തിരുവനന്തപുരം:വിവാദമായ എഐ കാമറ വിഷയത്തിൽ നടന്ന കള്ളക്കളികൾ ഓരോന്നായി പുറത്തേക്ക് വരികയാണ്. ടെൻഡർ ഇടപാടിൽ അടക്കം ക്രമക്കേടും ആസൂത്രിത കള്ളക്കളികളുമാണ് നടന്നിരിക്കുന്നത്. ബിസിനസ് പങ്കാളിത്തമുള്ള കമ്പനികൾ ഒരേ ടെൻഡറിൽ പങ്കെടുക്കുന്നത് കുറ്റകൃത്യമായി കണക്കാക്കുമെന്ന മാനദണ്ഡം അടക്കം ലംഘിച്ചു കൊണ്ടാണ് തീരുമാനം. റോഡ് ക്യാമറ ഇടപാടു വിരൽ ചൂണ്ടുന്നതു കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) ശിക്ഷ ലഭിക്കാവുന്ന ബിഡ് റിഗ്ഗിങ് (ടെൻഡറിലെ ഒത്തുകളി) എന്ന കുറ്റകൃത്യത്തിലേക്കാണ് താനും.

ബിസിനസ് പങ്കാളിത്തമുള്ള കമ്പനികൾ, ആസൂത്രിതമായി ഒരേ ടെൻഡറിൽ പങ്കെടുക്കുന്നത് 2002 ലെ കോംപറ്റീഷൻ നിയമപ്രകാരം കുറ്റകൃത്യമായാണു കണക്കാക്കുക. കുറ്റം തെളിഞ്ഞാൽ അതിന്റെ ഗൗരവം കണക്കിലെടുത്തുള്ള പിഴ ചുമത്താനും കമ്പനികളെ വിലക്കുപട്ടികയിൽ പെടുത്താനും കേന്ദ്രധനകാര്യ വകുപ്പിനു കീഴിലുള്ള കോംപറ്റീഷൻ കമ്മിഷന് അധികാരമുണ്ട്. എഐ ക്യാമറാ വിഷയത്തിൽ നടന്നത് ഇതാണ്.

എഐ ക്യാമറ ടെൻഡറിൽ ഏറ്റവും കുറഞ്ഞ നിരക്ക് ക്വോട്ട് ചെയ്തത് എസ്ആർഐടിയും 2, 3 സ്ഥാനങ്ങളിലെത്തിയത് അശോക ബിൽഡ് കോൺ, അക്ഷര എന്റർപ്രൈസസ് എന്നിവയുമാണ്. കെ ഫോൺ പദ്ധതിയിൽ എസ്ആർഐടിയുടെ ബിസിനസ് പങ്കാളിത്തം വഹിച്ചുകൊണ്ടാണ് അശോക ഈ ടെൻഡറിൽ പങ്കെടുത്തത്. കെ ഫോണിൽ എസ്ആർഐടിയുടെ കൺസോർഷ്യത്തിനു ലഭിച്ച കരാറാണ് അശോകയ്ക്ക് ഉപകരാർ നൽകിയത്. ഇതിൽ 21 കോടി രൂപയുടെ സിവിൽ ജോലി ചെയ്യാൻ അശോക ഏൽപിച്ചത് ഇപ്പോഴത്തെ ക്യാമറ ഇടപാടിനു നേതൃത്വം നൽകിയ കോഴിക്കോട്ടെ പ്രസാഡിയോ കമ്പനിയെയാണ്. ഇതിന്റെ രേഖകൾ പുറത്തുവന്നിരുന്നു.

കെ ഫോണിൽ ഉപകരാർ ഇടപാടു നടന്ന് ആറാം മാസമാണ് എസ്ആർഐടിയും അശോകയും എഐ ക്യാമറയുടെ ടെൻഡറിൽ പങ്കെടുത്തത്. അശോക പിന്നിലാവുകയും എസ്ആർഐടി വിജയിക്കുകയും ചെയ്തു. മൂന്നാമതെത്തിയ അക്ഷരയാകട്ടെ 2017 ൽ മാത്രം പ്രവർത്തനം തുടങ്ങിയ കമ്പനിയാണ്. 10 വർഷം അനുഭവ പരിചയമുണ്ടെങ്കിൽ മാത്രമേ ടെൻഡറിൽ പങ്കെടുക്കാവൂ എന്ന വ്യവസ്ഥയാണ് അക്ഷരയുടെ കാര്യത്തിൽ ലംഘിക്കപ്പെട്ടത്. ടെൻഡർ സാധുവാകാൻ 3 കമ്പനികൾ പങ്കെടുത്താൽ മതി എന്ന പഴുതിലൂടെ ടെൻഡർ നടത്തിയെടുക്കുകയും അത് എസ്ആർഐടിയിലേക്ക് എത്തുകയും ചെയ്തുവെന്നു സ്വാഭാവികമായും സംശയിക്കാം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ എഐ ക്യാമറ പദ്ധതി നടപ്പാക്കിയ പ്രമുഖ കമ്പനികളൊന്നും കേരളത്തിലെ ടെൻഡറിനെത്തിയില്ലെന്നതും ഈ ഇടപാടിനെ സംശയത്തിലാക്കുന്നു.

