തിരുവനന്തപുരം: നിർമ്മിത ബുദ്ധി ക്യാമറ സ്ഥാപിക്കുന്ന കരാറിൽ നടന്നത് അടിമുടി അട്ടിമറി. പരാതിയും ആരും ഗൗരവത്തോടെ കണ്ടില്ല. അട്ടിമറി നടക്കുന്നുണ്ടെന്ന് വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അറിഞ്ഞിരുന്നുവെന്നതിനും തെളിവ് പുറത്തുവരികയാണ് എസ്.ആർ.ഐ.ടി. ഉപകരാർ നൽകിയ അൽഹിന്ദ് ഇക്കാര്യം 2021 ഒക്ടോബറിൽ സെക്രട്ടറിയെ അറിയിച്ചിരുന്നു. അക്കാര്യം അന്വേഷിച്ചില്ലെന്ന് മാത്രമല്ല, കരാറും ഉപകരാറുമെല്ലാം പരിശോധിക്കാനും വ്യവസായവകുപ്പ് തയ്യാറായില്ല. അതിനിടെ കരാറുമായി ബന്ധപ്പെട്ട നിർണ്ണായക യോഗത്തിൽ മുഖ്യമന്ത്രിയുടെ ബന്ധുവും പങ്കെടുത്തിരുന്നു. സൂം മീറ്റിംഗിലാണ് പങ്കെടുത്തത്. സൂം മീറ്റിംഗിൽ പങ്കെടുത്താൽ അത് ക്ലൗഡ് സർവ്വറിൽ രേഖപ്പെടുത്തും. ഇതിന്റെ തെളിവുകൾ പ്രതിപക്ഷത്തിന് കിട്ടിയതായാണ് സൂചന.

ഏതായാലും എഐ ക്യാമറാ വിവാദം കത്തി പടരുകയാണ്. പ്രസാഡിയോയുമായി മുഖ്യമന്ത്രിയുടെ ബന്ധവിന് പങ്കില്ലെങ്കിൽ എന്തിനാണ് ഈ യോഗത്തിൽ പങ്കെടുത്തത് എന്നതാണ് ഉയരുന്ന ചോദ്യം. എല്ലാം മുഹമ്മദ് ഹനീഷും അറിഞ്ഞിരുന്നു. ഇപ്പോൾ വ്യാപകമായ പരാതിയും ആരോപണവും ഉയർന്നപ്പോൾ വ്യവസായ വകുപ്പ് സെക്രട്ടറിയെത്തന്നെയാണ് അന്വേഷണത്തിനായി സർക്കാർ നിയോഗിച്ചത് എന്നതാണ് വൈരുധ്യം. വ്യവസായ സെക്രട്ടറിക്ക് അൽഹിന്ദ് അയച്ച കത്ത് നിർണ്ണായകമാകും. മോട്ടോർ വാഹനവകുപ്പിന്റെ പദ്ധതി എന്ന നിലയിൽ ക്യാമറ സ്ഥാപിക്കുന്നതിന്റെ ഭാഗമായത് ഏറെ താത്പര്യത്തോടെയായിരുന്നുവെന്നാണ് അൽഹിന്ദ് സർക്കാരിനെ അറിയിച്ചത്. എന്നാൽ, പ്രസാഡിയോയുടെ നേതൃത്വത്തിൽ നടന്ന പിന്നീടുള്ള ഇടപാടുകളൊന്നും സുതാര്യമായിരുന്നില്ല. ഇപ്പോൾ തുറന്നുപറയാൻ പറ്റാത്ത കാര്യങ്ങളാണ് നടന്നതെന്നും കത്തിൽ പറയുന്നു.

എസ്.ആർ.ഐ.ടി. കെൽട്രോണുമായി കരാറുണ്ടാക്കി ഒരുവർഷം കഴിഞ്ഞാണ് ഈ കത്ത് അൽഹിന്ദ് നൽകുന്നത്. ഈ ഘട്ടത്തിൽ ക്യാമറ വാങ്ങി സ്ഥാപിക്കുന്നതിനുള്ള നടപടികളിലേക്ക് കടന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. വാങ്ങുന്ന ഉപകരണങ്ങളുടെ വില സംബന്ധിച്ചാണ് ഒട്ടും സുതാര്യതയില്ലാത്തതെന്ന് അൽഹിന്ദ് ചൂണ്ടിക്കാട്ടുന്നുണ്ട്. കെൽട്രോണിൽനിന്ന് പദ്ധതിയുടെ കരാർ ഏറ്റെടുത്ത എസ്.ആർ.ഐ.ടി.യല്ല, പ്രസാഡിയോ കമ്പനിയാണ് എല്ലാ ഇടപാടുകൾക്കും ചുക്കാൻ പിടിക്കുന്നതെന്ന് അൽഹിന്ദ് പരോക്ഷമായി പറയുന്നുണ്ട്. സുതാര്യതയില്ലാത്ത ഈ ഇടപാടുകൾ അംഗീകരിക്കാൻ കഴിയാത്തതിനാലാണ് ഉപകരാറിൽനിന്ന് പിന്മാറിയതെന്നും അതിനുമുമ്പുതന്നെ തങ്ങളിൽനിന്ന് മൂന്നുകോടി കൈപ്പറ്റിയതായുമാണ് കത്തിൽ പറയുന്നത്. ഇത്രയും തെളിവുകൾ പുറത്തു വന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കുന്നില്ല. നിശബ്ദതയെ പ്രതിരോധമാക്കി ആരോപണത്തെ മറികടക്കാനാണ് പിണറായിയുടെ തീരുമാനം.

