- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണം കിട്ടാതെ മുമ്പോട്ട് പോകില്ലെന്ന് കെൽട്രോൺ; കൺട്രോൾ റൂമിൽ നിന്നും ജീവനക്കാരെ പിൻവലിച്ചു; ഇനി ചെല്ലാൻ അയയ്ക്കാൻ ആരുമില്ല; നവകേരളത്തിലെ നിർമ്മിതി ബുദ്ധി തള്ളിന് ദുരന്തപര്യവസാനമോ? ഐഎ ക്യാമറകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ
തിരുവനന്തപുരം: റോഡുകളിലെ നിർമ്മിത ബുദ്ധി ക്യാമറയിലെ നവകേരള തള്ളും തീരുന്നു. സർക്കാർ പണം കൊടുക്കാത്തതിനാൽ റോഡ് ക്യാമറാ കൺട്രോൾ റൂമുകളിൽ നിന്നു ജീവനക്കാരെ കെൽട്രോൺ പിൻവലിച്ചതോടെ പദ്ധതി തന്നെ പ്രതിസന്ധിയിലായി. ഇതോടെ ഇനി ആർക്കും പിഴ നോട്ടീസ് കിട്ടില്ലെന്ന സാഹചര്യവും ഉണ്ടായി. സർക്കാരിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇതിനെല്ലാം കാരണം. ഇതിനൊപ്പം ചർച്ചയായ അഴിമതി ആരോപണങ്ങളിലെ ഗൾഫ് ബന്ധം പുറത്തായതും എഐ ക്യാമറകൾക്ക് വിനയായി.
മോട്ടർ വാഹനവകുപ്പിന്റെ കൺട്രോൾ റൂമുകളിലുണ്ടായിരുന്ന 140 പേരിൽ 50 പേരെയാണ് കഴിഞ്ഞയാഴ്ച മുതൽ പിൻവലിച്ചത്. ക്യാമറയുടെ വിലയും പ്രവർത്തനച്ചെലവുമായി മൂന്നു മാസം കൂടുമ്പോൾ 11.7 കോടി രൂപ കെൽട്രോണിന് കൈമാറണമെന്ന വ്യവസ്ഥ പാലിക്കാത്തതാണു കാരണം. 6 മാസത്തെ പണമാണ് ലഭിക്കാനുള്ളത്. ഇതിനൊപ്പം ഇനി ചെല്ലാൻ അയയ്ക്കാനും കഴിയില്ല. ഫലത്തിൽ എഐ ക്യാമറാ പദ്ധതിയെ തന്നെ വമ്പൻ പ്രതിസന്ധിയിലാക്കുന്നതാണ് കെൽട്രോണിന്റെ പിന്മാറ്റം. സർക്കാരിന് കീഴിലുള്ള സ്ഥാപനമാണ് ഇത് ചെയ്യുന്നത്. അതുകൊണ്ട് തന്നെ സർക്കാരും അറിഞ്ഞു കൊണ്ടാണ് എല്ലാം നടന്നതെന്ന വിലയിരുത്തൽ ഉയരുന്നുണ്ട്.
ആദ്യത്തെ 3 മാസം തന്നെ 120 കോടി രൂപയുടെ പിഴയ്ക്കുള്ള ചെലാൻ വാഹന ഉടമകൾക്ക് അയച്ചിരുന്നു. ഇതിൽ 35 കോടി രൂപ ഖജനാവിലെത്തി. സെപ്റ്റംബർ മുതൽ നവംബർ അവസാനം വരെയുള്ള 120 കോടി രൂപയുടെ ചെലാൻ കൺട്രോൾ റൂമിൽ തയാറാണെങ്കിലും ഇത് പ്രിന്റ് എടുത്ത് അയയ്ക്കാനുള്ള പണം ഇല്ലാത്തതിനാൽ അയച്ചില്ല. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. കടമെടുക്കാൻ കേന്ദ്ര നയം കാരണം കഴിയുന്നുമില്ല. ശമ്പളവും പെൻഷനും കൊടുക്കാൻ പോലും വലിയ പ്രതിസന്ധി. ഇതുകൊണ്ടാണ് പണം കെൽട്രോണിന് നൽകാൻ സർക്കാരിന് കഴിയാത്തതെന്നാണ് വിലയിരുത്തൽ.