2002 ലെ കോംപറ്റീഷൻ നിയമം ലംഘിച്ച് ഇന്ത്യൻ റെയിൽവേയുടെ ടെൻഡറിൽ ഒത്തുകളിച്ചതിന് അടുത്തിടെ 7 കമ്പനികളുടെ വാർഷിക വിറ്റുവരവിന്റെ 5 % സിസിഐ പിഴയടപ്പിച്ചിരുന്നു. ഗെയിലിന്റെ ടെൻഡറിൽ ഒത്തുകളിച്ചതിനു 2 കമ്പനികൾക്കും പിഴയിട്ടത്, ടെൻഡർ സമയത്ത് ഇരുകമ്പനികളും തമ്മിൽ തുടർച്ചയായി ആശയവിനിമയം നടത്തിയെന്നു കണ്ടാണ്. 202122 ൽ മാത്രം 112.9 കോടി രൂപയാണു വിവിധ കമ്പനികൾക്കു സിസിഐ പിഴയിട്ടത്.

അതേസമയം ക്യാമറ പദ്ധതിയിൽ ക്യാമറ സ്ഥാപിക്കലും കൺട്രോൾ റൂമുകളുടെ രൂപീകരണവും പ്രസാഡിയോ ആണു നിർവഹിച്ചതെന്ന ഡയറക്ടർ സുരേന്ദ്രകുമാറിന്റെ അവകാശവാദം ശരിയല്ലെന്ന് രേഖകളും വ്യക്തമാക്കുന്നു. പ്രസാഡിയോയും ലൈറ്റ് മാസ്റ്റർ ലൈറ്റിങ്ങും ഉൾപ്പെട്ട കൺസോർഷ്യത്തിന്റെ പങ്കാളിത്ത കരാറിൽ ക്യാമറ സ്ഥാപിക്കുന്നത് ഉൾപ്പെടെ മുഴുവൻ പ്രവൃത്തികളും ലൈറ്റ് മാസ്റ്ററിന്റെ ചുമതലയാണെന്നു വ്യക്തമാക്കിയിരുന്നു.

ലൈറ്റ് മാസ്റ്ററിന് എസ്ആർഐടി നൽകിയ പർച്ചേസ് ഓർഡറിൽ ഇതിനുള്ള തുകയും വകയിരുത്തിയിരുന്നു. ഇതേ കരാർ വ്യവസ്ഥയും പർച്ചേസ് ഓർഡറും തന്നെയാണു ലൈറ്റ് മാസ്റ്ററിനു പകരം ഇ സെൻട്രിക് സൊലൂഷൻസ് കൺസോർഷ്യത്തിൽ എത്തിയപ്പോഴും തുടർന്നത്. ഫലത്തിൽ പദ്ധതിയിൽ കാര്യമായ പണിയെടുക്കാതെ 60% ലാഭം സ്വന്തമാക്കുന്നതിനാണു പ്രസാഡിയോ തുനിഞ്ഞത്.

2020 ൽ കെൽട്രോണും എസ്ആർഐടിയും തമ്മിലുണ്ടാക്കിയ കരാറിൽ എസ്ആർഐടി എന്തെല്ലാം ചെയ്യണമോ, അതെല്ലാം ലൈറ്റ് മാസ്റ്ററാണു ചെയ്യേണ്ടത്. എല്ലാമുൾപ്പെടെയാണ് 75 കോടി രൂപയുടെ പർച്ചേസ് ഓർഡർ ലൈറ്റ് മാസ്റ്ററിനു നൽകിയത്. ക്യാമറ ഉൾപ്പെടെ ഉപകരണങ്ങൾ സ്ഥാപിക്കാൻ ടെക്‌നിഷ്യനെയും എൻജിനീയറെയും നിയമിക്കേണ്ടതു ലൈറ്റ് മാസ്റ്ററാണെന്നു പ്രസാഡിയോയും ലൈറ്റ് മാസ്റ്ററും തമ്മിലുണ്ടാക്കിയ പങ്കാളിത്ത കരാറിൽ പറയുന്നു. അതായത്, കരാറെടുത്ത എസ്ആർഐടിയല്ല, ഉപകരാർ നേടിയ ലൈറ്റ് മാസ്റ്ററുടെ (ഇപ്പോൾ ഇ സെൻട്രിക്) ആളുകളാണു മോട്ടർ വാഹന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കൺട്രോൾ റൂമിലുണ്ടാവുക.

ഫീൽഡ് ഇൻസ്റ്റലേഷൻ, പ്രോജക്ട് മാനേജ്‌മെന്റ്, ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കൽ, കടലാസു ജോലികൾ എന്നിവ പ്രസാഡിയോ െചയ്യുമെന്നാണു പങ്കാളിത്ത കരാറിലുള്ളതെങ്കിലും ഇൻസ്റ്റലേഷൻ അവർ നിർവഹിച്ചിട്ടില്ലെന്നു രേഖകൾ വ്യക്തമാക്കുന്നു.