- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമരത്തിൽ പങ്കെടുത്തവരുടെ ലിസ്റ്റ് ചോദിച്ച് ഗവർണറുടെ ഓഫീസിൽ നിന്നും വിളിയെത്തി; കേട്ടപാതി കേൾക്കാത്ത പാതി പുറകോട്ടു വലിഞ്ഞ് ജീവനക്കാർ; സമര സമിതി വിലക്കിയിട്ടും ഭൂരിഭാഗം ജീവനക്കാരും രജിസ്ട്രാർക്ക് വിശദീകരണം നൽകി തലയൂരി; കാർഷിക സർവ്വകലാശാലയിലെ സി പി എം സമരം ഗവർണർ പൊളിച്ച കഥ
തൃശൂർ: കാർഷിക സർവകലാശാലയിൽ സമരം തീർന്ന പാടേ ലിസ്റ്റ് ചോദിച്ച് ഗവർണറുടെ ഓഫീസിൽ നിന്ന് വിളി എത്തിയതോടെ, ജീവനക്കാർ ഭീതിയിലായി. വിശദീകരണം നൽകേണ്ടെന്ന് സംഘടനാ നേതാക്കൾ അറിയിച്ചെങ്കിലും, മിക്കവരും നടപടി ഭയന്ന് രജിസ്ട്രാർക്ക് മുന്നിൽ തല കുനിച്ചു. 51 പേർ രജിസ്ട്രാറുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയത് സമര സമിതിക്ക് ക്ഷീണമായി.
മുൻ വിസി ഡോ.ആർ.ചന്ദ്രബാബു വിരമിക്കുന്ന ദിവസം ഒപ്പിട്ട ഉത്തരവുപ്രകാരം സിപിഎം സംഘടനയായ എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.വി. ഡെന്നിയെ അസിസ്റ്റന്റ് രജിസ്റ്റ്രാർ തസ്തികയിൽ നിന്നു 2 ഗ്രേഡ് തരം താഴ്ത്തിയിരുന്നു. ഇതാണ് സി പി എം നിയന്ത്രണത്തിലുള്ള സംഘടന സമരം പ്രഖ്യാപിക്കാൻ കാരണം. ഡെന്നിയെ തരം താഴ്ത്തിയ നടപടി പിൻവലിക്കുക, സിപിഎം അനുകൂല സംഘടനയിലെ അദ്ധ്യാപക നേതാക്കളെ അനാവശ്യമായി സ്ഥലം മാറ്റിയതു പിൻവലിക്കുക, സർവകലാശാലയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
സമരം മാധ്യമങ്ങളിൽ വാർത്തയാവുകയും സർവ്വകലാശാലയിലെ ദൈനം ദിന പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്ന ഘട്ടത്തിലേക്ക് എത്തിയതോടെ ഗവർണറുടെ ഓഫീസിൽ നിന്നും ഫോൺ വിളിയെത്തി. സമരത്തിൽ പങ്കെടുത്തവരുടെ പട്ടിക ആവിശ്യപ്പെട്ടായിരുന്നു ഫോൺ വിളി. ഇതോടെ ജീവനക്കാർ അങ്കലാപ്പിലായി. സമരത്തിൽ പങ്കെടുത്തവരും പിൻവലിയുന്ന ഘട്ടത്തിലായി. ഒടുവിൽ സമരം അവസാനിപ്പിക്കുന്നതായി സമര സമിതി അറിയിക്കുകയായിരുന്നു.
51-ാം ദിവസം സമരം അവസാനിപ്പിച്ചെങ്കിലും അലയൊലി നിലയ്ക്കുന്നില്ല എന്ന അവസ്ഥയാണിപ്പോൾ. സമരത്തിൽ പങ്കെടുത്ത 137 പേർക്ക് രജിസ്ട്രാർ കാരണം കാണിക്കൽ നോട്ടീസ് നൽകി. അത് രാജ് ഭവനിൽ നിന്നുള്ള പ്രത്യേക നിർദ്ദേശത്തെ തുടർന്നാണ്. എന്നാൽ, നോട്ടീസിന് മറുപടി നൽകേണ്ടെന്ന് സമരത്തിന് നേതൃത്വം നല്കിയ സി പി എം അനുകൂല സംഘടന ജീവനക്കാരോടു അഭ്യർത്ഥിച്ചു. അത് വിലപ്പോയില്ലെന്ന് മാത്രമല്ല ഭൂരിഭാഗം ജീവനക്കാരും വിശദീകരണം നല്കി മാത്രമല്ല രജിസ്ട്രാറുടെ മുന്നിലെത്തി സറണ്ടർ ആവുകയും ചെയ്തു.
ഇതിനിടെ സർക്കാർ താല്പര്യ പ്രകാരം സമരം നിർത്താൻ മന്ത്രിമാരായ രാജനും പ്രസാദും ചർച്ച നടത്തിയെങ്കിലും സമരക്കാരുടെ ആവശ്യങ്ങളെല്ലാം വെള്ളത്തിൽ വരച്ച വര പോലെ നിൽക്കുകയാണ്. കൂടാതെ ഗവർണർ വിഷയം കടുപ്പിച്ചതോടെ സർവ്വകലാശാലയിലെ സി പി എം - സിപിഐ യൂണിയനുകൾ ആവശ്യങ്ങളിൽ വ്യത്യസ്ത നിലപാടും വിരുദ്ധ അഭിപ്രായങ്ങളും രേഖപ്പെടുത്താനും തുടങ്ങി. സിപിഐ അനുകൂല സംഘടന സർവ്വകലാശാല നിലപാടുകൾക്ക് പരോക്ഷ പിന്തുണയും പ്രഖ്യാപിച്ചു.
