തിരുവനന്തപുരം: പ്രതിപക്ഷം മറുപടി തേടി ചോദ്യങ്ങൾ ആവർത്തിക്കുമ്പോഴും, വിവാദമായ എഐ ക്യാമറ കരാർ സുതാര്യമെന്ന വാദവുമായി വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട്. കരാറുകളെല്ലാം സുതാര്യമായിരുന്നു. ഡാറ്റാ സുരക്ഷ ഒഴികെ എല്ലാത്തിലും ഉപകരാർ നൽകാൻ കെൽട്രോണിന് അധികാരമുണ്ടെന്നുമാണ് മുഹമ്മദ് ഹനീഷിന്റെ റിപ്പോർട്ട്.

ഉയർന്ന തുകക്ക് കരാർ നൽകിയതും ഉപകരാറിലെ സുതാര്യയില്ലായ്മയും ധനവകുപ്പിന്റെ മാനദണ്ഡങ്ങളുടെ ലംഘനവും അടക്കമുള്ള ആരോപണങ്ങൾ അന്വേഷണ റിപ്പോർട്ട് തള്ളി. കെൽട്രോണും ഗതാഗത കമ്മീഷണറുമായി 2020 ഉണ്ടാക്കിയ കരാറിൽ തന്നെ വൈരുദ്ധ്യമുണ്ടെന്ന കണ്ടെത്തലിൽ മന്ത്രിസഭാ തെറ്റുകൾ തിരുത്തി അനുമതി നൽകിയിരുന്നു.

എഐ കാമറാ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചെന്ന് വ്യവസായ മന്ത്രി പി.രാജീവും വ്യക്തമാക്കി. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തലെന്ന് മന്ത്രി പറഞ്ഞു.

കെൽട്രോണിന് കരാർ നൽകിയത് ടെക്നിക്കൽ കമ്മിറ്റിയുടെ ശുപാർശപ്രകാരമാണ്. കരാർ വ്യവസ്ഥകളിലും ടെൻഡർ നടപടികളിലും കെൽട്രോണിന് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാണ്. കെൽട്രോണിനെ സംരക്ഷിക്കണമെന്ന് റിപ്പോർട്ടിൽ ശുപാർശയുണ്ടെന്നും മന്ത്രി അറിയിച്ചു. സേഫ് കേരളാ പദ്ധതിക്കായുള്ള കെൽട്രോണിന്റെ ടെൻഡർ നടപടികൾ സിവിസി മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് നടന്നിരിക്കുന്നത്. കെൽട്രോണും എസ്ആർഐടിയും തമ്മിലാണ് കരാർ.

ഉപകരാറുകാരുടെ പേരുകൾ കരാറിൽ പരാമർശിക്കേണ്ട കാര്യമില്ലായിരുന്നു. അത് മാത്രമാണ് കരാറിലെ ഏക വീഴ്ചയായി കണ്ടെത്തിയിട്ടുള്ളതെന്നും മന്ത്രി അവകാശപ്പെട്ടു. ഡാറ്റാ സുരക്ഷാ, ഡാറ്റാ ഇന്റഗ്രിറ്റി, ഫെസിലിറ്റി മാനേജ്മെന്റ് ഉപകരണങ്ങളുടെ കോൺഫിഗറേഷൻ എന്നിവയൊഴികെ മറ്റെല്ലാ കാര്യങ്ങൾക്കും ഉപകരാർ അനുവദനീയമാണ്. ഈ വ്യവസ്ഥകൾ പാലിച്ചുകൊണ്ടാണ് ഉപകരാർ നൽകിയിരിക്കുന്നത്.

ടെൻഡറുമായി ബന്ധപ്പെട്ട രേഖകൾ അതത് ഘട്ടത്തിൽതന്നെ ഇ-പോർട്ടലിൽ അപ്ലോഡ് ചെയ്തിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു. പരാതികൾ ഒഴിവാക്കാൻ ഭാവിയിൽ ഇത്തരം പദ്ധതികൾ നടപ്പിലാക്കുമ്പോൾ ഉന്നതാധികാര സമിതിക്ക് ആദ്യം തന്നെ രൂപം നൽകുമെന്നും മന്ത്രി പ്രതികരിച്ചു

അതേസമയം, എഐ ക്യാമറ പദ്ധതി ജനത്തെ പച്ചയ്ക്ക് ചൂഷണം ചെയ്ത് സർക്കാരിന്റെയും കാരണഭൂതന്റെയും കീശ നിറയ്ക്കാൻ നടപ്പാക്കിയ ഗൂഢപദ്ധതിയാണെന്ന് കെ സുധാകരൻ പ്രതികരിച്ചു. ഇത്രയെല്ലാം ആരോപണം ഉയർന്നിട്ടും വാ തുറക്കാൻപോലും മുഖ്യമന്ത്രി തയാറാകുന്നില്ല. ദിവസവും സന്ധ്യയ്ക്ക് പത്രസമ്മേളനം നടത്തി തള്ളിമറിക്കുന്ന മുഖ്യമന്ത്രി ഇപ്പോൾ അതുപോലും ഒഴിവാക്കി ജനങ്ങളിൽനിന്ന് ഒളിച്ചോടുകയാണെന്നും സുധാകരൻ പറഞ്ഞു.