കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ ആദ്യം നടപടികൾ തുടങ്ങിയത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റായിരുന്നു. അന്ന് ഇഡി നടപടി സ്വീകരിച്ചത് കള്ളപ്പണം നിരോധന നിയമപ്രകാരമായിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ പോഷക സംഘടനയായ റെഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ പത്ത് ബാങ്ക് അക്കൗണ്ടുകളാണ് ഇ ഡി മരവിപ്പിച്ചത്. ഇതോടെ വിവാദത്തിലായ സംഘടനയെ ഇന്ന് കേന്ദ്രസർക്കാർ നിരോധിക്കുകയും ചെയ്തു. റെഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ സ്ഥാപക വൈസ് ചെയർമാനാവട്ടെ ഐ എൻ എൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ വിഭാഗത്തിന്റെ ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാനായിരുന്നു. ഇതോടെ ഇടതു മുന്നണിയിലെ ബന്ധമാമ് പുറത്തുവന്നത്.

അഹമ്മദ് ദേവർകോവിൽ മന്ത്രിയായി തുടരുന്ന സാഹചര്യത്തിൽ റെഹാബ് ഫൗണ്ടേഷനെതിരെ ഇ ഡി നടപടി സ്വീകിച്ചപ്പോൾ ഇത് സംസ്ഥാന സർക്കാറിനും പ്രതിസന്ധി സൃഷ്ടിക്കുമെന്ന് നേരത്തെ മറുനാടൻ റിപ്പോർട്ടു ചെയ്തിരുന്നു. തമ്മിലടിച്ച് പിരിഞ്ഞ് രണ്ട് ചേരികളായി പ്രവർത്തിക്കുന്ന ഐ എൻ എല്ലിന്റെ ഒരു വിഭാഗത്തിന്റെ ദേശീയ പ്രസിഡന്റു കൂടിയാണ് പ്രൊഫ. മുഹമ്മദ് സുലൈമാൻ. ഈ വിഭാഗത്തിന്റെ ദേശീയ ജനറൽ സെക്രട്ടറിയാവട്ടെ മന്ത്രി അഹമ്മദ് ദേവർ കോവിലാണ്. ഇദ്ദേഹം ഈ വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റും കൂടിയാണ്.

2018 ൽ ദേശീയ പ്രസിഡന്റിന്റെ പോപ്പുലർ ഫ്രണ്ട് ബന്ധത്തെ ചോദ്യം ചെയ്തത് മുതൽക്കാണ് ഐ എൻ എൽ പാർട്ടിയിൽ ചേരിതിരിവുണ്ടായത്. കാസിം ഇരിക്കൂർ - ദേവർ കോവിൽ വിഭാഗം ദേശീയ പ്രസിഡന്റിനൊപ്പം നിന്നപ്പോൾ അബ്ദുൽ വഹാബ് വിഭാഗം ദേശീയ പ്രസിഡന്റിനെ തിരുത്താൻ വിമർശനം ഉന്നയിച്ചു. തുടർന്നാണ് പാർട്ടിയിൽ നിരന്തരം പ്രശ്നങ്ങൾ തുടങ്ങിയത്. ഒടുവിൽ അത് പാർട്ടിയുടെ പിളർപ്പിലേക്ക് നയിക്കുകയും ചെയ്തു.

നിലവിൽ അബ്ദുൾ വഹാബ് വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റ് അബ്ദുൾ വഹാബും ദേവർ കോവിൽ വിഭാഗത്തിന്റെ പ്രസിഡന്റ് അഹമ്മദ് ദേവർ കോവിലുമാണ്. ഈ വിഭാഗത്തിന്റെ ദേശീയ ജനറൽ സെക്രട്ടറിയാണ് അഹമ്മദ് ദേവർ കോവിൽ. പ്രസിഡന്റാവട്ടെ ഇ ഡി നടപടി സ്വീകരിച്ച റെഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ സ്ഥാപക വൈസ് ചെയർമാനും. വഹാബ് വിഭാഗത്തിനാവട്ടെ ദേശീയ നേതൃത്വമില്ല.

നേരത്തെ തന്നെ ഒരു സ്വകാര്യ ചാനലിനോട് മുഹമ്മദ് സുലൈമാൻ തന്റെ പോപ്പുലർ ഫ്രണ്ട് ബന്ധം സ്ഥിരീകരിച്ചിരുന്നു. പോപ്പുലർ ഫ്രണ്ട് ജീവകാരുണ്യ സംഘടന റെഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ സ്ഥാപകരിൽ ഒരാളാണ് താനെന്നായിരുന്നു് പ്രൊഫ. സുലൈമാൻ തുറന്നു പറഞ്ഞത്. വിവിധ ജീവകാരുണ്യ സംഘടനകളുമായും തനിക്ക് ബന്ധമുണ്ടെന്നും എന്നാൽ താൻ അംഗമായ ഏക രാഷ്ട്രീയ പാർട്ടി ഐ എൻ എൽ മാത്രമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.

