കോഴിക്കോട്: സംസ്ഥാനത്തെ റോഡുകളിൽ കൊട്ടിദ്‌ഘോഷിച്ചു സ്ഥാപിച്ച എഐ ക്യാമറകൾ നോക്കുകുത്തിയാകുന്ന അവസ്ഥ വരുമോ? കേരളത്തിൽ റോഡ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചതു നിയമപ്രകാരം നിർബന്ധമായ സർട്ടിഫിക്കേഷൻ നടത്താതെയാണ് എന്നതാണ് പിഴ ഈടാക്കുന്നതിൽ അടക്കം ഭാവിയിൽ തിരിച്ചടിയാകുന്ന കാര്യം. അംഗീകൃത അഥോറിറ്റിയുടെ സർട്ടിഫിക്കേഷൻ ഇല്ലാത്ത ക്യാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ അയയ്ക്കുന്ന നോട്ടിസുകൾക്കു കേന്ദ്ര ഗതാഗത നിയമ പ്രകാരം നിയമസാധുത ഉണ്ടാകില്ലെന്നതു പദ്ധതിക്ക് തിരിച്ചടിയാണ്.

ഗതാഗത വകുപ്പ് കെൽട്രോൺ മുഖേന കേരളത്തിൽ സ്ഥാപിച്ച ക്യാമറകളൊന്നും അംഗീകൃത അഥോറിറ്റികൾ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയവയല്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇക്കാര്യം മലയാള മനോരമയാണ് റിപ്പോർട്ട് ചെയ്തത്. 2021ലെ സെൻട്രൽ മോട്ടർ വെഹിക്കിൾ ആക്ട് ഭേദഗതിയിലാണ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് പിഴ നോട്ടിസ് അയയ്ക്കുന്നതിന്റെ വ്യവസ്ഥകൾ പറയുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങൾ വഴി നിയമലംഘനം കണ്ടെത്തി ചെലാൻ അയയ്ക്കണമെങ്കിൽ, സർക്കാർ നിയോഗിക്കുന്ന അംഗീകൃത ഏജൻസി ഈ ഉപകരണങ്ങളുടെ പ്രവർത്തനം പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകണം. ഓരോ വർഷവും പരിശോധന നടത്തി സർട്ടിഫിക്കറ്റ് പുതുക്കുകയും വേണം എന്നതാണ് വ്യവസ്ഥ.

സ്പീഡ് ക്യാമറ, സിസിടിവി ക്യാമറ, ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷൻ തുടങ്ങി, നിയമലംഘനങ്ങൾ കണ്ടെത്താൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം ഇതിന്റെ പരിധിയിൽ വരും. മോട്ടർ വാഹന വകുപ്പിന്റെ വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകൾക്കും ഇതു ബാധകമാണ്. ഉദ്യോഗസ്ഥർ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകളിൽ നിയമലംഘനം പകർത്തി നോട്ടിസ് അയയ്ക്കുന്നുണ്ടെങ്കിൽ അവയും പരിശോധിക്കേണ്ടതുണ്ട്.

കേരളത്തിൽ സ്ഥാപിച്ച ക്യാമറകൾ ഇത്തരം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല എന്നതിനാൽ, പിഴ നോട്ടിസ് ലഭിച്ചാൽ വാഹന ഉടമകൾക്ക് അതിന്റെ നിയമസാധുത ചോദ്യം ചെയ്യാം. അങ്ങനെ സംഭവിച്ചാൽ എഐ ക്യാമറ വഴി പിഴ ഈടാക്കുന്ന പദ്ധതി മൊത്തത്തിൽ പാളുന്ന അവസ്ഥ ഉണ്ടാകും. ഗതാഗത സംവിധാനത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് പരിഹരിക്കാതെയാണ് ക്യമാറാ വഴിയിലേക്ക് നീങ്ങിയതെന്ന വിമർശനവും നിലനില്ക്കുന്നുണ്ട്.

അതേസമം സാങ്കേതിക വിദഗ്ദ്ധർ ഉൾപ്പെട്ട ടെക്‌നിക്കൽ കമ്മിറ്റി പരിശോധിച്ചാണു ക്യാമറകൾ തിരഞ്ഞെടുത്തത്. അതിനാൽ ഇനിയൊരു അംഗീകൃത ഏജൻസി എന്നതു സാങ്കേതികമായി മാത്രമേ ആവശ്യമുള്ളൂ. ഏജൻസിയെ നിയോഗിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ 24നു ചേരുന്ന യോഗം പരിഗണിക്കാമെന്നാണ് ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത് പ്രതികരിച്ചത്.

അതേസമയം റോഡ് ക്യാമറാ വിവാദത്തിൽ വ്യവസായ വകുപ്പിനുവേണ്ടി അന്വേഷണം നടത്തുന്ന പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷിന്റെ റിപ്പോർട്ട് വൈകുകയാണ്. അടുത്തയാഴ്ച മാത്രമേ റിപ്പോർട്ട് സമർപ്പിക്കുകയുള്ളൂ. റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതിനെക്കുറിച്ചു മുഹമ്മദ് ഹനീഷ് പ്രതികരിച്ചില്ല. ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നതു തടയുന്നതിനുള്ള ഓർഡിനൻസ് അടുത്ത മന്ത്രിസഭാ യോഗത്തിൽ വരുന്നുണ്ട്. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവാദിത്തം ഏൽപിച്ചതിനാൽ, ഓർഡിനൻസുമായി ബന്ധപ്പെട്ട തിരക്കിലാണു പ്രിൻസിപ്പൽ സെക്രട്ടറിയെന്നാണു സർക്കാർ അനൗദ്യോഗികമായി വിശദീകരിക്കുന്നത്.

ഏപ്രിൽ 26നാണ് മന്ത്രി പി. രാജീവ് എ.പി.എം. മുഹമ്മദ് ഹനീഷിനെ അന്വേഷണച്ചുമതല നൽകിയത്.ക്രമവിരുദ്ധമായി ഒന്നുമില്ലെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയ സംഭവത്തിലാണ് രണ്ടരയാഴ്ച കഴിഞ്ഞിട്ടും റിപ്പോർട്ട് നൽകാത്തത്. എന്നാൽ സർക്കാരിനെ വെള്ളപൂശനാണ് റിപ്പോർട്ട് വൈകിപ്പിക്കുന്നതെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. കരാറിൽ വീഴ്ചയുണ്ടായെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ സർക്കാരിനെ പ്രതികൂലമായി ബാധിക്കും. പ്രിൻസിപ്പൽ സെക്രട്ടറിയെ ധർമ്മസങ്കടത്തിലാക്കുന്നതും ഇതാണ്.

ആരോഗ്യ - കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ മുഹമ്മദ് ഹനീഷിനെ സർക്കാർ മാറ്റി നിയമിച്ചിരുന്നു. പുതിയ ചുമതലയിലെ തിരക്കാണ് റിപ്പോർട്ട് വൈകാൻ കാരണമെന്നാണ് പ്രിൻസിപ്പൽ സെക്രട്ടറിയുമായി അടുത്ത കേന്ദ്രങ്ങൾ പറയുന്നത്. എന്നാൽ റിപ്പോർട്ട് സമർപ്പിക്കാൻ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നാണ് വ്യവസായ വകുപ്പ് മന്ത്രിയുടെ ഓഫീസ് പറയുന്നത്. അതേസമയം ക്യാമറ ഇടപാടിൽ ദിവസവും പുതിയ വെളിപ്പെടുത്തലുകളാണ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നടത്തുന്നത്.