തിരുവനന്തപുരം: എഐ ക്യമാറ പദ്ധതിയിൽ നിറയുന്നത് ദുരൂഹത. കൃത്യമായി വിജിലൻസ് അന്വേഷിച്ചാൽ സത്യം പുറത്തു വരും. എന്നാൽ സർക്കാർ ഈ നിലപാട് എടുക്കുമോ എന്നതാണ് നിർണ്ണായകം. പ്രതിപക്ഷ കോടതിയിൽ പോകുമെന്ന ഭയത്തിലാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. കേസ് കോടതിയിൽ എത്തിയാൽ അന്വേഷണം തുടങ്ങിയെന്ന് പറയാനുള്ള നീക്കം മാത്രം.

20 വർഷത്തിനിടെ 140 പദ്ധതികൾ ചെയ്‌തെന്നവകാശപ്പെടുന്ന എസ്ആർഐടി കേരളത്തിൽ സേഫ് കേരള പദ്ധതി നടപ്പാക്കാൻ ആശ്രയിച്ചതു തട്ടിക്കൂട്ടു കമ്പനികളെയെന്നു വ്യക്തമായിട്ടുണ്ട്. ക്യാമറ പദ്ധതി നടപ്പാക്കാൻ കെൽട്രോണിൽനിന്നു കരാറെടുത്തശേഷം 5 കമ്പനികളെയാണു പദ്ധതിയുടെ ഭാഗമാക്കിയത്. ഇവയിൽ രണ്ടെണ്ണം സേഫ് കേരള പദ്ധതി വഴി ക്യാമറ വയ്ക്കാൻ ആലോചന തുടങ്ങിയ ഘട്ടത്തിൽ രൂപീകരിച്ചവയാണ്. ഒരെണ്ണമാകട്ടെ ജർമൻ കമ്പനിയുടെ പേരു ദുരുപയോഗം ചെയ്തതും. പദ്ധതി വിവാദമായതോടെ മൂന്നിന്റെയും വെബ്‌സൈറ്റുകൾ നിർജീവമായി. ഇതെല്ലാം ദുരൂഹമാണ്.

കരാർ നേടിയ എസ്ആർഐടിയുടെയും കരാർ നേടുന്നതിനു മാനുഫാക്ചറർ ഓതറൈസേഷൻ നൽകിയ ട്രോയ്‌സ് ഇൻഫോടെക്കിന്റെയും ഡയറക്ടർ ഒരാൾ ആണെന്നതും ആക്ഷേപമായി വരുന്നു. കരാറുമായി ബന്ധപ്പെട്ട 'സുരക്ഷിതമായ' രേഖകളെല്ലാം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കെൽട്രോൺ, എസ്ആർഐടിയുടെ സാങ്കേതിക വൈദഗ്ധ്യം വ്യക്തമാക്കുന്ന ടെക്‌നിക്കൽ ഇവാല്യുവേഷൻ ബിഡ് മാത്രം പുറത്തുവിട്ടിട്ടില്ല. ഡേറ്റ സെക്യൂരിറ്റി, ഡേറ്റ ഇന്റഗ്രിറ്റി, എക്യുപ്‌മെന്റ് കോൺഫിഗറേഷൻ തുടങ്ങിയ പ്രധാന ഘടകങ്ങൾ ഉപകരാർ നൽകാൻ പാടില്ലെന്ന വ്യവസ്ഥകളും അട്ടിമറിച്ചു.

ഉപകരാറിനെയും ഉപകരാർ കമ്പനിയെയും അംഗീകരിക്കണോ വേണ്ടയോ എന്നതു കെൽട്രോണിന്റെ അധികാരമാണെന്നു വ്യക്തമായിത്തന്നെ ടെൻഡർ രേഖയിലെ 'ഉപകരാർ' എന്ന ഭാഗത്തു പറയുന്നുണ്ട്. പദ്ധതി നടപ്പാക്കുന്നതിന്റെ ഓരോ ഘട്ടവും ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ സാങ്കേതിക സമിതി നിരീക്ഷിക്കണമെന്ന് 2020 ഏപ്രിൽ 27നു സർക്കാർ നൽകിയ ഭരണാനുമതിയിൽ പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. 2020 മെയ്‌ 28ന് ഗതാഗതവകുപ്പും കെൽട്രോണും തമ്മിൽ വച്ച സർവീസ് ലവൽ എഗ്രിമെന്റിലും ഇക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. എന്നാൽ ഒന്നും നടന്നില്ല. റോഡ് ക്യാമറ കരാറിൽ വിജിലൻസ് കൃത്യമായി അന്വേഷിക്കുകയാണെങ്കിൽ കെൽട്രോണിന്റെ ഉപകരാറിന്റെ വിവരങ്ങളും ഓരോ ഉപകരണം വാങ്ങിയതിന്റെ യഥാർഥ വിലയും പുറത്തുകൊണ്ടുവരാനാകും.

