- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ ഫോണിൽ നിർമ്മാണ ജോലി ചെയ്തിരുന്ന പ്രസാഡിയോയെ ആ നിലയ്ക്കു തന്നെയാണ് ഒപ്പം കൂട്ടിയത്; പ്രസാഡിയോയെ പരിചയപ്പെടുത്തിയതു ട്രോയ്‌സ് കമ്പനി എംഡി ജിതേഷ്; പ്രകാശ് ബാബുവിനെ അറിയില്ലെന്നും മധു നമ്പ്യാർ; റോഡ് ക്യാമറയിൽ അഴിമതി ദുരൂഹത മാറുന്നില്ല; പ്രസാഡിയോ-ട്രോയ്‌സ് ബന്ധം ശരിവച്ച് എസ് ആർ ഐ ടി
തിരുവനന്തപുരം: റോഡ് ക്യാമറാ പദ്ധതിയിൽ പങ്കാളിയായ പ്രസാഡിയോയെ പരിചയപ്പെടുത്തിയതു ട്രോയ്‌സ് കമ്പനി എംഡി ടി.ജിതേഷ് എന്ന് എസ്ആർഐടി സമ്മതിക്കുമ്പോൾ നിറയുന്നത് അഴിമതിയുടെ മണം. കെ ഫോൺ പദ്ധതിയുടെ കരാർ ലഭിച്ച സമയത്താണ്, അന്ന് എസ്ആർഐടി എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ജിതേഷ് പ്രസാഡിയോയെ ബന്ധപ്പെടുത്തിയതെന്ന് എസ്ആർഐടി സിഇഒ ഡോ. മധു നമ്പ്യാർ പറഞ്ഞു. എസ് ആർ ഐ ടിയേയും സർക്കാരിനേയും ന്യായീകരിക്കാനാണ് എസ് ആർ ഐ ടി വാർത്താ സമ്മേളനം നടത്തിയത്.
ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്കും മാധ്യമങ്ങൾക്കുമെതിരെ നിയമ നടപടി സ്വീകരിക്കാൻ നോട്ടിസ് അയച്ചതായും എസ് ആർ ഐ ടി പറയുന്നു. എന്നാൽ ഉപകരാറില്ലെന്ന് എസ്ആർഐടി വാദം തെറ്റെന്നു കരാർരേഖയും തെളിയിക്കുന്നു. ഇതിനൊപ്പമാണ് ക്യാമറാ പദ്ധതിയിൽ സജീവ പങ്കാളികളായ പ്രസാഡിയോയും ട്രോയ്‌സും തമ്മിൽ മുൻപേ അടുപ്പമുണ്ടായിരുന്നു എന്നതു ശരിവയ്ക്കുന്നതാണ് എസ്ആർഐടിയുടെ വെളിപ്പെടുത്തൽ. പ്രസക്തമായ ചോദ്യങ്ങൾക്കൊന്നും അവർ മറുപടി നൽകുന്നുമില്ല. ഇതോടെ അടിമുടി ദുരൂഹതയാണ് പദ്ധതിയിൽ ചർച്ചയാകുന്നത്.
