- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡ് ക്യാമറകൾ വഴി പിഴയിനത്തിൽ ആദ്യ നാലുവർഷത്തിൽ കെൽട്രോൺ ലക്ഷ്യമിട്ടത് 462 കോടി രൂപ; വരുമാനത്തിന്റെ 30 ശതമാനം സർക്കാരിനും 70 ശതമാനം കെൽട്രോണിനും; പദ്ധതിയിൽ നികുതിവെട്ടിപ്പു നടത്തിയിട്ടില്ല; ആദായനികുതി പരിശോധനയിൽ ഭയമില്ലെന്ന് കെൽട്രോൺ ഉന്നതൻ
തിരുവനന്തപുരം: സംസ്ഥാനത്തുടനീളം സ്ഥാപിച്ച 726 നിർമ്മിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ക്യാമറകൾ വഴി ആദ്യ നാലുവർഷത്തിനുള്ളിൽ നിയമലംഘനം നടത്തുന്ന യാത്രക്കാരിൽ നിന്നും പിഴയിനത്തിൽ പിരിച്ചെടുക്കാൻ കെൽട്രോൺ ലക്ഷ്യമിട്ടത് 462 കോടി രൂപ. വരുമാനത്തിന്റെ 30 ശതമാനം സർക്കാരിനും 70 ശതമാനം കെൽട്രോണിനും എന്നതായിരുന്നു ധാരണ. അന്തിമകരാർ ഒപ്പിട്ടിരുന്നില്ലെന്നും കെൽട്രോണിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ ആദായനികുതി (ഐടി) വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോൾ വെളിപ്പെടുത്തി.
കെൽട്രോൺ ധനകാര്യ ഡപ്യൂട്ടി ജനറൽ മാനേജർ ശ്രീജൻ, റോഡ് ക്യാമറ ചുമതലയുള്ള ഐടി വിഭാഗം മേധാവി സുബ്രഹ്‌മണ്യൻ എന്നിവരെയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. 128 കോടി രൂപ സർക്കാർ ആദ്യം നൽകാമെന്നു സമ്മതിച്ചെങ്കിലും ഇതുവരെ പണം ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഓഫിസിലുണ്ടായിരുന്ന കെൽട്രോൺ എംഡി എൻ. നാരായണമൂർത്തിയോടു വിവരം ചോദിച്ചപ്പോൾ ഈ രണ്ട് ഉദ്യോഗസ്ഥർ കാര്യങ്ങൾ വിവരിക്കുമെന്ന് അദ്ദേഹം മറുപടി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരെ ചോദ്യം ചെയ്തത്. ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ ലഭിച്ചശേഷം അടുത്തയാഴ്ച ഐടി വകുപ്പ് തുടർനടപടികളിലേക്കു കടക്കും. രേഖകൾ നൽകാൻ കെൽട്രോൺ രണ്ടാഴ്ച ആവശ്യപ്പെട്ടെങ്കിലും ഒരാഴ്ചയാണു നൽകിയിരിക്കുന്നത്.
462 കോടി വരുമാനം 4 വർഷം കൊണ്ടു ലഭിക്കുമെന്നു വെബ്‌സൈറ്റിൽ ആദ്യം പ്രസിദ്ധപ്പെടുത്തിയതിനുശേഷം അതു നീക്കം ചെയ്തത് എന്തിനെന്നു ചോദിച്ചപ്പോൾ അതു തുടക്കത്തിൽ സൈറ്റിലിടാൻ വേണ്ടി മാത്രം തയാറാക്കിയതാണെന്നും അതിനാലാണു നീക്കിയതെന്നും പറഞ്ഞു. ഐടി ഉദ്യോഗസ്ഥർ ഇതു നേരത്തേ ഡൗൺലോഡ് ചെയ്തു സൂക്ഷിച്ചിരുന്നു.
പദ്ധതിയിൽ നികുതിവെട്ടിപ്പു നടത്തിയിട്ടില്ലാത്തതിനാൽ ആദായനികുതി പരിശോധനയിൽ ഭയമില്ലെന്ന് കെൽട്രോൺ ഉന്നതൻ പറഞ്ഞു. ഏതു പദ്ധതിക്കും വർഷംതോറും ലഭിക്കാവുന്ന തുക (പ്രൊജക്ടഡ് എമൗണ്ട്) പദ്ധതി റിപ്പോർട്ടിനൊപ്പം നൽകും. ഇത് ഉന്നതതലസമിതി ചർച്ച ചെയ്തതാണ്. അതിനുശേഷമാണു കെൽട്രോൺ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത്.
ക്യാമറയും അനുബന്ധഉപകരണങ്ങളും സ്ഥാപിക്കാൻ കരാർ നൽകിയ എസ്ആർഐടി കമ്പനിക്കു 128 കോടി രൂപയാണു ചെലവുവന്നത്. അത് 5 വർഷം കൊണ്ടു 20 തുല്യഗഡുക്കളായി നൽകുമെന്നു കരാറുണ്ട്. അവർ സർക്കാരിലേക്കു 23 കോടി രൂപയുടെ മൂല്യവർധിത നികുതിയും അടച്ചുവെന്നാണ് കെൽട്രോൺ ഉന്നത ഉദ്യോഗസ്ഥനിൽ നിന്നും ലഭിച്ച വിവരം.
