- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയപാതകളിൽ വേഗപരിധി വർധിപ്പിച്ചത് 2018ൽ; എഐ ക്യാമറകൾ പിഴയീടാക്കുന്നത് 2014ൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരവും; എഐ ക്യാമറകൾ വഴി പിഴ ഈടാക്കാനുള്ള മോട്ടർ വാഹന വകുപ്പിന്റെ നീക്കം നിയമകുരുക്കിലാകും; കൊട്ടിദ്ഘോഷിച്ച പദ്ധതി അവതാളത്തിലാകുമോ?
തൃശൂർ: മോട്ടോർ വാഹന വകുപ്പിന്റെ എഐ ക്യാമറകൾ നാളെ മുതതൽ പിഴ ഈടാക്കാൻ തുടങ്ങാനിരിക്കേ വേഗപരിധിയിലെ നിയമക്കുരുക്കുകൾ പദ്ധതിയെ അവതാളത്തിലാക്കുമെന്ന ആശങ്ക ശക്തം. വേഗപരിധി സംബന്ധിച്ച സംശയങ്ങളാണ് ഈ വിഷയത്തിൽ പദ്ധതി അവതാളത്തിലാകുമോ എന്ന സംശയം ഉയരാൻ ഇടയാക്കുന്നത്. ദേശീയപാതകളിൽ ഉൾപ്പെടെ വേഗപരിധി വർധിപ്പിച്ചുകൊണ്ടു 2018ൽ കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും എഐ ക്യാമറകൾ പിഴയീടാക്കുന്നത് 2014ൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരമാണെന്നതു നിയമക്കുരുക്കിനു കാരണമായേക്കും. ഇത് തീർത്തും നിയമവിരുദ്ധമാണ്. അതുകൊണ്ട് തന്നെ മോട്ടോർ വാഹന വകുപ്പിന്റെ ആധുനിക സംവിധാനം പൊളിയാനുള്ള സാധ്യതയും കൂടുതലാണ്.
സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനത്തിലുള്ള വേഗപരിധി കേന്ദ്ര വിജ്ഞാപനം അനുസരിച്ചുള്ള വേഗപരിധിയേക്കാൾ കുറവാണെന്നതിനാൽ ഒട്ടേറെപ്പേർ അകാരണമായി പിഴ നൽകേണ്ടിവരും. കേന്ദ്ര വിജ്ഞാപനത്തെ മറികടക്കാനോ വേഗ പരിധി വർധിപ്പിക്കാനോ സംസ്ഥാനം പുതിയ വിജ്ഞാപനം ഇതുവരെ ഇറക്കിയിട്ടില്ല. ഇക്കാര്യത്തിൽ ഇനിയും വ്യക്തതകൾ വരാനുണ്ട് താനും.
ദേശീയ, സംസ്ഥാനപാതകളിലടക്കം മോട്ടർ വാഹന വകുപ്പ് 726 എഐ (നിർമ്മിത ബുദ്ധി) ക്യാമറകളാണു സ്ഥാപിച്ചിട്ടുള്ളത്. ഈ ക്യാമറകൾക്കു പുറമേ അമിത വേഗക്കാരെ പിടികൂടാൻ ദേശീയ, സംസ്ഥാനപാതകളിൽ മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ചിട്ടുള്ള മറ്റു നിരീക്ഷണ ക്യാമറകളും പിഴയീടാക്കുന്നത് ജിഒപി 20/2014 എന്ന സർക്കാർ വിജ്ഞാപന പ്രകാരമാണ്. ഇതുപ്രകാരം നാലുവരിപ്പാതകളിൽ കാറുകളുടെ പരമാവധി വേഗപരിധി 90 കിലോമീറ്ററാണ്. എന്നാൽ, കേന്ദ്ര വിജ്ഞാപന പ്രകാരം നാലുവരിപ്പാതകളിൽ 100 കിലോമീറ്ററാണു വേഗപരിധി.
ഇരുചക്രവാഹനങ്ങൾക്കു നാലുവരിപ്പാതകളിൽ 80 കിലോമീറ്റർ വേഗമാർജിക്കാൻ കേന്ദ്ര വിജ്ഞാപനത്തിൽ അനുവാദമുള്ളപ്പോൾ സംസ്ഥാന വിജ്ഞാപനത്തിൽ 70 കിലോമീറ്റാണു വേഗപരിധി. ചരക്കു വാഹനങ്ങൾക്കു കേന്ദ്ര വിജ്ഞാപനത്തിൽ 80 കിലോമീറ്റർ വരെ വേഗപരിധി ഉള്ളപ്പോൾ സംസ്ഥാന വിജ്ഞാപനത്തിൽ 65 കിലോമീറ്ററാണ്.
