകങ്ങള്‍ കാണും. ഞാന്‍ എപ്പോഴും പഠിച്ചു കൊണ്ടേയിരിക്കും.

വേറൊരു കാര്യം കൂടി പറയാനുണ്ട്. ഞാന്‍ നേരത്തേ എന്റെ വീടിനെക്കുറിച്ച് നിങ്ങളോട് പറഞ്ഞില്ലേ.ഇടക്ക് ഞങ്ങളുടെ വീട് ചിലര്‍ തട്ടിയെടുത്തു.ഞങ്ങള്‍ രണ്ട് പെണ്‍കുട്ടികളാണ്. എന്റെ അച്ഛനും അമ്മയും വിദ്യാഭ്യാസമില്ലാത്തവരാണ്. അവര്‍ തീര്‍ത്തും ദരിദ്രരാണ്. അതോടെ ഞങ്ങള്‍ക്ക് വീട് ഇല്ലാതെയായി. ഞാന്‍ പ്ലസ് ടുവിന് നല്ല മാര്‍ക്ക് വാങ്ങി വിജയിച്ചു. സ്‌കൂളിലെ ടോപ്പര്‍ ആയിരുന്നു. പക്ഷേ അതിനുശേഷം എന്ത് ചെയ്യണം എന്നെനിക്ക് അറിയില്ലായിരുന്നു. വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയായിരുന്നു ഞാന്‍ ആ സമയത്ത് കടന്ന് പോയിരുന്നത്. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് എന്റെ വിദ്യാഭ്യാസം, മറ്റൊന്ന് അഗരം. അഗരം ഫൗണ്ടേഷന്‍ എന്നെ സംബന്ധിച്ചിടത്തോളം എന്റെ ജീവിതത്തില്‍ സംഭവിച്ച മനോഹരമായൊരു ആക്‌സിഡന്റ് ആയിരുന്നു എന്ന് പറയാം.




കാരണം എനിക്ക് അഗരം ഫൗണ്ടേഷനെ കുറിച്ച് ഒന്നുമറിയില്ലായിരുന്നു.ആരും എന്നോട് ആ സ്ഥാപനത്തെക്കുറിച്ച് പറഞ്ഞിട്ടില്ലായിരുന്നു. ഒരിക്കല്‍ എന്റെ ഹെഡ്മിസ്ട്രസ് ഒരു പത്തക്കനമ്പര്‍ എന്റെ കയ്യില്‍ തന്നു. എന്നിട്ട് എന്നോട് പറഞ്ഞു.'നീ ഒരു കാര്യം ചെയ്യൂ.ഈ നമ്പറിലേക്ക് ഒന്ന് വിളിക്കൂ. നിനക്ക് എന്താണോ വേണ്ടത് അത് നിനക്ക് ഇവിടെ നിന്ന് കിട്ടും'.

അങ്ങനെ 2014 മാര്‍ച്ച് മാസം ഞാന്‍ അവര്‍ തന്ന ആ നമ്പര്‍ ഡയല്‍ ചെയ്തു. എന്റെ ജീവിതം അതിന് ശേഷം ഏറെ മനോഹരമായി മാറി. തമിഴ്‌നാട്ടിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ സായ് റാമില്‍ പഠിക്കാനുള്ള അവസരം ലഭിച്ചു. അന്ന് കോളേജില്‍ ചേര്‍ന്ന സമയത്ത് ഞാന്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിച്ചു. എനിക്ക് ഇംഗ്ലീഷ് വഴങ്ങില്ലായിരുന്നു. ഞാന്‍ തമിഴ് മീഡിയത്തിലാണ് പഠിച്ചിരുന്നത്. ഇംഗ്ലീഷ് അത്ര പെട്ടെന്ന് മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചിരുന്നില്ല. ഞാന്‍ വീണ്ടും അഗരത്തില്‍ ചെന്ന് എന്നെ സഹായിക്കണം എന്നവരോട് പറഞ്ഞു. അവര്‍ എനിക്ക് വേണ്ട കരിയര്‍ ഗൈഡന്‍സ് തന്നു. ഞാന്‍ അത് കൃത്യമായി പിന്തുടര്‍ന്നു. പിന്നീട് അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഗോള്‍ഡ് മെഡലോടെ പഠനം പൂര്‍ത്തിയാക്കി.

അതിനുശേഷം ഞാന്‍ ടിസിഎസ്എയില്‍ ജോലി തുടങ്ങി. ഇപ്പോള്‍ ഞാന്‍ ഇന്‍ഫോസിസില്‍ ജോയിന്‍ ചെയ്തു. ഇത്രയൊക്കെ നേടിയിട്ടും എന്റെ ഒരു ആഗ്രഹം ബാക്കിയായി നിന്നു. അച്ഛനമ്മമാര്‍ക്ക് സമാധാനമായി തലചായ്ക്കാന്‍ പാകത്തിന് ഒരു വീട് വേണം എന്ന ആഗ്രഹം. അതും സാധിച്ചു. ഇന്ന് ഞാന്‍ വളരെ വലിയൊരു വീട് വച്ചിട്ടുണ്ട്. ഞാന്‍ നേരത്തെ നിങ്ങളോട് പറഞ്ഞില്ലേ, എന്റെ പക്കല്‍ ഉണ്ടായിരുന്ന വീട് ചിലര്‍ തട്ടിയെടുത്തു എന്ന്. 10 വര്‍ഷമായി അഗരം എനിക്ക് നല്‍കിയ വിദ്യാഭ്യാസത്തിലൂടെ നിയമപരമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഞാന്‍ എന്റെ വീട് തിരിച്ചെടുത്തു.

