ന്യൂഡൽഹി: എഎപിയുടെ രാജ്യ സഭാ എംപി സ്വാതി മാലിവാളിനെ കെജ്രിവാളിന്റെ പിഎ ബൈഭവ് കുമാർ ആക്രമിച്ചതുമായി ബന്ധപ്പെട്ട വിവാദം കത്തി നിൽക്കുന്നതിനിടെ, സ്വാതിക്ക് കുഴപ്പമൊന്നും ഉണ്ടായിട്ടില്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് എഎപി. സ്വാതി കെജ്രിവാളിന്റെ വസതിയിൽ നിന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ഒപ്പം പുറത്തേക്ക് വരുന്നതും, അവരുടെ കൈ തട്ടിമാറ്റുന്നതും ഒക്കെ വീഡിയോ ദൃശ്യങ്ങളിലൂടെ എഎപി കാട്ടുന്നത് സ്വാതി നുണ പറയുന്നു എന്ന് തെളിയിക്കാനാണ്. എഡിറ്റ് ചെയ്ത വീഡിയോ ആണെന്ന് സ്വാതി പ്രത്യാരോപണം ഉന്നയിക്കുകയും ചെയ്യുന്നു. അതേസമയം, സ്വാതിയുടെ വാദങ്ങളെ സാധൂകരിക്കുന്ന വിധം ഡൽഹി എയിംസിന്റെ മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നു.

സ്വാതിയുടെ വലത് കവിളിൽ കണ്ണിന് താഴെയായും ഇടത് തുടയിലും ചതവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. വ്യാഴാഴ്ചയാണ് വൈദ്യ പരിശോധനയ്ക്കായി സ്വാതിയെ എയിംസിൽ കൊണ്ടുവന്നത്. ശനിയാഴ്ചയാണ് മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നത്.

'തന്റെ കവിളിൽ പല വട്ടം അടിച്ചതായും, തന്നെ തള്ളിയിട്ടതായും, തല കട്ടിയുള്ള വസ്തുവിൽ ഇടിച്ചതായും രോഗി പരാതിപ്പെട്ടു. അവർ തറയിൽ വീഴുകയും, നെഞ്ചിലും, വയറ്റിലും, ഇടുപ്പിലും പലവട്ടം കാല് കൊണ്ട് തൊഴിച്ചതായും പരാതിയുണ്ട്, റിപ്പോർട്ടിൽ പറഞ്ഞു.

സംഭവത്തിൽ മെയ് 16ന് രാത്രി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ബൈഭവ് കുമാറിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. ബൈഭവ് കുമാർ മുഖത്ത് പല തവണ അടിച്ചതായും ഷർട്ട് പിടിച്ചുവലിച്ചതായും നെഞ്ചിലും അടിവയറ്റിലും ആവർത്തിച്ച ചവിട്ടിയതായും എഫ്‌ഐആറിൽ പറയുന്നു. മുടിയിൽ പിടിച്ചുവലിച്ച് മുറിയിലൂടെ വലിച്ചിഴച്ചെന്നും പറയുന്നുണ്ട്.

മെയ് 13ന് രാവിലെ ഒൻപതുമണിയോടെയാണ് സ്വാതി മലിവാൾ കെജരിവാളിന്റെ വീട്ടിലെത്തിയത്. സ്വീകരണമുറിയിൽ വച്ചാണ് സ്വാതി മാലിവാളിന് മർദനമേറ്റത്. സംഭവസമയം കെജരിവാൾ വീട്ടിലുണ്ടായിരുന്നെന്നും സ്വീകരണമുറിയിലുണ്ടായിരുന്നില്ലെന്നുമാണ് മാലിവാൾ പറഞ്ഞത്. യാതൊരു പ്രകോപനവുമില്ലാതെയാണ് ബൈഭവ് തന്നെ ചീത്തവിളിച്ചതും മർദിച്ചതുമെന്നും മാലിവാൾ പറഞ്ഞു. മജിസ്‌ട്രേറ്റിന് മുൻപാകെയും സ്വാതി രഹസ്യമൊഴി നൽകിയിട്ടുണ്ട്.

അതേസമയം മലിവാളിന്റെ ആരോപണങ്ങളെ പ്രതിരോധിക്കാൻ പാർട്ടി രംഗത്തുവന്നിരുന്നു. കേജ്രിവാളിന്റെ വസതിയിൽ നിന്ന് സ്വാതി മലിവാൾ എംപി പുറത്തേയ്ക്കു വരുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. കേജ്രിവാളിന്റെ പിഎ ബൈഭവ് കുമാർ തന്നെ മർദിച്ചെന്ന് സ്വാതി ആരോപിക്കുന്ന മെയ് 13ലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം സ്വാതി പുറത്തേക്ക് വരുന്നതാണ് ദൃശ്യങ്ങളിൽ. തന്റെ കയ്യിൽ പിടിച്ചുപുറത്തേക്ക് കൊണ്ടുവരുന്ന വനിതാ പൊലീസിനെ സ്വാതി തട്ടിമാറ്റുന്നതും വിഡിയോയിലുണ്ട്. മെയ് 13ന് മുഖ്യമന്ത്രിയുടെ വസതിയിൽവച്ച് ബൈഭവ് കുമാർ ക്രൂരമായി ആക്രമിച്ചെന്നും തലയ്ക്കും കാലിനും മുറിവേറ്റെന്നുമാണ് സ്വാതി ഡൽഹി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. എന്നാൽ പുറത്തുവന്ന ദൃശ്യങ്ങളിൽ സ്വാതിക്ക് മുറിവേറ്റതായ സൂചനകളില്ല.

നേരത്തെ സംഭവം വിവാദമായതോടെ സ്വാതിയുടെ ആരോപണം ആം ആദ്മി പാർട്ടി സ്ഥിരീകരിച്ചിരുന്നു. കെജ്രിവാളിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ സ്വാതി മലിവാളിനോട് മോശമായി പെരുമാറിയെന്നും വിഷയത്തിൽ കെജ്രിവാൾ ശക്തമായ നടപടിയെടുക്കുമെന്നും മുതിർന്ന നേതാവ് സഞ്ജയ് സിങ് എംപി. വ്യക്തമാക്കിയിരുന്നു. അതേസമയം, തന്റെ ഔദ്യോഗികവസതിയിൽ രാജ്യസഭാംഗം സ്വാതി മാലിവാളിനുനേരേ അതിക്രമംനടന്ന വിഷയത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.