ഈ വേഗപരിധി ലംഘിച്ചതിന്റെ പേരിൽ വാഹന ഉടമകൾ പിഴയടച്ചു വലയുമ്പോഴും പുതുക്കിയ വിജ്ഞാപനമിറക്കി ആശയക്കുഴപ്പം നീക്കാൻ നടപടിയായിട്ടില്ല. വേഗപരിധി സംബന്ധിച്ചു പാതകളിൽ ഡിജിറ്റൽ അറിയിപ്പു ബോർഡുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഇതു നടപ്പാക്കുന്നതിനു മുൻപേയാണു പിഴയിട്ടു തുടങ്ങുന്നത്. ഇക്കാര്യത്തിൽ മോട്ടോർ വാഹന വകുപ്പ് എന്തു പരിഹാരം കണ്ടെത്തും എന്നാണ് അറിയേണ്ടത്.
അതേസമയം മോട്ടർ വാഹനവകുപ്പ് സ്ഥാപിക്കുന്ന എഐ ക്യാമറ ഉൾപ്പെടെ എല്ലാ നിരീക്ഷണ ക്യാമറകളെയും ഫാസ്റ്റ് ടാഗ്, ബാങ്കിങ് സംവിധാനവുമായി ബന്ധിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. 'വാഹൻ' സോഫ്റ്റ്‌വെയറിൽ ഇതിനുള്ള മാറ്റം കൊണ്ടുവരാൻ കേരളം ആവശ്യപ്പെട്ടു. ഇത് നടപ്പായാൽ വാഹന ഉടമയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഫാസ്ടാഗ് വഴി പിഴ ഈടാക്കാനാണ് നാഷനൽ ഇൻഫർമാറ്റിക്‌സ് സെന്ററിനോട് (എൻഐസി) സംസ്ഥാന ഗതാഗതവകുപ്പ് ആവശ്യപ്പെട്ടത്. ഇതിനായി വാഹന റജിസ്‌ട്രേഷൻ സമയത്തും ലൈസൻസ് എടുക്കുന്ന സമയത്തും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സോഫ്റ്റ്‌വെയറിൽ അപ്‌ഡേറ്റ് ചെയ്യുന്നതിന് വ്യവസ്ഥ ചെയ്യും.
സർക്കാർ കണക്കുകൂട്ടൽ തെറ്റുമോ?
മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്തുടനീളം സ്ഥാപിച്ച 726 നിർമ്മിതബുദ്ധി ക്യാമറകൾ പിഴയീടാക്കി തുടങ്ങുന്നതോടെ ദിവസവും കോടികൾ ഖജനാവിലേക്ക് എത്തുമെന്ന് പുറത്തുവന്ന സൂചനകൾ. നിലവിൽ ക്യാമറകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് പിഴയീടാക്കാൻ തുടങ്ങിയിട്ടില്ലെങ്കിലും അഞ്ചുലക്ഷത്തോളം നിയമലംഘനങ്ങളാണ് ഇപ്പോൾ ഒരുദിവസം ഇവ കണ്ടെത്തുന്നത്. ഈ മാസം 20 മുതൽ പിഴയീടാക്കി തുടങ്ങുമ്പോൾ ഇതേ കണക്കാണെങ്കിൽ കോടികളാണ് ഖജനാവിലേക്ക് എത്തുക. ഒരു നിയമലംഘനത്തിന് കുറഞ്ഞത് 500 രൂപ മാത്രം കണക്കാക്കിയാൽ പോലും ഒരുദിവസം അഞ്ചുലക്ഷം നിയമലംഘനങ്ങൾ കണ്ടെത്തിയാൽ 25 കോടിയാണ് പിഴത്തുകയായി ഖജനാവിലേക്ക് എത്തുക. സർക്കാറിന്റെ ഈ പ്രതീക്ഷ തെറ്റുമോ എന്നതാണ് അറിയേണ്ടത്.
24 മണിക്കൂറും നിരീക്ഷിച്ച് വിവിധ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനാൽ രാത്രിയും പകലുമെന്നില്ലാതെ വലിയൊരു നീരീക്ഷണമാണ് ഉണ്ടാവുക. 232.25 കോടി ചെലവിട്ടാണ് ക്യാമറകൾ സ്ഥാപിച്ചത്. ക്യാമറകൾ പ്രവർത്തിപ്പിക്കുന്നതിന് കണക്ടിവിറ്റി, ഡേറ്റാവിശകലനം, ജീവനക്കാർ, സൗരോർജ്ജ സംവിധാനം എന്നിവയ്ക്ക് മൂന്നുമാസത്തിലൊരിക്കൽ മൂന്നരക്കോടിയും ക്യാമറകൾ സ്ഥാപിച്ച ചെലവിൽ എട്ടരക്കോടിയും കെൽട്രോണിന് നൽകണം. കാമറാദൃശ്യങ്ങൾ പരിശോധിച്ച് പിഴ തയ്യാറാക്കുന്നത് കെൽട്രോണും പെറ്റി അംഗീകരിക്കേണ്ടത് മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗവുമാണ്. കാമറയുടെ 800 മീറ്റർ പരിധിയിലെ ലംഘനങ്ങൾ വരെ പിടിക്കും.
