ശിവപുരി: പുറത്തൊരു അസാധാരണ മുഴക്കം കേട്ട് ഞെട്ടി പ്രദേശവാസികൾ. ആകാശ കാഴ്ച കണ്ട് നാട്ടുകാർ ഭയപ്പെട്ടു. പലരും ചിതറിയോടി. മണിക്കൂറിൽ 3,700 കി.മീ വേഗതയിൽ ഇടിച്ചുകുത്തി പറന്ന് ഇന്ത്യൻ വ്യോമസേനയുടെ 'ഐഎഎഫ്' വിമാനം.പിന്നാലെ നടന്നത് വൻ അബദ്ധം. ഉഗ്ര ശബ്ദത്തിൽ പ്രദേശം മുഴുവൻ നടുങ്ങുകയും ഒരു വീടിന്റെ രണ്ട് മുറി അടക്കം തകർന്നുവീഴുകയും ചെയ്തു. സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു.

ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) വിമാനത്തിൽ നിന്നും മേൽ ലോഹഭാഗം തകർന്നു വീണ് വീടിന് വൻ നാശനഷ്ടം. അപകടത്തിൽ ആളപായമില്ലെന്നും ആ‍ർക്കും പരിക്കേറ്റിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് സംഭവം. ഇതു സംബന്ധിച്ച അന്വേഷണം ആരംഭിച്ചതായി ഐഎഎഫ് പറഞ്ഞു.

ഇന്ത്യൻ വ്യോമസേനയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലും ഇത് സംബന്ധിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഐഎഎഫ് വിമാനത്തിൽ നിന്ന് സ്ഫോടന ശക്തിയില്ലാത്ത ഒരു ഏരിയൽ സ്റ്റോർ അബദ്ധത്തിൽ വീണതിനെത്തുടർന്ന് ശിവപുരിക്കടുത്തുള്ള വസ്തുവകകൾക്ക് ഉണ്ടായ നാശനഷ്ടങ്ങളിൽ ഐഎഎഫ് ഖേദം പ്രകടിപ്പിക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്നും പോസ്റ്റിൽ പറയുന്നു.

രാവിലെ അധ്യാപകനായ മനോജ് സാഗറിന്റെ വീടിന്റെ മേൽക്കൂരയിലേക്ക് ഒരു ഭാരമേറിയ ഒരു വസ്തു വീഴുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ വ്യക്തമാക്കി. വീഴ്ച്ചയുടെ ആഘാതത്തിൽ വീടിന്റെ രണ്ട് മുറികൾ പൂർണ്ണമായും തകർന്നു. സമീപത്ത് പാർക്ക് ചെയ്തിരുന്ന ഒരു കാറിന് മുകളിൽ ലോഹാവശിഷ്ടങ്ങൾ വീണു.

സാഗർ കുട്ടികളോടൊപ്പം വീടിനുള്ളിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഭാര്യ അടുക്കളയിലായിരുന്നുവെന്നും കുടുംബം പറഞ്ഞു. വലിയ ശബ്ദത്തോടെ മേൽക്കൂരയിലേക്ക് ഒരു വസ്തു വന്നു വീഴുകയും, പൊട്ടിത്തെറിക്കുകയും, ശേഷം മുറ്റത്തേക്ക് ഏകദേശം എട്ട് മുതൽ പത്ത് അടി വരെ താഴ്ചയുള്ള ഒരു കുഴി രൂപപ്പെടുകയും ചെയ്തതായി കണ്ടുനിന്നവർ പറഞ്ഞു.

പൊട്ടിത്തെറിയുടെ ആഘാതത്തിലുണ്ടായ പ്രകമ്പനം അയൽപക്കത്തെ വീടുകളിൽ വരെ കുലുക്കം അനുഭവപ്പെട്ടതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. അന്വേഷണം നടന്നു വരികയാണെന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ പ്രശാന്ത് ശർമ്മ കൂട്ടിച്ചേർത്തു.