പാലക്കാട്: വടക്കഞ്ചേരി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാൻ അതുവഴി വന്ന മറ്റു വാഹനങ്ങളൊന്നും നിർത്തിയില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞത് ഞെട്ടിപ്പിക്കുന്നതായിരുന്നു. ദേശീയപാതയിൽ സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ബസ് കെഎസ്ആർടിസി ബസിന് പിന്നിലേക്ക് ഇടിച്ചുകയറി മറിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാൻ വാഹനം കിട്ടാതെ വലഞ്ഞെന്നു രക്ഷാപ്രവർത്തനത്തിനെത്തിയവർ പറയുമ്പോൾ അത് സാക്ഷര കേരളത്തിന് നാണക്കേടാണ്. ഒടുവിൽ കള്ളുവണ്ടിയാണ് അതിനു തയാറായെതെന്നു ദൃക്‌സാക്ഷികൾ പറയുമ്പോൾ മലയാളിയുടെ മനസ്സ് മാറുന്നില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്.

1998 ഒക്ടോബർ 22, പാലയിൽ നിന്നും തിരക്കേറിയ ഒരു ബസ് തൊടുപുഴയിലേക്ക് പുറപ്പെട്ടു. അന്ന് പതിവിലേറെ യാത്രക്കാരുണ്ടായിരുന്നുവെന്നാണ് സൂചന. കേരളത്തിന്റെ ചരിത്രത്തിൽ നിന്ന് എടുത്തുമാറ്റാൻ കഴിയാത്ത ദുരന്തത്തിലേക്കായിരുന്നു ആ ബസ് ഓടിത്തുടങ്ങിയത്. ഐങ്കൊമ്പ് ഭാഗത്തുവെച്ച് ബസ് ടെലിഫോൺ തൂണിലിടിച്ച് അപകടം. ബസിനുള്ളിൽ സൂക്ഷിച്ചിരുന്ന പെട്രോൾ കത്തിപ്പിടിച്ചതോടെ വൻ ദുരന്തമായി മാറി അപകടം. സമീപവാസികളെല്ലാം ഓടിയടുത്തു. കൈയിൽ കിട്ടിയ പാത്രങ്ങളിൽ വെള്ളം കോരിയൊഴിച്ചു. ഒന്നും ഫലം കണ്ടില്ല. ആരും അന്ന് ബസിന് അടുത്തേക്ക് പോയില്ല. അതിന് കാരണം ജീവൽഭയമായിരുന്നു. എന്നാൽ വടക്കാഞ്ചേരിയിലെ സഹായ അഭ്യർത്ഥനയ്ക്ക് അത്തരമൊരു ആശങ്കയുടെ ആവശ്യമില്ല. ജീവനുവേണ്ടി മല്ലിടുന്നവരെ ആശുപത്രിയിൽ എത്തിച്ചാൽ മതി. അതിന് പോലും പരിഷ്‌കൃത സമൂഹം തയ്യാറായില്ലെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ഇവിടെയാണ് 1998ലെ ദുരന്തത്തിനിടെ ഉദിച്ചുയർന്ന ഹീറോയുടെ കഥ പ്രസക്തമാകുന്നത്.

''അപകടത്തിൽ ഏകദേശം 20 പേർക്കെങ്കിലും പരിക്കുണ്ട്. അഞ്ചുപേരുടെ നില ഗുരുതരമാണ്. ഒരാളുടെ കൈ അറ്റുപോയ നിലയിലായിരുന്നു. മറ്റൊരാളുടെ കാലും അറ്റുപോയി. റോഡിലാണ് സീറ്റോട് കൂുടി ഇവയെല്ലാം കിടന്നിരുന്നത്. ചിറ്റൂരിലെ കള്ളുവണ്ടിയിലാണ് അപകടത്തിൽപെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കള്ളുവണ്ടിക്കാര് മാത്രമേ നിർത്തിയുള്ളൂ. മറ്റുള്ളവരൊക്കെ നിർത്താതെ പോയി. കള്ളുവണ്ടിയുടെ ബാക്കിൽ എടുത്ത് കിടത്തിയാണ് കൊണ്ടുപോയത്. ഗുരുതരാവസ്ഥയിലായിരുന്നു എല്ലാവരും.'' ദൃക്‌സാക്ഷിയുടെ വാക്കുകൾ. പാലക്കാട് നിന്ന് തെങ്ങു ചെത്തി കള്ളുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തേക്ക് പോകും. ഈ വണ്ടികളായിരുന്നു വടക്കാഞ്ചേരിയിലെ രക്ഷാ ദൗത്യത്തിന് എല്ലാ സഹായവും നൽകിയത്.