സമരം നടത്തിയവരുടെ വിവരങ്ങൾ ഗവർണർ ആവശ്യപ്പെട്ടതിനാലാണ് രജിസ്ട്രാർ കാരണം കാണിക്കൽ നോട്ടീസ് നല്കിയതെന്നും അത് നൽകിയില്ലെങ്കിൽ രജിസ്ട്രാർ അതിന് ഉത്തരം പറയേണ്ടി വരുമെന്നും സി.പി ഐ. സംഘടനാനുകൂലികൾ രജിസ്ട്രാറെ പിന്തുണച്ച് രംഗത്ത് എത്തുകയും ചെയ്തു.
സമരത്തിൽ പങ്കെടുത്തവർക്കെതിരെ നടപടി സ്വീകരിക്കില്ലെന്നും വിശദീകരണം നൽകേണ്ടതില്ലെന്നുമുള്ള സി പി എം സംഘടനാ നോട്ടീസ് ജീവനക്കാർക്കിടയിൽ പ്രചരിച്ചിരുന്നു കുറച്ചു പേർ ഇതനുസരിച്ച് ഇപ്പോഴും വിശദീകരണം നൽകിയിട്ടില്ല. ഇവരുടെ കാര്യം എന്താവുമെന്ന് ആർക്കും നിശ്ചയമില്ല. ഗവർണർ വിഷയം കടുപ്പിച്ചാൽ ഇവരുടെ കാര്യം ബുദ്ധിമുട്ടിലാവുമെന്നാണ് അറിയുന്നത്.
ഇതിനിടെ സർവകലാശാലയിൽ ശമ്പളം വൈകിയതും ആയുധമാക്കാനും ശ്രമം ഉണ്ടായി. ശമ്പളം വൈകിയതിനു പിന്നിൽ സിപിഎം. സംഘടനയുടെ ഇടപെടലാണെന്ന ആരോപണവുമായാണ് സി.പി ഐ സംഘടന രംഗത്തെത്തിയത്. ഇതിൽ പ്രതിഷേധിച്ച് പ്രകടനവും ആസൂത്രണം ചെയ്തിരുന്നു. അതിനിടെയാണ് ശമ്പളത്തുക ട്രഷറിയിൽ എത്തിയെന്ന അറിയിപ്പുണ്ടായതും പ്രകടനം വേണ്ടെന്ന് വെച്ചതും.
ചാൻസലർ കൂടിയായ ഗവർണർ ഇടപെട്ട സാഹചര്യത്തിൽ സമരം സർക്കാർ തന്നെ ബുദ്ധിപരമായി അവസാനിപ്പിക്കുകയായിരുന്നു. ആവിശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ലങ്കിലും രണ്ടു മന്ത്രിമാർ ചർച്ച നടത്തിയതിനാൽ സമരം നിർത്തി എന്ന് സമര സമിതിക്ക് ആശ്വസിക്കാം. ഒന്നരമാസമായി സർവകലാശാലയുടെ പ്രവർത്തനം സ്തംഭിപ്പിച്ചു നടക്കുന്ന സമരത്തെക്കുറിച്ചു വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന അഗ്രികൾചറൽ പ്രൊഡക്ഷൻ കമ്മിഷണർ ഇഷിത റോയിയോടും ഗവർണർ റിപ്പോർട്ട് തേടിയിരുന്നു.
അതേസമയം, സർവകലാശാല നേരിടുന്ന തകർച്ചയ്ക്കു പ്രധാന കാരണം ജനറൽ കൗൺസിലിലേക്കുള്ള നാമനിർദ്ദേശം രണ്ടര വർഷമായി ഒപ്പിടാത്ത ഗവർണറുടെ നിലപാടാണെന്നു ജനാധിപത്യ സംരക്ഷണ സമിതി ആരോപിച്ചു. കാർഷിക സർവകലാശാലയുടെ പരമോന്നത അധികാര സഭയായ ജനറൽ കൗൺസിലിലേക്ക് 4 കർഷക പ്രതിനിധികൾ, 4 വിദഗ്ധ ശാസ്ത്രജ്ഞർ, 2 പഞ്ചായത്ത് പ്രസിഡന്റുമാർ, ഒരു കർഷകൻ എന്നിവരെ ഗവർണർ നാമനിർദ്ദേശം ചെയ്യണം. ഈ ഫയൽ 2020 മുതൽ ഗവർണറുടെ കാര്യാലയം തടഞ്ഞുവച്ചിരിക്കുകയാണ്. നിലവിലെ ജനറൽ കൗൺസിലിന് ഇനി ആറു മാസം മാത്രമേ കാലാവധിയുള്ളൂ. വൈകിയെങ്കിലും ഇക്കാര്യത്തിലെ നടപടികൾ ഗവർണർ പൂർത്തിയാക്കണമെന്നു സംരക്ഷണ സമിതി ചെയർമാൻ ഡോ.പി.കെ. സുരേഷ് കുമാർ ആവശ്യപ്പെട്ടു.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്