ഇന്നിപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷവും അഭിമാനവുമുണ്ട്. ഒരുകാലത്ത് ഞങ്ങള്‍ക്ക് വീട് ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്റെ അമ്മ രണ്ട് വീടുകളുടെ ഉടമസ്ഥയാണ്. എന്തിനാണ് പെണ്‍കുട്ടികളെ പഠിപ്പിക്കുന്നതെന്നും അവരെ വിവാഹം കഴിപ്പിച്ച് അയക്കേണ്ടതല്ലേ എന്നും ഈ പത്ത് വര്‍ഷത്തിനിടെ പലരും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഇപ്പോഴും അങ്ങനെ പറയുന്നവരുണ്ടോ എന്ന് എനിക്കറിയില്ല. ഇനിയും അങ്ങനെ പറയുന്നവര്‍ ഉണ്ടെങ്കില്‍ എനിക്ക് അവരോട് ഒറ്റക്കാര്യമേ പറയാനുള്ളൂ 'പെണ്‍കുട്ടികള്‍ പഠിക്കട്ടെ..'

സിനിമയ്ക്കും താരത്തിനും മേലേ വളരുന്ന സൂര്യ

സംവിധായകന്‍ പാ രഞ്ജിത്തിന്റെ വെട്ടുവം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു മരണപ്പെട്ട സംഭവം തമിഴ് സിനിമാലോകത്തെ തന്നെ പിടിച്ചുലച്ചിരുന്നു.പിന്നാലെ അദ്ദേഹത്തിന്റെ കുടുംബത്തെ ചേര്‍ത്ത് പിടിച്ച് തമിഴ് സിനിമാലോകം ഒന്നടങ്കം രംഗത്തെത്തി.സാമ്പത്തിക സഹായങ്ങളുമായി താരങ്ങള്‍ വന്നപ്പോള്‍ മക്കളുടെ പഠനചെലവ് ഏറ്റെടുക്കുകയായിരുന്നു സൂര്യ.പിന്നാലെയാണ് സിനിമലോകത്തെ ലൈംലൈറ്റിന് വെളിയിലെ ജീവിതങ്ങളെ ചേര്‍ത്തുപിടിക്കുന്ന സൂര്യയെക്കുറിച്ച് പുറംലോകമറിഞ്ഞ് തുടങ്ങിയത്.




എസ്.എം. രാജുവിന്റെ മരണശേഷം, സ്റ്റണ്ട് യൂണിയനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 650 സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകള്‍ക്ക് 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക നല്‍കാമെന്നു ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ വാഗ്ദാനം ചെയ്തിരുന്നു.അദ്ദേഹത്തിന്റെ പ്രവൃത്തിയെ എല്ലാവരും പ്രശംസിക്കുന്നുണ്ട്.ഇതിനു ശേഷം ഒരു തമിഴ് നടനും സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളെ സഹായിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു.ഈ സാഹചര്യത്തില്‍ ആണ് കഴിഞ്ഞ 10 വര്‍ഷമായി നടന്‍ സൂര്യ നിശബ്ദമായി സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളെ സഹായിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നത്.

പ്രശസ്ത സ്റ്റണ്ട് മാസ്റ്ററായ സില്‍വ ആണ് ഒരു അഭിമുഖത്തില്‍ ഈ വിവരം വെളിപ്പെടുത്തിയത്. ഈ റിപ്പോര്‍ട്ട് അനുസരിച്ച്, നടന്‍ സൂര്യ കഴിഞ്ഞ 10 വര്‍ഷമായി സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സിനായി പ്രതിവര്‍ഷം 10 ലക്ഷം രൂപ സംഭാവന ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ കണ്ടതിനു ശേഷമാണ് മറ്റ് നിര്‍മ്മാതാക്കള്‍ സ്റ്റണ്ട് മാന്‍മാരെ സഹായിക്കാന്‍ മുന്നോട്ട് വന്നതെന്ന് സില്‍വ പറഞ്ഞു. പുറംലോകം അറിയാതെ സൂര്യ വര്‍ഷങ്ങളായി ചെയ്തുവരുന്ന ഈ സഹായത്തെക്കുറിച്ച് ആളുകള്‍ അറിഞ്ഞപ്പോള്‍, അവര്‍ സൂര്യയെ കോളിവുഡിന്റെ മനുഷ്യദൈവമായി വാഴ്ത്തുകയാണ്.