അഴിമതി ആരോപണങ്ങളിൽ മുങ്ങിയതോടെ റോഡ് ക്യാമറ പദ്ധതി മരവിപ്പിച്ചത് തുടരുകയാണ്. വിവാദത്തിലായതോടെ സർക്കാരിന് കുരുക്കായ എ.ഐ ക്യാമറ പദ്ധതി സംബന്ധിച്ച സമഗ്ര കരാർ തയ്യാറാക്കുന്നത് അടുത്ത മൂന്നു മാസത്തിനുള്ളിൽ മതിയെന്നാണ് പുതിയ തീരുമാനം. എ.ഐ ക്യാമറ ഉപയോഗിച്ചുള്ള പിഴ ഈടാക്കൽ മരവിപ്പിച്ചത് ജൂൺ 4 വരെ നീട്ടാനും ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു.
ജൂൺ അഞ്ച് മുതൽ പിഴ ഈടാക്കാനാണ് നിലവിലെ തീരുമാനം. ഇതിനായി സർക്കാർ ഉത്തരവ് ഇറക്കാനാണ് നീക്കം. അത് ഫലപ്രദമാകുമോ എന്ന ആശങ്കയും നിലവിലുണ്ട്.മെയ് നാലിന് പദ്ധതി മരവിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. പിഴ ഈടാക്കൽ നടപടി ആരംഭിച്ച് മൂന്നു മാസത്തിനകം സമഗ്രകരാർ നടപടികളിലേക്ക് കടക്കാൻ ഉണ്ടായ തീരുമാനം തന്നെ ബുദ്ധിപരമായി കൈക്കൊണ്ടതാണ്.
വീണ്ടും കരാർ നടപടികൾ നീട്ടിക്കൊണ്ടു പോകാൻ സർക്കാരിനു കഴിയും. കെൽട്രോൺ നൽകിയ കരാറുകളും കെൽട്രോണും മോട്ടോർ വാഹന വകുപ്പും തമ്മിലുണ്ടാക്കിയ കരാറും ഇതിനുള്ളിൽ പുനഃപരിശോധിക്കാനും യോഗത്തിൽ ധാരണയായി. അതിനു ശേഷമാകും ഗതാഗതവകുപ്പ് സമഗ്ര കരാർ തയ്യാറാക്കുക. ഈ കരാർ ധന, നിയമ വകുപ്പുകളുടെ അംഗീകാരം കൂടി നേടിയശേഷം മാത്രമെ നടപ്പിലാക്കുകയുള്ളൂ.
മെയ് അഞ്ച് മുതൽ ഗതാഗത നിയമലംഘനങ്ങൾക്ക് ബോധവത്കരണ നോട്ടീസ് അയച്ചുതുടങ്ങിയിരുന്നു. യോഗത്തിൽ കെൽട്രോൺ നൽകിയ ഉപകരാറുകളെ സംബന്ധിച്ചുണ്ടയ വിവാദങ്ങളും ചൂടേറിയ ചർച്ചയ്ക്ക് കാരണമായി. മോട്ടോർ വാഹനവകുപ്പിന്റെ ഭാഗത്തുനിന്നും വീഴ്ചകളൊന്നും ഉണ്ടായില്ലെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത് വിശദീകരിച്ചിരുന്നു.
ക്യാമറകൾ സ്ഥാപിച്ചതോടെ അഞ്ചുലക്ഷത്തോളം നിയമലംഘനങ്ങളാണ് ദിനം പ്രതി കണ്ടെത്തിയിരുന്നത്. ഒരു നിയമലംഘനത്തിന് കുറഞ്ഞത് 500 രൂപ മാത്രം കണക്കാക്കിയാൽ പോലും ഒരുദിവസം അഞ്ചുലക്ഷം നിയമലംഘനങ്ങൾ കണ്ടെത്തിയാൽ 25 കോടിയാണ് പിഴത്തുകയായി ലഭിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
24 മണിക്കൂറും നിരീക്ഷിച്ച് വിവിധ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനാൽ രാത്രിയും പകലുമെന്നില്ലാതെ വലിയൊരു നീരീക്ഷണമാണ് ഉണ്ടാവുക. ക്യാമറകൾ പ്രവർത്തിപ്പിക്കുന്നതിന് കണക്ടിവിറ്റി, ഡേറ്റാവിശകലനം, ജീവനക്കാർ, സൗരോർജ്ജ സംവിധാനം എന്നിവയ്ക്ക് മൂന്നുമാസത്തിലൊരിക്കൽ മൂന്നരക്കോടിയും ക്യാമറകൾ സ്ഥാപിച്ച ചെലവിൽ എട്ടരക്കോടിയും കെൽട്രോണിന് നൽകണം.