പദ്ധതിക്കായി കരാർ ലഭിച്ചശേഷം പ്രസാഡിയോയും അൽഹിന്ദും ചേർന്ന് എസ്.ആർ.ഐ.ടിയെ സമീപിച്ചു. പദ്ധതിയിൽ ചേർന്ന് പ്രവർത്തിക്കുന്നതിനുള്ള താത്പര്യം അറിയിച്ച് കരാർവച്ചു. ചുരുങ്ങിയ കാലയളവിൽ സാങ്കേതിക കാരണം പറഞ്ഞ് അൽഹിന്ദ് പിന്മാറി. പകരം ലൈറ്റ് മാസ്റ്റർ എന്ന കമ്പനി വന്നു. അവർക്ക് ഫണ്ട് ക്രമീകരിക്കാൻ കഴിയാത്തതിനാൽ ആ കരാറും റദ്ദാക്കി. തുടർന്ന് എസ്.ആർ.ഐ.ടിയുടെ ഫണ്ടിങ് പങ്കാളിയായ ഇ സെൻട്രിക് എത്തുകയും ഫണ്ട് ക്രമീകരിച്ച് പദ്ധതി വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ ബന്ധുവിന് പങ്കാളിത്തമില്ലെന്നും വിവാദത്തിൽ ആ പേര് ഉയർന്നതിനുശേഷമാണ് ഇങ്ങനെയൊരാളെക്കുറിച്ച് അറിയുന്നതെന്നും മധു നമ്പ്യാർ പറഞ്ഞു. വിവാദം ഉയർന്നശേഷം ഇക്കാര്യം അറിയാൻ പ്രസാഡിയോയുമായി ബന്ധപ്പെട്ടു. കമ്പനിയിൽ മുഖ്യമന്ത്രിയുടെ ബന്ധുവിന് പങ്കാളിത്തമില്ലെന്ന് അവർ അറിയിച്ചു. കമ്പനിയുടെ 96 ശതമാനം ഓഹരിയും സുരേന്ദ്രകുമാറിനാണ്. ഡയറക്ടറായ രാംജിത്താണ് ബന്ധപ്പെട്ടിരുന്നത്. ഒരു യോഗത്തിലും മുഖ്യമന്ത്രിയുടെ ബന്ധു പങ്കെടുത്തിട്ടില്ലെന്നും മധു നമ്പ്യാർ പറഞ്ഞു.
ട്രോയ്‌സും പ്രസാഡിയോയും കോഴിക്കോട് പുതിയറയിലെ വിലാസത്തിൽ ഒരേ വർഷം രൂപീകരിക്കപ്പെട്ടവയാണെന്നും പരസ്പരബന്ധമുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ക്യാമറാ പദ്ധതിയുടെ തുടക്കം മുതൽ പ്രസാഡിയോ വലിയ ലാഭം ലക്ഷ്യമിട്ടു നീക്കം നടത്തിയിരുന്നുവെന്നു വ്യക്തമാക്കുന്നതാണ് എസ്ആർഐടിയുടെ വിശദീകരണം. ഒരു ചില്ലി കാശു പോലും മുടക്കാതെയാണ് പ്രസാഡിയോ നേട്ടമുണ്ടാക്കിയത്. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവുമായി ഈ സ്ഥാപനത്തിന് ബന്ധമുണ്ടെന്നാണ് ഉയരുന്ന ആരോപണം. കരാറു പോലും ഇവർ നേരത്തെ മനസ്സിലാക്കിയിരുന്നു.
കെ ഫോണിൽ നിർമ്മാണ ജോലി ചെയ്തിരുന്ന പ്രസാഡിയോയെ ആ നിലയ്ക്കു തന്നെയാണ് ഒപ്പം കൂട്ടിയതെന്നും മധു നമ്പ്യാർ പറയുന്നു. എന്നാൽ കെൽട്രോണുമായുള്ള കരാറിൽ തങ്ങളുടെ പേരു കൂടി ചേർക്കണമെന്ന് പ്രസാഡിയോ എസ്ആർഐടിയോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് പ്രസാഡിയോയും ഇവർ കൊണ്ടുവന്ന അൽഹിന്ദും ഉപകരാറുകാരാണെന്നു കരാറിൽ ചേർത്തു. പിന്നീട്, സിവിൽ ജോലികൾക്കു പുറമേ ഉപകരണങ്ങൾ വാങ്ങാനുള്ള ചുമതല കൂടി നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടു. പദ്ധതിയുടെ ലാഭത്തിൽ 60% പ്രസാഡിയോയ്ക്കു ലഭിക്കുന്ന തരത്തിൽ കൺസോർഷ്യവും രൂപീകരിച്ചു. അതനുസരിച്ച് 76 കോടി രൂപയുടെ പർച്ചേസ് ഓർഡർ എസ്ആർഐടി ഇവർക്കു നൽകിയെന്നതാണ് വസ്തുത.