2023 ജൂൺ 5ന് സംസ്ഥാനത്ത് എഐ ക്യാമറകൾ സ്ഥാപിച്ചതു മുതൽ ഇതുവരെ പ്രവർത്തിപ്പിച്ച ഇനത്തിൽ സർക്കാർ കെൽട്രോണിന് നൽകാനുള്ളത് 23 കോടി രൂപയാണ്. ഇതുവരെ 34 ലക്ഷം ചെലാനുകളാണ് നിയമലംഘനവുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്. ഇതിൽ 16 ലക്ഷത്തോളം ചെലാൻ തപാൽ വഴി അയച്ചുകഴിഞ്ഞു. പണം നൽകാത്തതിനാൽ ബാക്കിയുള്ളവ അയച്ചിട്ടില്ല. തങ്ങളുടെ കൈയിൽ നിന്ന് പണമെടുത്ത് ചെലാൻ അയയ്ക്കാൻ കഴിയില്ലെന്നാണ് കെൽട്രോണിന്റെ നിലപാട്.
എഐ ക്യാമറ സ്ഥാപിച്ചതിൽ അഴിമതി ആരോപിച്ചുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതുമൂലം കെൽട്രോണുമായുള്ള സപ്ലിമെന്ററി കരാറിലേർപ്പെടാൻ സർക്കാരിന് കഴിയുന്നില്ല. ഹർജിയിൽ തീരുമാനമുണ്ടായ ശേഷം കരാർ ഒപ്പിടാമെന്നാണ് സർക്കാർ നിലപാട്. ഇതും കെൽട്രോണിന് ബാക്കി പണം ലഭിക്കുന്നതിന് തിരിച്ചടിയായി. സംസ്ഥാനത്തെമ്പാടുമായി 726 ക്യാമറകളാണ് സ്ഥാപിച്ചത്. പദ്ധതി നടത്തിപ്പിന് ആദ്യ മൂന്നു മാസം കെൽട്രോണിന് നൽകേണ്ടത് 11.75 കോടി രൂപയായിരുന്നു.
പദ്ധതിയിൽ അഴിമതി ആരോപിച്ച് ഹർജി സമർപ്പിച്ചതോടെ ഹൈക്കോടതി കരാറുകാർക്ക് പണം നൽകുന്നത് താത്കാലികമായി തടഞ്ഞിരുന്നു. എന്നാൽ കെൽട്രോണിന് 11.75 കോടി നൽകാൻ അനുവാദം നൽകി. ഇപ്പോൾ ആറു മാസമായി 23 കോടി കുടിശികയാണ്. ഈ പണം ലഭിക്കാതെ മുന്നോട്ടു പോകാനാവില്ലെന്ന അവസ്ഥയിലാണ് കെൽട്രോൺ. ഇതോടെ കൊട്ടിഘോഷിച്ച് സ്ഥാപിച്ച എഐ ക്യാമറുകളുടെ പ്രവർത്തനം പാടേ സ്തംഭിക്കുന്ന സ്ഥിതിയാണ്.
ഒരു ചെലാൻ അയയ്ക്കാൻ 20 രൂപയാണ് ചെലവ്. ഈ കണക്കു വച്ച് ആദ്യമൊക്കെ ഒരുമാസം 33,000 ചെലാനുകൾ അയച്ചിരുന്നു. നവംബർ വരെയുള്ളവ ഏതാണ്ട് അയച്ചു. എന്നാൽ പണം ലഭിക്കാതെ വന്നതോടെ ചെലാൻ അയയ്ക്കുന്നതിലും വൻ കുറവ് വരുത്തി. 145 കരാർ ജീവനക്കാരടക്കം മുഴുവൻ സംവിധാനവും പ്രവർത്തിക്കുന്നത് കെൽട്രോണിന്റെ ചുമതലയിലാണ്. ഇതിനുള്ള ഒരു കോടിയോളം രൂപ പ്രതിമാസം ചെലവഴിക്കുന്നതും കെൽട്രോണിന്റെ ഫണ്ടിൽ നിന്നാണ്. ഇതിന് ഇനി കഴിയില്ലെന്നാണ് കെൽട്രോണിന്റെ നിലപാട്.
മറുനാടന് മലയാളി ബ്യൂറോ