2019 ൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ എസ് ഡി പി ഐ മുന്നണിയുമായി ഐ എൻ എൽ ചേർന്നതോടെ വഹാബ് വിഭാഗം ദേശീയ പ്രസിഡന്റിനെതിരെ രൂക്ഷമായി നിലകൊണ്ടു. എസ് ഡി പി ഐയുമായി ഐ എൻ എല്ലിനെ കൂട്ടിച്ചേർക്കാനായിരുന്നു മുഹമ്മദ് സുലൈമാന്റെ ശ്രമം. ഇതോടെ തമിഴ്‌നാട്ടിലും എസ് ഡി പി ഐ ബന്ധത്തെച്ചൊല്ലി പാർട്ടി പിളർന്നു. വഹാബ് പക്ഷം പിന്തുണക്കുന്ന ഐ എൻ എൽ തമിഴ് ഘടകം ഡി എം കെ മുന്നണിയുമായാണ് നിലവിൽ സഹകരിക്കുന്നത്.

പോപ്പുലര് ഫ്രണ്ടിന്റെ 23 ബാങ്ക് അക്കൗണ്ടുകളും, പോഷക സംഘടനയായ 'റിഹാബ് ഫൗണ്ടേഷന്റെ' 10 അക്കൗണ്ടുകളുമാണ് കള്ളപ്പണ നിരോധനനിയമപ്രകാരം എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) മരവിപ്പിച്ചിരിരുന്നു. ഇതിന് പിന്നാലൊയാണ് ഇപ്പോൾ നിരോധനം വന്നതും. കേരളം വിട്ടാല് മറ്റെവിടെയും കാര്യമായ സംഘടനാ സംവിധാനമില്ലാത്ത പാര്ട്ടിയാണ് ഐ.എന്.എല്. എന്നാല് ഈ യാഥാര്ത്ഥ്യം ഇടതുമുന്നണിയില് നിന്നുപോലും മറച്ചുവെച്ച് തങ്ങള്ക്ക് ശക്തമായ അഖിലേന്ത്യാ നേതൃത്വത്തിന്റെ പിന്ബലമുണ്ടെന്നാണ് മന്ത്രി അഹമ്മദ് ദേവര്‌കോവിലും,കാസിം ഇരിക്കൂറും നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുന്നത്.

ഇബ്രാഹിം സുലൈമാന് സേട്ടിന്റെ നിര്യാണത്തിന് ശേഷമാണ് പ്രൊഫ. മുഹമ്മദ് സുലൈമാന് അഖിലേന്ത്യാ പ്രസിഡന്റായത്. അതിനുശേഷം 17 വര്ഷം കഴിഞ്ഞിട്ടും ഇതുവരെ ഐ.എന്.എല്ലിന്റെ ഭരണഘടനാടിസ്ഥാനത്തില് കൗൺസിൽ ചേരുകയോ, തെരഞ്ഞെടുപ്പ് നടത്തുകയോ അഖിലേന്ത്യാ നേതൃത്വം ചെയ്തിട്ടില്ലെന്നാണ് വഹാബ് പക്ഷത്തിന്റെ ആരോപണം. കേരളത്തിന് പുറത്ത് ഐ.എൻ.എല്ലിന് അല്പമൊക്കെ വേരോട്ടമുള്ള സംസ്ഥാനങ്ങളായിരുന്നു പശ്ചിമബംഗാളും, തമിഴ്‌നാടും. അവിടങ്ങളിലാണ് പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ പ്രസ്ഥാനമായ എസ്.ഡി.പി.ഐയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തിരുന്നു.

ഈ വിഷയമാണ് ഇപ്പോൾ ബിജെപിയും ചൂണ്ടിക്കാട്ടിയുന്നത്. നിരോധിത സംഘടനയായ റിഹാബ് ഫൗണ്ടേഷൻ-കേരളയുമായി ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ ഐ.എൻ.എല്ലുമായി ബന്ധമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ചൂണ്ടിക്കാട്ടിയത്. ഐ.എൻ.എൽ അധ്യക്ഷനാണ് റിഹാബ് കേരളയുടെയും അധ്യക്ഷൻ. തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ ആണ് റിഹാബ് ഫൗണ്ടേഷന്റെ ജനറൽ സെക്രട്ടറി. ഭീകര സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഐ.എൻ.എല്ലിനെ ഇടതുമുന്നണിയിൽ നിന്നും മന്ത്രിയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

റിഹാബ് ഫൗണ്ടേഷൻ ഭീകര സംഘടനകൾക്ക് ഫണ്ട് നൽകുന്ന സംഘടനയാണ്. പി.എഫ്.ഐയ്ക്ക് ഫണ്ട് നൽകുന്നതും റിഹാബ് ഫൗണ്ടേഷനാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിലാണ് ഭീകര പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. നിരോധിക്കപ്പെട്ട സംഘടനയുടെ തലവൻ എങ്ങനെയാണ് മന്ത്രിസഭയിലിരിക്കുന്നത്. നിരോധിത സംഘടനയുടെ അധ്യക്ഷൻ എങ്ങനെ ഇടതുമുന്നണിയിൽ ഘടകകക്ഷിയായി പ്രവർത്തിക്കും. മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുമെന്ന പ്രതിജ്ഞ ലംഘിച്ചു. ഇവർ മുന്നണിയിലും മന്ത്രിസഭയിലും തുടരുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണം. ഐ.എൻ.എല്ലിനെ എൽ.ഡി.എഫിൽ നിന്നും മന്ത്രിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.