ഈ മൂന്നുകോടി കിട്ടാതായപ്പോഴാണ് അൽഹിന്ദ് വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് ഉപകരാറിലെ സുതാര്യതയില്ലാത്ത ഇടപാടുകൾ സൂചിപ്പിച്ച് സഹായം തേടിയത്. 2020 ഒക്ടോബറിലാണ് എസ്.ആർ.ഐ.ടി.യും കെൽട്രോണും കരാറുണ്ടാക്കുന്നത്. അതിന് ഒരുമാസം മുമ്പ് പ്രസാഡിയോയും എസ്.ആർ.ഐ.ടി.യും ഉപകരാറുണ്ടാക്കുന്നുണ്ട്. അതിൽ പണം മുടക്കുന്ന പങ്കാളിയായാണ് അൽഹിന്ദിനെ ഉൾപ്പെടുത്തിയത്. അൽഹിന്ദിനെക്കൊണ്ട് പണം മുടക്കിപ്പിച്ച് ഇടപാടുകളെല്ലാം പ്രസാഡിയോ നടത്തുകയെന്നതായിരുന്നു ആസൂത്രണം.

കരാർ ഏറ്റെടുക്കുന്നതിന് എസ്.ആർ.ഐ.ടി. കെൽട്രോണിന് ആറു കോടി സെക്യൂരിറ്റി നിക്ഷേപം നൽകണമെന്നായിരുന്നു വ്യവസ്ഥ. പണത്തിന്റെ ഒരുഭാഗമാണ് അൽഹിന്ദിനെ ക്കൊണ്ട് കെൽട്രോണിന് കൊടുപ്പിച്ചത്. കരാറിൽനിന്ന് പിന്മാറിയപ്പോൾ ഈ തുക തിരിച്ചുനൽകണമെന്ന് അൽഹിന്ദ് ആവശ്യപ്പെട്ടിരുന്നു. ഈ ഘട്ടത്തിലും ഇടപെട്ടത് പ്രസാഡിയോ കമ്പനിയുടെ എം.ഡി.യായ രാംജിത്താണ്. ഫണ്ട് നൽകാൻ പുതിയ ഏജൻസി വന്നിട്ടുണ്ടെന്നും 2021 മാർച്ച് ആദ്യവാരം നിങ്ങളുടെ പണം നൽകുമെന്ന് രാംജിത്ത് അറിയിച്ചു. എന്നാൽ നൽകിയില്ലെന്നും കത്തിൽ വിശദീകരിക്കുന്നു.

ഈ കത്തിന് ഒരുമാസം കഴിഞ്ഞ് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മറുപടി നൽകുന്നുണ്ട്. പദ്ധതി വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ, സെക്യൂരിറ്റി നിക്ഷേപം കെൽട്രോണിന് തിരിച്ചുനൽകാൻ കഴിയുകയുള്ളൂവെന്നാണ് ഈ മറുപടിയിലുള്ളത്. പണം കിട്ടാൻ എസ്.ആർ.ഐ.ടി.യെ സമീപിക്കണമെന്നും പറയുന്നു. അതിനിടെ എ.ഐ. ക്യാമറ ഇടപാടിൽ ഉപകരാർ നേടിയ പ്രസാഡിയോ കമ്പനിയുടെ ഡയറക്ടർ സുരേന്ദ്രകുമാർ നെല്ലിക്കോമത്ത് സിപിഎമ്മിന് സംഭാവന നൽകിയവരുടെ പട്ടികയിലും പെടുന്നു.

2020-21ൽ സിപിഎമ്മിന് വ്യക്തിയെന്ന നിലയിൽ ഇദ്ദേഹം 20 ലക്ഷം രൂപയാണ് നൽകിയത്. സിപിഎം. തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ച റിപ്പോർട്ടിൽ 149-ാം പേരുകാരനാണ് സുരേന്ദ്രകുമാർ. സംഭാവന നൽകിയവരുടെ പേരും തുകയും സംബന്ധിച്ച വിവരങ്ങളാണ് ഈ റിപ്പോർട്ടിലുള്ളത്. ഇത് തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ ലഭ്യമാണ്.

2020 സെപ്റ്റംബറിലാണ് എസ്.ആർ.ഐ.ടി.യിൽനിന്ന് പ്രസാഡിയോ ഉപകരാർ നേടുന്നത്. പത്തനംതിട്ട തുമ്പമൺ മുട്ടം സ്വദേശിയാണ് സുരേന്ദ്രകുമാർ. 2018 ജനുവരിയിൽ സ്ഥാപിച്ച ഈ കമ്പനിയിൽ സുരേന്ദ്രകുമാറിനെക്കൂടാതെ മൂന്ന് ഡയറക്ടർമാർ കൂടിയുള്ളതായി വെബ്സൈറ്റുകളിൽ കാണാം. ഇതിൽ സുരേന്ദ്രകുമാറാണ് കൂടുതൽക്കാലമായി ഡയറക്ടർ സ്ഥാനത്ത് തുടരുന്നത്. കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും സുരേന്ദ്രകുമാറിന്റെ കൈവശമാണ്.