- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജസ്ഥാൻ അപകടത്തിന് പിന്നാലെ മിഗ് 21 യുദ്ധവിമാനങ്ങളുടെ സേവനം നിർത്തി വ്യോമസേന; നടപടി അന്വേഷണം പൂർത്തിയാകും വരെ; ലോകത്ത് ഏറ്റവുമധികം നിർമ്മിക്കപ്പെട്ട പോർവിമാനമായ മിഗ് 21 ശരിക്കും 'ചീത്തപ്പേര് കേൾപ്പിച്ച സത്പുത്രൻ'; ഇന്ത്യയിലെത്തിയ ആദ്യ സൂപ്പർസോണിക് യുദ്ധവിമാനത്തിന് താൽക്കാലിക പിന്മാറ്റം
ന്യൂഡൽഹി: മിഗ് വിമാനങ്ങൾ തുടർച്ചയായി അപകടത്തിൽ പെട്ടു തുടങ്ങിയിട്ട് കാലം കുറേയായി. ഒരേ സമയം ഇന്ത്യയ്ക്ക് സത്‌പ്പേരും ചീത്തപ്പേരും സമ്മാനിച്ച വിമാനമാണ് ഇത്. തുടർച്ചയായി അപകടത്തിൽ പെടുന്നതു കൊണ്ട് തന്നെ ഇടക്കിടെ വാർത്തകൾ ഇടംപിടിക്കാറുണ്ട് മിഗ് 21. ഈ മാസമാദ്യം രാജസ്ഥാനിൽ മിഗ് 21 യുദ്ധവിമാനം തകർന്നുവീണുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ, അന്വേഷണം പൂർത്തിയാകുന്നതുവരെ മിഗ് 21 യുദ്ധവിമാനങ്ങളുടെ മുഴുവൻ സേവനങ്ങളും ഇന്ത്യൻ വ്യോമസേന നിർത്തിവച്ചു.
വിശദമായ അന്വേഷണം നടത്തി, തകർന്നുവീണതിന്റെ കാരണം കണ്ടെത്തുന്നതുവരെ മിഗ് 21 വിമാനങ്ങളുടെ സേവനം നിർത്തിവയ്ക്കുകയാണെന്ന് മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു. ഇക്കഴിഞ്ഞ മെയ് എട്ടിന് സൂറത്ഗഡ് വ്യോമതാവളത്തിൽ നിന്നു പറന്നുയർന്ന മിഗ് 21 വിമാനം ഹനുമാൻഗഡ് ഗ്രാമത്തിൽ തകർന്നു വീഴുകയായിരുന്നു. ഈ അപകടത്തിൽ മൂന്നു പേർ മരിച്ചിരുന്നു.
ഈ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് മുഴുവൻ മിഗ് വിമാനങ്ങളുടെയും സേവനം നിർത്തിവയ്ക്കാനുള്ള തീരുമാനം. റഷ്യൻ നിർമ്മിത മിഗ് 21 വ്യോമസേനയുടെ പക്കലുള്ള ഏറ്റവും പഴയ യുദ്ധവിമാനമാണ്. ഇവ അഞ്ച് പതിറ്റാണ്ടായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാണ്. സാങ്കേതികത്തകരാർ മൂലമുള്ള അപകടങ്ങൾ തുടർക്കഥയായതോടെ 'പറക്കുന്ന ശവപ്പെട്ടി' എന്ന വിളിപ്പേരും ഇതിനു വീണിരുന്നു. നിലവിൽ ഉപയോഗത്തിലുള്ള 70 മിഗ് 21 വിമാനങ്ങൾ 2 വർഷത്തിനകം ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു.
44 വർഷം പഴക്കമുള്ള മിഗ് 21 വിമാനങ്ങൾ വ്യോമസേന ഇപ്പോഴും ഉപയോഗിച്ചു വരികയായിരുന്നു. മിഗ്21 ലോകത്ത് ഏറ്റവുമധികം നിർമ്മിക്കപ്പെട്ട പോർവിമാനമാണ്. ഇരുപതിലേറെ രാജ്യങ്ങളിൽ ഇപ്പോഴും പ്രതിരോധക്കോട്ടയിലെ വിശ്വസ്തനായ പോരാളി. പഴയ സോവിയറ്റ് യൂണിയന്റെ സൃഷ്ടിയാണു മിഖോയൻ ഗുരേവിച്ച് മിഗ്21. ശബ്ദാതിവേഗ യുദ്ധവിമാനമായും ഇന്റർസെപ്റ്ററായും ഉപയോഗിക്കാവുന്ന സോവിയറ്റ് യൂണിയന്റെ ആദ്യ സംരംഭം. പഴയ റഷ്യൻ വിമാന നിർമ്മാണ വിഭാഗമായ മിഖായൻ ഖുരേവിച്ച് എന്നതിന്റെ (ഇപ്പോൾ മിഖോയൻ) ചുരുക്കപ്പേരാണ് മിഗ് എന്നത്.