കെൽട്രോൺ ഉപകരാർ നൽകിയ എസ്ആർഐടിയുടെ രേഖകൾക്കപ്പുറം എസ്ആർഐടി കരാറിൽ ഏർപ്പെട്ട കമ്പനികളുമായി നടന്ന ഇടപാടുകളും വിജിലൻസിന് പരിശോധിക്കാം. വിജിലൻസ് എസ്‌പി റെജി ജേക്കബിന്റെ നേതൃത്വത്തിലുള്ള യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. പ്രാഥമിക അന്വേഷണം. ഏതെങ്കിലും ഇടപാടുകളിൽ സർക്കാർ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു നടപടികളിലേക്കു കടക്കണം. ഇതിന് അപ്പുറത്തേക്ക് അഴിമതി അന്വേഷണം കടക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.

ഹെൽത്ത് കെയർ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എസ്ആർഐടി കമ്പനി രൂപീകരിച്ചത് 1999ൽ ആണ്. കേരളത്തിൽ കെ സ്വാൻ, കെ ഫോൺ പദ്ധതികളിൽ കൺസോർഷ്യത്തിന്റെ ഭാഗമായി പ്രവൃത്തികൾ ചെയ്തു. സേഫ് കേരള പദ്ധതി വഴി ക്യാമറ സ്ഥാപിക്കാൻ സർക്കാർ ആലോചന തുടങ്ങിയത് 2018-19ലാണ്. ആ സമയത്ത് കെ ഫോൺ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുകയായിരുന്നു എസ്ആർഐടി. 2020 ഒക്ടോബറിൽ ക്യാമറയുടെ ടെൻഡർ ലഭിച്ചു.

ഒറിജിനൽ എക്യുപ്‌മെന്റ് മാനുഫാക്ചറർ (ഒഇഎം) അല്ലെങ്കിൽ ഒഇഎമ്മിന്റെ അംഗീകൃത വിൽപനക്കാരനു മാത്രമേ ടെൻഡർ വ്യവസ്ഥ പ്രകാരം കരാർ നൽകാൻ പാടുള്ളൂ. ഇവിടെ എക്യുപ്‌മെന്റ് ക്യാമറയും സോഫ്റ്റ്‌വെയറുമാണ്. ഈ ടെൻഡർ വ്യവസ്ഥ പാലിക്കാൻ, ടെൻഡർ ലഭിച്ചശേഷം എസ്ആർഐടി ബാഹ്യസഹായം തേടി. എസ്ആർഐടി തങ്ങളുടെ അംഗീകൃത വിൽപനക്കാരനെന്നു സോഫ്റ്റ്‌വെയറിൽ ട്രോയ്‌സ് ഇൻഫോടെക്കും ക്യാമറയിൽ മീഡിയാട്രോണിക്‌സും മാനുഫാക്ചർ ഓതറൈസേഷൻ ഫോം നൽകി.

ട്രോയ്‌സ് ഇൻഫോടെക് 2018ൽ രജിസ്റ്റർ ചെയ്ത് 2020ൽ പ്രവർത്തനം തുടങ്ങിയ കമ്പനിയാണ്. ഇതിന്റെ ഡയറക്ടർ ടി.ജിതേഷ് ആവട്ടെ എസ്ആർഐടിയുടെ എക്‌സിക്യുട്ടീവ് ഡയറക്ടറുമാണ്. നേരത്തേ ഊരാളുങ്കൽ കമ്പനിയിലും ഡയറക്ടറായിരുന്നു. ട്രോയ്‌സും മീഡിയാട്രോണിക്‌സും ക്യാമറ, സോഫ്റ്റ്‌വെയർ രംഗത്ത് എസ്ആർഐടിക്ക് ഓതറൈസേഷൻ നൽകാൻ പ്രാപ്തിയുള്ള കമ്പനികളാണെങ്കിൽ ഇവർ എന്തുകൊണ്ട് എഐ ക്യാമറയുടെ ടെൻഡറിൽ പങ്കെടുത്തില്ലെന്ന ചോദ്യവും പ്രസക്തം. ട്രോയ്‌സിന്റെ വെബ്‌സൈറ്റ് ഇപ്പോൾ നിർജീവം. പ്രസാഡിയോ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡും കരാറിന്റെ ഭാഗമായി. ഭരണരംഗത്തെ ഉന്നതന്റെ ബന്ധുവിനു പങ്കാളിത്തമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കമ്പനിയാണിത്.

എസ്ആർഐടിക്കു ലഭിച്ച കരാറിലെ പ്രധാന ഘടകം ക്യാമറ, സോഫ്റ്റ്‌വെയർ എന്നിവ വാങ്ങുകയും സ്ഥാപിക്കുകയുമാണ്. കരാർ പ്രകാരം ഇതു വാങ്ങി സ്ഥാപിക്കേണ്ടത് എസ്ആർഐടിയാണെങ്കിലും 75.32 കോടി മുൻകൂർ മുടക്കി ഇവ വാങ്ങി സ്ഥാപിക്കാൻ മറ്റൊരു കമ്പനിയെ കണ്ടെത്തുകയാണു ചെയ്തത്. അങ്ങനെയാണ് ടൂർട്രാവൽ മേഖലയിൽ പ്രവർത്തിച്ചു മാത്രം പരിചയമുള്ള അൽഹിന്ദ് ഗ്രൂപ്പിനെ കണ്ടെത്തുന്നത്. പദ്ധതിയിലെ കുരുക്കുകൾ തിരിച്ചറിഞ്ഞതോടെ അൽഹിന്ദ് പിന്മാറി. ഇതിന് പിന്നിലും അട്ടിമറികളുണ്ട്.