ഐങ്കൊമ്പിൽ 16 മനുഷ്യ ജീവനുകൾ ബസിനുള്ളിൽ വെന്തു മരിച്ചു. ചിലർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ഒരു കുഞ്ഞുൾപ്പെടെ 22 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. പലരുടെയും മൃതദേഹങ്ങൾ പോലും തിരിച്ചറിയാനാവാത്ത അവസ്ഥയിലായിരുന്നു. ബസിന് തീപിടിച്ചതറിഞ്ഞ് ഫയർഫോഴ്സും പൊലീസും ചീറിപ്പാഞ്ഞെത്തി. പിന്നാലെ ആംബുലൻസുകളും. ഒറ്റവരുണ്ടോയെന്ന് നോക്കാൻ ഓടിയെത്തിവരെ പൊലീസ് ചേർത്തുപിടിച്ച് വിലക്കി. 'ഒന്നും ബാക്കിയില്ല' അങ്ങോട്ട് പോകരുതെന്ന് അപേക്ഷിച്ചു. ഇനിയും കൂടുതൽ പേർക്ക് തീപൊള്ളലേൽക്കാനുള്ള സാധ്യത കൂടി കണ്ടായിരുന്നു ഈ ഇടപെടൽ. എന്നാൽ ഭയമില്ലാതെ പൊലീസും നാട്ടുകാരും മൃതദേഹത്തിനടുത്തേക്ക് പോകാനാവാതെ വിസമ്മതിച്ചപ്പോൾ ഒരാൾ മുന്നോട്ടുവെന്നു. അദ്ദേഹം ഇന്ന് കേരളത്തിലെ മന്ത്രിയാണ്-വിഎൻ വാസവൻ.

ഐങ്കൊമ്പിൽ മൃതദേഹങ്ങൾ ബസിനുള്ളിൽ നിന്ന് പുറത്തെടുത്തത് വാസവൻ എന്ന ചെറുപ്പക്കാരനാണ്. വാഴയിലയിൽ മൃതദേഹങ്ങൾ പൊതിഞ്ഞ് ആശുപത്രിയിലേക്ക് മാറ്റി. വിഎൻ വാസവൻ അന്ന് ജനമനസ്സുകളിലെ താരമായി. അവസാന മൃതദേഹവും മാറ്റിയ ശേഷം പരിക്കേറ്റവരെ സന്ദർശിക്കാനും ആശുപത്രിയിലെ ആവശ്യങ്ങൾ നിറവേറ്റാനും വാസവനുണ്ടായിരുന്നു. പിന്നീട് കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ ചെങ്ങളത്ത് വൈറസ് ബാധിതനായ ഒരാളെ ആശുപത്രിയിലെത്തിച്ചതും വാസവനായിരുന്നു. കോവിഡ് കാലത്ത് വൈറസിനെ ഭയക്കാതെ വാസവൻ പിന്നേയും ഇടപെടൽ നടത്തി. പ്രളയകാലത്തും വാസവൻ രക്ഷാപ്രവർത്തനത്തിൽ മുമ്പിൽ തന്നെ നിന്നു. ഇങ്ങനെ പല അവസരത്തിൽ പലരും ദുരന്ത മേഖലകളിൽ രക്ഷകരായി. പ്രളയകാലത്ത് വള്ളവുമായി വന്ന മത്സ്യത്തൊഴിലാളികളെ കേരളം ആദരിച്ചു. പക്ഷേ ഇതൊന്നും വടക്കാഞ്ചേരിയിൽ കണ്ടില്ല.

വടക്കഞ്ചേരിയിൽ രാത്രി 12 മണിയോടെയാണ് ടൂറിസ്റ്റ് ബസ്സ് കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത്. മരിച്ചവരിൽ അഞ്ച് പേർ വിദ്യാർത്ഥികളും, 3 പേർ കെഎസ്ആർടിസി യാത്രക്കാരും, ഒരാൾ അദ്ധ്യാപകനുമാണ്.

എൽന ജോസ് ക്രിസ്‌വിന്റ്, ദിവ്യ രാജേഷ് , അഞ്ജന അജിത്, ഇമ്മാനുവൽ, എന്നിവരാണ് മരിച്ച വിദ്യാർത്ഥികൾ. ദീപു , അനൂപ് , രോഹിത എന്നിവരാണ് കെഎസ്ആർടിസിയിലെ യാത്രക്കാർ. വിനോദയാത്രാ സംഘത്തിനൊപ്പമുണ്ടായിരുന്ന വിഷ്ണു ആണ് മരിച്ച അദ്ധ്യാപകൻ. കെഎസ്ആർടിസിയുടെ പിന്നിലേക്ക് ഇടിച്ചതിന് പിന്നാലെ ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞതാണ് അപകടത്തിന്റെ തോത് വർധിപ്പിച്ചത്. ടൂറിസ്റ്റ് ബസ് പൂർണമായി തകർന്ന നിലയിലാണ്. സീറ്റുകളും മറ്റും പുറത്ത് വന്ന നിലയിലാണുള്ളത്. കൊട്ടാരക്കരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ്.