അമിത വേഗം, സീറ്റ് ബെൽറ്റ്, ഹെൽമറ്റില്ലാതെ ഇരുചക്രവാഹന യാത്ര, അമിത ഭാരം, ഇൻഷുറൻസ്, മലീനീകരണ സർട്ടിഫിക്കറ്റ്, ഡ്രൈവ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കൽ, അനധികൃത പാർക്കിങ് തുടങ്ങിയ കാര്യങ്ങൾക്ക് പിഴ ഈടാക്കും. ഏതൊക്കെ ക്യാമറയുടെ പരിധിയിൽ എത്തുന്നോ അവയിൽ നിന്നൊക്കെ പിഴ വരും. ഒരേ കാര്യത്തിന് നിരവധി ക്യാമറകളിൽ നിന്ന് പിഴവന്നാൽ അതിൽ എന്ത് നടപടി സ്വീകരിക്കണമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. ഇതിൽ മാറ്റം വരുത്തണോയെന്ന് സർക്കാരാണ് തീരുമാനിക്കേണ്ടത്. ക്യാമറകളിൽ പുറത്തുനിന്ന് ഇടപെട്ട് കൃത്രിമം വരുത്താനാകില്ലെന്നാണ് അവകാശവാദം.
726 ക്യാമറകളിലെയും ദൃശ്യങ്ങൾ അഞ്ചുവർഷം വരെ സൂക്ഷിച്ചുവെക്കാനുള്ള സംവിധാനം ഡാറ്റാ സെന്ററുകളിലുണ്ട്. എന്നാൽ നിലവിൽ ഇവ ഒരുവർഷം സൂക്ഷിച്ചുവയ്ക്കാനാണ് തീരുമാനം. പൊലീസോ അന്വേഷണ ഏജൻസികളോ ആവശ്യപ്പെട്ടാൽ ഇവ നൽകുകയും ചെയ്യും. തുടക്കത്തിൽ വലിയൊരു തുക മാസം പിഴയായി ലഭിക്കുമെങ്കിലും പിഴവരുന്നത് കണക്കിലെടുത്ത് ആളുകൾ നിയമം പാലിച്ചുതുടങ്ങുമ്പോൾ പിഴയീടാക്കുന്നതിൽ കുറവുണ്ടാകുമെന്നാണ് മോട്ടോർ വാഹന വകുപ്പ് കണക്കുകൂട്ടുന്നത്.
നിലവിൽ പിഴത്തുക ഈടാക്കുന്നത് ഇങ്ങനെ
ഹെൽമെറ്റില്ലാത്ത യാത്ര ചെയ്യുന്നത് - 500 രൂപ
പിൻസീറ്റിൽ ഹെൽമെറ്റില്ലാത്തത് - 500
മൂന്നുപേരുടെ ബൈക്ക് യാത്ര - 1000
ഡ്രൈവിംഗിനിടെ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് - 2000
നാലുചക്ര വാഹനങ്ങളിൽ സീറ്റ്‌ബെൽറ്റില്ലാതെ യാത്രചെയ്യുന്നത് - 500
അമിതവേഗം - 1500
അനധികൃത പാർക്കിങ് - 250
വാഹനങ്ങളുടെ സൈലൻസർ പരിഷ്‌കരിച്ച് കൂടിയ ശബ്ദമുണ്ടാക്കി ഓടിക്കുന്നതും വാഹനങ്ങൾ അനധികൃതമായി രൂപമാറ്റം വരുത്തുന്നതുമൊക്കെ ക്യാമറ പിടികൂടും. അമിത ശബ്ദം റെക്കോർഡ് ചെയ്യാനും ക്യാമറകളിൽ സംവിധാനമുണ്ടെന്നാണ് വിവരം. ഒരു ക്യാമറയിൽ നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ പരമാവധി ആറുമണിക്കൂറിനുള്ളിൽ വാഹൻ സൈറ്റിലെ വിവരങ്ങൾ വിശകലനം ചെയ്ത് കുറ്റക്കാർക്ക് മൊബൈൽ ഫോണിൽ പിഴ സംബന്ധിച്ച സന്ദേശമെത്തും. പിന്നാലെ ദിവസങ്ങൾക്കകം രജിസ്റ്റർ ചെയ്തിരിക്കുന്ന വിലാസത്തിലേക്ക് പിഴയുടെ വിശദാശങ്ങൾ ചിത്രങ്ങൾ സഹിതം നോട്ടീസായി എത്തും.
മറുനാടന് മലയാളി ബ്യൂറോ