13 കോടി രൂപ ലാഭം പ്രതീക്ഷിച്ചു തുടങ്ങിയ റോഡ് ക്യാമറാ പദ്ധതി നഷ്ടത്തിലായെന്ന്, എസ്ആർഐടി കമ്പനി പറയുന്നു. ഇനി കേരളത്തിൽ ഒരു പദ്ധതിയും ഏറ്റെടുക്കില്ലെന്നും കമ്പനി സിഇഒ ഡോ. മധു നമ്പ്യാർ, ഡയറക്ടർ പി.സി.മാർട്ടിൻ എന്നിവർ പറഞ്ഞു. 23 കോടി രൂപ ജിഎസ്ടി ഉൾപ്പെടെ 151 കോടി രൂപയുടേതായിരുന്നു കരാർ. 100 കോടി രൂപ മുടക്കി. നിക്ഷേപത്തുക 6 കോടി പിന്നീട് തിരിച്ചുകിട്ടും. 44 കോടി രൂപ 5 വർഷത്തേക്കു ബാങ്ക് പലിശയുണ്ട്. ഇങ്ങനെ 138 കോടി രൂപയാണ് ആകെ ചെലവു വരിക. പ്രതീക്ഷിച്ച ലാഭം 13 കോടി രൂപയാണ്. എന്നാൽ ഒരു വർഷം പദ്ധതി മുടങ്ങിയതിനാൽ ബാങ്ക് പലിശയിനത്തിൽ 12 കോടി കൂടി അധികച്ചെലവായി. ഇപ്പോൾ പദ്ധതി നഷ്ടത്തിലായി. എസ്ആർഐടിക്ക് സർവേ, രൂപകൽപന, പദ്ധതി മേൽനോട്ടം തുടങ്ങിയ ഇനത്തിൽ ലഭിക്കേണ്ട 9.07 കോടി രൂപ പദ്ധതിച്ചെലവിൽ ഉൾപ്പെട്ടതിനാൽ കമ്പനിക്കു നഷ്ടമുണ്ടാകില്ല.
കെൽട്രോൺ വഴി ടെൻഡറിലൂടെ കരാറെടുത്ത റോഡ് ക്യാമറാ പദ്ധതി ആർക്കും ഉപകരാർ നൽകിയിട്ടില്ലെന്നും സംയുക്ത സംരംഭമായി നടപ്പാക്കാൻ ചില പങ്കാളികളെ കണ്ടെത്തുകയാണു ചെയ്തതെന്നും എസ്ആർഐടി സിഇഒ മധു നമ്പ്യാർ. എന്നാൽ 2020 ഒക്ടോബർ ഒന്നിനു കെൽട്രോണുമായി എസ്ആർഐടി ഒപ്പിട്ട കരാറിൽ പറയുന്നത് ഇങ്ങനെ: കോഴിക്കോട് ആസ്ഥാനമായ അൽഹിന്ദ് ഗ്രൂപ്പ് ആയിരിക്കും പ്രധാന ഉപകരാറുകാർ. ഇവർക്കൊപ്പം കോഴിക്കോട് ആസ്ഥാനമായ പ്രസാഡിയോ ടെക്‌നോളജീസുമുണ്ടാകും.' അൽഹിന്ദ് പിന്മാറിയെങ്കിലും കരാർ ഭേദഗതി ചെയ്തിട്ടില്ല.
പ്രസാഡിയോ മറുപടി പറയേണ്ട ചോദ്യങ്ങൾ ചുവടെ
1, സേഫ് കേരള പദ്ധതിയുടെ ചെലവും നേട്ടവും എന്താണ്?
2, കൺസോർഷ്യവും മറ്റ് വെൻഡേഴ്സും മുടക്കുന്നത് എത്ര? ഇതിൽ ഓരോരുത്തരുടേയും ലാഭവിഹിതം എത്ര?
3, നിങ്ങളുടെ കരാറിനെ കുറിച്ച് പ്രസാഡിയോ നേരത്തെ അറിഞ്ഞത് എങ്ങനെ? എപ്രകാരമാണ് നിങ്ങൾ ഈ പദ്ധതിയുടെ ഭാഗമായത്?
4, ഫൈൻ പിരിക്കുന്ന തുക എങ്ങനെയാണ് വിഭജിക്കുന്നത്? പ്രസാഡിയോയ്ക്കും സിർട്ടിനും മറ്റുള്ളവർക്കും കിട്ടുന്ന വിഹിതം എങ്ങനെ?
