തിരുവനന്തപുരം : മോട്ടർ വാഹന വകുപ്പിന്റെ റോഡ് ക്യാമറകൾ സജീവമായി തുടങ്ങി. ക്യാമറകൾ ഓരോ ദിവസവും കണ്ടെത്തുന്നതു ശരാശരി 2.5 ലക്ഷം നിയമലംഘനങ്ങളാണ്. ബോധവൽക്കരണത്തിന്റെ ഭാഗമായി നോട്ടിസ് അയയ്ക്കുന്നതു ദിവസം 2000 പേർക്കും. ക്യാമറകളുടെ 'ട്യൂണിങ്' ഈ മാസം 24നു പൂർത്തിയാകും. അപ്പോൾ മാത്രമേ ക്യാമറയിൽ പതിയുന്ന നിയമലംഘനങ്ങളുടെ കൃത്യത ആധികാരികമാവുകയുള്ളൂ. അതുവരെ പിഴ ഈടാക്കാതിരിക്കാനും സാധ്യതയുണ്ട്. ജൂൺ 5 മുതൽ പിഴയീടാക്കാനുള്ള നോട്ടിസ് അയയ്ക്കുമ്പോൾ ചിത്രവും ചെലാനുമെല്ലാമുണ്ടാകും.

റോഡ് ക്യാമറയിൽ പിഴ ഈടാക്കുന്നത് മെയ്‌ 20ൽ നിന്നു ജൂൺ അഞ്ചിലേക്കു മാറ്റിയതിനു പിന്നിൽ രാഷ്ട്രീയ കാരണവും ഉണ്ട്. സർക്കാരിന്റെ രണ്ടാം വാർഷികദിനം കൂടിയാണ് മെയ്‌ 20. ഈ ദിവസം തന്നെ പിഴ ചുമത്തിയെന്ന വിവാദം ഒഴിവാക്കാനാണ് ഇത്. ഏപ്രിൽ 20നാണ് പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. നിയമലംഘനം നടത്തുന്നവർക്ക് അന്നു മുതൽ ഒരു മാസം ബോധവൽക്കരണ നോട്ടിസ് അയച്ച ശേഷം മെയ്‌ 20 മുതൽ പിഴയീടാക്കാനായിരുന്നു തീരുമാനം.

ഈ മാസം 5നു തുടങ്ങിയ ബോധവൽക്കരണം ഒരാഴ്ച തികഞ്ഞപ്പോൾ അയച്ചതു 14,000 നോട്ടിസുകളാണ്. ഈ ഒരാഴ്ചയ്ക്കകം ഏതാണ്ടു പതിനേഴര ലക്ഷം നിയമലംഘനം കണ്ടെത്തി. നിയമലംഘനത്തിന്റെ തെളിവായ ചിത്രവും ചെലാനും അയയ്ക്കുന്നില്ല. പകരം ഒരു പേജുള്ള നോട്ടിസ് മാത്രമാണ്. തപാൽ സ്റ്റാംപ് ഉൾപ്പെടെ ഒരു നോട്ടിസിന് 8 രൂപയാണു ചെലവ്. കെൽട്രോണാണ് പണം മുടക്കുന്നത്. ചിത്രവും ചെല്ലാനും എല്ലാം അയയ്ക്കാൻ തുടങ്ങുമ്പോൾ തപാൽ കവറിന്റെ ഭാരവും കൂടും. അപ്പോൾ ഒരു നോട്ടിസിന് 20 രൂപയോളം ചെലവു വരും.

അതേസമയം, മാതാപിതാക്കൾക്കൊപ്പം കുട്ടികളെ കൊണ്ടുപോകുമ്പോൾ ഇളവ് നൽകുന്നതിൽ തീരുമാനമായില്ല. റോഡ് ക്യാമറ പദ്ധതി കഴിഞ്ഞ മാസം 20ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തെങ്കിലും 19 വരെ പിഴയീടാക്കാതെ ബോധവൽക്കരണമാണ് ഉദ്ദേശിച്ചിരുന്നത്. ഇതിനിടെയാണ് ക്യാമറ സ്ഥാപിക്കലിൽ അഴിമതി ആരോപണവും തുടർ വിവാദവുമുണ്ടായത്. ഇരുചക്ര വാഹനങ്ങളിൽ പോകുന്ന 12 വയസ്സിൽ താഴെയുള്ള കുട്ടിക്ക് 3 പേർ യാത്ര ചെയ്യുമ്പോൾ ചുമത്തുന്ന പിഴയീടാക്കുമെന്ന വ്യവസ്ഥയിൽ ഇളവു വേണമെന്ന് വ്യാപകമായി ആവശ്യവും ഉയർന്നിരുന്നു.

മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുന്ന കുട്ടിക്കു പിഴയീടാക്കുന്നത് ഒഴിവാക്കണമെന്ന ആവശ്യവും ഉയർന്നു. ഇക്കാര്യത്തിൽ കേന്ദ്രനിയമത്തിലെ വ്യവസ്ഥയിൽ ഇളവുവരുത്തണമെന്നായിരുന്നു ആദ്യം ഗതാഗതവകുപ്പ് വിശദീകരിച്ചതെങ്കിലും സംസ്ഥാന സർക്കാർ തന്നെ ഈ ഇളവ് കൊണ്ടുവരുന്ന കാര്യത്തിലാണ് തീരുമാനം നീളുന്നത്.