തിരുവനന്തപുരം: വാഹനയാത്രികർ സംസ്ഥാനത്തെ റോഡുകളിൽ നടത്തുന്ന നിയമലംഘനങ്ങൾ കണ്ടെത്താൻ സംസ്ഥാനത്തുടനീളം സ്ഥാപിച്ച ആർട്ടിഫിഷൽ ഇന്റലിജൻസ് കാമറകൾ മഹാ സംഭവമായാണ് സർക്കാർ അവതരിപ്പിച്ചത്. എന്നാൽ, കാമറയിൽ നിയമലംഘനങ്ങളുടെ ചിത്രങ്ങൾ തെളിയുംമുമ്പ് അതിനു പിന്നിലെ അഴിമതിക്കഥ പുറത്തുവന്നതോടെ നിയമലംഘനങ്ങളിൽ ഉടൻ പിഴയീടാക്കേണ്ടെന്ന തീരുമാനത്തിൽ സർക്കാർ. ഇതോടെ കെൽട്രോണും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള ധാരണാ പത്രം വൈകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. അന്വേഷണങ്ങൾക്ക് ശേഷം ധാരണ പത്രം മതിയെന്നാണ് നിലവിലെ തീരുമാനം. വിവാദ വിഷയത്തിൽ സർക്കാർ അന്തിമ തീരുമാനമെടുത്ത ശേഷമാകും ധാരണാ പത്രം ഒപ്പിടുക.

അതേസമയം, ഇടപാടിലെ അഴിമതിയാരോപണത്തിൽ നിന്നു കരകയറാൻ പദ്ധതി മരവിപ്പിക്കുന്നത് സംബന്ധിച്ചുള്ള നിയമവശങ്ങൾ സർക്കാർ പരിശോധിക്കുകയാണ്. ഇതിനായി കരാർ സംബന്ധിച്ച വിവരങ്ങൾ നിയമവകുപ്പിന് ലഭ്യമാക്കിയിട്ടുണ്ട്. ജുഡിഷ്യൽ അന്വേഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിലും സർക്കാർ നിയമോപദേശം തേടി.ഇടപാടിൽ അക്കൗണ്ടന്റ് ജനറലിന്റെ (എ.ജി) അന്വേഷണവും രണ്ടാംഘട്ടത്തിലെത്തി.

കെൽട്രോണും മോട്ടോർ വാഹന വകുപ്പും തമ്മിലുണ്ടാക്കിയ കരാറിനെയും കെൽട്രോൺ നൽകിയ ഉപകരാറുകളെയും കുറിച്ചാണ് ആദ്യം എ.ജി അന്വേഷണം നടത്തിയത്. ക്യാമറകളുടെ യഥാർത്ഥ വിലയും കരാറുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വില വ്യത്യാസവുമാണ് ഇപ്പോൾ പരിശോധിക്കുന്നത്.വ്യവസായ വകുപ്പിന്റെ അന്വേഷണം അന്തിമഘട്ടിത്തിലെത്തി.

ഈ രണ്ട് അന്വേഷണത്തിന്റെയും കണ്ടെത്തെലുകൾ വന്നശേഷം സമഗ്ര കരാർ വേണമെന്ന ആവശ്യത്തിലേക്ക് കടന്നാൽ മതിയെന്നാണ് ഗതാഗതവകുപ്പിന്റെ തീരുമാനം.പദ്ധതിയിലെ കെൽട്രോണിന്റെ പങ്കിനെക്കുറിച്ച് അന്വേഷിച്ചാൽ ഇക്കാര്യത്തിൽ ഗതാഗതവകുപ്പ് കാട്ടിയ കുഴപ്പങ്ങളും ഒന്നൊന്നായി പുറത്തുവരും. അതിൽനിന്ന് തലയൂരാനാണ് സമഗ്ര കരാർ എന്ന 'ആയുധം' സൂക്ഷിക്കുന്നത്.അന്വേഷണത്തിൽ വ്യക്തത വരുന്നതുവരെ ക്യാമറകളുടെ പ്രവർത്തനം തുടങ്ങരുതെന്ന നിർദ്ദേശം അടങ്ങിയ റിപ്പോർട്ട് ഗതാഗതവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.

