തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന്റെ പേരില്‍ നടന്ന കോടികളുടെ ധൂര്‍ത്തും അഴിമതിയും ഓഡിറ്റ് റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നതോടെ, നാണക്കേട് മറയ്ക്കാന്‍ പുതിയ അടവുകളുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഓഡിറ്റ് റിപ്പോര്‍ട്ടിലെ ഗുരുതരമായ കണ്ടെത്തലുകള്‍ വെറും 'ആശയക്കുഴപ്പമാണെന്ന്' വരുത്തിത്തീര്‍ക്കാന്‍ ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ നേരിട്ട് രംഗത്തെത്തി.

സംഗമത്തിന്റെ പേരില്‍ 7 കോടി രൂപയുടെ ബില്ല് നീട്ടിയ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ ഞെട്ടിച്ചുകൊണ്ട്, ആകെ ചിലവ് 4.99 കോടിയായി നിജപ്പെടുത്തുമെന്ന് ജയകുമാര്‍ പ്രഖ്യാപിച്ചു. സ്‌പോണ്‍സര്‍ഷിപ്പ് വഴി വരാനുള്ള കോടികളിലാണ് ഇപ്പോള്‍ ബോര്‍ഡിന്റെ കണ്ണ്. പ്രമുഖ വ്യവസായി ഗൗതം അദാനിയില്‍ നിന്ന് മാത്രം ഒരുകോടി രൂപ ലഭിക്കാനുണ്ടെന്നും, ആകെ 3.85 കോടി സ്‌പോണ്‍സര്‍ഷിപ്പായി കിട്ടുമെന്നുമാണ് ബോര്‍ഡിന്റെ അവകാശവാദം. ഒരു പൈസ പോലും ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടില്‍ നിന്ന് എടുക്കില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും, സ്‌പോണ്‍സര്‍മാര്‍ കൈവിട്ടാല്‍ ഈ ബാധ്യത ആര് തീര്‍ക്കുമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല.

ഓഡിറ്റ് റിപ്പോര്‍ട്ടിലെ നെഗറ്റീവ് പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഒരു 'ടാസ്‌ക് ഫോഴ്സ്' രൂപീകരിച്ചിരിക്കുകയാണ് ബോര്‍ഡ്. ഓഡിറ്റര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ദേവസ്വം ഉദ്യോഗസ്ഥര്‍ കൃത്യമായ മറുപടി നല്‍കാത്തതാണ് റിപ്പോര്‍ട്ട് വഷളാക്കിയതെന്നാണ് പ്രസിഡന്റിന്റെ ന്യായീകരണം. ഭക്ഷണം കഴിച്ച കണക്കിലും നന്ദഗോവിന്ദന്‍ ഭജന്‍സിന്റെ പണമിടപാടിലും വീഴ്ച പറ്റിയെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. ഈ മാസം 26-നകം ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന അന്തിമ റിപ്പോര്‍ട്ടില്‍ ഈ 'പിഴവുകളെല്ലാം' തിരുത്തി വിശുദ്ധരാകാനാണ് ബോര്‍ഡിന്റെ നീക്കം.

ബോര്‍ഡ് ഫണ്ട് ഉപയോഗിക്കരുതെന്ന ഹൈക്കോടതിയുടെ കര്‍ശന ഉത്തരവ് നിലനില്‍ക്കെ, നടന്ന ചിലവുകള്‍ എങ്ങനെ സ്‌പോണ്‍സര്‍ഷിപ്പിലേക്ക് വകമാറ്റും എന്നത് നിയമക്കുരുക്കാകും. കിഫ്ബി എംപാനല്‍ അംഗത്വമുള്ള ഏജന്‍സിയെ ഏല്‍പ്പിച്ചതുകൊണ്ട് അഴിമതി നടക്കില്ലെന്ന ബോര്‍ഡിന്റെ വാദം ഓഡിറ്റര്‍മാര്‍ തള്ളിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ദേവസ്വം ബോര്‍ഡ് നേതൃത്വം വലിയ വില കൊടുക്കേണ്ടി വരും.

ഓഡിറ്റിംഗില്‍ കൃത്യത വരേണ്ടതുണ്ടെന്നും വേണ്ട തിരുത്തലുകള്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യ റിപ്പോര്‍ട്ടിലെ ആശയക്കുഴപ്പങ്ങള്‍ ഓഡിറ്ററുടെ കുറ്റമായി കാണുന്നില്ല. 10 ദിവസത്തിനകം യുദ്ധകാലാടിസ്ഥാനത്തില്‍ പ്രശ്‌നം പരിഹരിക്കും. ഇപ്പോര്‍ പുറത്തുവന്ന റിപ്പോര്‍ട്ട് അന്തിമമല്ലെന്നും കെ ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു. ഓഡിറ്ററുമായി ചര്‍ച്ചയ്ക്ക് ടാസ്‌ക് ഫോഴ്‌സിനെ ചുമതലപ്പെടുത്തിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഓഡിറ്ററുടെ ചോദ്യത്തിന് ദേവസ്വം കൃത്യമായി മറുപടി നല്‍കിയില്ല. ആരുടെ ഭാഗത്താണ് വീഴ്ചയുണ്ടായതെന്ന് പിന്നീട് പരിശോധിക്കുമെന്നും കെ ജയകുമാര്‍ പറഞ്ഞു.

