തിരുവനന്തപുരം: ഗതാഗത കുറ്റകൃത്യങ്ങൾ സ്വയം കണ്ടെത്തി പിഴയീടാക്കാൻ കഴിയുന്ന 726 അത്യാധുനിക നിരീക്ഷണ ക്യാമറകൾ സംസ്ഥാനത്ത് മിഴി തുറന്നെങ്കിലും ഒരു മാസത്തേക്ക് പിഴയീടാക്കില്ല. മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കുന്ന പുതിയ പി. വി സി പെറ്റജി കാർഡ് ഡ്രൈവിങ് ലൈസൻസ്, എ ഐ സേഫ്റ്റി ക്യാമറകൾ എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ച ചടങ്ങിലാണ് ഇക്കാര്യം ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയത്.

ഇന്നുമുതൽ മെയ്‌ 19 വരെയുള്ള ഒരു മാസം ക്യാമറ വഴി പിടികൂടുന്ന നിയമലംഘനങ്ങൾക്ക് പിഴ ചുമത്തില്ലെന്ന് ഗതാഗത മന്ത്രി പറഞ്ഞു. ഒരു മാസം എ.ഐ. ക്യാമറ ബോധവത്കരണ മാസമാണ്. മെയ്‌ 20 മുതലുള്ള നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിത്തുടങ്ങും. ബൈക്കുകളിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെ മൂന്നുപേർ യാത്ര ചെയ്താൽ പോലും ക്യാമറയിൽ കുടുങ്ങുമെന്നും അധികൃതർ അറിയിച്ചു.

തിരുവനന്തപുരത്താണ് പദ്ധതികളുടെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. ഗതാഗത മന്ത്രി ആന്റണി രാജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. റോഡപകടം മൂലമുള്ള മരണങ്ങൾ സംസ്ഥാനം നേരിടുന്ന ദുരന്തമായി കണ്ട് അതിനെ ചെറുക്കാൻ കൂട്ടായ പ്രവർത്തനം നടത്തേണ്ടതുണ്ട്. പുതുതലമുറ ഇക്കാര്യത്തിൽ മുൻകൈയെടുക്കണമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന സമ്മേളനത്തിൽ പറഞ്ഞു.

സുഗമമായ സഞ്ചാരത്തിനും നിയമ ലംഘനം കണ്ടെത്തുന്നതിനും ആധുനിക സങ്കേതിക വിദ്യ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ - സംസ്ഥാന പാതകൾക്ക് പുറമെ മറ്റ് പാതകളിൽ കൂടി ക്യാമറ വയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ പൊതുസമൂഹത്തിന് വലിയ തോതിൽ ഉപകാരപ്രദമാകുന്ന പദ്ധതികളാണ് എ ഐ ക്യാമറയും പുതിയ ഡിജിറ്റൽ ലൈസൻസുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിയമം പാലിക്കാനുള്ളതാണ്. ആ ഉത്തമ ബോധ്യം നമുക്കെല്ലാവർക്കും വേണം. നമ്മുടെ ഭാഗത്തുനിന്നുണ്ടാകുന്ന പിഴവുമൂലം മറ്റുള്ളവർക്ക് ജീവഹാനിയോ മറ്റു ഗുരുതരമായ പ്രശ്നങ്ങളോ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിരവധി പേർക്കാണ് ദിവസവും റോഡുകളിൽ ജീവൻ നഷ്ടമാകുന്നത്. നാട്ടിൽ റോഡപകടത്തിലൂടെ ആരുടെയും ജീവൻ നഷ്ടപ്പെടാതിരിക്കുക, ശാരീരിക അവശതയിലേക്ക് എത്താതിരിക്കുക, തീരാദുഃഖത്തിൽ നിന്നുള്ള മോചനവും ലക്ഷ്യമിട്ടാണ് സേഫ് കേരള ലക്ഷ്യമിടുന്നത്. 85 സ്‌ക്വോഡുകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. സേഫ് കേരള പദ്ധതി ആവിഷ്‌കരിച്ച ശേഷം റോഡപകടം മൂലം മരണം ചെറിയ തോതിൽ കുറഞ്ഞു.

പൊതുനിരത്തിൽ ട്രാഫിക് ലംഘനം പരിശോധിക്കാനും തടയാനും പൊലീസും മോട്ടോർ വാഹന വകുപ്പും പരിശോധന നടത്തുന്നുണ്ട്. ചില ഘട്ടത്തിൽ ഇവ ജനത്തിന് ബുദ്ധിമുട്ടായി അനുഭവപ്പെട്ടു. അതിന്റെ ഭാഗമായി പരാതികൾ ഉയർന്നു. ഇത്തരം സാഹചര്യത്തിൽ സഞ്ചാരം സുഗമമാക്കാൻ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തുടനീളം 726 അത്യാധുനിക നിരീക്ഷണക്യാമറകളാണ് പ്രവർത്തിക്കുന്നത്. രാത്രിയിലുൾപ്പെടെ നടക്കുന്ന നിയമലംഘനങ്ങൾ വ്യക്തതയോടെ തിരിച്ചറിയാൻ സാധിക്കുമെന്നതാണ് എ.ഐ. ക്യാമറകളുടെ സവിശേഷത. സാധാരണ സി.സി.ടി.വി. ക്യാമറകളെക്കാൾ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങളാണ് ലഭിക്കുക.