മിഖായൻ ഖുരേവിച്ച് രൂപകല്പന ചെയ്ത എല്ലാ വിമാനങ്ങളിലും മിഗ് എന്ന പേരുണ്ട്.1956 ഫെബ്രുവരി 14ന് ആദ്യപറക്കൽ. മിഗ്15, 17 പതിപ്പുകളുടെ തുടർച്ച. ലളിതമായ രൂപകൽപന, കുറഞ്ഞ ചെലവ്, അസാമാന്യ പ്രഹരശേഷി എന്നിവ മികവ്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലായി 11,500 ഓളം യൂണിറ്റ് നിർമ്മിക്കപ്പെട്ട മിഗ് 21നെ നാറ്റോ (North Atlantic Treaty Organization) വിശേഷിപ്പിച്ചത് ഫിഷ്ബെഡ് അഥവാ 'ചാകര' എന്നാണ് (വ്യത്യസ്ത രാജ്യങ്ങളിലെ സൈനികർ ഉൾപ്പെടുന്ന നാറ്റോ സഖ്യസേനയിൽ വിവിധ രാജ്യക്കാർക്ക് എളുപ്പം മനസിലാക്കാനാകും വിധം ഇത്തരത്തിൽ വേറിട്ട പേരുകൾ നൽകുക പതിവാണ്).
സവിശേഷതകൾ
58,400 അടി വരെ ഉയരത്തിൽ പറക്കാം, റഡാറുകളുടെ കണ്ണുവെട്ടിക്കാവുന്ന ചെറിയ രൂപം, കുറഞ്ഞ ഭാരം, സങ്കീർണതകളില്ലാത്ത നാവിഗേഷൻ, സിംഗിൾ എൻജിൻ തുടങ്ങിയവ പൈലറ്റുമാർക്കു പ്രിയപ്പെട്ടതാക്കി. 50 വർഷത്തെ സേവനത്തിനുശേഷം മിഗ്21എഫ്എൽ 2013 ഡിസംബറിൽ ഡികമ്മിഷൻ ചെയ്തു. അഞ്ചാം തലമുറയാണ് അഭിനന്ദൻ പറത്തിയ മിഗ്21 ബൈസൻ. പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 31 ഫൈറ്റർ സ്‌ക്വാഡ്രണുകളാണുള്ളത്.
ഒരു സ്‌ക്വാഡ്രണിൽ 18 യുദ്ധവിമാനങ്ങൾ. ഇന്ത്യയ്ക്കു വേണ്ട സ്‌ക്വാഡ്രൺ ശേഷി 42. സുഖോയ് എംകെഐ, ജാഗ്വർ, മിഗ് 21, മിഗ് 27, മിഗ് 29, മിറാഷ് 2000 എന്നിവയാണു സേനയുടെ പക്കലുള്ളത്. മിഗ് 21, 27 എന്നിവ ഒഴിവാക്കുമ്പോൾ 2032 ൽ 22 സ്‌ക്വാഡ്രൺ മാത്രമായി സൈനികബലം ചുരുങ്ങുമെന്നതിനെ മറികടക്കുകയാണു സൈന്യത്തിന്റെ വെല്ലുവിളി.
4 മീറ്റർ ഉയരവും 14.5 മീറ്റർ നീളവുമുള്ള മിഗ് വിമാനത്തിന്റെ ചിറകിന്റെ വലിപ്പം 7.154 മീറ്റർ. 5,846 കിലോയാണു ഭാരം. ആയുധങ്ങളും വൈമാനികരും ഉൾപ്പെടെ 8,825 കിലോ ഭാരം വഹിക്കാം. മണിക്കൂറിൽ 2,175 കിലോമീറ്ററാണു പറക്കൽവേഗം. ഒറ്റക്കുതിപ്പിൽ 1,210 കിലോമീറ്റർ ദൂരം സഞ്ചരിക്കും. എയർ ടു എയർ, എയർ ടു സർഫസ് മിസൈലുകൾ വിക്ഷേപിക്കാം. മിഗിനെ വെല്ലുന്ന വിമാനങ്ങൾ ഇന്നുണ്ട്. എന്നാൽ ഇത്രയധികം ആയുധങ്ങളുമായി ഇത്രവേഗത്തിൽ പറക്കുന്ന മറ്റൊരിനമില്ല. കുറഞ്ഞ വിലയ്ക്കുള്ള ആഡംബരമായാണു സേനകൾ മിഗ്21നെ കാണുന്നത്. ലോകത്ത് ഇത്രയധികം എണ്ണം ഉത്പാദിപ്പിക്കപ്പെട്ട മറ്റൊരു സൂപ്പർസോണിക് എയർക്രാഫ്റ്റ് ഇല്ലെന്നതിലും മിഗ് 21ന് അഭിമാനിക്കാം.
'ചീത്തപ്പേര് കേൾപ്പിച്ച സത്പുത്രൻ' ആയാണു മിഗ്21നെ സൈനിക വിദഗ്ദ്ധർ വിശേഷിപ്പിക്കുന്നത്. എളുപ്പത്തിൽ അപകടത്തിൽപ്പെടാമെന്ന ഭയമാണു മിഗ്21ന്റെ ചീത്തപ്പേര്. സൈനികരും സാധാരണക്കാരും ഉൾപ്പെടെ നൂറിലേറെ മനുഷ്യർ മരണപ്പെട്ടു. നൂറിൽപ്പരം മിഗുകളാണ് ഇത്തരത്തിൽ നഷ്ടപ്പെട്ടത്. 20102019 കാലയളവിൽ മാത്രം രാജ്യത്തു നാൽപതോളം മിഗ് വിമാനങ്ങളാണു അപകടത്തിൽപ്പെട്ടത്. അത്രതന്നെ ജീവനുകളും പൊലിഞ്ഞു. സാങ്കേതിക തകരാറും മാനുഷിക പിഴവും പക്ഷികൾ ഇടിച്ചതും അപകടങ്ങൾക്കു കാരണമായി.
മറുനാടന് ഡെസ്ക്