5, ഇലക്ട്രോണിക് വസ്തുക്കൾ വാങ്ങുന്നതിൽ തുക കണക്കാക്കിയതിൽ പാളിച്ചയുണ്ടായോ? കൂടുതൽ തുക അതിൽ കയറി വന്നോ?
6, കെ ഫോണിൽ പ്രസാഡിയോയ്ക്ക് റോളുണ്ടോ?
7, പ്രസാഡിയോയുമായി ബന്ധപ്പെട്ട് സേഫ് കേരളാ പദ്ധതിയിൽ ഇടെപട്ടത് ആരെല്ലാം?
8, ഗസ്റ്റ് ഹൗസിനും താമസ സൗകര്യമൊരുക്കലിനും അപ്പുറത്തേക്ക് തുക നൽകിയതിന് അപ്പുറം പ്രകാശ് ബാബുവിനോ കുടുംബാംഗങ്ങൾക്കോ എന്തെങ്കിലും തരത്തിലെ ഇടപാടുകൾ രാജ്യത്തോ പുറത്തോ ചെയ്തു കൊടുത്തിട്ടുണ്ടോ?
9, ഇഡിയും ഐടിയും പ്രസാഡിയോ ഉടമകളെ കുറിച്ച് അന്വേഷിക്കുന്നതുകൊണ്ടാണോ കേരളത്തിൽ നിന്നുള്ള പിന്മാറ്റം?
സേഫ് കേരള പദ്ധതിയുടെ കരാർ നടപടികളെല്ലാം സുതാര്യവും കൃത്യവുമാണെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനെയാണ് പദ്ധതി നിർവഹണച്ചുമതല സർക്കാർ ഏൽപ്പിച്ചത്. കെൽട്രോണിന്റെ ടെൻഡറിൽ പങ്കെടുത്ത് കുറഞ്ഞനിരക്കിൽ പദ്ധതി നിർവഹണത്തിന് സന്നദ്ധത അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് എസ്.ആർ.ഐ.ടി.ക്ക് കരാർ ലഭിച്ചത്. ഇത്രയും നടപടിക്രമങ്ങൾ സർക്കാർകൂടി പിന്തുണയ്ക്കുന്നുമുണ്ട്. എന്നാൽ അതിന് അപ്പുറത്തേക്ക് പലതും നടന്നു. ഇത് വെള്ളപൂശാനാണ് സിർട്ട് എത്തിയത്.
സർക്കാരിന് ബന്ധമില്ലാത്ത ഇടപാടായതിനാൽ, ആരോപണങ്ങളെയും മുഖവിലക്കെടുക്കേണ്ടതില്ലെന്നാണ് സർക്കാരിന്റെ നിലപാട്. കെൽട്രോണിനോടുപോലും കാര്യമായ വിശദീകരണത്തിന് മുതിരേണ്ടെന്നാണ് സർക്കാർ നിർദ്ദേശം. കൂടുതൽ ആരോപണം നേരിടുന്ന പ്രസാഡിയോയും നിയമനടപടിക്ക് ഒരുങ്ങുന്നുണ്ടെന്നാണ് സൂചന. എന്നാൽ ഇതെല്ലാം വാചകമടി മാത്രമായി മാറും. എസ്.ആർ.ഐ.ടി.യിലൂടെ നടപ്പാക്കാൻ ലക്ഷ്യമിട്ട് മറ്റൊരു ബൃഹദ്പദ്ധതികൂടി സർക്കാരിന്റെ അണിയറയിൽ തയ്യാറായിരുന്നുവെന്നാണ് വിവരം. 12 വർഷത്തേക്ക് ഇത് ആന്യുറ്റി മാതൃകയിൽ എസ്.ആർ.ഐ.ടി.യെ ഏൽപ്പിക്കാനായിരുന്നു ധാരണ. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഈ പദ്ധതി ഏറ്റെടുക്കേണ്ടെന്നാണ് എസ്.ആർ.ഐ.ടി. തീരുമാനിച്ചത്.
മറുനാടന് മലയാളി ബ്യൂറോ