വാഹനത്തിനകത്ത് ഇരിക്കുന്നവരുടേതടക്കം വ്യക്തമായ ചിത്രം ലഭിക്കും. കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലും ഇത്തരം ക്യാമറകൾ സഹായകമാകും. ചിത്രങ്ങൾ അഞ്ചുവർഷത്തേക്ക് സൂക്ഷിക്കാനുള്ള ശേഷി ക്യാമറകൾക്കുണ്ടെങ്കിലും ഒരു വർഷം സൂക്ഷിക്കാനാണ് നിലവിൽ തീരുമാനം.

നിയമലംഘനം കണ്ടെത്തുന്ന ക്യാമറയിൽനിന്നുള്ള ദൃശ്യം തിരുവനന്തപുരത്തുള്ള സെൻട്രൽ കൺട്രോൾ റൂമിലാണ് ആദ്യം എത്തുന്നത്. അവിടെനിന്ന് ജില്ലാ കൺട്രോൾ റൂമിലേക്ക് വിവരങ്ങൾ കൈമാറും. തുടർന്ന് ഉടമകളുടെ മേൽവിലാസത്തിലേക്ക് നോട്ടീസ് എത്തും. വാഹനം രജിസ്റ്റർ ചെയ്തപ്പോൾ നൽകിയ ഫോൺ നമ്പറിലേക്ക് പിഴ സംബന്ധിച്ച വിവരം സന്ദേശമായും ലഭിക്കും.

നോട്ടീസ് കൈപ്പറ്റി 30 ദിവസത്തിനകം പിഴയടച്ചില്ലെങ്കിൽ ഇരട്ടിത്തുക കോടതിയിൽ അടയ്‌ക്കേണ്ടിവരും. അക്ഷയകേന്ദ്രങ്ങൾ വഴി പിഴ അടയ്ക്കാനുള്ള സംവിധാനമുണ്ട്. കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ മൂന്ന് പേർ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചാലും എഐ ക്യാമറയിൽ പതിഞ്ഞാൽ പിഴയുണ്ടാകും. കാറിൽ കൈക്കുഞ്ഞുങ്ങളെ പിൻസീറ്റിൽ മുതിർന്നവർക്കൊപ്പമോ ബേബി സീറ്റിലോ ഇരുത്തണമെന്നാണ് മോട്ടോർ വാഹനവകുപ്പ് പറയുന്നത്.

ലൈറ്റുകൾ പ്രവർത്തിപ്പിക്കാതിരിക്കുക, നോ പാർക്കിങ്ങിൽ വാഹനം നിർത്തുക, റിയർവ്യൂ മിറർ ഇളക്കിമാറ്റുക- 250 തുടർച്ചയായ വെള്ളവര മുറിച്ചുകടന്നാൽ- 250
സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് ഉപയോഗിക്കാതിരുന്നാൽ- 500 അതിവേഗം (കാർ)- 1500 ഇരുചക്ര വാഹനങ്ങളിൽ രണ്ടിൽക്കൂടുതൽ പേർ യാത്രചെയ്യുക- 2000 എന്നിങ്ങനെയാണ് പിഴനിരക്ക്. ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് ആദ്യപിഴ- 2000 രൂപയും തുടർന്ന്- 4000 രൂപയുമാണ്.

അപകടകരമായ ഓവർ ടേക്കിങിന് ആദ്യപിഴ- 2000 രൂപയും ആവർത്തിച്ചാൽ കേസ് കോടതിയിലേക്ക് എത്തുകയും ചെയ്യും. ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം- 2000 മൂന്ന് വർഷത്തിനുള്ളിൽ ആവർത്തിച്ചാൽ- 5000 (ബ്ലുടൂത്ത് ഹെഡ്സെറ്റ്, ഇയർപോഡ് നിയമവിരുദ്ധം) മഞ്ഞവര മുറിച്ചുകടന്നാൽ (അപകടകരമായ ഡ്രൈവിങ്), ലെയ്ൻ ട്രാഫിക് ലംഘനം, നിയമം ലംഘിച്ച് മറികടക്കൽ- 2000

ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് ആധുനിക സംവിധാനങ്ങൾ പ്രാബല്യത്തിൽ വരുന്നതിനൊപ്പം സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസും ഇന്നുമുതൽ സ്മാർട്ട് കാർഡിലേക്ക് മാറും. ഏഴിലധികം സുരക്ഷാ സംവിധാനങ്ങളൊരുക്കിയ പി വി സി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകളാണ് നിലവിൽ വരുന്നത്. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ മാനദണ്ഡങ്ങൾ പ്രകാരം രൂപകൽപ്പന ചെയ്ത ലൈസൻസ് കാർഡുകൾ നിരവധി തടസ്സങ്ങൾ അതിജീവിച്ചാണ് യാഥാർത്ഥ്യമാകുന്നത്.

സീരിയൽ നമ്പർ, യു.വി. എംബ്ലം, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യൂ.ആർ. കോഡ് എന്നിങ്ങനെയുള്ള ഏഴ് സുരക്ഷ ഫീച്ചറുകളാണ് കേരളം നൽകുന്ന പുതിയ പുതിയ ലൈസൻസ് കാർഡിൽ നൽകുക.