ആദ്യം ബോധവത്ക്കരണം പിന്നീട് മെയ് 20 മുതൽ പിഴയീടാക്കാമെന്നായിരുന്നു നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നത്. നിലവിൽ ധാരണാ പത്രത്തിൽ ഒപ്പിടില്ലെന്ന് ഉറപ്പായതോടെ പിഴയീടാക്കുന്നതും വൈകും. ഗതാഗതനിയമ ലംഘനം കണ്ടുപിടിക്കാൻ എ ഐ ക്യാമറകൾ സ്ഥാപിച്ചതിൽ അഴിമതിയാരോപണം പ്രതിപക്ഷം ശക്തമാക്കിയ സാഹചര്യത്തിലാണ് പിഴ ഈടാക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോകുന്നത്.

റോഡുനിയമങ്ങൾ കർശനമാക്കി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്നതിലുപരി പിഴ ഈടാക്കൽ ഒരു വരുമാനമാർഗമായി കാണുന്നതായിരുന്നു ആദ്യം ചർച്ചകൾക്ക് കാരണമായതെങ്കിൽ കാമറകൾ സ്ഥാപിക്കുന്നതിന് ചെലവഴിച്ച ഭീമമായ തുകയും കരാറുകളിലെ സുതാര്യതയില്ലായ്മയും മറ്റുമാണ് ഇപ്പോൾ കൂടുതൽ കോലാഹലമുയർത്തുന്നത്.

കേട്ടുകേൾവിയില്ലാത്ത തുകയാണ് കാമറകൾക്ക് നൽകിയതെന്നും ഇതിന്റെ നാലിലൊന്നു വിലയ്ക്ക് കൂടുതൽ മെച്ചപ്പെട്ട കാമറ വിപണിയിൽ ലഭ്യമാണെന്നും പദ്ധതിയുടെ കരാറുകളും ഉപ കരാറുകളും അവയിൽ പങ്കെടുത്ത കമ്പനികളും എല്ലാം അടിമുടി ദുരൂഹമാണെന്നുമാണ് ദിനംപ്രതി പുറത്തുവരുന്ന വിവരങ്ങൾ. നിർമ്മിതബുദ്ധി കാമറക്കു പിന്നിൽ മനുഷ്യനിർമ്മിത അരുതായ്മകൾ നടന്നിട്ടുണ്ടെന്ന് ഓരോ ദിവസവും പുറത്തുവരുന്ന രേഖകളും തെളിവുകളും സാക്ഷ്യപ്പെടുത്തുന്നു.

കാമറകൾ സ്ഥാപിച്ചതിൽ മാത്രമല്ല, നടത്തിപ്പിലും ചില പ്രശ്‌നങ്ങളുയരുന്നുണ്ട്. നിയമലംഘനങ്ങളുടെ പേരിൽ ജനങ്ങളിൽനിന്ന് ഈടാക്കുന്ന പിഴ സ്വകാര്യ കമ്പനികൾക്ക് നൽകുന്നത് നിയമപരമായി തെറ്റാണെന്നു നിയമവിദഗ്ദ്ധർ വ്യക്തമാക്കുന്നു. കെൽട്രോണിനും ഉപ കരാർ നേടിയ കമ്പനിക്കും പിഴത്തുകയിൽനിന്ന് നിശ്ചിത ശതമാനം വീതംവെച്ച് നൽകുന്ന രീതിയിലാണ് ക്രമീകരണം എന്നാണ് പുറത്തുവരുന്ന വിവരം.

ട്രാഫിക് നിയമലംഘനം ഏതു മാർഗത്തിൽ കണ്ടെത്തിയാലും പിഴ ഈടാക്കി ഖജനാവിലേക്ക് ഒടുക്കാനുള്ള അധികാരം പൊലീസിനും മോട്ടോർ വാഹന വകുപ്പിനും മാത്രമാണ് എന്നിരിക്കെയാണ് ഇത്തരം പുതിയ പരിഷ്‌കരണം. എ.ഐ കാമറ സ്ഥാപിച്ച ഏജൻസികൾതന്നെ മോട്ടോർ വാഹനവകുപ്പിന്റെ കൺട്രോൾ റൂമിൽ ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികളെല്ലാം ചെയ്യുന്നതും പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും. കോടതിയോടും ജനങ്ങളോടും ഇതിന് ഉത്തരം പറയാനുള്ള ബാധ്യത സർക്കാറിനാകും.