സ്‌പോണ്‍സര്‍ഷിപ്പ് വഴി വ്യവസായി ഗൗതം അദാനിയില്‍ നിന്നും ഒരു കോടി രൂപ ലഭിക്കാനുണ്ട്. മൂന്ന് കോടി രൂപയാണ് സ്‌പോണ്‍ലര്‍ഷിപ് ഇനത്തില്‍ ആകെ ലഭിക്കുക. അയ്യപ്പസംഗമത്തിന്റെ ആകെ ചെലവ് 4.99 കോടിയായി നിജപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓഡിറ്റ് റിപ്പോര്‍ട്ട് ഇന്നാണ് ദേവസ്വം ബോര്‍ഡ് വിശദമായി പരിശോധിക്കുന്നത്. ചെലവുകള്‍ പെരുപ്പിച്ച് കാണിച്ചതായി പറയാന്‍ കഴിയില്ല. കിഫ്ബി എംപാനല്‍ അംഗീകാരമുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനെ(ഐഐഐസി)യാണ് ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സിയായി നിയമിച്ചത്. കഴിഞ്ഞ ബോര്‍ഡിന്റെ തീരുമാനത്തെ ചോദ്യം ചെയ്യില്ല. ഈ മാസം 26നുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കെ ജയകുമാര്‍ പറഞ്ഞു.

കണക്കുകള്‍ കൃത്യമാക്കുമ്പോള്‍ 99 ലക്ഷം രൂപയുടെ കുറവുണ്ടാകുമെന്നും എന്നാല്‍ ഒരു പൈസപോലും ബോര്‍ഡിന്റെ അക്കൗണ്ടില്‍നിന്ന് എടുക്കില്ലെന്നും വിശദീകരിച്ചു. 3.85 സ്പോണ്‍സര്‍ ഷിപ്പ് വഴികിട്ടാനുണ്ട്. 1.15 കോടി ഈ സംഗമത്തിന്റെ ചെലവുവഴിക്ക് കൊടുക്കാനുണ്ടെന്നു പറഞ്ഞ പ്രസിഡന്റ്, അദാനി കമ്പനി ഉള്‍പ്പെടെയുള്ളവര്‍ സ്പോണ്‍സര്‍ഷിപ്പില്‍ നല്‍കാമെന്ന് പറഞ്ഞിട്ടുള്ള തുക വലുതായി ഉണ്ടെന്നും അത് കിട്ടുമെന്നും പ്രസിഡന്റ് പറഞ്ഞു. വിശദമായ കണക്കുകള്‍ കോടതിയില്‍ കൊടുക്കുന്നതോടെ 'പ്രശ്നമെല്ലാം തീരുമെന്ന്' ജയകുമാര്‍ അവകാശപ്പെട്ടു.ഓഡിറ്റ് റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് പരിശോധിച്ചെന്നും റിപ്പോര്‍ട്ട് അന്തിമമല്ലെന്നും ജയകുമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഓര്‍ഡിറ്റ് റിപ്പോര്‍ട്ടില്‍ 27ന് മുമ്പ് വ്യക്തത വരുത്തുമെന്നും പറഞ്ഞു.

ആ?ഗോള അയ്യപ്പ സം?ഗമത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് ഇന്ന് മാത്രമാണ് വിശദമായി പരിശോധിച്ചത്. സമയപരിധി പാലിക്കാനായി റിപ്പോര്‍ട്ട് അതേപടി നല്‍കുയായിരുന്നു. റിപ്പോര്‍ട്ട് അന്തിമമല്ല. ചില സംശയങ്ങള്‍ സാധാരണ ചോദിക്കുകയും മറുപടി നല്‍കുകയും ചെയ്താല്‍ മാത്രമേ അന്തിമമാകൂ. ഇത് ഓഡിറ്ററുടെ കുഴപ്പമല്ല. സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാത്തത് കൊണ്ടാണ് വീഴ്ചയുണ്ടായത്. ഇക്കാര്യത്തില്‍ 27ന് മുമ്പ് വ്യക്തത വരുത്തും. ഇതിനായി ടാക്‌സ് ഫോഴ്സ് രൂപീകരിച്ചു. വ്യക്തയുണ്ടാക്കിയ ശേഷം റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് നല്‍കുമെന്നും ജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഭക്ഷണം കഴിച്ച കാര്യത്തിലായാലും നന്ദഗോവിന്ദന്‍ ഭജന്‍സിന്റെ കാര്യത്തിലായാലും വീഴ്ച വന്നു. എല്ലാ ക്ലെയിംസും അംഗീകരിക്കാന്‍ കഴിയില്ല. 4.99 കോടിയായി ചെലവ് നിജപ്പെടുത്തും. അദാനിയുടെ സ്‌പോണ്‍സര്‍ഷിപ്പ് കിട്ടും. കൊടുക്കാന്‍ ഒരു കോടി 15 ലക്ഷം ഉണ്ട്. ബോര്‍ഡ് പണം എടുക്കില്ല. പല സ്‌പോണ്‍സര്‍മാരും നേരത്തെ വാഗ്ദാനം ചെയ്തിട്ടുണ്ട്. അവരെ സമീപിക്കും. 7 കോടിയാണ് ഊരാളുങ്കല്‍ ആവശ്യപ്പെടുന്നത്. ഊരാളുങ്കല്‍ ഉപകരാര്‍ നല്‍കിയാല്‍ തെറ്റില്ല. അതിന്റെ ബില്ലുകള്‍ വരട്ടെയെന്നും വിലയിരുത്തട്ടെയെന്നും ജയകുമാര്‍ പറഞ്ഞു.