കാമറാദൃശ്യങ്ങൾ പരിശോധിച്ച് പിഴ തയ്യാറാക്കുന്നത് കെൽട്രോണും പെറ്റി അംഗീകരിക്കേണ്ടത് മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗവുമാണ്. കാമറയുടെ 800 മീറ്റർ പരിധിയിലെ ലംഘനങ്ങൾ വരെ പിടിക്കും.
അമിത വേഗം, സീറ്റ് ബെൽറ്റ്, ഹെൽമറ്റില്ലാതെ ഇരുചക്രവാഹന യാത്ര, അമിത ഭാരം, ഇൻഷുറൻസ്, മലീനീകരണ സർട്ടിഫിക്കറ്റ്, ഡ്രൈവ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കൽ, അനധികൃത പാർക്കിങ് തുടങ്ങിയ കാര്യങ്ങൾക്ക് പിഴ ഈടാക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. ക്യാമറകളുടെ ഇടപടുകൾ അടക്കം വിവാദത്തിലായതോടെ പിഴ ഈടാക്കുന്നത് നടപടികൾ വൈകുകയായിരുന്നു.
726 ക്യാമറകളിലെയും ദൃശ്യങ്ങൾ അഞ്ചുവർഷം വരെ സൂക്ഷിച്ചുവെക്കാനുള്ള സംവിധാനം ഡാറ്റാ സെന്ററുകളിലുണ്ട്. എന്നാൽ നിലവിൽ ഇവ ഒരുവർഷം സൂക്ഷിച്ചുവയ്ക്കാനാണ് തീരുമാനം. പൊലീസോ അന്വേഷണ ഏജൻസികളോ ആവശ്യപ്പെട്ടാൽ ഇവ നൽകുകയും ചെയ്യും. തുടക്കത്തിൽ വലിയൊരു തുക മാസം പിഴയായി ലഭിക്കുമെങ്കിലും പിഴവരുന്നത് കണക്കിലെടുത്ത് ആളുകൾ നിയമം പാലിച്ചുതുടങ്ങുമ്പോൾ പിഴയീടാക്കുന്നതിൽ കുറവുണ്ടാകുമെന്നായിരുന്നു മോട്ടോർ വാഹന വകുപ്പ് കണക്കുകൂട്ടുന്നത്.
വീഡിയോ സ്‌കാനിങ് സോഫ്‌റ്റ്‌വെയറാണ് ക്യാമറകളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്യുന്നത്. ക്യാമറകളിൽ നിന്ന് ലഭിക്കുന്ന ദൃശ്യങ്ങൾ തിരുവനന്തപുരം മൺവിളയിലെ കെൽട്രോണിന്റെ ഡാറ്റാ സെന്റർ ബാങ്കിലാണ് ശേഖരിക്കുക. അവിടെനിന്ന് ദൃശ്യങ്ങൾ ലിസ്റ്റ് ചെയ്ത് ജില്ലാ കൺട്രോൾ റൂമുകൾക്ക് നൽകും. ജില്ലാ കൺട്രോൾ റൂമുകളിൽ നിന്ന് ഇവ നാഷണൽ ഡാറ്റാ ബേസിന് കൈമാറി ഇ- ചെലാൻ സൃഷ്ടിക്കും. പിന്നാലെ വാഹന ഉടമയുടെ മൊബൈലിലേക്ക് നിയമലംഘനം നടത്തിയതിന്റെ പിഴയേപ്പറ്റിയുള്ള സന്ദേശം അയക്കും.
അടുത്ത അഞ്ചുവർഷത്തേക്ക് ക്യാമറയുടെ പരിപാലനവും സർവീസുമൊക്കെ കെൽട്രോണിന്റെ ചുമതലയാണ്. തിരുവനന്തപുരം മൺവിളയിലെ കെൽട്രോൺ സെന്ററിൽ തന്നെയാണ് എ.ഐ ക്യാമറകളുടെ നിർമ്മാണവും നടക്കുന്നത്. ആകെ 726 ക്യാമറകളിൽ 675 എണ്ണം ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്താനായാണ് സ്ഥാപിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ നിയമലംഘനങ്ങളും ഈ വിഭാഗത്തിലാണ് വരുന്നത്.
അനധികൃത പാർക്കിങ് കണ്ടെത്താൻ 25 ക്യാമറകളുണ്ട്. അമിത വേഗം തിരിച്ചറിയുന്ന നാല് ക്യാമറകളും ലൈൻ തെറ്റിക്കൽ, ട്രാഫിക് സിഗ്നൽ തെറ്റിക്കൽ എന്നിവ കണ്ടെത്താൻ 18 ക്യാമറകളുമാണ് നിലവിലുള്ളത്. നിരീക്ഷണം, തെളിവ് ശേഖരിക്കൽ എന്നിവയാണ് എഐ ക്യാമറകളുടെ ദൗത്യങ്ങൾ.
മറുനാടന് മലയാളി ബ്യൂറോ