കാമറ സ്ഥാപിക്കാനായി കെൽട്രോണിന് നൽകിയ കരാർ, ഉപ കരാർ, കൺസൽട്ടൻസി തുടങ്ങിയവയൊന്നും സുതാര്യമല്ലെന്നാണ് പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നത്. തുടക്കത്തിൽ ഗതാഗത മന്ത്രി ഞാനൊന്നുമറിഞ്ഞില്ല എന്നമട്ടിലും തുടർന്ന് വ്യവസായ മന്ത്രി കുറെ ന്യായീകരണങ്ങൾ നിരത്തിയും രംഗത്തുവന്നിരുന്നു. മുൻകൂർജാമ്യമെന്നോണം വ്യവസായ സെക്രട്ടറിയെക്കൊണ്ടുള്ള അന്വേഷണപ്രഖ്യാപനവും ഉണ്ടായി. പിന്നീട് ഭരണകേന്ദ്രങ്ങളിൽ മൗനമാണ്. ആരോപണങ്ങൾ മുഖ്യമന്ത്രിയെയും ബന്ധുക്കളെയും വരെ ഉന്നംവെച്ചിട്ടും മൗനംതുടരുകയാണ്.

എഐ ക്യാമറയിൽ ഗതാഗത നിയമലംഘനം കണ്ടെത്തിയാൽ കേന്ദ്രസർക്കാരിന്റെ പരിവാഹൻ സോഫ്റ്റുവയർ വഴി വാഹന ഉടമയ്ക്ക് ആദ്യം എസ്എംഎസും പിന്നാലെ ഇ-ചെല്ലാനും കിട്ടുന്നതാണ് സേഫ് കേരള പദ്ധതി. എന്നാൽ ഒരു മാസത്തേക്ക് പിഴ വേണ്ട, ബോധവത്കരണം മതിയെന്ന് മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചതോടെ പദ്ധതി നടത്തിപ്പുകാരായ കെൽട്രോൺ വെട്ടിലായിരുന്നു.

പിഴ ചുമത്താതെ നോട്ടീസ് പ്രിന്റെടുത്ത് രജിസ്റ്റേഡ് താപാലിൽ അയക്കാനുള്ള പണം മോട്ടോർ വാഹനവകുപ്പ് വഹിക്കണമെന്ന് കെൽട്രോൺ നിലപാട് സ്വീകരിച്ചു. എന്നാൽ കരാർ പ്രകാരം ഇതെല്ലാം കെൽട്രോൺ തന്നെ ചെയ്യണമെന്ന് മോട്ടോർ വാഹനവകുപ്പ് നിലപാടെടുത്തു. ഇതോടെ തമ്മിൽ തർക്കമായി. ധാരണാ പത്രം ഒപ്പിടാനുമായില്ല.

726 എഐ ക്യാമറകളാണ് സംസ്ഥാനമാകെ സ്ഥാപിച്ചത്. ബീക്കൺ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങൾക്ക് പിഴയിൽ നിന്നും ഇളവുണ്ട്. നഗര- ഗ്രാമ വ്യത്യസമില്ലാതെ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അനധികൃത പാർക്കിംഗിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക. 250 രൂപയാണിത്. അമിതവേഗം, സീറ്റ് ബെൽറ്റും- ഹെൽമറ്റും ധരിക്കാതെയുള്ള യാത്ര, ഡ്രൈവ് ചെയ്യുമ്പോഴുള്ള മൊബൈൽ ഉപയോഗം, രണ്ടുപേരിൽ കൂടുതൽ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നത്, റെഡ് ലൈറ്റ് മറികടക്കൽ എന്നി നിയമലംഘനങ്ങളാണ് എഐ ക്യാമറകൾ പിടികൂടുക.